top of page

വീണ്ടും ജനിക്കുന്നവര്‍

Sep 17, 2024

2 min read

ഫാ. ബോബി ജോസ് കട്ടിക്കാട്
Child Jesus

കുട്ടികളെ ഉദ്ദേശിച്ചുള്ള ഒരു ചെറിയ പുസ്തകം വായിക്കുകയായിരുന്നു. അതില്‍ പുല്‍ക്കൂട്ടിലെ ഉണ്ണിയേശുവും ഒരു ചെറിയ കുട്ടിയും തമ്മിലുള്ള സംഭാഷണമുണ്ട്. എല്ലാവരും സമ്മാനപ്പൊതികളു മായി നില്‍ക്കുമ്പോള്‍ കുട്ടിയുടെ കൈകളിലൊന്നു മില്ല.

"അടുത്ത തവണ വരുമ്പോള്‍ ഞാന്‍ നിനക്കൊരു സമ്മാനം കണിശമായിട്ടും കൊണ്ടുവരും."

"എനിക്ക് നിന്‍റെ നോട്ടുബുക്കിലെ ലാസ്റ്റ് കോമ്പോസിഷന്‍ മതി."

കുട്ടി വിഷമിച്ചു പോവുകയാണ്:

"അതോ, നിറയെ ചുവന്ന വരകളാണ്. ടീച്ചര്‍ incomplete എന്ന് വിളിച്ച് പറഞ്ഞ് എനിക്കത് എറിഞ്ഞു തരുകയായിരുന്നു !"

"ഒന്നു കൂടിയുണ്ട്. നിനക്കൊരു സ്പെഷ്യല്‍ കോഫി കപ്പില്ലേ, അതും വേണം."

"ഉടഞ്ഞൊരു കപ്പാണ്;" കുട്ടി തര്‍ക്കിച്ചു .

"തീര്‍ന്നില്ല, അന്നാ കപ്പ് പൊട്ടിയപ്പോള്‍ നീ അമ്മയോട് എന്താണ് പറഞ്ഞത്."

കുട്ടി ബുദ്ധിമുട്ടിലായി.

കള്ളമായിരുന്നു. എന്തോ ദേഷ്യത്തിന് എറിഞ്ഞുടച്ചതായിരുന്നു.

"ആ നുണയും എനിക്ക് വേണം. അപൂര്‍ണ്ണവും ഉടഞ്ഞതുമായ എല്ലാത്തിനോടൊപ്പം."

ഇതിനൊക്കെയാണ് സുവിശേഷമെന്നു പറയുന്നത്. എന്തിനും ഒരു വിണ്ടെടുപ്പുണ്ടെന്ന മന്ത്രണം.


2


ഇതൊരു തരം കിന്‍സുഗി (kintsugi) യാണ് .

ജപ്പാനില്‍ നിന്നാണ്. ഉടഞ്ഞു പോയവയ്ക്കിടയില്‍ നിന്ന് രൂപപ്പെട്ട ബുദ്ധ കവിതയാണ്.

കാലം, പതിനഞ്ചാം നൂറ്റാണ്ടാണ്. അഷികാഗ യൊഷിമാസ എന്ന സൈന്യാധിപന്‍റെ പൊട്ടിയ പൂപാത്രവുമായി ബന്ധപ്പെട്ടാണ്.

സെന്‍ കഥകളില്‍ പൊട്ടിയ ചായക്കോപ്പകള്‍ കുറച്ചൊന്നുമല്ല ഉള്ളത്. എളുപ്പം പൊട്ടിപ്പോകുന്ന ജീവിതത്തിന്‍റെ ഉപമയാണ് ആ കോപ്പകളില്‍ തുളുമ്പുന്നത്.

മരക്കറയിലോ പശയിലോ സ്വര്‍ണത്തിന്‍റെയോ വെള്ളിയുടെയോ പൊടി ചേര്‍ത്താണു പാത്രങ്ങ ളുടെ പൊട്ടിയ ഭാഗങ്ങള്‍ ചേര്‍ത്തൊട്ടിക്കുന്നത്. അതിനിപുണരായ ഗുരുക്കന്‍മാരുടെ കീഴില്‍ വര്‍ഷങ്ങളോളം പഠിച്ചെങ്കിലേ കിന്‍സുഗി വഴങ്ങൂ. ചിന്നലുകളെ ഒളിപ്പിക്കുന്നതിലല്ല, അഴകോടെ വെളിപ്പെടുത്താനാണ് കൈയടക്കം  വേണ്ടത്.

