top of page

തടയപ്പെടാത്തവർ

11 hours ago

1 min read

ജോര്‍ജ് വലിയപാടത്ത്

അധികം വിശ്രമത്തിനൊന്നും ഇടയില്ലാതിരുന്ന ജീവിതമായിരുന്നു യേശുവിന്റേത്. പകലന്തിയോളം അവന് ചുറ്റും ജനതതിയായിരുന്നു. രാത്രി രണ്ടാം യാമമോ മൂന്നാം യാമമോ വരെയും അവൻ പ്രാർത്ഥിച്ചിരുന്നു. അതിന് കഴിഞ്ഞില്ലെങ്കിൽ അതിരാവിലേ ഉണർന്ന് അവൻ പ്രാർത്ഥിക്കാൻ വിജന പ്രദേശങ്ങളിലേക്ക് പോയിരുന്നു. എങ്ങനെയോ ഒരു മദ്ധ്യാഹ്നത്തിൽ ആളൊഴിഞ്ഞ് അല്പനേരം കിട്ടിയപ്പോൾ യേശു അല്പം വിശ്രമിക്കാൻ ഇരുന്നതാണ്. അപ്പോഴാണ് കുറെ അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങളെയും കൊണ്ട് അവന്റെ ആശീർവാദത്തിനായി എത്തുന്നത്. ശിഷ്യരാകട്ടെ അവരെ തടഞ്ഞു. അതുകണ്ട് യേശു ശിഷ്യന്മാരെ ശകാരിച്ചു പോലും. "ശിശുക്കൾ എൻ്റെ അടുക്കൽ വരട്ടെ, അവരെ തടയേണ്ടാ", എന്ന് അവൻ അവരോട് പറഞ്ഞു പോലും. കുഞ്ഞുങ്ങളോടുള്ള യേശുവിന്റെ വെറും ഒരു ഇഷ്ടം എന്നതിൽക്കവിഞ്ഞ് മറ്റൊന്നും അതിനെക്കുറിച്ച് തോന്നിയിരുന്നില്ല. പക്ഷേ ഇന്ന് അക്കാര്യം കുട്ടികളുമായി പങ്കുവെച്ചപ്പോഴാണ്, അല്ലല്ലോ അത് എന്നെപ്പോലെ വയസ്സായവരുടെ കൂടി കാര്യമാണല്ലോ എന്ന ബോധം ഉദിച്ചത്. കാരണം ഒന്നിലധികം തവണ യേശു മുതിർന്നവരെക്കുറിച്ചാണ് സമാനമായ രീതിയിൽ പറഞ്ഞിട്ടുള്ളത്. "നിങ്ങൾ മനസ്സുതിരിഞ്ഞ് കുഞ്ഞുങ്ങളെ പോലെ ആകുന്നില്ലെങ്കിൽ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല" എന്ന് യേശു പറഞ്ഞിട്ടുണ്ട്. തങ്ങളിൽ ആരാണ് വലിയവൻ എന്നൊരു തർക്കം ശിഷ്യർക്കിടയിൽ ഉണ്ടായപ്പോഴും ഒരു ശിശുവിനെ ആയിരുന്നു യേശുവിന് അവർക്ക് നല്കാനുണ്ടായിരുന്ന മാതൃക.


ആദ്ധ്യാത്മിക ശിശുതുല്യതയെക്കുറിച്ച് മുമ്പ് ഒന്നു രണ്ടുതവണ കുറിച്ചിട്ടുണ്ട്.

ശിശുക്കൾ നിഷ്ക്കളങ്കരാണ് എന്ന് പറയാറുണ്ട്. കളങ്കമില്ലാത്തവർ എന്ന അർത്ഥത്തിൽ ആ പ്രസ്താവന ശരിയാകണമെന്നില്ല. അവർ സ്വീകർത്താക്കളാണ്, അവർ മുതിർന്നവരെ ആശ്രയിച്ച് ജീവിക്കുന്നു, എന്നെല്ലാം പറയാറുള്ളതാണ്.

മൂന്ന് ശിശു ലക്ഷണങ്ങളാണ് എനിക്കിപ്പോൾ പറയാൻ തോന്നുന്നത്.

1 അവർ പ്രവൃത്തി-കേന്ദ്രീകൃതരല്ല, വ്യക്തി-കേന്ദ്രീകൃതരാണ്. മറ്റുള്ളവരെ വിധിക്കുന്ന സ്വഭാവം ഏറ്റവും കുറവുള്ളവർ. എല്ലാറ്റിനെയും വ്യക്തികളെപ്പോലെ അവർ സ്വീകരിച്ചെന്നിരിക്കും. പൂച്ചയെയും നായയെയും ഒരു പാവയെപ്പോലും അവർ വ്യക്തികളായി കണക്കാക്കിയെന്നു വരും.

2 വലിപ്പമോ പദവിയോ അല്ല, അവരുടെ കൗതുകങ്ങൾക്ക് ആധാരം. ഒരു വെറും ഗോലിയോളം ഒരുപക്ഷേ, വജ്രവും സ്വർണ്ണവും അവരെ ആകർഷിച്ചെന്നു വരില്ല. സമ്പത്തും പത്രാസും സ്ഥാനമാനങ്ങളും അവരെ സംബന്ധിച്ചിടത്തോളം വലിയ കാര്യങ്ങളല്ല. മുതിർന്നവരായ നമുക്ക് ഏറ്റവും പ്രധാനം അവയെല്ലാമായിരിക്കും.

3 മുതിർന്നവരിൽ നിന്ന് വ്യത്യസ്തരായി അവർ തങ്ങളുടെ തനത് സ്വത്വത്തോട് വളരെ ചേർന്ന് കഴിയുന്നവരാണ്. ഏറ്റവും കുറച്ചു മാത്രം മലിനീകരിക്കപ്പെട്ടവർ!


'അവരെപ്പോലുള്ളവരുടേതാണ് സ്വർഗ്ഗരാജ്യം'

ജോര്‍ജ് വലിയപാടത്ത്

0

54

Featured Posts

bottom of page