top of page

വഴിമാറി നടന്നവര്‍

May 4, 2017

4 min read

ഫാ. ബോബി ജോസ് കട്ടിക്കാട്
a man sitting alone peacefully

ഒരാളുടെ ഉയരം അളക്കാനുള്ള ഏകകങ്ങളിലൊന്ന് എത്ര കുലീനമായി അയാള്‍ ചില കാര്യങ്ങളെ വിട്ടുകളഞ്ഞു എന്നുള്ളതാണ്. വഴിമാറുകയാണ് ഏറ്റവും കുലീന വഴി. വേദങ്ങളിലും ഇതിഹാസങ്ങളിലും പുരാണങ്ങളിലുമെല്ലാം നാം നിരന്തരം ഇത്തരം കഥാപാത്രങ്ങളെ കണ്ടുമുട്ടുന്നുണ്ട്. യയാതി, ഭീഷ്മര്‍, കര്‍ണ്ണന്‍, അങ്ങനെ എത്രയോ പേര്‍. മതചരിതം നിറയെ അത്തരം കഥകളുണ്ട്.  സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആഘോഷങ്ങള്‍ക്കിടയില്‍ ഒരു ഇംഗ്ലീഷ് പത്രത്തില്‍ വന്ന ചിത്രം കണ്ണുനനയിക്കും. തെരുവുകളില്‍ പടക്കങ്ങളും മേശപ്പൂക്കളും പലനിറങ്ങളിലും ശബ്ദങ്ങളിലും ഉയരുമ്പോള്‍ നിര്‍മ്മമതയോടെ അതിനെതിരെ വടികുത്തി നടന്നുപോകുന്ന ഗാന്ധിയുടെ ചിത്രം.

വേദപുസ്തകത്തില്‍ സാവൂള്‍- പ്രകൃത്യാ അധര്‍മ്മിയല്ല. തനിക്കെതിരെ ഒരാള്‍ ഉയര്‍ന്നു  വരുന്നത് കാണുമ്പോഴുള്ള ഉള്‍പ്പകയിലാണയാള്‍ അധര്‍മ്മത്തിലേക്ക് ഉലഞ്ഞു പോയത്. അങ്ങനെ എത്രപേര്‍... പുതിയ നിയമം സ്നാപകയോഹന്നാനെ വാഴ്ത്തിയാണ് ആരംഭിക്കുന്നത്. യേശുവിനുമീതെ പോലും ആവശ്യത്തിലേറെ ദ്വേഷങ്ങളും വിമര്‍ശനങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ യോഹന്നാന് അത്തരം പ്രതിസന്ധികളൊന്നും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. മനുഷ്യര്‍ അയാളെ പ്രവാചകനായും ഭാഷണങ്ങളെ ദൈവശബ്ദമായും ഗണിച്ചു. എന്നിട്ടും ഒരു പ്രത്യേക ഘട്ടത്തില്‍വച്ച് എത്ര കുലീനമായാണ് അയാള്‍ മാറിക്കൊടുക്കുന്നത്. ആരോ പറയുന്നുണ്ട്: നീ സ്നാനം കൊടുത്തയാള്‍ നിന്നെക്കാള്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നുണ്ടെന്നാണ്. അയാളുടെ മറുപടി: മണവറത്തോഴന്‍റെ നേരം കഴിഞ്ഞു. ഇനി മണവാളന്‍റെ നേരമാണ്.

യോഹന്നാന്‍റെ  മരണത്തെ കൊലപാതകമാണെന്നൊക്കെ പറയുമ്പോഴും ചില സന്ദേഹങ്ങള്‍ ബാക്കിയുണ്ട്. മരുഭൂമിയില്‍ മാത്രം പാര്‍ത്തിരുന്ന ഒരു മനുഷ്യന്‍ എന്തിനാണ് പട്ടണത്തിലേയ്ക്കു വരുന്നത്? എന്തിനാണ് ഭരിക്കുന്ന രാജാവിനെ ചലഞ്ച് ചെയ്യുന്നത്? ബോധപൂര്‍വ്വം കളം കാലിയാക്കുവാന്‍ വേണ്ടിയുള്ള ശ്രമങ്ങളായിരുന്നോ ഇവയെല്ലാം എന്ന് സംശയിക്കാവുന്നതാണ്. അയാള്‍ പതുക്കെ വഴിമാറിയതായിരിക്കാം. കുലീനമായ അത്തരം പിന്‍വാങ്ങലുകളുടെ  കഥ ഒടുവിലെത്തുന്നത് അതേ നാമം പേറുന്ന പ്രിയപ്പെട്ട ശിഷ്യനിലാണ്. യേശുവിന്‍റെ ഉത്ഥാനദിവസം യേശു സമാധി തേടിപ്പോയ സ്ത്രീകള്‍ മടങ്ങിയെത്തി, പരിഭ്രാന്തരായി കല്ലറ ശൂന്യമാണെന്നു പറയുന്നു.

