top of page

ക്രിസ്തുവിനെ പകര്‍ന്നുകൊടുക്കാന്‍ ലോകത്തിന്‍റെ വിവിധ കോണുകളിലേക്ക് ഇറങ്ങിത്തിരിച്ച മിഷനറി സന്ന്യാസിമാരുണ്ട്. അവഗണിക്കപ്പെട്ട അന്യദേശങ്ങളിലെ ജനങ്ങള്‍ക്കുവേണ്ടി ജീവിതത്തിന്‍റെ നല്ലകാലംമുഴുവന്‍ ചെലവഴിക്കുന്നവര്‍. ചിലര്‍ ആ നാടിന്‍റെ, മണ്ണിന്‍റെ ഭാഗമായി മാറുന്നു. ചിലരാകട്ടെ, വാര്‍ദ്ധക്യത്തില്‍ സ്വന്തം മണ്ണിലേക്ക് തിരികെ എത്തുന്നു.
മററുള്ളവര്‍ പോകാന്‍ മടിക്കുന്ന ഇടങ്ങളിലേക്ക് കപ്പൂച്ചിന്‍ മിഷനറിമാര്‍ പോകാന്‍ തയ്യാറാകുന്നു എന്നു പറഞ്ഞത് പയസ് പതിമൂന്നാമന്‍ മാര്‍പാപ്പയാണ്. 1963-ല്‍ മിഷന്‍ മേഖലയ്ക്കുവേണ്ടി യാത്ര തിരിച്ച് 2013ല്‍ 50 വര്‍ഷങ്ങള്‍ക്കുശേഷം നാട്ടില്‍ തിരിച്ചെത്തിയ കേരളത്തിലെ ആദ്യ കാല കപ്പൂച്ചിന്‍ മിഷനറിയാണ് ഫാ. ആബേല്‍. ടാന്‍സാനിയ, മലാവി, സൗത്താഫ്രിക്കാ, ഇറ്റലി, ആസാം, ആന്ധ്ര എന്നിവിടങ്ങളില്‍ ചെലവഴിച്ച നാളുകളില്‍ തന്‍റേതായ രീതിയില്‍ ലോകത്തിന് പുതുപ്രകാശം വീശാന്‍ അദ്ദേഹത്തിന് സാധിച്ചു.
ജനനം, പഠനം, സഭയിലേക്കുള്ള പ്രവേശനം എന്നിവയെപ്പറ്റിയൊക്കെ പറയാമോ?
ഞാന്‍ ജനിച്ചത് കടപ്ലാമറ്റത്താണ്. ഞങ്ങള്‍ 8 മക്കള്‍ ആയിരുന്നു. ഞാന്‍ മൂന്നാമത്തെയാളായിരുന്നു. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്‍റെ കുടുംബം മലബാറിലേക്ക് കുടിയേറി. പത്താംക്ലാസ് പൂര്‍ത്തിയാക്കാന്‍വേണ്ടി ഞാന്‍ കടപ്ലാമറ്റത്തെ തറവാട്ടില്‍തന്നെ തങ്ങി. ആയിടയ്ക്കാണ് ലിയോ കപ്പൂച്ചിന്‍ അച്ചന്‍ ഞങ്ങളെ സഭയിലേക്ക് ക്ഷണിക്കാന്‍ വന്നത്. അന്ന് ലിയോ അച്ചന്‍ ഞങ്ങള്‍ക്ക് ഒരു ലീഫ്ലെറ്റ് തന്നു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു, 'നിങ്ങള്‍ക്ക് ഒരു മഹാന്‍ ആകണമോ?' പിന്നീട് അച്ചന്‍ ഞങ്ങളോട് അസ്സീസിയിലെ ഫ്രാന്‍സിസിന്‍റെ കഥ പറഞ്ഞു. ഫ്രാന്‍സിസ് ഒരു മഹാന്‍ ആകാന്‍ ഇറങ്ങിത്തിരിച്ചവനാണ്. സ്വന്തം ജീവിതം ദൈവത്തിന്‍റെ കൈയില്‍ വച്ചുകൊടുത്തപ്പോള്‍ ദൈവം അദ്ദേഹത്തിന്‍റെ ആഗ്രഹത്തെ മറ്റൊരു രീതിയില്‍ പൂര്‍ത്തിയാക്കി. ഫ്രാന്‍സിസിനെ മഹാനായ വിശുദ്ധനാക്കി മാറ്റി.
ലിയോ അച്ചന്‍റെ ക്ഷണം എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. ക്ലാസ് കഴിഞ്ഞപ്പോള്‍ ഞാനെന്‍റെ ഇഷ്ടം അച്ചനെ അറിയിച്ചു. അച്ചന്‍ എനിക്ക് സഭയില്‍ ചേരാന്‍ അനുവാദം നല്കുകയും ചെയ്തു.
