top of page

ഒന്ന്
മരണം തൊട്ടുമുന്നിലുണ്ടെന്ന അറിവ് ജീവിതത്തെ ചേര്‍ത്തുപിടിക്കാന്‍ പ്രചോദനമാകണം. ജീവിതം ഒഴുകിമറയുമെന്ന സത്യം മരണത്തെ വരവേല്‍ക്കാനുള്ള ജ്ഞാനമാകണം.
മരണമവിടെ നക്ഷത്രംപോലെ വെട്ടിത്തിളങ്ങുമ്പോള്‍ ലക്ഷ്യത്തെ അന്വേഷിച്ച് സമയം കളയേണ്ടതില്ല. ജീവിതം ഒരു വഴിയായി നീണ്ടുകിടക്കുന്നെന്നു തെളിഞ്ഞും നിറഞ്ഞും അറിഞ്ഞാല്‍ മതി.
ഒന്നായ കൂട്ടം പലവഴി പിരിഞ്ഞ് നടക്കുമ്പോള്‍ എല്ലാം ശിഥിലമായെന്ന് കരുതേണ്ട. വഴിയില്‍ നാം പലതാണെങ്കിലും ധൃതിയിലും അലസതയിലും നടക്കുന്നവരെല്ലാം ഒരേയൊരു ലക്ഷ്യത്തെയാണ് നടന്നു താണ്ടുന്നത്. അതെ. നാം ഒരേ യാത്രികര്‍. ഒരേ വഴിയില്‍ ഒരേ ലക്ഷ്യത്തിലേക്ക് ഒന്നിച്ച് യാത്ര തുടരുന്നവര്‍.
ഇത്രയും ബോദ്ധ്യമുള്ള ഒരു യാഥാര്‍ത്ഥ്യത്തെ കാണാതെ പോകുന്നതും അറിയാതെ പോകുന്നതും എന്തുകൊണ്ടാകാം?
മരണംപോലെ ആഴമേറിയ ധ്യാനമില്ലെന്നും ജീവിതംപോലെ പരപ്പാര്‍ന്ന സാധനയില്ലെന്നും അകമേയറിയുന്ന മനുഷ്യന് മറ്റെന്താണ് ഉത്തരമായി വേണ്ടത്!
കടല്‍ കരയെ വന്നു ചുംബിക്കുന്നതും കര കടലിലേക്ക് മുഖമാഴ്ത്തുന്നതും നോക്കി ഈ നനവാര്‍ന്ന മണല്‍പ്പരപ്പില്‍ നഗ്നപാദനായി നടക്കുമ്പോള്‍ തലയിലേക്ക് അരിച്ചു കയറുന്ന തണുപ്പില്‍ മുഴങ്ങുന്നത് മരണത്തിന്‍റെയും ജീവിതത്തിന്‍റെയും നാദമാണ്.
ജീവിക്കുക! ജീവിക്കുകയെന്ന് അകം... മരണം! മരണമെന്ന് അനന്തത. തിരമാലകള്‍ക്കും പാല്‍പ്പതയ്ക്കും മണല്‍നനവിനും അങ്ങു ദൂരെ തിളങ്ങുന്ന നീലിമയ്ക്കും പറയാനുള്ളതും അതു തന്നെ. ജനനവുമില്ല, മരണവുമില്ല.. ഉള്ളതോ ഉള്ളതു മാത്രം.
രണ്ട്
വൈവിധ്യങ്ങളും വൈചിത്ര്യങ്ങളുമാര്‍ന്ന അനേകായിരം ധാരകള്‍ ഉള്‍ച്ചേര്‍ന്ന സാംസ്ക്കാരിക സൗന്ദര്യം ഇന്ത്യയുടെ സവിശേഷത തന്നെയാണ്. അകത്തുനിന്നും പുറത്തുനിന്നും ആ സംസ്കാര മഹിമയെ ഇല്ലായ്മ ചെയ്യാന്‍ പല ശക്തികളും ശ്രമിച്ചു പോന്നിട്ടുണ്ട്. ഇന്നും ശ്രമിക്കുന്നുണ്ട്. എന്നിട്ടും കാര്യമായ പോറലേല്‍ക്കാതെ തുടരുന്ന ഒരു തനിമ അതിനുള്ളത് എന്തുകൊണ്ടെന്നു ചോദിച്ചാല്‍ കൃത്യമായ ഒരുത്തരം പറയുക പ്രയാസമാണ്. ഒന്നുറപ്പാണ്. അത് തള്ളുകയല്ല, കൊള്ളുകയാണ് എന്നും ചെയ്തിട്ടുള്ളത്.
