top of page
അധ്യാപകരെ ആദരിക്കാനുമുണ്ട് നമ്മുടെ നാട്ടിലൊരു ദിനം- സെപ്റ്റംബര്‍ അഞ്ച്.
നമ്മുടെ നാടിന്‍റെ ചിന്തയെയും മനോഭാവങ്ങളെയും സ്വാധീനിക്കാനും പുതിയ ഉള്‍ക്കാഴ്ചകള്‍ക്കു തടമൊരുക്കാനും അധ്യാപനം എന്ന അത്യുദാത്തമായ ശുശ്രൂഷയ്ക്കു ജീവിതം സമര്‍പ്പിച്ച ശ്രേഷ്ഠവ്യക്തിത്വങ്ങളെ ഓര്‍മ്മിക്കാനായി കരുതിവയ്ക്കപ്പെട്ട ദിനമാണന്ന്. വിദ്യാലയവും വിദ്യാഭ്യാസവുമൊക്കെ, കൂടുതല്‍ കൂടുതല്‍ വേദികളില്‍ ഉത്സാഹപൂര്‍വമായ ചര്‍ച്ചകള്‍ക്കു വിധേയമാകുന്ന ഇക്കാലത്ത് ഈയൊരു ദിനത്തെക്കുറിച്ചുള്ള പരിചിന്തനത്തിനു പ്രസക്തി ഒട്ടും കുറയുന്നില്ല.
പരമപ്രധാനമായ ഗുരുധര്‍മ്മം
ഗാന്ധിജി ഒരിക്കല്‍ പറഞ്ഞു: "വിദ്യാഭ്യാസമെന്നതുകൊണ്ട് ഞാനര്‍ത്ഥമാക്കുന്നത്, പഠിതാവിന്‍റെ ശരീരത്തിലും മനസ്സിലും ആത്മാവിലുമുള്ള എല്ലാ നന്മകളെയും പുറത്തേയ്ക്കു കൊണ്ടുവരലാണ് എന്ന്." അധ്യാപകദിനത്തോടു ബന്ധപ്പെട്ടുള്ള ചിന്തകളില്‍ പ്രഥമവും പ്രധാനവുമായത് ഇതാണെന്നു ഞാന്‍ കരുതുന്നു. പൂര്‍ണത പ്രാപിക്കാനുള്ള വിളിയാണ് മനുഷ്യനു ലഭിച്ചിട്ടുള്ളത്. ഇത് എല്ലാവരും പ്രാപിക്കേണ്ട ലക്ഷ്യമാണെങ്കില്‍ അധ്യാപകനുള്ള സവിശേഷമായ ലക്ഷ്യം മറ്റുള്ളവരെ, പ്രത്യേകിച്ച് തന്‍റെ ശിഷ്യസമൂഹത്തെ പൂര്‍ണതയിലേയ്ക്കു നയിക്കുക എന്നുള്ളതാണ്. നന്മയുടെ പരമവും ആത്യന്തികവുമായ അവസ്ഥയാണല്ലോ പൂര്‍ണത എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
സിലബസ് അനുശാസിക്കുന്നിടത്തോളം, ആശയങ്ങള്‍ പഠിതാവിലേയ്ക്ക് പകരുകയെന്ന, ഏക പക്ഷീയ കര്‍മ്മമനുഷ്ഠിക്കുന്ന ആളല്ല അധ്യാപകന്‍. മനുഷ്യോചിതമായി വ്യാപരിക്കുവാന്‍ വേണ്ടുന്നതെല്ലാം- മൂല്യങ്ങളാകട്ടെ, സമ്പത്താകട്ടെ, തൊഴില്‍ ചെയ്യാനുതകുന്ന വൈദഗ്ധ്യമാകട്ടെ, മനനം ചെയ്യാനുള്ള വിശേഷബുദ്ധിയാകട്ടെ, ഉചിതമായി പ്രതികരിക്കാനുള്ള ശേഷിയാകട്ടെ ശുദ്ധവും അനുകരണീയവുമായ ആധ്യാത്മികതയാകട്ടെ, ഉദാത്തമായ സാമൂഹികാവബോധമാകട്ടെ - കരുപ്പിടിപ്പിക്കാനും സ്വാംശീകരിക്കാനുമുള്ള പ്രാപ്തി കൈവരിക്കാന്‍ പഠിതാവിനെ സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് അധ്യാപക ധര്‍മ്മം.
