top of page

ഈ മുത്തച്ഛന് ഒന്നും അറിയില്ല!

Nov 2, 2022

2 min read

ഫാ. ഷാജി CMI
a group of people using drugs together

ലഹരിവസ്തുക്കളുടെ നിര്‍മ്മാണവും വിപണനവും വിതരണവും പെട്രോള്‍ വില പോലെ ഓരോ ദിവസവും കുതിച്ചുയരുകയാണ്. തലമുറകളെ രൂപപ്പെടുത്തുന്ന വിദ്യാലയങ്ങളും കലാലയങ്ങളും യൂണിവേഴ്സിറ്റി ക്യാമ്പസുകളുമെല്ലാം മയക്കുമരുന്നിന്‍റെ ഉപയോഗത്തില്‍ സര്‍വ്വകാല റെക്കോര്‍ഡിലേക്കെത്തുന്നു. ഇത് സമൂഹത്തിന്‍റെ തകര്‍ച്ചയുടെ അടയാളമാണ്. ഹൃദയബന്ധങ്ങള്‍ ഇല്ലാതാവുകയും ആശയവിനിമയത്തിനു താത്പര്യം കുറഞ്ഞുവരികയും ചെയ്യുമ്പോള്‍ ഉന്മാദമരുന്നുകള്‍ പരീക്ഷിച്ച് മനുഷ്യന്‍ മനുഷ്യനല്ലാതാകുന്നു.

കുറച്ചുനാള്‍ മുമ്പുവരെ ലഹരിക്കടിമയാകുന്നവന്‍, അവനു സുബോധമുണ്ടാകുന്ന ഏതെങ്കിലുമൊരു സമയത്ത് നടത്തുന്ന ഏറ്റുപറച്ചിലില്‍ ലഹരി ഉപയോഗത്തിന്‍റെ സാധ്യതകളായി പറഞ്ഞിരുന്നത് കുടുംബത്തിലെ പ്രശ്നങ്ങള്‍, മാനസിക സമ്മര്‍ദ്ദങ്ങള്‍, ഒറ്റപ്പെടലിന്‍റെ സങ്കടങ്ങള്‍ എന്നിവയൊക്കെയാണ്. ലഹരിജീവിതം തങ്ങളുടെ ജീവിതരീതിയാണെന്നാണ് ലഹരിക്കടിമയാകുന്ന പുതുതലമുറ നല്കുന്ന ഉത്തരം. മറ്റുള്ളവര്‍ ജീവിതം ജീവിച്ചുതീര്‍ക്കുമ്പോള്‍, 'തങ്ങള്‍ ആസ്വദിച്ച് ജീവിക്കുക'യാണെന്നാണ് ഈ കുട്ടികള്‍ പറയുന്നത്. മയക്കുമരുന്ന് ഉപയോഗം ഒരു ഹീറോയിസമായി കാണുന്ന കുട്ടികളും കുറവല്ലെന്നാണ് അധ്യാപകരും പറയുന്നത്. ലഹരിയുടെ ഉപയോഗം മൂലം പഠനം താറുമാറായിപ്പോയവരുടെ എണ്ണം രണ്ടു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയോളം വര്‍ദ്ധിച്ചുവെന്നു കണക്കുകള്‍ പറയുന്നു.