സംസ്ക്കാരത്തെകുറിച്ചു പറയുമ്പോള്‍ നാം മറന്നുപോകുന്ന ഒരു കാര്യം സംസ്ക്കാരമെന്നത് ഏകമുഖമായ ധാരയല്ല എന്നതാണ്. കൊണ്ടും കൊടുത്തും പല ധാരകള്‍ ഇഴുകിച്ചേരുന്നിടത്താണ് സംസ്ക്കാരം ഉടലെടുക്കുന്നത്. വ്യത്യസ്ത വിശ്വാസ ധാരകളുള്ള ഹിന്ദുവും ബുദ്ധരും ജൈനരും മുസ്ലിമും ക്രിസ്ത്യാനിയും നിരീശ്വരവും ഈശ്വരീയവുമായ തികച്ചും വിരുദ്ധമെന്നു തോന്നുന്ന അനേകം വിശ്വാസ ചിന്താധാരകളും എല്ലാം ചേര്‍ന്നുണ്ടായ ഒരു സംസ്കൃതിയാണത്. അതില്‍നിന്ന് ഏതെങ്കിലും ഒരു ധാരയെ പിഴുതെടുത്ത് ഇതാണ് ഇന്ത്യന്‍ സംസ്ക്കാരമെന്ന് ആരെങ്കിലും പറഞ്ഞാല്‍ കടലില്‍ നിന്ന് ഒരു തുള്ളി ജലമെടുത്ത് ഇതാണ് കടല്‍ എന്നു പറയുന്നതുപോലെയാണത്. അത് അവിവേകമാണ്. അറിവില്ലായ്മയാണ്.
'ഈശാവാസമിദം സര്‍വ്വം' എന്ന ഔപനിഷദിക ദര്‍ശനത്തെ ഹൃദയത്തില്‍ ധ്യാനിക്കുന്ന ഒരാള്‍ക്ക് പിന്നെ അകത്താക്കാനോ പുറത്താക്കാനോ ഒന്നുമില്ല. എല്ലാ തുള്ളിയിലും ഒരേ സാഗരസാന്നിദ്ധ്യം തന്നെയെന്ന് തിരിച്ചറിഞ്ഞ് ചേര്‍ന്നുനില്ക്കാനുള്ള വഴികള്‍ ആരായുക മാത്രമാകും നാം ചെയ്യുക. അതാണ് നാം ചെയ്യേണ്ടത്.
അധികാരത്തിനും പ്രശസ്തിയ്ക്കും ധനത്തിനും വേണ്ടി ഉദാത്തമായ മൂല്യങ്ങളെ വളച്ചൊടിച്ച് പക്ഷംചേര്‍ക്കാന്‍ ശ്രമിക്കുന്നവരോട് ഒരപേക്ഷയേയുള്ളൂ: നാം കുറച്ചുനാള്‍ കൂടി കഴിഞ്ഞ് മരിച്ചുപോകും. നമ്മുടെ കുഞ്ഞുമക്കള്‍ വളര്‍ന്ന് ജീവിക്കേണ്ട ഈ ഭൂമിയില്‍ ഇനിയും വിഷം വിതച്ച് നാം കടന്നുപോകരുത്. ആവശ്യത്തിലധികം വിഷം ഇവിടെ വിതച്ചു കഴിഞ്ഞിട്ടുണ്ട്. അതിന്‍റെ വീര്യം നശിപ്പിക്കാന്‍ തന്നെ കാലമേറെയെടുക്കും. ഇനി നമ്മളായി അതു ചെയ്യാതിരിക്കേണ്ടതുണ്ട്. ഒരുമയോടെയും സ്നേഹത്തോടെയും ചേര്‍ന്നു കഴിയുന്ന ഒരു തലമുറയെ സ്വപ്നം കണ്ടാവട്ടെ നമ്മുടെ ജീവിതമെന്ന് ഹൃദയപൂര്‍വം പ്രാര്‍ത്ഥിച്ചു പോകുന്നു.
