ഭംഗിയുള്ള ഒരു സന്ധ്യയായിരുന്നു അത്. പക്ഷി നിരീക്ഷണത്തില്‍ താല്‍പര്യമുള്ള കുറെ ചെറുപ്പക്കാരുടെ ഇടയില്‍. നമ്മള്‍ ഭക്ഷിക്കുന്നത് നമ്മളായിത്തീരുമെന്ന വിചാരത്തിന്‍റെ ചുവടുപിടിച്ച്, കുറെക്കാലം കഴിയുമ്പോള്‍ ഇവരൊക്കെ കിളികളായി മാറുമോയെന്ന് വെറുതെ വിചാരിച്ചു. തീരെ കനമില്ലാതെ, ആകുലതകളില്ലാതെ, ഒന്നും കരുതിവയ്ക്കാതെ ഉയരങ്ങളിലേക്ക് ചിറക് തുഴഞ്ഞ് പക്ഷിമാനസമെന്ന പദത്തെ സാര്‍ത്ഥകമാക്കുന്ന വിധത്തില്‍...
സ്വാഭാവികമായും ആ അലയുന്ന മരപ്പണിക്കാരനിലേക്ക് മനസ്സ് ചായുന്നു. ആവശ്യത്തിലേറെ അയാള്‍ കിളികളിലേക്ക് ഉറ്റു നോക്കിയിട്ടുണ്ടാവും... വിശേഷിച്ചും ആകാശത്തിലേക്ക് നോക്കി അപ്പാ, അപ്പായെന്ന് മന്ത്രിച്ച് ആ പൊരിമണലില്‍ കിടന്നുറ ങ്ങിയ നാളുകളില്‍. അടയ്ക്കാകുരുവികളെപ്പോലും നിലത്തുവീഴാന്‍ അനുവദിക്കാത്ത ആ പരമ ചൈതന്യത്തിന്‍റെ പരിപാലനയോര്‍ത്ത് മിഴികലങ്ങിയിട്ടുണ്ടാവാം. ഒരു പഴയപാട്ടുണ്ട്: His eyes on the sparrow, Cyvila de Martin ആണ് ചിട്ടപ്പെടുത്തി യിട്ടുള്ളത്. അവരുടെ ഉറ്റ സ്നേഹിതരായി മാറിയ കുടുംബത്തിലെ ഗൃഹനാഥന്‍റെ ഒരു ദീര്‍ഘനിശ്വാസത്തില്‍നിന്നാണ് ആ ഗാനം അവരുടെ ഉള്ളില്‍ പതിഞ്ഞത്. വീല്‍ ചെയറില്‍ ആയിരുന്നു അയാള്‍. ഒത്തിരി ശാരീരികവും ഭൗതികവുമായ ക്ലേശങ്ങള്‍ ക്കിടയിലും അയാള്‍ സദാ പുഞ്ചിരിച്ചുകൊണ്ടിരുന്നു. അതിന്‍റെ കാരണം അയാള്‍ ഇങ്ങനെയാണ് മന്ത്രിച്ചത്: ഈ കുരുവിയുടെ മീതെ അവിടുത്തെ മിഴികള്‍ പതിഞ്ഞിട്ടുണ്ട്...
പിന്നീടും അവന്‍റെ ഭാഷണങ്ങളിലേക്ക് കിളികള്‍ രൂപകങ്ങളായി പറന്നിറങ്ങി. ഒരു വെള്ളരിപ്രാവായാണ്, പുഴയില്‍ മുങ്ങിയുയരുമ്പോള്‍ ജ്ഞാനമവന്‍റെ മൂര്‍ദ്ധാവില്‍ വന്ന് കൊക്കുരുമ്മിയത്. വിതയ്ക്കാന്‍ ഒരുതുണ്ട് വയലോ, കൂടെ കൊയ്യാന്‍ ചങ്ങാതിക്കൂട്ടമോ, കളപ്പുരകളുടെ ബാദ്ധ്യതയോ ഇല്ലാത്ത, ഭൂമിയിലെ നിസ്വരുടെ ജീവിതമാണ് ആകാശക്കിളികള്‍ പറഞ്ഞു തീര്‍ക്കുന്നതെന്ന് വിളിച്ചു പറഞ്ഞു: "അവ വിതയ്ക്കുന്നില്ല കൊയ്യുന്നില്ല കളപ്പുരകളില്‍ ശേഖരിക്കുന്നുമില്ല." നമ്മുടെ കാലത്തിലെ ഒരു കവിയെ ഓര്‍ക്കുന്നു; പി.പി. രാമചന്ദ്രനാണ്. ഇവിടെ ഉണ്ട് ഞാന്‍ എന്നറിയുവാന്‍ മധുരമാമൊരു കൂവല്‍ മാത്രം മതി, ഇവിടെ ഉണ്ടായിരുന്നു ഞാനെന്നതിനൊരു വെറും തൂവല്‍ താഴെയിട്ടാല്‍ മതി. ഇനിയുമുണ്ടാകുമെന്നതിനു സാക്ഷ്യമായി അടയിരുന്നതിന്‍ ചൂട് മാത്രം മതി - ഇതിലുമേറെ ലളിതമായെങ്ങനെ കിളികളാവിഷ്ക്കരിക്കുന്നു ജീവനെ?