"ലഹരിയില്‍ നിന്ന് കുട്ടികളെ രക്ഷിച്ചില്ലെങ്കില്‍ വരുംതലമുറ തകരും" 2022 ഒക്ടോബര്‍ ഏഴാം തീയതിയിലെ പത്രങ്ങളുടെ തലക്കെട്ടായിരുന്നു ഇത്.  NO TO DRUGS പ്രചാരണ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് മുഖ്യമന്ത്രി നടത്തിയ പ്രഭാഷണത്തിന്‍റെ തലക്കെട്ടാണിത്. "മുഖ്യമന്ത്രിയെന്ന നിലയില്‍ കുഞ്ഞുങ്ങളോട് ഒരു മുത്തച്ഛന്‍ എന്ന രീതിയിലും അവരുടെ രക്ഷിതാക്കളോട് ഒരു  സഹോദരന്‍ എന്ന രീതിയിലും ഞാന്‍ സംസാരിക്കട്ടെ" എന്ന മുഖവുരയോടെ ആരംഭിച്ച ഈ വര്‍ത്തമാനം അതീവസുന്ദരവും ആവേശനിര്‍ഭരവും ആയിരുന്നു. ഒരു ഓര്‍ഡിനന്‍സിലൂടെ ഈ പ്രഭാഷണം മഹദ്മൊഴികള്‍ പോലെ ഫ്രെയിം ചെയ്ത് എല്ലാ ക്ലാസ്മുറികളിലും സെക്രട്ടറിയേറ്റിലും മന്ത്രിമന്ദിരങ്ങളിലും രാഷ്ട്രീയനേതാക്കളുടെ ഓഫീസ്മുറികളിലും ആദരവോടെ തൂക്കിയിടട്ടെ. ഈ മഹദ്വചനങ്ങള്‍ അരുള്‍ചെയ്തതിന് ഒരാഴ്ചമുമ്പേ പറഞ്ഞിരുന്നുവെങ്കില്‍, മുഖ്യമന്ത്രി ഇത്ര സ്നേഹനിര്‍ഭരമായ ഉപദേശം എന്തേ നേരത്തെ പറഞ്ഞില്ല എന്ന സങ്കടത്തോടെ മുഖ്യമന്ത്രിയുടെ ഉറ്റസ്നേഹിതന്‍ അന്ത്യശ്വാസം വലിക്കാന്‍ ഇടവരില്ലായിരുന്നു. മയക്കുമരുന്നിന്‍റെ എല്ലാ ഗുണദോഷങ്ങളും വരുംതലമുറയെയും മാതാപിതാക്കളെയും എങ്ങനെ ബാധിക്കും എന്ന് നേരിട്ട് മനസ്സിലാക്കിയ ഒരു മഹാന്‍ ആയിരുന്നല്ലോ അദ്ദേഹം. മയക്കുമരുന്നു മാഫിയ ഇവിടെ സജീവമായി വിലസുന്നുവെന്ന് അറിഞ്ഞിരുന്ന ഒരാള്‍.

ലഹരി മാഫിയ കേരളത്തില്‍ സജീവമാണെന്ന പാലാ ബിഷപ്പിന്‍റെ പ്രസ്താവനയ്ക്ക് ഒരു വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ വര്‍ധിതവീര്യത്തോടെ മുഖ്യമന്ത്രിയും അതു സമ്മതിച്ച് ഏറ്റുപറയുന്നു. ലാല്‍ സലാം സഖാവേ!

മദ്യനിരോധനമല്ല, മദ്യപാനത്തിന്‍റെ അപകടങ്ങളെ ബോധ്യപ്പെടുത്താനുള്ള ക്യാംപെയിനാണ് സര്‍ക്കാര്‍ പ്രാധാന്യം കൊടുക്കുന്നതെന്നുള്ള അജന്‍ഡയുമായിട്ടാണ് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. ഫലമോ, പൂട്ടിക്കിടന്ന എല്ലാ ബാറുകളും തുറക്കുകയും പുതിയവ നാട്ടില്‍ ഇഷ്ടംപോലെ സംലഭ്യമാകുകയും ചെയ്തു. മദ്യനിരോധനം അപ്രായോഗികമാണെന്നു നമ്മളെക്കാള്‍ നന്നായി ഭരണകര്‍ത്താക്കള്‍ക്ക് അറിയാം. അതുകൊണ്ട് കൂടുതല്‍ മദ്യശാലകള്‍ തുറന്നുകൊണ്ട് അതിലൂടെ ലഭിക്കുന്ന വന്‍ലാഭം വാരിക്കൂട്ടുകയും ചെയ്യുന്നു. അതിനുവേണ്ടി ലഹരിയുടെ നിര്‍വ്വചനത്തില്‍നിന്ന് മദ്യത്തെ ഒഴിവാക്കി. അനുസരണയുള്ള സ്കൂള്‍വിദ്യാര്‍ത്ഥിയെപ്പോലെ കോടതിയുടെ നിര്‍ദ്ദേശാനുസരണം മദ്യക്കുപ്പികളിന്മേല്‍ 'മദ്യപാനം ആരോഗ്യത്തിന് ഹാനികരം' എന്നെഴുതി 'പറ്റിക്കുന്ന' സ്റ്റിക്കറിലെ അക്ഷരങ്ങളുടെ വലിപ്പം അല്പംകൂട്ടി. അതു വായിച്ച് സാക്ഷരകേരളം മദ്യപാനത്തില്‍ നിന്ന് അല്പാല്പം പിന്മാറി. പുതിയ ലഹരിയുടെ പിന്നാലെ പരക്കം പാഞ്ഞു.

