അപ്പോള്‍ ഭൂമി ഉരുണ്ടതാണെന്നല്ലെ പറഞ്ഞത്. അതെ, സൂര്യന്‍ ഒരിടത്തിരിക്കുകയും ഭൂമി ആ സൂര്യനെ വലം വയ്ക്കുകയും ചെയ്യുന്നു. അല്ലെ. അതെ. പരിപാടി കൊള്ളാമല്ലോ. അങ്ങനെ ഭൂമി കറങ്ങിക്കറങ്ങി നമ്മുടെ രാജ്യം സൂര്യനു നേരെ ചെല്ലുമ്പോള്‍ നമുക്കു പകല്‍ അല്ലേ. അതെ. ഭൂമി വീണ്ടും കറങ്ങി സൂര്യനു നേരെ അമേരിക്ക ചെല്ലുമ്പോള്‍ അവിടെ പകല്‍. ഇവിടെ രാത്രി. ഇവിടെ പകല്‍. ഇവിടെ രാത്രി. ഇവിടെ പകല്‍. അവിടെ രാത്രി. അപ്പോള്‍ രാത്രിയില്‍ അമേരിക്ക ഇതിലെ കറങ്ങുന്നുണ്ട്, ഇല്ലെ! ഒരു നിഷ്ക്കപട മനസ്സിന്‍റെ സംശയമാണിത്. അപകടരഹിതമായ സംശയം. അതുകൊണ്ട് അദ്ദേഹത്തെ ന മുക്ക് മണ്ടന്മാരുടെ ഗണത്തില്‍ പെടുത്താം. നമ്മളാരും അത്തരം മണ്ടത്തരങ്ങളൊന്നും ചോദിക്കില്ല.
ഇതാ ഉദാഹരണം. കാശ്മീരിലൊക്കെ പോയിട്ടുണ്ടോ? ഉണ്ട്. കാശ്മീരില്‍ നദികളില്ലെ? ഉണ്ടല്ലോ. ആ നദികളെല്ലാം എങ്ങോട്ടാ ഒഴുകുന്നത്? താഴ്ന്ന പ്രദേശത്തേയ്ക്ക്. അതല്ല. നമ്മുടെ പ്രദേശത്ത് ഉത്ഭവിച്ചിട്ട് മറ്റവരുടെ മണ്ണിലേയ്ക്കാണോ ഒഴുകുന്നതെന്നാ ഞാന്‍ ചോദിച്ചത്. നദികള്‍ക്കു ഭേദചിന്തയൊന്നുമില്ലാത്തതുകൊണ്ട് അവയിതുവരെ അവയുടെ ഒഴുക്കില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. അങ്ങനെ പറഞ്ഞങ്ങിരുന്നാല്‍ പോരാ. മാറ്റം വരുത്തണം. നമുക്ക് നമ്മുടെ നദികളെ തിരിച്ച് നമ്മുടെ മണ്ണിലേക്കുതന്നെ വിടണം. അതു പറ്റില്ലേ? യുദ്ധമില്ലാത്തപ്പോള്‍ പട്ടാളക്കാരൊക്കെ വെറുതെയിരിക്കുകയല്ലെ? അവരെക്കൊണ്ടതു ചെയ്യിക്കണം.
പട്ടാള ജീവിതത്തിനുശേഷം നാട്ടിലെത്തിയ ഒരാളും ഒരു ആദ്ധ്യാത്മിക നേതാവും തമ്മില്‍ നടത്തിയ സംഭാഷണമാണിത്. രാത്രിയില്‍ അമേരിക്ക ഇതിലേ വരുന്നുണ്ടെന്നു പറഞ്ഞയാള്‍ എത്രയോ വലിയ മണ്ടന്‍ എന്നിപ്പോള്‍ ബോദ്ധ്യമായില്ലെ? സദ്ഗുണങ്ങള്‍ക്കുവേണ്ടി ഈശ്വരസന്നിധിയില്‍ പ്രാര്‍ത്ഥിച്ചാല്‍ ലോകം മുഴുവന്‍ കീഴടക്കാമെന്നും ആ പ്രാര്‍ത്ഥനയ്ക്ക് മനസ്സു നന്നായിരുന്നാല്‍ മാത്രം മതിയെന്നും മറ്റുള്ളവരെ പഠിപ്പിക്കുന്ന ആചാര്യനില്‍ നിന്നാണ് ഈ വിഷം വമിക്കുന്നത് എന്നു നമ്മളറിയണം. ലോകം മുഴുവന്‍ കീഴടക്കിക്കഴിഞ്ഞാല്‍ പിന്നെ നദികളെല്ലാം എങ്ങോട്ടൊഴുകിയാലെന്താ എന്ന ചോദ്യം മര്യാദയ്ക്കു ചേര്‍ന്നതല്ല.