ക്ഷതങ്ങളെ അംഗീകരിച്ച് അതിനെ കൂടുതല്‍ കരുത്തുറ്റതാക്കുകയാണു കിന്‍സുഗിയുടെ രീതി. കാര്യങ്ങള്‍ മുന്നത്തെക്കാള്‍ ചേലിലാണ്! ഒന്നും മറച്ചു വെക്കണ്ടതല്ലെ. ലജ്ജിക്കാനും എന്താണുള്ളത്. കിന്‍സുഗിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട വര്‍ത്തമാനത്തിലെ ഗ്ലെന്‍ മാര്‍ട്ടിന്‍ ടേയ്ലര്‍ ഒരു സെറാമിക്ക് കലാകാരനാണ്. ഉടഞ്ഞു പോയതിനൊക്കെ ഒരു വീണ്ടെടുപ്പ് സാദ്ധ്യമാണെന്ന ധൈര്യത്തിലാണ് അയാളുടെ സഞ്ചാരം. സ്വര്‍ണ്ണവും വെള്ളിയും വേണ്ട ചാക്കുനുലായാലും മതി അയാള്‍ക്ക്!

അടിമുടി ഉടഞ്ഞു പോയ ഒരു ദേശത്തെ വീണ്ടെടുക്കാന്‍ ഊണും ഉറക്കവുമില്ലാത്ത മനുഷ്യര്‍ കുതിര്‍ന്ന് പെടാപ്പണി ചെയ്യുന്ന കാലമാണിത്. ദൈവമേ അരക്കായാലും മതി .


3

Recycling നമുക്ക് താല്പര്യമുള്ള പാഠമാണ്. മൂന്നു തലങ്ങളിലായി അതു സംഭവിക്കുന്നുണ്ട്.

ചെറുപ്പകാലത്ത് പുതിയ പാഠപുസ്തകങ്ങള്‍ വാങ്ങിയതായി ഒരോര്‍മ്മയില്ല. 'ചെറുതായി' പോയ ഉടുപ്പുകളും കൈമാറി എത്തുമായിരുന്നു. അതുപോലെ ഒട്ടനവധി കാര്യങ്ങള്‍.

അടുത്തയിടെ ഒരു ചെറിയ കാന്‍റീനേക്കുറിച്ച് ആലോചിക്കുമ്പോള്‍ കാഞ്ഞിരമറ്റത്തെ അത്തരം കടകളേക്കുറിച്ച് കേട്ടു. അടഞ്ഞുപോയ റെസ്റ്ററന്‍റുകളില്‍ നിന്നും ഫര്‍ണിച്ചര്‍ മാര്‍ട്ടുകളില്‍ നിന്നുമൊക്കെയുള്ള വലിയൊരു ശേഖരമുണ്ട് അവിടെ. നമ്മുടെ ജിജോ കുര്യന്‍ അച്ചന്‍ പഴയ വീടുകളുടെ ഓടുകള്‍ ക്യാബിന്‍ വീടുകളുടെ ചെലവു കുറയ്ക്കാന്‍ ഉപയോഗിക്കുന്നുണ്ട്.

ചെറിയ മാറ്റങ്ങള്‍ വരുത്തി ഉപയോഗിക്കുകയാണ് അടുത്ത ചുവട്. പ്ലാസ്റ്റിക് കുപ്പികള്‍ പൂപ്പാത്രമാക്കുകയും. പുലരിയിലെ പുട്ട് അന്തിയില്‍ ഉപ്പുമാവാക്കുകയും... അങ്ങനെ അതും പല രീതിയില്‍ നമുക്കു ചുറ്റും അതു നടക്കുന്നുണ്ട്.

തേഡ് ലെവലില്‍, കുറേക്കൂടി സങ്കേതിക ജ്ഞാനം ആവശ്യമുള്ള രാസപ്രക്രിയയിലൂടെ മാറ്റം വരുത്തി ഉപയോഗിക്കുന്ന രീതി.