അധ്യാപകര്‍, സമൂഹം, വെല്ലുവിളികള്‍
അധ്യാപകദിനം ഒരുപാടു ചിന്തകളാണ് നമ്മിലേക്കു സന്നിവേശിപ്പിക്കുന്നത്. അധ്യാപനം ഉന്നതവും മഹത്വമേറിയതുമായ ഒരു ശുശ്രൂഷയായി ഇന്നു പരിഗണിക്കപ്പെടുന്നുണ്ടോ? അവരുടെ ദൗത്യനിര്‍വ്വഹണത്തില്‍ അതിന്‍റെ ഫലമനുഭവിക്കുന്നവരെല്ലാം പൂര്‍ണ സംതൃപ്തിയുള്ളവരാണോ? വരുംകാല തലമുറകളുടെ സ്വസ്ഥതയും ഭദ്രതയും സമകാലീന വിദ്യാഭ്യാസ പ്രക്രിയയിലൂടെ ഉറപ്പുവരുത്താന്‍ കഴിയുന്നുണ്ടോ? അന്യോന്യം ബന്ധിതമായിരിക്കേണ്ട ഘടകങ്ങള്‍ക്കെല്ലാം അനിവാര്യമായ പാരസ്പര്യമുണ്ടോ? അധ്യാപകരുടെ ആത്മാര്‍ത്ഥതയും അര്‍പ്പണമനോഭാവവും പ്രതീക്ഷിക്കുന്ന നിലവാരത്തിലെത്താതെ പോകുന്നുണ്ടോ? ഉണ്ടെങ്കില്‍ അതിന്, വിദ്യാഭ്യാസരംഗത്ത് മാറി മാറി വരുന്ന പരിഷ്കാരങ്ങളുടെ സുസ്ഥിരതയില്ലായ്മയും ദീര്‍ഘ വീക്ഷണമില്ലായ്മയും യുക്തിഭദ്രതയില്ലായ്മയും കാരണമാകുന്നുണ്ടോ? ചോദ്യങ്ങള്‍, ഒരു പക്ഷെ ആശങ്കകള്‍ ഏറെയുണ്ട്.
കുറേക്കൂടി മികച്ചതും, ധനസമ്പാദനത്തിനനുയോജ്യവുമായ മറ്റു തൊഴിലുകള്‍ കിട്ടാത്തതുകൊണ്ട് അധ്യാപകരായിപ്പോയ ചിലരെങ്കിലുമുണ്ടെന്ന പ്രസ്താവനയില്‍ അതിശയോക്തി ഉണ്ടാകാനിടയില്ല. പണമാണ് മാന്യതയുടെയും അധികാരത്തിന്‍റെയും ജന്മസാഫല്യത്തിന്‍റെയും അടിസ്ഥാനശിലയും അളവുകോലുമെന്ന ചിന്തയ്ക്ക് മനുഷ്യമനസ്സുകളില്‍ അപകടകരമാം വിധം വേരുപടരുകയാണ്. ഈ ഇരുട്ടില്‍ വെളിച്ചമേതെന്നു കാട്ടിക്കൊടുക്കാനും കര, ഇതാ ഇവിടെയാണെന്നു ദിശയറിയിക്കാനും കരുത്തുള്ളൊരു വിളക്കുമരമായി മാറാന്‍ അധ്യാപകനു കഴിയുന്നില്ലെങ്കില്‍ അദ്ദേഹമെങ്ങനെ ഗുരു- ഇരുട്ടിനെ അകറ്റുന്നവന്‍- എന്ന സവിശേഷാര്‍ത്ഥ വ്യാഖ്യാനത്തിനര്‍ഹനാകും? മഹത്തായ നമ്മുടെ സംസ്കാരപ്പെരുമ ജന്മം നല്കി ലാളിച്ചു പോരുന്ന ആ സംബോധന പാഴ്വാക്കായിപ്പോവില്ലേ?