അത്തരമൊരു പക്ഷിജീവിതത്തിന് നിരക്കാത്തവര്‍ എന്ന രീതിയിലാണ് ചില ധനിക ജീവിതങ്ങളുടെ കഥ അയാള്‍ പറഞ്ഞു തന്നത്. കേട്ടു പഴകിയ ഏതൊരു കഥയിലേക്കും ഒരു പുനര്‍സന്ദര്‍ശനം ഏതു കാലത്തിലും പ്രായത്തിലും സാദ്ധ്യമാണ്. ഒരേ പുഴയില്‍ നിങ്ങള്‍ക്കൊരിക്കലും ഇനി കുളിക്കാനാവില്ലെന്ന് ഹെരാക്ലിറ്റസ് പറഞ്ഞത് എത്ര ശരി യാണ്. കഥകളുടെ കാര്യത്തിലത് നൂറ്റൊന്ന് ശതമാനം കിറുകൃത്യമാണ്. ഒരു ധനികന്‍റെ കൃഷി സ്ഥലം സമൃദ്ധമായ വിളവുനല്‍കി. എന്‍റെ അറപ്പുരകള്‍ പൊളിച്ച് കൂടുതല്‍ വലിയവ പണിയും. അതില്‍ ഞാനെല്ലാം സംഭരിക്കും. എന്നാല്‍ ദൈവം അവനോടു പറഞ്ഞു: ഭോഷാ ഈ രാത്രി നിന്‍റെ ആത്മാവിനെ നിന്നില്‍ നിന്നാവശ്യപ്പെടും. അപ്പോള്‍ നീ ഒരുക്കി വച്ചിരുന്നവ ആരുടേതാകും?" (ലൂക്കാ 12: 16-20).
അയാള്‍ ഒരപരാധവും ചെയ്തിട്ടില്ല. കിളികളെപ്പോലെ നിറയെ കതിര്‍മണികള്‍ ഉള്ള ഭൂമിയില്‍ നിന്ന് തന്‍റെ കൊക്കിനാവശ്യമുള്ള കതിര്‍മണികള്‍ മാത്രമെടുക്കുകയെന്ന ലളിതമായ പാഠത്തിന് ഉള്ളില്‍ ഊഴം കൊടുത്തില്ലായെന്നതൊഴികെ. മന്ന വീഴ്ത്തുമ്പോള്‍ ദൈവം അത് ശഠിച്ചിരുന്നു; ഓരോരുത്തനും തന്‍റെ കൂടാരത്തിലുള്ള ആളുകളുടെ എണ്ണമനുസരിച്ച് ഒരു ഓമര്‍ വീതം മാത്രം ശേഖരിക്കട്ടെ. എന്നിട്ടും എല്ലാ കാലത്തിലുമെന്നതു പോലെ ചിലര്‍ കൂടുതലും ചിലര്‍ കുറവും ശേഖരിച്ചു. എന്നാല്‍ പിന്നീട് അളന്നുനോക്കിയപ്പോള്‍ കൂടുതല്‍ ശേഖരിച്ചവര്‍ക്ക് കൂടുതലോ കുറവ് ശേഖരിച്ചവര്‍ക്ക് കുറവോ ഉണ്ടായിരുന്നില്ല (പുറപ്പാട് 16:18). ഒന്നോര്‍ത്താല്‍ ഒക്കെ ആകാശം പൊഴിച്ച മന്നകളാണ്! മടങ്ങി വന്ന അനുജനോട് മനസുകൊണ്ട് കലമ്പിയ മൂത്തവനെ അപ്പന്‍ ഓര്‍മ്മിപ്പിക്കുന്നതുപോലെ: എനിക്കുള്ളതെല്ലാം നിന്‍റേതാണെന്ന് മറന്നുപോയി, ഋതുക്കള്‍ ഉള്‍പ്പെടെയുള്ളതെല്ലാം.