ഒരു കാര്യം നമുക്ക് മറക്കാതിരിക്കാം. മതത്തിന്‍റെയോ ദര്‍ശനത്തിന്‍റെയോ മാത്രം ആധിപത്യത്തില്‍ കഴിയുന്ന ഒരു രാജ്യത്തും സമാധാനം പുലരുന്നില്ല. മാത്രമല്ല, അവിടെ ഏറ്റവും ദുരിതം അനുഭവിക്കേണ്ടിവരുന്നത് ആ മത/ദര്‍ശന വിശ്വാസികള്‍ തന്നെയാണ്. സ്വാതന്ത്ര്യം, സൗന്ദര്യം, സര്‍ഗാത്മകത തുടങ്ങി മനുഷ്യന്‍ സ്വപ്നം കാണുന്നതൊന്നും അവിടെയില്ല. പുറമെ കാണുന്ന പതപതപ്പുമാത്രമേയുള്ളൂ. അമേരിക്കയിലും യൂറോപ്പിലുമെല്ലാം ഇത്തിരിയെങ്കിലും അയവുള്ള ഇടങ്ങളുണ്ടെങ്കില്‍ അതിനു കാരണം അവര്‍ പഴഞ്ചന്‍ മാമൂലുകളില്‍ തൂങ്ങി നില്ക്കുന്നില്ല എന്നതുതന്നെയാണ്.
കൊള്ളേണ്ടതിനെ കൊണ്ടും തള്ളേണ്ടതിനെ തളളിയും മ ുന്നോട്ടു നടക്കാനുള്ള വിവേകമാണ് നാം കൈവിടാതിരിക്കേണ്ടത്. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഏത് മനുഷ്യസ്നേഹിയുടെയും ഹൃദയസ്പന്ദനമാണിത്.
കവലകളിലും പള്ളികളിലും മോസ്കിലും അമ്പലപരിസരത്തും നിന്ന് ഞാനാണ് ശരി, ഞങ്ങളാണ് ശരി, ഞങ്ങള്‍ മാത്രമാണ് ശരി എന്ന് വാ കീറി അലറുന്ന പൗരോഹിത്യത്തോട് ഒരു വാക്ക്: ഇവിടെ ആയതുകൊണ്ടു മാത്രമാണ് നിങ്ങള്‍ക്കത് കഴിയുന്നത്. ആ സാമൂഹിക സാഹചര്യം നിങ്ങളായിട്ട് ഊതിക്കെടുത്തരുത്. അപേക്ഷയാണ്. ഉള്ളുരുകിയുള്ള പ്രാര്‍ത്ഥനയാണ്.
മൂന്ന്
മനുഷ് യനെന്ന ജീവിയില്‍ പരിണാമപരമായി രൂപപ്പെട്ടതല്ലാത്ത ഒരിടമുണ്ട്. തികച്ചും ശൂന്യമായ ഒരാകാശം. കാരണങ്ങളില്ലാത്ത ഒരു കാര്യം.
ശരീരത്തിന്‍റെയും മനസ്സിന്‍റെയും ബുദ്ധിയുടെയും യുക്തവും അയുക്തികവുമായ സഞ്ചാരങ്ങളെല്ലാം ന്യുറോണ്‍ കേന്ദ്രങ്ങളില്‍ പ്രതിഫലിച്ചാലും നിഴലിനെ പ്രസവിക്കാത്ത ആ വെളിച്ചം തലച്ചോറിനകത്തും പുറത്തും വട്ടംചുറ്റി പ്രസരിച്ചു നില്ക്കും.