ഒഴിഞ്ഞ കല്ലറയുടെ പൊരുള്‍ കൃത്യമായി മനസ്സിലാക്കിയത് അവര്‍ ഇരുവരുമാണ്, യോഹന്നാനും  പത്രോസും. അവരിങ്ങനെ വളരെ തിടുക്കത്തില്‍ ഓടിപ്പോകുന്നു, സ്വഭാവികമായും യോഹന്നാന്‍ തന്‍റെ ചെറുപ്പംകൊണ്ട് ആദ്യം ഓടിയെത്തുന്നു. എന്നാല്‍ അയാള്‍ അതിലേക്ക് പ്രവേശിക്കുന്നില്ല. പത്രോസിനു പ്രവേശിക്കാന്‍ വഴിമാറിക്കൊണ്ട്... യേശു മരിക്കുന്നതിനു പതിനെട്ട് മണിക്കൂര്‍ മുന്‍പുപോലും ആരാണ് തങ്ങളില്‍ വലിയവന്‍ എന്ന തര്‍ക്കം അവര്‍ക്കിടയില്‍ നടക്കുന്നുണ്ട്. എന്നിട്ടും ഇപ്പോള്‍ ആദ്യം ഓടിയെത്തുന്നവര്‍ തങ്ങള്‍ക്ക് അര്‍ഹതയുള്ളത് വെണ്ടെന്നു വയ്ക്കുമ്പോള്‍ ലഭിക്കുന്ന ജീവിതത്തിന്‍റെ അപൂര്‍വ്വ ലാവണ്യങ്ങളിലേക്കാണ് അവര്‍ പ്രവേശിക്കുന്നത്.