പ്രാര്‍ത്ഥിക്കുമ്പോള്‍ ഈ ദിവസത്തെ അപ്പത്തിനുവേണ്ടി (Daily Bread) മാത്രം അര്‍ത്ഥിക്കുവാന്‍ ആ മരപ്പണിക്കാരന്‍ പഠിപ്പിക്കുന്നത് ഇതേ കല്പന യുടെ പുതിയ നിയമവായനയാണ്. മനുഷ്യോചിതമായി ജീവിക്കാനുള്ള അടിസ്ഥാന സൗകര്യമെ ന്നാണ് അതിന്‍റെ സാരം. ഫീസു കെട്ടാനാവാത്തതിന്‍റെ പേരില്‍ നിങ്ങളുടെ കുട്ടി പുറത്തു നില്‍ക്കുക, ചോര്‍ന്നൊലിക്കുന്ന കൂരയില്‍ മഴ കഴിയുവോളം വയോധികരായ മാതാപിതാക്കള്‍ തണുത്ത നിലത്ത് ചവിട്ടാതെ ക്ലേശിക്കേണ്ടി വരിക ഇതൊന്നും ഇനി പാടില്ലെന്ന് സാരം.
ദാരിദ്ര്യത്തോളം വലിയ ദുഃഖമില്ലെന്നാണ് ഭൂമിയിലെ ഓരോ കുചേലനും നതോന്നതയുടെ താളത്തില്‍ പാടിക്കൊണ്ടിരിക്കുന്നത്. ഒരേ യാനത്തില്‍ തുഴഞ്ഞുകൊണ്ടിരിക്കുമ ്പോള്‍ മഹാരാജാവിനോടാണ് കവിയത് ഉണര്‍ത്തിച്ചത്. രക്ഷിക്കേണ്ട മഹാജനങ്ങള്‍ ഉള്ളപ്പോള്‍ ഭൂരിപക്ഷവും ദാരിദ്ര്യത്തിന്‍റെ കഠിനവ്യഥയില്‍ നടന്നുപോകുന്നത് കൊടിയ അനീതിയാണെന്ന ഓര്‍മ്മപ്പെടുത്തലാണത്.
അതിനുമപ്പുറത്തേക്ക് ഒരാള്‍ ശഠിച്ചു തുടങ്ങുമ്പോള്‍ വിരലിനിടയിലൂടെ ജീവിതം വഴുതിപ്പോകുന്നതയാളറിയുന്നില്ല... എക്കാലത്തേക്കുമുള്ള അപ്പം ഇന്നേ കരുതിവയ്ക്കണമെന്ന് ശഠിച്ച അയാളെ ഭോഷനെന്നാണ് ആ മരപ്പണിക്കാരന്‍ വിളിക്കുന്നത്. പണ്ടൊരിക്കല്‍ ആരെയും വിളിക്കരുതെന്ന് പറഞ്ഞ് പഠിപ്പിച്ച പദങ്ങളില്‍ അതുണ്ടായിരുന്നെന്ന് ഓര്‍ക്കണം - ഭോഷന്‍! ആ പദം സങ്കീര്‍ത്തനങ്ങളില്‍ തലകാട്ടുന്നുണ്ട്: ഭോഷന്‍ ഹൃദയത്തില്‍ ദൈവമില്ലെന്ന് മന്ത്രിക്കുന്നു. ധനവാന്‍ എത്ര ഭക്തനായി നിങ്ങള്‍ക്കനുഭവപ്പെട്ടാലും, അതങ്ങനെതന്നെയെന്ന് എത്ര ഭംഗിയായി അയാള്‍ തന്നെത്തന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചാലും അതൊന്നുമല്ല അയാള്‍. തത്വത്തിലല്ല പ്രയോഗത്തില്‍ അയാളോളം ഒരു നാസ്തികന്‍ (Practical atheist) ഇല്ല. ദ്രവ്യാഗ്രഹം തന്നെയായ വിഗ്രഹാരാധനയെന്ന് പൗലോസ് പറയുന്നത് ഈ പശ്ചാത്തലത്തിലാണ്. പണമെന്ന സ്വര്‍ണ്ണക്കാളക്കുട്ടിക്കു ചുറ്റുമാണ് ആരവങ്ങളോടെ അയാള്‍ വലം ചുറ്റുന്നത്.