ആവശ്യക്കാര്‍ ഏറിയതോടെ സാധനത്തിന്‍റെ സംലഭ്യതയും കൂടി. മയക്കുമരുന്ന് ഉത്പാദിപ്പിക്കുന്നവര്‍, കടത്തുന്നവര്‍, വില്‍ക്കുന്നവര്‍ എന്നിവരുടെ സംഘം ഭരണകൂടത്തെയും അതിന്‍റെ ക്രമസമാധാനസേന, നിയമവ്യവസ്ഥ എന്നിവയേക്കാളൊക്കെ അതിശക്തരാണ്. ചിലയിടങ്ങളില്‍ അവരുടെ ചാരന്മാര്‍ ഭരണസംവിധാനങ്ങളിലും ക്രമസമാധാനസംഘങ്ങളിലും നിയമവ്യവസ്ഥയിലും സ്വാധീനം ചെലുത്താന്‍ പോന്നതുമാണ്. മയക്കുമരുന്നിന്‍റെ വിതരണവശത്തെക്കുറിച്ചും അതില്‍ ഏര്‍പ്പെടുന്നവരെക്കുറിച്ചുമാണ് പലപ്പോഴും പഠനവും അന്വേഷണവും. അതാണ് ഏറെ എളുപ്പവും.

മയക്കുമരുന്നിന്‍റെ ആവശ്യവശത്തെ കൈകാര്യം ചെയ്യുന്നതാണ് കൂടുതല്‍ ഫലപ്രദം എന്നാണ് ആധുനിക പഠനം പറയുന്നത്. മയക്കുമരുന്നിനോടുള്ള ആസക്തി മാനസിക സുരക്ഷിതത്വത്തിനായുള്ള അന്വേഷണമാണെന്നാണ് കണ്ടെത്തല്‍. അങ്ങനെയെങ്കില്‍ നമ്മുടെ യുവജനങ്ങളുടെ മാനസികാരോഗ്യത്തിനാണ് ബൂസ്റ്റര്‍ ഡോസ് കൊടുക്കേണ്ടത്. അരക്ഷിതത്വം അനുഭവിക്കുമ്പോള്‍ സുരക്ഷിതത്വം തേടും. പെട്ടെന്ന് അതിനെ പകര്‍ന്നുകൊടുക്കാന്‍ മയക്കുമരുന്നുകള്‍ക്ക് കഴിയുന്നു, താല്ക്കാലികമായിട്ടെങ്കിലും. കുട്ടികള്‍ക്കും യുവാക്കള്‍ക്കും"They are wanted in the society, in the family' എന്നൊരു വിചാരം കൊടുക്കുകയാണ് പ്രധാനം. ഒപ്പം മയക്കുമരുന്നിന് അടിമപ്പെടുന്നവര്‍ സമൂഹത്തിന്‍റെ കരുതലും സ്നേഹവും ശുശ്രൂഷയും കൂടുതലായി അര്‍ഹിക്കുന്നു എന്ന വിചാരം സമൂഹത്തിലും പ്രബലപ്പെടണം.

വാല്‍ക്കഷണം - ഇവിടെ വേട്ടയാടി പിടിക്കുന്ന മയക്കുമരുന്നുകള്‍ക്ക് എന്തു സംഭവിക്കുന്നുവെന്ന് ഒരു സംശയം ബാക്കിയുണ്ട്. അവ കൂട്ടിയിട്ട് നശിപ്പിക്കുകയോ കത്തിക്കുകയോ ആണോ?  അതോ വന്‍സ്രാവുകള്‍ ഇടപെട്ട് അവ പിന്‍വാതിലിലൂടെ വീണ്ടും ആള്‍ക്കാരെ തേടിയെത്തുമോ? അതുമല്ലെങ്കില്‍ കസ്റ്റഡിയില്‍ ഇരുണ്ട മുറിക്കുള്ളില്‍ സുഷുപ്തിയിലാണോ? ചുമ്മാ കുറെ സംശയങ്ങള്‍ പറഞ്ഞുവെന്നു മാത്രം. 

Featured Posts

bottom of page