വീട്ടില്‍നിന്ന് എതിര്‍പ്പ് ഉണ്ടായിരുന്നോ?
ഇല്ല. കാരണം ഞാന്‍ സഭയില്‍ ചേരുന്ന വിവരം പിന്നീടാണ് അവര്‍ അറിയുന്നത്. അവരൊക്കെ മലബാറിലായിരുന്നു. ഞാന്‍ സഭയില്‍ ചേരുന്നതിനോട് തറവാട്ടില്‍നിന്നും ഒരു എതിര്‍പ്പും ഉണ്ടായില്ല. അങ്ങനെ 1947 മെയ് 13ന് മൂന്നുകൂട്ടുകാരോടൊപ്പം മംഗലപുരത്തുള്ള സെമിനാരിയില്‍ ചേര്‍ന്നു. തിരുപ്പട്ട സ്വീകരണത്തിനുശേഷമാണ് വീട്ടില്‍ തിരികെ ചെല്ലുന്നത്.
അന്ന് കപ്പൂച്ചിന്‍ സഭയില്‍ പഠനം പൂര്‍ത്തിയാക്കുന്നതിനുമുമ്പ് തിരുപ്പട്ടം ലഭിക്കുമായിരുന്നു. പക്ഷേ എന്‍റെ കാര്യത്തില്‍ ചില പ്രശ്നങ്ങളുണ്ടായി. ഞാന്‍ തിയോളജി നാലാം വര്‍ഷം പഠിക്കുമ്പോള്‍ എനിക്ക് 25 വയസ്സ് പൂര്‍ത്തിയായിരുന്നില്ല. അന്നത്തെ കാനന്‍ നിയമം അനുസരിച്ച് 25 വയസ്സുപൂര്‍ത്തിയാകാതെ തിരുപ്പട്ടം നല്കാന്‍ അനുവാദം ഇല്ലായിരുന്നു. എനിക്ക് ഇളവു ലഭിക്കുന്നതിനുവേണ്ടി പിതാവ് റോമിലേക്ക് അപേക്ഷ അയച്ചു. അങ്ങനെ 1956 ജൂണ്‍ 1ന് നാലാം വര്‍ഷം തിയോളജി പഠനം ആരംഭിച്ച, ജൂണ്‍ രണ്ടിന് ഡീക്കന്‍ പട്ടം സ്വീക രിച്ച്, ജൂണ്‍ മൂന്നിന് തിരുപ്പട്ട സ്വീകരണം നടത്തി.
അന്നത്തെ ഫോര്‍മേഷന്‍?
എന്‍റെ നോവിസ് മാസ്റ്റര്‍ ഫാ. ഡിഗോ ജോസഫ് എന്ന ഫ്രഞ്ചു കപ്പൂച്ചിന്‍ ആയിരുന്നു. അജ്മീറില്‍ നിന്നു വന്നാണ് അദ്ദേഹം ഞങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തത്. വളരെ കരുണയും ശാന്തതയും ഉള്ളയാളായിരുന്നു അദ്ദേഹം. ഒരു വല്യപ്പനെപോലെയായിരുന്നു അദ്ദേഹം ഞങ്ങളോട് ഇടപെട്ടത്. പിന്നീട് എന്‍റെ സുപ്പീരിയര്‍ ആയത് ഫാ. പച്ചിഫിക്കസ് ആയിരുന്നു. അദ്ദേഹവും ഒരു വിശുദ്ധനായ വ്യക്തിയായിരുന്നു. അതുകൊണ്ടുതന്നെ എനിക്ക് പഠനകാലം കഠിനമയ ഒന്നായി അനുഭവപ്പെട്ടില്ല.
ആദ്യത്തെ നിയമനം?