അധ്യാപകരുടെ വൈജ്ഞാനിക നിലവാരവും കഠിനാദ്ധ്വാന തത്പരതയും ശുശ്രൂഷാമനോഭാവവും താഴേയ്ക്കു പോകുന്നു എന്ന് ചിലരെങ്കിലും അഭിപ്രായപ്പെടുന്നുണ്ട്. അഞ്ചാം ക്ലാസ്സില്‍ പഠിപ്പിക്കുന്നയാളിന് അഞ്ചാം ക്ലാസ്സുകാരന്‍റെ നിലവാരമേയുള്ളൂ എന്ന് അല്പം അതിശയോക്തിയോടെയെങ്കിലുമുള്ള ആക്ഷേപവും കേള്‍ക്കാനിടയായി. വിദ്യാഭ്യാസ വിചക്ഷണന്മാര്‍ ആസൂത്രണം ചെയ്തു നടപ്പാക്കിപ്പോരുന്ന റിഫ്രഷര്‍ കോഴ്സുകളൊക്കെ, മിക്കവാറും പ്രയോജനരഹിതമായ ചടങ്ങുകളായി തരം താഴുന്നുവെന്ന പരിദേവനവും കേട്ടുതുടങ്ങിയിരിക്കുന്നു. അധ്യാപനരംഗത്ത് ഏറിയപങ്കും സ്ത്രീകളായിരിക്കുന്നു എന്നും, കുടുംബവുമായി ബന്ധപ്പെട്ട പ്രാരാബ്ധങ്ങളും, സ്കൂളില്‍ സൃഷ്ടിക്കപ്പെടേണ്ട ഒട്ടേറെ റിപ്പോര്‍ട്ടുകളുടെയും, റെക്കോര്‍ഡുകളുടെയും നിര്‍ബന്ധിതമായും ആചരിക്കപ്പെടേണ്ട ദിനങ്ങളുടെയും ഭാരവും നിമിത്തം ഉദ്ദേശിക്കുന്ന ഫലപ്രാപ്തി കൈവരിക്കുവാന്‍ കഴിയുന്നില്ലെന്നും ചിന്തിക്കുന്നവരുണ്ട്.
കുട്ടി അറിവു നിര്‍മ്മിക്കുകയാണെന്നും അധ്യാപകന്‍ സഹായി മാത്രമാണെന്നും അറിവു നിര്‍മ്മാണ പ്രക്രിയയില്‍ വന്നുഭവിക്കുന്ന തെറ്റുകള്‍ പിന്നീട് തനിയെ തിരുത്തപ്പെട്ടുകൊള്ളുമെന്നും, പരീക്ഷയും മാര്‍ക്കുമൊക്കെ പടിക്കു പുറത്തു നിര്‍ത്തപ്പെടേണ്ട സംഗതികളാണെന്നും അത്ഭുതകരമായി കുതിച്ചുയരുന്ന വിജയശതമാനം മാറിയ സമ്പ്രദായത്തിന്‍റെ വിജയമാണെന്നുമുള്ള സിദ്ധാന്തങ്ങള്‍ അപ്പടി അംഗീകരിക്കാനാവുമോ എന്ന് പലരും ശങ്കിക്കുന്നു. പഠിച്ചില്ലെങ്കിലും ജയിക്കുമെന്ന കുട്ടിയുടെ ധാരണ ഉറച്ച ബോധ്യമായി മാറുന്നു. പഠനകാര്യങ്ങളില്‍ യഥാസമയം യഥോചിതം ശ്രദ്ധിക്കുവാന്‍ രക്ഷാകര്‍ത്താക്കള്‍ക്കു കഴിയാതെ വരുന്നു.
പാഠപുസ്തകങ്ങള്‍ പലതും യഥാസമയം ലഭിക്കുന്നില്ല. ലഭിക്കുന്നവയില്‍ ചിലതെങ്കിലും വിവാദങ്ങളുടെ അകമ്പടിയോടെയാണെത്തുന്നത്. അധ്യാപകര്‍ അധ്യാപനവൃത്തിക്കു പുറത്തും ഏറെ കാര്യങ്ങളില്‍ വ്യാപൃതരാകേണ്ടതായി വരുന്നു. കലാ കായിക, ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയമേളകള്‍ക്ക് കുട്ടികളെ പരിശീലിപ്പിക്കുന്നതും കുട്ടികളെ തങ്ങളുടെ കൈയിലെ പണം മുടക്കിപ്പോലും പങ്കെടുപ്പിക്കുന്നതും നാം കാണാറുണ്ട്. പലയിടത്തും, പരിചയവും പരിശീലനവും സിദ്ധിച്ച പ്രത്യേകാദ്ധ്യാപകര്‍ ഇല്ലെന്നതും നാം മറക്കാന്‍ പാടില്ല.
പഴയകാലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഗുരുക്കന്മാരെ തേടിപ്പോയിരുന്നു. ആവശ്യമെങ്കില്‍ അവര്‍ ഗുരുവിനോടൊപ്പം താമസിച്ചിരുന്നു. ഗുരു തനിക്കുള്ളത്, അത് ശാസ്ത്രവിദ്യയായാലും, ശസ്ത്രവിദ്യയായാലും സ്വയം ദാനമെന്ന നിലയില്‍ ശിഷ്യര്‍ക്കു നല്കിയിരുന്നു. ഇന്നിപ്പോള്‍ കഥ മാറി. പ്രലോഭനങ്ങളും വാഗ്ദാനങ്ങളുമായി അധ്യാപകര്‍ കുട്ടികളെ തേടിപ്പോകുന്ന കാഴ്ചയ്ക്കു പുതുമയില്ലാതായി. പരിതാപകരമായ ഈ അവസ്ഥയ്ക്ക് എന്താണ്, എങ്ങനെയാണൊരു മാറ്റം വരിക? വിദ്യാലയങ്ങള്‍ നാല്ക്കവലകള്‍ തോറും കൂറ്റന്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്ന അവസ്ഥ പകര്‍ച്ചവ്യാധി പോലെ പടര്‍ന്നു പിടിക്കുന്നു. അത് അനാവശ്യമാണെന്നോ, അനാശാസ്യമാണെന്നോ ആര്‍ക്കും തോന്നുന്നതുമില്ല.
വിളക്കാകേണ്ടവന്‍/ള്‍
അധ്യാപകന്‍ ആദര്‍ശങ്ങളുടെ വക്താവാകണം. വ്യത്യസ്തവും സത്യസന്ധവും നിഷ്പക്ഷവുമായ ഒരു വീക്ഷണ ശൈലിയും പ്രവര്‍ത്തനശൈലിയും അധ്യാപകരില്‍ നിന്നു സമൂഹം പ്രതീക്ഷിക്കുന്നു. ചിന്തയിലും വായനയിലും അഭിപ്രായങ്ങളുടെ രൂപീകരണത്തിലും അധ്യാപകനു യോജിക്കുന്ന ഒരു രീതി ഈ പ്രതീക്ഷ സാര്‍ത്ഥകമാക്കും. അധ്യാപകരുടെ ഉള്ളില്‍ എന്താണോ നിറഞ്ഞിരിക്കുന്നത് അത് കുട്ടികളിലേയ്ക്ക് പകരുമെന്നതില്‍ സന്ദേഹമില്ല. ഞാന്‍ വെറുതെ നടക്കുകയായിരുന്നു. അപ്പോള്‍ ഞാനൊരമ്പെയ്തു. ഞാനതു മറന്നു. പിന്നൊരിക്കല്‍ ഞാന്‍ കണ്ടു ആ അമ്പ് ഒരു മരത്തില്‍ തറച്ചിരിക്കുന്നതും അവിടെനിന്ന് കറ ഒഴുകിയിരിക്കുന്നതും. മറ്റൊരിക്കല്‍ വെറുതെ നടക്കുമ്പോള്‍ ഞാനൊരു രാഗം മൂളി. ഞാനതു മറന്നു. ഏറെ നാള്‍ കഴിഞ്ഞ് ഞാന്‍ കേട്ടു. ഞാനന്നു മൂളിയ രാഗം അനേകരുടെ ചുണ്ടുകളില്‍നിന്ന് മധുരസംഗീതമായി ഒഴുകുന്നു. ഓര്‍ക്കാം നമുക്കീ കഥ. നല്ലതു പറയാനും നല്ലതു ചെയ്യാനും അധ്യാപകര്‍ക്കാവട്ടെ.
ജീവിത പന്ഥാവില്‍ ഇവിടെ യെത്താന്‍ കൈത്താങ്ങായി വര്‍ത്തിച്ച ഗുരുശ്രേഷ്ഠര്‍ ഫലാപേക്ഷകൂടാതെ ചെയ്ത കര്‍മ്മം യജ്ഞമായിരുന്നു എന്നു തിരിച്ചറിയാനും അവരുടെ പാദങ്ങളില്‍ മനസ്സുകൊണ്ടെങ്കിലും പ്രണാമങ്ങളര്‍പ്പിക്കാനും ഈ അധ്യാപകദിനം ഒരു നിമിത്തമാകട്ടെ. കൂപ്പിയ കരങ്ങളോടെ നമ്മുടെ ചിന്തകള്‍ക്കു വിരാമം കുറിക്കുകയും ചെയ്യാം.
Featured Posts
bottom of page