ഈ രാവില്‍ ഞാന്‍ നിന്‍റെ പ്രാണനെടുത്തിരുന്നെങ്കില്‍ എന്നതാണ് കഥയുടെ പഞ്ച് ലൈന്‍. പ്രാണനെടുക്കുകയെന്നതിന് ജീവിച്ചുകൊണ്ടിരിക്കുന്ന ജീവിതത്തിന്‍റെ ഭംഗി ചോര്‍ന്നുപോവുക എന്നുതന്നെയാണ് വേദപുസ്തകത്തിലെ അര്‍ത്ഥം. ഈ പഴം ഭക്ഷിച്ചാല്‍ നീ മരിക്കുമെന്ന് പറഞ്ഞിട്ട് അത് ആഹരിച്ച മനുഷ്യന്‍ വിഷക്കൂണ് തിന്നൊരാളെപ്പോലെ പിടഞ്ഞുവീണ് മരിച്ചൊന്നുമില്ലല്ലോ? ഗുണമേന്മയില്ലാത്ത ജീവിതമെന്നേ സൂചനയുള്ളൂ. ശേഖരണത്തിനായുള്ള ഈ നെട്ടോട്ടങ്ങളില്‍, തങ്ങളര്‍ഹിക്കുന്ന നേരമോ ധ്യാനമോ ഉറ്റവര്‍ക്ക് നല്‍കാതെപോകുമ്പോള്‍ ഒരു സ്വാഭാവിക പരിണതി പോലെ കൈവിട്ടുപോകുന്ന ബന്ധങ്ങളാവാം അയാളുടെ പരുക്കേറ്റ പ്രാണന്‍. അതുമല്ലെങ്കില്‍ സ്വന്തം നെഞ്ചില്‍ നിന്ന് മെല്ലെമെല്ലെ മാഞ്ഞുപോയ ചില സുകൃതങ്ങളുമാകാം...
അധാര്‍മ്മികമെന്ന വിശേഷണത്തോടെയാണ് ക്രിസ്തു ധനത്തെ മിക്കവാറും വിശേഷിപ്പിച്ചിരുന്നത്. പുരുഷാര്‍ത്ഥമെന്ന വിചാരം, ഭാരതത്തിന് പരിചയമുണ്ട്. അതിലൂടെയാണ് മനുഷ്യജീവിതത്തിന്‍റെ മുന്നോട്ടുള്ള പ്രയാണം സംഭവിക്കുന്നത് - ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം... ധര്‍മ്മത്തിലൂടെ ചരിച്ച് ധനം ഉണ്ടാക്കുകയും അതിലൂടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു. ആ ജീവിതശൈലിയുടെ സ്വാഭാവികമായ പരിണാമമാണ് മോക്ഷം. ധാര്‍മ്മികമായിരുന്നു തങ്ങളുടെ വ്യവഹാരങ്ങളെന്ന് എത്രപേര്‍ക്ക് ചങ്കുറപ്പോടെ പറയാനാകും. നാണയത്തിനുമീതെ പലപ്പോഴും ഈശ്വരന്‍റെ മുദ്ര പതിഞ്ഞിട്ടില്ലെന്ന് ആ തച്ചനറിയാം. അതുകൊണ്ടാണയാള്‍ നമ്മളെ ഇക്കാലത്തും ചലഞ്ചു ചെയ്യുന്നത്. നിന്‍റെ കൈവശമുള്ള നാണയം കാണട്ടെ.