ഒരു സഹപാഠിയെ ഓര്‍ക്കുന്നു, സര്‍വീസിലിരുന്നു മരിച്ച അച്ഛന്‍റെ ജോലി അയാള്‍ക്ക് അവകാശപ്പെട്ടതായിരുന്നു. എന്നാല്‍ കുറച്ച് ഉത്തരവാദിത്വത്തിന്‍റെ പ്രശ്നങ്ങളുള്ള അനുജനെക്കുറിച്ച് ഏറെ ആശങ്കകളുണ്ടായിരുന്ന അയാള്‍ - അവനു പ്രായപൂര്‍ത്തിയാകുന്നതുവരെ കാത്തിരുന്നു. അനുജനതു ഉറപ്പുവരുത്തി തന്‍റെ കൂലിപ്പണിയിലേക്ക് മടങ്ങിപ്പോയി. ഭൂമി മുഴുവന്‍ അത്തരം കഥകള്‍ ചിതറി കിടപ്പുണ്ട്. സഹനം എന്ന വാക്കിനെയല്ല യേശു ഹൈലൈറ്റ് ചെയ്യാന്‍ ശ്രമിച്ചതെന്ന് തോന്നുന്നു. സഹനത്തെ എങ്ങനെ  ത്യാഗമാക്കാം?   Suffering ഉം Sacrifice ഉം തമ്മില്‍  വ്യത്യാസമുണ്ട്. വിധിയോ, കാലമോ, വ്യക്തികളോ  നിങ്ങള്‍ക്കു മുകളില്‍ അടിച്ചേല്‍പ്പിക്കുന്ന ഒന്നാണ് Suffering.. സ്വേച്ഛയില്ലാതെ നിങ്ങള്‍ക്കു മീതേ പെയ്യുന്ന ഒന്ന്. അതിനെ മറ്റൊരു ജാലകത്തിലൂടെ സമീപിക്കുവാന്‍ പഠിക്കുമ്പോള്‍ സഹനം ത്യാഗമായി മാറും, യേശു എപ്പോഴും  സഹനത്തെ വിളിച്ചിരുന്ന വാക്ക് 'സ്നാനം' എന്നാണ്. ബോധപൂര്‍വ്വം ഒരാള്‍ അനുവര്‍ത്തിക്കുന്നതാണത്.സ്നേഹപൂര്‍വ്വം ഒരാള്‍ വേണ്ടെന്നു വയ്ക്കുന്ന കര്‍മ്മങ്ങള്‍ - ത്യാഗം ആ വാക്കിന് വലിയ മുഴക്കമുണ്ട്.  നവോത്ഥാനകാലത്ത്  ഏറെ ശ്രദ്ധിക്കപ്പെട്ട പുസ്തകമാണ് 'അഗ്നിസാക്ഷി'. ധാരാളം അനുവര്‍ത്തനങ്ങളും പുനര്‍വായനകളും അതില്‍ നടന്നിട്ടുണ്ട്. സ്ത്രീസ്വത്വഭിന്നതകള്‍ക്കു പ്രാധാന്യം നല്‍കുന്ന നോവലാണെങ്കിലും ഇപ്പോഴും ഉള്ളിനെ ഉലയ്ക്കുന്ന കഥാപാത്രമാണ് അതിലെ 'ഉണ്ണി നമ്പൂതിരി.' അയാളുടെ ജീവിതം ഈ പിന്മാറ്റത്തിന്‍റെ സന്ദര്‍ഭങ്ങളാല്‍ ആവൃതമാണ്, ഇല്ലത്തുണ്ടായിരുന്ന എത്രയോ മനുഷ്യരുടെ ഇച്ഛകള്‍ക്കു മുന്‍പില്‍ ദാമ്പത്യബന്ധം പോലും നീക്കിവയ്ക്കുന്നുണ്ടയാള്‍.  മക്കളില്ലാത്ത - മാനസികവിഭ്രാന്തിയുള്ള ഒരു മുത്തശ്ശി താന്‍ മരിച്ചാല്‍ ഉണ്ണി കര്‍മ്മം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. അതിനുവേണ്ടി അയാള്‍ ജീവിതത്തില്‍ നിതാന്തമായ ഒറ്റപ്പെടലുകള്‍ ഏറ്റെടുക്കുക യാണ്. 'കര്‍മ്മം' ധര്‍മ്മമാകുമ്പോള്‍ അതു നിറവേറ്റാന്‍ അസാമാന്യ ഇച്ഛാശക്തി ആവശ്യമാണ്. ഉണ്ണിനമ്പൂതിരി പിന്നീടൊരു സന്ദര്‍ഭത്തില്‍ പറയുന്നു: ജീവിതം അഗ്നിഹോത്രമാണെന്ന്. അഗ്നിസ്നാനം - യജ്ഞം, എന്തൊക്കെയോ അതില്‍ കരിഞ്ഞുപോകുന്നുണ്ട്... അതിലും മൂല്യമുള്ളതെന്തോ അതില്‍ സ്ഫുടം ചെയ്യപ്പെടുന്നു.

എനിക്ക് പിന്നാലെ ഒരുവന്‍ വരുന്നുണ്ട്. അവന്‍ നിങ്ങളെ അഗ്നികൊണ്ട് സ്നാനപ്പെടുത്തും എന്ന് യോഹന്നാന്‍ പറയുന്നത് കൊടിയ അനുഭവങ്ങളെ അഗ്നിസ്നാനമാക്കി മാറ്റാന്‍ ആ മരപ്പണിക്കാരന്‍ ഭൂമിയെ പഠിപ്പിക്കും എന്ന ഉറപ്പിലാണ്. അര്‍ഹതയുള്ള ഇടങ്ങളില്‍ നിന്ന് പുറകോട്ട് മാറി ഇരിക്കുക  എന്ന ഗൃഹപാഠത്തിലാണ് യേശു ആരംഭിക്കുന്നത്.  

