top of page

യേശുവിന്റെ പരസ്യ ജീവിതത്തിന് പ്രധാനപ്പെട്ട മൂന്ന് ക്ഷേത്രങ്ങൾ (areas) അഥവാ തലങ്ങൾ ഉണ്ടായിരുന്നു എന്ന് പറയാം. ( അവയെ വ്യവഛേദിക്കാൻ ശ്രമിക്കുക മാത്രമാണ്, എന്നതിനാൽ ഇപ്പറയുന്നത് വളരെ സാമാന്യമായിട്ട് മാത്രം കണ്ടാൽ മതി).
ഒന്നാമത്തേത് അവൻ്റെ പ്രബോധനത്തിന്റെ തലമാണ് -അവൻ ഭൂമിക്കുമേൽ ചൊരിഞ്ഞ പ്രകാശം. അവന്റെ പ്രബോധന തലം ഏറെയും നമ്മുടെ ഐഹിക ജീവിതത്തെയും ഈ ഭൂമിയിലെ ദൈവരാജ്യത്തെയും കുറിച്ചുള്ളതായിരുന്നു.
"ശത്രുക്കളെ സ്നേഹിക്കുവിൻ; നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുവിൻ; അധിക്ഷേപിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ; ഒരു ചെകിട്ടത്ത് അടിക്കുന്നവന് മറ്റേ ചെകിട് കൂടി കാണിച്ചു കൊടുക്കുക; ആരെയും വിധിക്കരുത്; കുറ്റാരോപണം നടത്തരുത്; ഉദാരമായി ക്ഷമിക്കുവിൻ; ഉദാരമായി കൊടുക്കുവിൻ" ഇങ്ങനെയുള്ള അവൻ്റെ പ്രബോധനങ്ങൾ എല്ലാംതന്നെ അനുദിന ജീവിതത്തിൽ സ്ഥിരോത്സാഹത്തോടെ നാം പരിശ്രമിക്കേണ്ടുന്നതും നമ്മെത്തന്നെ പരിവർത്തിപ്പിക്കേണ്ടതുമായ ഭൗതികമായ ഒരാത്മീയ സാധനയുടെ മേഖലയാണ്.
രണ്ടാമത്തെതാകട്ടെ, അവൻ പ്രവർത്തിച്ച അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും തലമാണ്. അതാകട്ടെ, കൂടുതൽ പ്രതീകാത്മകവും പ്രപഞ്ചസംബന്ധിയും സ്വർഗ്ഗരാജ്യത്തിലേക്ക് വിരൽചൂണ്ടുന്നതും ആയിരുന്നു. 'ദൈവമനുഷ്യ'നിലുള്ള വിശ്വാസം ആവശ്യപ്പെടുന്നതും ഭൗതികതയെ അതിവർത്തിക്കുന്നതും പ്രതിഫല വാഗ്ദാനങ്ങൾ ഉൾക്കൊള്ളുന്നതും സ്വർഗ്ഗോന്മുഖ യാത്രക്ക് ത്വരകമാകുന്നവയുമാണവ.
അവൻ സ്വീകരിച്ച മനോഭാവങ്ങൾ; അവൻ എടുത്ത നിലപാടുകൾ; അവൻ മുറുകെപ്പിടിച്ച മൂല്യങ്ങൾ; അവൻ നടന്ന വഴികൾ; അവൻ ഏറ്റെടുത്ത പാടുപീഡകൾ; അവൻ ആശ്ലേഷിച്ച കുരിശുമരണം എന്നിവയെല്ലാം ചേരുന്നതാണ് അവൻ്റെ ജീവിതത്തിൻ്റെ മൂന്നാം തലം.
മേല്പറഞ്ഞ മൂന്ന് തലങ്ങളെയും ഉച്ചിയിൽ കൂട്ടിവിളക്കിച്ചേർക്കുന്ന പുനരുത്ഥാനത്തിൻ്റെ മൂർദ്ധന്യബിന്ദുവും.
ഇന്നിപ്പോൾ ഒരുകൂട്ടർക്ക് ഭൗമികമായ ദൈവരാജ്യവും അതിൻ്റെ ഭാഗ മായ സാന്മാർഗ്ഗികോപദേശങ്ങളും മതി.
മറ്റൊരു കൂട്ടർക്കാകട്ടെ വിശ്വാസവും ആത്മീയ രക്ഷയും പരലോകജീവിതവും മതി.
കുറേ ഭൂമിപ്പാറ്റകളും കുറേ ആകാശപ്പാറ്റകളും!
വാസ്തവത്തിൽ രണ്ടു കൂട്ടരും നിരാകരിക്കുന്നതാകട്ടെ, അവയുടെ സമന്വയമായ ക്രിസ്തുവിനെയും അവൻ സാക്ഷാത്കരിച്ച മൂന്നാം തലവും!
Featured Posts
bottom of page