Behind every fortune there is a sin. എന്ന പഴയ വിചാരത്തിന് പ്രസക്തി നഷ്ടമാകുന്നില്ല. ധനവുമായി ബന്ധപ്പെട്ട് അവന്‍റെ മറ്റൊരു കഥയില്‍ "അധാര്‍മ്മിക ധനംകൊണ്ട് സ്നേഹിതരെ സൃഷ്ടിച്ചുകൊള്ളുക. അത് നിങ്ങളെ കൈവെടിയുമ്പോള്‍ അവര്‍ നിങ്ങളെ നിത്യകൂടാരങ്ങളിലേക്ക് സ്വീകരിക്കും" എന്നൊരു വാക്കുണ്ട് (ലൂക്കാ 16:9). അര്‍ത്ഥവ്യുത്പത്തിയില്‍ അതെങ്ങനെയായാലും, ക്രിയാത്മകമായ ഒരനുതാപം എന്നനിലയില്‍ അതിനെ വായിച്ചെടുക്കാനുള്ള സ്വാതന്ത്ര്യം നിലനില്‍ക്കുന്നു എന്നു തന്നെ കരുതാം. സൂചിക്കുഴയിലൂടെ പ്രവേശിക്കാന്‍ അങ്ങനെയാണ് ഒട്ടകങ്ങള്‍ കുറച്ച് ഡയറ്റിങ്ങെങ്കിലും പരിശീലിക്കേണ്ടത്. ദരിദ്ര ജീവിതമാണ് നിങ്ങളുടെ ധനം നിക്ഷേപിക്കാനുള്ള ഏറ്റവും സുരക്ഷിതമായ ബാങ്ക്. സദാ പ്രാര്‍ത്ഥിക്കുകയെന്ന ക്രിസ്തുമൊഴികളെപ്പോലും അപ്രകാരം ദരിദ്രര്‍ക്ക് ഇണങ്ങിയ മട്ടില്‍ വായിച്ചിരുന്ന മരുഭൂമിയിലെ പിതാക്കന്മാരുണ്ടായിരുന്നു. അതുകൊണ്ടാണ് ഓരോരോ ഘട്ടങ്ങളില്‍ അവര്‍ക്ക് തുണയായി മാറിയ നിങ്ങളെയോര്‍ത്ത് നിങ്ങള്‍ മയങ്ങുമ്പോഴും അവര്‍ നിറമിഴികളോടെ നിങ്ങള്‍ക്കുവേണ്ടി ആകാശത്തോട് പ്രാര്‍ത്ഥിക്കുന്നത്.
ദരിദ്രര്‍ തന്നെയാണ് തങ്ങളുടെ ശരിയായ ധനമെന്ന് പോലും ക്രിസ്തുധര്‍മ്മത്തിന്‍റെ ആദ്യ നൂറ്റാണ്ടുകളില്‍ മനുഷ്യര്‍ വിചാരിച്ചിരുന്നു. പള്ളിയെ വളഞ്ഞ് പള്ളിയുടെ സ്വത്തുക്കളൊക്കെ തങ്ങളുടെ കാല്‍ചുവട്ടില്‍ നിക്ഷേപിക്കുവാന്‍ കല്പിച്ച പട്ടാളക്കാരോട് അതിനു വഴങ്ങുന്ന മട്ടില്‍ അകത്തേക്ക് പോയി എണ്ണിയാല്‍ തീരാത്ത വയോധിരെയും കൈക്കുഞ്ഞുങ്ങളെയും രോഗികളെയുമൊക്കെ നടക്കല്ലിലേക്ക് ആനയിച്ച് ഇവരാണ് ഞങ്ങളുടെ ധനം എന്നുറക്കെ പറഞ്ഞ പുണ്യവാന്മാര്‍ ഈ ധര്‍മ്മത്തിലുണ്ടായിരുന്നു. റോമിലെ പ്രീഫെക്ടിനോട് വി. ലോറന്‍സ് അങ്ങനെയാണ് വിളിച്ചു പറഞ്ഞത്: 'This is the Church's treasure!' ഒന്നോര്‍ത്തുനോക്കൂ, ഒരു ചെറുപ്പക്കാരന്‍ വൈദികന്‍ തന്‍റെ ഇടവകയെക്കുറിച്ച് ഇങ്ങനെ പറയുന്നത്; ഇതാണ് ഞങ്ങളുടെ ധനം, ഭര്‍ത്താവുപേക്ഷിച്ച നാലു യുവതികള്‍. ഓട്ടിസമുള്ള ആറ് കുഞ്ഞുങ്ങള്‍, കിടപ്പു രോഗികളായ പതിനാറു വയോധികര്‍ അങ്ങനെയങ്ങനെ...