കാലദേശ നിബദ്ധമായ ഉപാധികളിലൂടെ ആ പ്രവാഹത്തെ ഗണിച്ചെടുക്കാമെന്നു കരുതുന്നത് വ്യാമോഹം. നാമരൂപാത്മകമായ പിണ്ഡാണ്ഡത്തിനുമപ്പുറം അധിഷ്ഠാനധാരയായൊഴു കുന്ന ആ പ്രാപഞ്ചിക പ്രവാഹത്തെ ബുദ്ധിവൃത്തിയിലേക്ക് ആവാഹിക്കാമെന്നു നാം കരുതുന്നുവെങ്കില്‍ ഹാ! കഷ്ടം!ലക്ഷണങ്ങള്‍ വെച്ച് പല മനോരോഗങ്ങളുടെയും പട്ടികയില്‍ ചേരുംപടി ചേര്‍ക്കാവുന്ന വിഭ്രാന്തികള്‍ അവിടെ നമുക്ക് കണ്ടെത്താനാവും. അടിവരയിട്ടുറപ്പിച്ച നമ്മുടെ നിഗമനങ്ങള്‍ക്കു വെളിയില്‍ നിലാവില്‍ ഉലാത്തി ആ മഹാപ്രവാഹം അടക്കം പറയുന്നത് മൗനഭൂമികയെ സ്പര്‍ശിച്ച ആകാശങ്ങള്‍ക്ക് അനാഹതസ്വരമായി കേള്‍ക്കാനാകും.
കല്പനിക വിഭ്രാന്തി മൊഴിയുന്ന അല്പനെന്ന് നിങ്ങള്‍ക്കവരെ വിളിക്കാം. മഹാവിസ്ഫോടനം സംഭവിച്ചത് ഏതൊരു വസ്തുവിനായിരുന്നെന്നു ചോദിച്ചവരോട് മറുപടി പറയാനാവാതെ നിന്നവരെയും അല്പന്മാരെന്നു വിളിച്ചിട്ടുണ്ടെന്ന് നമുക്ക് മറക്കാതിരിക്കാം.
കാര്യകാരണങ്ങളുടെ ലോകത്തെ മാത്രം പരിചയിച്ച നമ്മോട് കാരണാന്തരം എന ്നൊന്നുണ്ടെന്നു പറഞ്ഞാല്‍ നെറ്റി ചുളിഞ്ഞേക്കാം.
യുക്തിഭദ്രമല്ലാത്തതൊന്നും സ്വീകാര്യമല്ലെന്നു റപ്പിക്കുന്ന നമ്മോട് നാം ഏറെ അനുഭവിച്ചിട്ടുള്ള സ്നേഹമെന്ന വികാരത്തെ നിര്‍വ്വചിക്കാന്‍ പറഞ്ഞാല്‍ മൗനത്തിലേക്ക് വഴുതി വീഴുകയാകും ആദ്യാനുഭവം. പിന്നെ നാം പറയുന്നതെല്ലാം വെറും പിച്ചും പേയുമാണെന്നതാണ് സത്യം.
ഞാന്‍, ഞാന്‍ എന്നു നാം വ്യവഹരിക്കുന്ന ബോധാകാശത്തെ ഏത് ന്യൂറോണ്‍ കേന്ദ്രങ്ങളില്‍ നാം പരതിയാലും എന്‍റെ, എന്‍റെ എന്നു വ്യവഹരിക്കുന്ന ബോധവൃത്തിയെ മാത്രമെ കണ്ടെത്താനാകുകയുള്ളൂ. ഇംപ്രഷന്‍സ് ഉള്ള ഒരു എക്സ്പ്രഷനല്ല ഞാന്‍ എന്നതെന്ന് ഞാനിനുപോലും അറിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
'അറിവിനു ചിന്തയില്ല, ഓതിടുകയുമില്ല അറിവ് എന്നറിഞ്ഞ്, സര്‍വ്വം വിടുകിലവന്‍, വിശദാന്തരംഗനായ്, മേലുടലിലമര്‍ന്ന്, ഉഴലുന്നതില്ല നൂനം' എന്ന് നാരായണഗുരു പാടിയത് ഓര്‍ത്തുപോകുന്നു.
Featured Posts
Recent Posts
bottom of page