top of page
മലയാളികൾ മിക്കവരും തിരനോട്ടം എന്ന് കേട്ടിട്ടുണ്ടാവും എന്ന് തീർച്ച. ഞാൻ കാര്യമായി കഥകളി കണ്ടിട്ടില്ല. ഒരു ചെറിയ തിരശ്ശീലക്ക് പിന്നിൽ നിലക്കുന്ന ആട്ടക്കാരൻ്റെ മുഖം തിരശ്ശീല മെല്ലെ താഴ്ത്തി സദസ്സിന് കാണാവുകയാണ്.
'എപ്പീഫനി' എന്ന് കേൾക്കുമ്പോഴൊക്കെയും ഈയൊരു പരികല്പനയാണ് ആദ്യം മനസ്സിലേക്ക് ഓടിയെത്താറ്. എപ്പീ, ഫാനെയ്ൻ എന്നീ രണ്ട് ഗ്രീക്ക് പദങ്ങൾ ചേർന്ന് ഉണ്ടാകുന്നതാണ്. എപ്പീ എന്നാൽ മേലെ; ഫാനെയ്ൻ എന്നാൽ പ്രകാശിക്കുക, കാട്ടുക. മേലെ മുഖം കാട്ടുക എന്നുതന്നെ. പദാർത്ഥികമായ തിർശ്ശീല മെല്ലെ നീങ്ങിമാറുകയും പിന്നിൽ ഒളിഞ്ഞിരിക്കുന്ന ദൈവരൂപം ക്ഷണനേരത്തേക്ക് കാണാവുകയും ചെയ്യുന്നതിനെയാണ് എപ്പീഫനി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ദൈവത്തിൽ വിശ്വസിക്കുക എന്നാൽ മിക്കവാറും ദൈവവിശ്വാസികൾക്കുപോലും അങ്ങ് ദൂരെ ഇരിക്കുന്ന ഒരു ദൈവമുണ്ടെന്നും, അങ്ങേര് അങ്ങുമുകളിൽ ആകാശത്തിലിരുന്ന് നമ്മുടെ വികൃതികൾ കണ്ട് രസിക്കുകയും നീരസപ്പെടുകയും കോപിക്കുകയും ചെയ്യുകയുമാണ് എന്നാണ്. ചിലർ കരുതുന്നത് അവിടെയിരുന്ന് അങ്ങേര് പാവക്കൂത്തുകാരൻ ചെയ്യുന്നതുപോലെ കാണാച്ചരടുകൾ കൊണ്ട് നമ്മെ പാവകളിപ്പിക്കുകയാണെന്നാണ്.
ദൈവം മനുഷ്യനായി; വചനം മാംസമായി; ഇമ്മാനുവൽ - ദൈവം നമ്മോടുകൂടെ - എന്നവൻ വിളിക്കപ്പെടും എന്നെല്ലാമാണ് പുതിയനിയമത്തിൻ്റെ പ്രസ്താവങ്ങൾ.
അതിനാൽ ഇനിമേൽ വിശ്വസിക്കുക എന്നാൽ-
കാറ്റിലും കടലിലും എപ്പീഫനി.
പൂവിലും പുഴുവിലും എപ്പീഫനി.
നീചനിലും സാത്വികനിലും എപ്പീഫനി.
എന്നിലും നിന്നിലും എപ്പീഫനി.
കാണുന്നുണ്ടോ?
കാട്ടുന്നുണ്ടോ?
Featured Posts
bottom of page