ലാസറിലേക്ക് നോക്കൂ എന്നാണ് ഭേദപ്പെട്ട ജീവിതസാഹചര്യങ്ങളുള്ള ഏതൊരാളോടും ആ തച്ചന്‍ പറയാനാഗ്രഹിക്കുന്നത്. അവനെ ശ്രദ്ധിക്കാത്തതുകൊണ്ടുള്ള അപരാധങ്ങളില്‍ ആണ് ലോകമിപ്പോള്‍ ഒരു കുറ്റബോധവുമില്ലാതെ നിരന്തരം ഏര്‍പ്പെടുന്നത്. പരസ്പരം സന്ധിക്കാനാവാത്ത വിധത്തില്‍ ഉള്ളവനും ഇല്ലാത്തവനുമിടയിലുള്ള ആ ഗര്‍ത്തം അകന്നുപോകുമ്പോള്‍ ദരിദ്രന്‍ ധനവാന്‍റെ റെറ്റിനയില്‍ ഇപ്പോള്‍ പതിയുന്നതേയില്ല. അയാളെ നോക്കാത്തതുകൊണ്ടാണ് ലോകത്തിന് ഇത്രയും അതൃപ്തി, മത്സരം... കൗതുകകരമായ കാര്യമിതാണ്. യേശുപറഞ്ഞ കഥകളില്‍ ഒരു പേര് അവകാശമായി കിട്ടിയ ഒരേ ഒരാള്‍ അയാളാണ്, ലാസര്‍. നമ്മുടെ കഥകളില്‍ ദരിദ്രര്‍ക്ക് പേരില്ല. ധനികര്‍ക്കേ പേരുള്ളൂ. ദീര്‍ഘകാലത്തെ അലച്ചിലിനു ശേഷം യേശു അത് കണ്ടെത്തിയിട്ടുണ്ടാകും, മിക്കവാറും ധനികര്‍ ഒരേപോലെയാണ്. ലോകത്തെല്ലായിടത്തും അവരുടെ മുഖഛായപോലും ഏതാണ്ട് ഒരുപോലെയാണ്. വ്യക്തികളെ മോഡലിങ്ങിനായി ഇരുത്തി ചിത്രം വരയ്ക്കാന്‍ പഠിപ്പിക്കുന്ന ഒരു കലാലയത്തിലെ അദ്ധ്യാപകന്‍ നിരീക്ഷിക്കുന്നതു പോലെ ഓരോ ദരിദ്രനും എന്തൊരു അപൂര്‍വ്വ ചിത്രമാണ്. ഈ ധനികര്‍ ഒന്നോര്‍ത്താല്‍ എത്ര ദരിദ്രരാണ്.
പുതിയനിയമത്തിലെ മാനസാന്തരം അതുമാത്രമാണ്. ഭൗതിക വസ്തുക്കളില്‍ നിങ്ങള്‍ നടത്തുന്ന പുനര്‍വിചിന്തനവും നിര്‍ണയവും. സക്കേവൂസിന്‍റെ മാനസാന്തരമാണല്ലോ കണ്‍വെന്‍ഷന്‍ പന്തലുകളില്‍ നിന്ന് ഇന്നും നാമുറക്കെ പ്രഘോഷിക്കുന്നത്. സിക്കമൂര്‍ മരത്തിന്‍റെ ഉയരവും അയാളുടെ പൊക്കവും ഒക്കെയായി സുവിശേഷകര്‍ കത്തിക്കയറുകയാണ്. കാണാതെ പോകുന്നത് ഈ വരികള്‍ മാത്രമാണ്, സക്കേവൂസ് എഴുന്നേറ്റ് നിന്ന് പറഞ്ഞു; പ്രഭോ,എന്‍റെ സ്വത്തില്‍ പാതി ഞാന്‍ ദരിദ്രര്‍ക്ക് കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍ നാലിരട്ടിയായി തിരിച്ചു നല്‍കുന്നു.യേശു പറഞ്ഞു: "ഇന്ന് ഈ ഭവനത്തിന് രക്ഷ ലഭിച്ചിരിക്കുന്നു". (ലൂക്കാ 19:910)