നദികളെയെല്ലാം ഇങ്ങോട്ടു തിരിച്ചുവിട്ടാലെന്താ എന്ന ചോദ്യത്തില്‍ അപകടമൊന്നും കാണാത്തവരാണ് ഉന്നതസ്ഥാനീയര്‍. വര്‍ഗ്ഗപരമായ ചിന്ത തന്നെയാണ് ഔന്നത്യം എന്ന തിരുത്തല്‍ നമ്മുടെ പൊതുജീവിതരംഗങ്ങളില്‍ ഉണ്ടായിരിക്കുന്നു. പണ്ട് ബലരാമന്‍ കലപ്പകൊണ്ട് കാളിന്ദിയുടെ ഗതി മാറ്റിവിട്ടു എന്ന പുരാണകഥ എന്തുകൊണ്ടോ ഇവിടെ ഗുരു ഓര്‍ത്തില്ല.
സ്വാഭാവികമായി നിലനിര്‍ത്തപ്പെടേണ്ട ഒരു ഭരണതന്ത്രമാണ് രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുത. ശത്രുതയും അതു തീര്‍ക്കുവാന്‍ യുദ്ധം ചെയ്യലും യുദ്ധത്തിനിടയില്‍ സന്ധിസംഭാഷണങ്ങളും വീണ്ടും യുദ്ധം ചെയ്യലുമെല്ലാം ചേര്‍ന്നതാണ് ഭരണം. എന്നാല്‍ എല്ലാറ്റിനുമപ്പുറത്തു നില്‍ക്കുന്ന ഒന്നാണ് മനുഷ്യത്വം. യുദ്ധത്തിനും ഭരണത്തിനും അടിസ്ഥാനമായി മതസ്പര്‍ദ്ധയെ വളര്‍ത്തി നിര്‍ത്തിയാല്‍ നഷ്ടമാകുന്നത് ഈ ദിവ്യത്വമാണ്. അതു നഷ്ടപ്പെട്ട മനസ്സിന്‍റെ സാന്നിദ്ധ്യമാണ് വെള്ളത്തിനു വേലികെട്ടണമെന്നു പറയുന്നിടത്തുള്ളത്.
ജാതിമതാദികളുടെ ആവേശം വര്‍ദ്ധിച്ച് അത് വല്ലാത്തൊരവസ്ഥയില്‍ നമ്മളെക്കൊണ്ടെത്തിച്ചിരിക്കുന്നു. നല്ലതിനെയെല്ലാം വെറുക്കാന്‍ പഠിപ്പിക്കുക എന്നതായിരിക്കുന്നു പല പ്രസ്ഥാനങ്ങളുടെയും അനുദിന പരിപാടി. വെടിവച്ചു കൊല്ലാന്‍ മാത്രമാണു ഭീകരതയെന്ന തോന്നലും മാറേണ്ടതാണ്. ഇനി മതാതീത ചിന്തയൊന്നും വേണ്ടെന്നും അങ്ങനെ പറഞ്ഞവരൊക്കെ തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും അതുകൊണ്ട് അന്യരാരും തങ്ങളുടെ ആചാര്യന്മരാരെക്കുറിച്ച് അക്ഷരം മിണ്ടരുതെന്നുമുള്ള ഭീഷണികള്‍ ഇതാ നമ്മള്‍ കേട്ടുതുടങ്ങിയിരിക്കുന്നു. നദികളെ തിരിച്ചുവിടലില്‍ അടങ്ങിയിരിക്കുന്നതും ഇതേ മനോഭാവംതന്നെ.