എല്ലാ മേഖലകളിലും സംഘര്‍ഷത്തിന് കാരണമാകുന്നത് വഴിമാറാന്‍ മടിക്കുന്ന മനുഷ്യഭാവങ്ങളാണ്. തന്‍റെ കാലത്ത് അപൂര്‍വ്വം ഇടങ്ങളില്‍ മാത്രമാണ് യേശു സ്വീകരിക്കപ്പെട്ടത്. മിക്കവാറും ഗ്രാമങ്ങളെല്ലാം തങ്ങളെ വിട്ട് പോകണമെന്ന് അവനോട് ശഠിച്ചിട്ടുണ്ട്. സ്വീകരിക്കപ്പെട്ട അപൂര്‍വ്വം ഇടങ്ങളില്‍ വച്ച് യേശു പറയുന്നു: എനിക്കു മറ്റു നഗരങ്ങളിലേക്ക് പോകണം. അതു വായിക്കുന്നവര്‍ക്കു മനസ്സിലാകും ആ നഗരങ്ങളെല്ലാം തന്നെ യേശു reject  ചെയ്യപ്പെട്ട ഇടങ്ങളാണ്. ചേര്‍ത്തു പിടിച്ച ഇടങ്ങളില്‍ മാത്രം ജീവിതം കുരുങ്ങേണ്ടതല്ലായെന്നും വളരെ മതിപ്പും സ്നേഹവുമുള്ള ഇടങ്ങളില്‍നിന്ന് മിഴിതുടച്ച് യാത്ര തുടരേണ്ടിവരുമെന്നും അവിടുന്ന് ഇപ്പോഴും മന്ത്രിക്കുന്നുണ്ട്. ഒരുതരം സഹജ സന്യാസം! സമ്യക്കായി ത്യജിക്കാന്‍ കഴിയുക. ഏത്, എവിടെ എന്ന് ഉപേക്ഷിക്കണമെന്ന് കൃത്യതയുണ്ടാവുക അതാണ് പ്രധാനം.

ഏതൊരു കാഴ്ചയ്ക്കും അകലങ്ങള്‍ ആവശ്യമുണ്ട്,  Aesthetic distance. ഒരു ചിത്രം ഭിത്തിയില്‍ പതിച്ചാല്‍ അതു കാണാന്‍ നിങ്ങള്‍ സൂക്ഷിക്കേണ്ട ദൂരമുണ്ട്. അതു പാലിച്ചില്ലെങ്കില്‍ നാം ചിത്രത്തിന്‍റെ ഭാഗമായി മാറുന്നു. കാഴ്ചയുടെ ഭംഗി കുറയുന്നു. ലോകനാടകവേദിയില്‍ വലിയ പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയ ഒന്നായിരുന്നു എപ്പിക് തിയേറ്ററിന്‍റെ പാഠങ്ങള്‍. കഥാപാത്രങ്ങളായി സ്വയം കാണുകയും തീക്ഷ്ണമായി തന്മയീഭവിച്ച് വൈകാരികമായി അടിപ്പെട്ടു പോകുന്ന അരിസ്റ്റോട്ടിലിയന്‍ കഥാര്‍സിസിന്‍റെ സുദീര്‍ഘ പാരമ്പര്യത്തെയാണ് എപ്പിക് നാടകവേദിയിലൂടെ ബര്‍ത്തോള്‍ഡ് ബ്രഹ്റ്റ് മറികടന്നത്. മാനസികമായ അകലത്തിന്‍റെ തത്വശാസ്ത്രമായിരുന്നു അത്. അരങ്ങും കാണികളും തമ്മില്‍ വൈകാരികമായ അകലം സൂക്ഷിച്ചുകൊണ്ട്. നിങ്ങള്‍ കാണുന്നത് ഒരു നാടകം മാത്രമാണെന്ന് നിരന്തരം ഓര്‍മ്മിപ്പിച്ചു കൊണ്ട്... കാണികളെ ബുദ്ധിപരമായ പ്രചോദന ങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നു. സി.ജെ.തോമസിന്‍റെ  1128-ല്‍ ക്രൈം 27' എന്ന നാടകമൊക്കെ ഇവിടെ ഓര്‍മ്മിക്കാവുന്നതാണ്. 'മരണം ഒരു ഫലിതമാണ് പ്രത്യേകിച്ച് അവനവന്‍റെ മരണം' -ഇതാണ് ആ അകലങ്ങളില്‍ സി.ജെ.പറയാന്‍ ശ്രമിച്ചത്.