പ്ലാസ്റ്റിക് ശേഖരിക്കുന്നവര്‍ മിക്കവാറും അങ്ങനെയാണ് കാര്യങ്ങള്‍ മാറ്റുന്നത്. മാലിന്യസംസ്കരണത്തിന്‍റെ പദമായി മാത്രം റീസൈക്കിളിങ് എടുത്തുകൂടാ എന്നു പറയാനാണ് ആഗ്രഹിക്കുന്നത്. ഓരോ ചരിത്രസന്ധിയിലും പല രീതിയില്‍ അതു നടന്നിട്ടുണ്ട്. മഹായുദ്ധങ്ങളുടേയും സംക്രമികരോഗങ്ങളുടേയും ക്ഷാമത്തി ന്‍റേയും കാലത്ത് റീസൈക്കിളിങ് എന്നതിന് മനുഷ്യന്‍റെ ദാരിദ്ര്യത്തെ അഭിമുഖീകരിക്കുക എന്ന നൈതികമായ ധര്‍മ്മമായിരുന്നു. നഗരങ്ങള്‍ വികസിക്കുകയും ഗ്രാമങ്ങള്‍ നഗരമാലിന്യത്തിന്‍റെ ഡസ്റ്റ് ബിന്നുകളായിത്തീരുകയും ചെയ്തപ്പോള്‍ അതൊരു പാരിസ്ഥിതികവിവേകത്തിന്‍റെ പര്യായമായി.

എന്നാലും അതില്‍ ഒതുങ്ങുന്നതല്ല അതിന്‍റെ ആന്തരികധ്വനികള്‍ എന്നത് ആ പദത്തെ സ്പിരിച്വാലിറ്റിയോട് ഇന്ന് അടുത്തുനിര്‍ത്തുന്നു.

പുനഃസൃഷ്ടികളില്‍ മൃതിതാളങ്ങളില്ല, ഉപേക്ഷകളില്ല, അവഗണനയില്ല, വിസ് മൃതിയില്ല. മരണശേഷം തന്‍റെ ശരീരം വൈദ്യവിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനായി എഴുതിവയ്ക്കുന്ന ഒരാളെ എടുക്കുക.

എന്തു തുടര്‍ച്ചയാണ് അയാള്‍ അതില്‍ കോറിയിടുന്നത്. രൂപാന്തരീകരണത്തിന്‍റേയും രക്ഷയുടേയും ആഭിമുഖ്യങ്ങള്‍ അതില്‍ വേരോടിയിട്ടുണ്ട്.

ഈ ദിനങ്ങളില്‍ വ്യാപകമായ രീതിയില്‍ നടക്കുന്ന പഴയ ഫോണുകള്‍, ടിവികള്‍ എന്നിവയുടെ സമാഹാരണത്തിലും വിതരണത്തിലും എല്ലാം മനുഷ്യരുമായി ബന്ധപ്പെട്ട് ചില ആകുലതകളുണ്ടെന്നും കൂടി ഓര്‍മിക്കണം. ഉപയോഗശൂന്യമായതെല്ലാം കളയേണ്ടതാണോ -മനുഷ്യനടക്കം?

ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍ തേടി നടക്കുന്നവരിലാണ് വീണ്ടെടുപ്പിന്‍റേയും വിശുദ്ധിയുടേയും ജീവിതാന്വേഷണങ്ങളുള്ളത്.

അനുരഞ്ജനങ്ങളുടെ ദൂതു പറയുന്ന ഏതൊരു ഗുരുവും ഈ പുനഃചംക്രമണത്തിലാണ് വിശ്വസിക്കുന്നത്. അതുകൊണ്ടാണ് അവര്‍ ആരെയും എന്നേക്കുമായി വിട്ടുകളയാത്തത്. സ്വീകാര്യതയാണ് ജീവന്‍റെ ലക്ഷണം; എന്നേക്കുമുള്ള ഉപേക്ഷകള്‍ തരിശുഭൂമിയുടേയും - wasteland.

ഫാ. ബോബി ജോ��സ് കട്ടിക്കാട്

0

138

Featured Posts

Recent Posts

bottom of page