ആരെയും അളക്കേണ്ട അര്‍ഹത ആര്‍ക്കുമില്ല പോപ്പ് ബൈനഡിക്റ്റിന്‍റെ ഇന്‍റര്‍വ്യൂ ഓര്‍ക്കുന്നു... ദൈവത്തിലേക്ക് എത്ര വഴികള്‍? എന്നു പത്രക്കാര്‍ ചോദിക്കുമ്പോള്‍ പോപ്പ് പറയുന്നത് എത്ര മനുഷ്യരുണ്ടോ അത്രയും വഴികള്‍ എന്നാണ്. അതിനര്‍ത്ഥം അത്രയും ശരികള്‍ ഉണ്ട്. തങ്ങളുടെ ശരികളെക്കുറിച്ചുമാത്രം അന്ധമായ പിടിവാശികള്‍ ഉള്ളവര്‍ അത്യന്തികമായി ഉള്‍ഭീതിയിലൂടെയാണ് ജീവിക്കുന്നത്... ഇവിടെയാണ് യോഹന്നാനെ വീണ്ടും ഓര്‍ക്കേണ്ടത്. എനിക്ക് പിന്നാലെ വരുന്നവന്‍റെ ചെരുപ്പിന്‍റെ വാറഴിക്കാന്‍ ഞാന്‍ യോഗ്യനല്ല എന്നു പറയുന്നിടത്ത് വരും തലമുറയെക്കുറിച്ചുള്ള ആത്മവിശ്വാസമാണ് അയാള്‍ ഘോഷിക്കുന്നത്. നിങ്ങളുടെ മക്കളായിരിക്കും നിങ്ങളെ വിധിക്കാനിരിക്കുന്നതെന്ന് യേശുവും പറയുന്നുണ്ട്. സോക്രട്ടീസ് മഹാനാകുന്നത് ചെറുപ്പക്കാരുടെ സാധ്യതകളെ തിരിച്ചറിയുന്നിടത്താണ്. അദ്ദേഹത്തെ ചൂഴ്ന്നു നിന്ന ആരോപണം പോലും അതായിരുന്നു, 'ചെറുപ്പക്കാരുടെ സ്നേഹിതന്‍'. തലമുറകളുടെ അഭിരുചികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നത് വഴിമാറാന്‍ ഭയക്കുന്നതു കൊണ്ടുതന്നെയാണ്. നിഘണ്ടുവിലെ ചില പദങ്ങളെ വിശകലനം ചെയ്തു നോക്കിയാല്‍ തലമുറകളുടെ ഇടയില്‍ - പൊരുത്തക്കേടുണ്ടാകുമെന്നു മനസിലാകും. കോങ്കണ്ണന്‍, ചട്ടുകാലന്‍, പെണ്ണന്‍, പൊണ്ണന്‍ തുടങ്ങിയ പദങ്ങള്‍ കഴിഞ്ഞ തലമുറയുടെ പദകോശത്തില്‍ എങ്ങനെ വന്നു? വൈകല്യങ്ങളെ മാനിക്കാത്ത തലമുറയുടെ സൃഷ്ടി തന്നെയാണവ. വൈകല്യമുള്ള കൂട്ടുകാരെ എടുത്ത് ക്ലാസ്സ് മുറികളില്‍ കൊണ്ടുപോകുന്ന - അവരെ refreshing room  -ല്‍ കൊണ്ടുപോകുന്ന പുതിയ തലമുറയിലെ കുട്ടികളെ ഇത്രയും ഭയപ്പെടേണ്ടതുണ്ടോ? അപക്വതയെന്ന് പഴിക്കേണ്ടതുണ്ടോ?  ജീവിതത്തില്‍ അനുപാതമില്ലാത്ത ആശങ്കകള്‍ക്കു ഇടംകൊടുത്ത് അഭംഗികളിലേക്ക് വഴുതിപ്പോകുന്നു നമ്മള്‍.

ദാവീദ് ദേവാലയം പണിയാന്‍ ഒരുങ്ങിയപ്പോള്‍ ദൈവം പറഞ്ഞു നിന്‍റെ കൈകളില്‍ ആവശ്യത്തിലേറെ രക്തം പുരണ്ടിട്ടുണ്ട്. അധര്‍മ്മം പ്രവര്‍ത്തിച്ചവര്‍ക്ക് പള്ളിപണിയാന്‍ അവകാശമില്ല. ഇനി ആര് പള്ളി പണിയും? മകനായ ശലോമോനാണ് ദേവാലയം പണിതത്. ദാവീദ് അതിനു ആവശ്യമുള്ളതെല്ലാം നേരത്തേ കരുതിവച്ചു. ചുരുക്കത്തില്‍ അത് അസംബിള്‍ ചെയ്യേണ്ട ബാധ്യതയേ മകനുള്ളൂ. എല്ലാം ഒരു തുടര്‍ച്ചയാണ്. ടെലിഫോണ്‍/ Photography ഇതെല്ലാം വഴിമാറ്റങ്ങളുടെ കഥയാണ്. ചരിത്രം സൂക്ഷിക്കപ്പെടുന്നു. ഭാവിതലമുറയ്ക്കു വേണ്ടിയുള്ള തിരുശേഷിപ്പുകള്‍.

നാടോടിക്കഥകളും നാടോടിപ്പാട്ടുകളും ആരാണ് രചിച്ചത്? ഫോക്ലോര്‍ പനഠനങ്ങളില്‍ പരിചിതമായ ഒരു വാക്കുണ്ട് 'അജ്ഞാതകര്‍ത്തൃത്വം' ആരെങ്കിലും നിശ്ചയമായും ഉണ്ടായിരുന്നിരിക്കാം. ഒരു ദേശത്തിനുവേണ്ടി തലമുറകള്‍ക്കുവേണ്ടി സ്വരൂപി ക്കപ്പെട്ട ഭാവനയുടെയും വിജ്ഞാനത്തിന്‍റെയും ഖനികളില്‍ നിന്ന് തങ്ങളുടെ പേരവര്‍ മറച്ചു പിടിക്കാന്‍  ആഗ്രഹിച്ചിരിക്കാം.

'വഴി' എന്ന പദത്തിന് നടപ്പാത എന്നും ജീവിതശൈലി -മനോഭാവം എന്നുമൊക്കെ അര്‍ത്ഥമുണ്ട്. വഴിമാറ്റം - സഞ്ചാരപഥങ്ങളെല്ലാം ജീവിതശൈലിയായി മാറണം. 'കര്‍മ്മയോഗം' പറയുന്നത് അതാണ് 'Unattached and free.'

'ഞാന്‍ ഞാന്‍' എന്ന ഭാവങ്ങള്‍ക്ക് ശക്തി കൂട്ടാന്‍ സാധ്യതയുള്ള മേഖലയാണ് ആത്മകഥയുടേത്. അപകടകരമാംവിധം ആത്മരതി കുമിയുന്ന ഈ എഴുത്തുരൂപത്തില്‍ പേരുകൊണ്ടു പോലും അനന്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒന്നാണ് തിക്കോടിയന്‍റെ 'അരങ്ങു കാണാത്ത നടന്‍.' വ്യക്തിപരമായ  ദുരന്തങ്ങളും  - ഏകാന്തതകളും കടന്നു പോയ ആ മനുഷ്യന്‍റെ പരിദേവനങ്ങള്‍ അതില്‍ എവിടെയും നിങ്ങള്‍ക്ക് കണ്ടെത്താനാവില്ല. ഏകദേശം നാനൂറോളം പുറങ്ങളുള്ള ഈ പുസ്തകം അവസാനിക്കുന്നത് ഇങ്ങനെ: മതി. ഞാനിവിടെ അവസാനിപ്പിക്കട്ടെ. അകലെ എന്‍റെ  അരങ്ങൊരുങ്ങുന്നു. വേദിയില്‍ സമൃദ്ധമായ വെളിച്ചം തിരശ്ശീലയ്ക്കു പിറകില്‍. എന്തായാലും എനിക്കരങ്ങില്‍ കേറാതെ വയ്യാ. നടനെന്ന പേരു വീണു പോയാല്‍ അവിടെ കേറിയേ പറ്റൂ. ഞാന്‍ സന്തോഷത്തോടെ വിട വാങ്ങുന്നു. സദസ്യര്‍ക്ക് ആശീര്‍വാദം നേര്‍ന്നു കൊണ്ട് അരങ്ങിനെ ലക്ഷ്യം വെച്ചുനടക്കുന്നു.


ഫാ. ബോബി ജോ��സ് കട്ടിക്കാട്

0

1

Featured Posts

Recent Posts

bottom of page