അന്നത്തെ കപ്പൂച്ചിന്‍ സഭയുടെ സൂപ്പീരിയര്‍ക്ക് സീറോ മലബാര്‍ സഭയോട് വല്ലാത്ത ഒരു ഇഷ്ടക്കേട് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ പുതുതായി ആരെയും സീറോ മലബാര്‍ സഭയില്‍നിന്ന് എടുക്കരുത് എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം റോമിലേക്ക് എഴുതി. ഇങ്ങനെ ഒരു പ്രശ്നം ഉണ്ടെന്നു മനസ്സിലാക്കി ഹിപ്പോളിറ്റസ് അച്ചനും ബര്‍ക്കുമാന്‍സ് അച്ചനും ഇന്ത്യയ്ക്ക് പുറത്തുനിന്ന് ഒരു സുപ്പീരിയര്‍ വേണം എന്ന ആവശ്യം ഉന്നയിച്ചു. അങ്ങനെ ഫാ. കാസ്പിയന്‍ ഉത്തരവാദിത്വം ഏറ്റെടുത്തു. മൂന്നുമാസംകൊണ്ട് കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കിയ അദ്ദേഹം ഭരണങ്ങാനത്ത് ഒരു സീറോ മലബാര്‍ മൈനര്‍ സെമിനാരി ആരംഭിക്കാന്‍ തീരുമാനിച്ചു. അതിനുവേണ്ടി സുറിയാനി പഠിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. അങ്ങനെ തൃശൂര്‍ അയ്യന്തോളുള്ള ഒരു വൈദികന്‍റെ കീഴില്‍ ഞാന്‍ എന്‍റെ പഠനം ആരംഭിച്ചു. എട്ടുമാസംകൊണ്ട് സുറിയാനി പഠനം പൂര്‍ത്തിയാക്കി ഞാന്‍ സുറിയാനി കുര്‍ബാന അര്‍പ്പിച്ചു. അന്നുതന്നെ ഭരണങ്ങാനത്തേക്ക് പുറപ്പെട്ടു. അങ്ങനെ 1959ല്‍ ഫാ. സാലസ് റെക്ടറും ഞാന്‍ അസി. റെക്ടറുമായി ഉത്തരവാദിത്വം ഏറ്റെടുത്തു. 16 കുട്ടികള്‍ അന്ന് ഒപ്പമുണ്ടായിരുന്നു. പിന്നീട് മൂന്നുവര്‍ഷത്തേക്ക് മൈനര്‍ സെമിനാരിയില്‍ ആയിരുന്നു.
ഒരു മിഷനറി ആകാന്‍ ഉണ്ടായ സാഹചര്യം?
ഒരു മിഷനറി ആവുക എന്നത് എന്‍റെ ഒരു വലിയ സ്വപ്നമായിരുന്നു. ജീവിതത്തില്‍ ഞാന്‍ അനുസരണത്തിന് ഒത്തിരി വില കല്‍പിക്കാറുണ്ട്. ഞാന്‍ സഭയില്‍ ചേര്‍ന്നത് എന്‍റെ ഇഷ്ടം നിറവേറ്റാനല്ല ദൈവത്തിന്‍റെ ഹിതം നിറവേറ്റാനാണ്. അത് വെളിവാക്കുന്നത് അധികാരികളിലൂടെയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
മൂന്നുവര്‍ഷത്തെ മൈനര്‍ സെമിനാരി ജീവിതത്തിനുശേഷം തിയോളജി പഠിപ്പിക്കുന്നതിനായി മംഗലാപുരത്തേയ്ക്ക് എന്നെ അയച്ചു. അവിടെ ചെന്നപ്പോള്‍ സുപ്പീരിയറായിരുന്ന ബര്‍ക്കുമാന്‍സ് അച്ചന്‍ ലക്നൗ സെമിനാരിയില്‍ പഠിപ്പിക്കാന്‍ പോകാനാവശ്യപ്പെട്ടു. അങ്ങനെ ഞാന്‍ മംഗലാപുരത്തുനിന്ന് ലക്നൗവിലെത്തി. പക്ഷേ അവിടുത്തെ ബിഷപ്പിന് മലയാളികളെ ഇഷ്ടമില്ലായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് എന്നെ ഇഷ്ടപ്പെട്ടില്ല. ഒരു ദിവസം എന്നെ കാണാന്‍ വന്ന ബര്‍ക്കുമാന്‍സ് അച്ചന്‍ എന്നോടു ചോദിച്ചു, ആഗ്രയ്ക്ക് പഠിപ്പിക്കാന്‍ പോകാമോ? ഞാന്‍ അതു സമ്മതിച്ചു. ആഗ്രയ്ക്ക് പോകാന്‍ തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കെ എനിക്ക് ഒരു ലൈനുള്ള ടെലിഗ്രാം വന്നു. അതില്‍ ഇത്രമാത്രം ഉണ്ടായിരുന്നു: Fr. Abel not to Agra but to Africa. ഞാന്‍ വല്ലാതെ അദ്ഭുതപ്പെട്ടുപോയി എങ്ങനെയാണ് ആഗ്ര, ആഫ്രിക്ക ആയിമാറിയത് എന്നോര്‍ത്ത്. അന്നു തന്നെ ഞാന്‍ ഒരു മറുപടി ടെലിഗ്രാം അയച്ചു. Accepted whole heartedly, Fr. Abel. പിന്നീട് ബര്‍ക്കുമാന്‍സച്ചന്‍ എന്നെ കാണുമ്പോഴെല്ലാം പറയുമായിരുന്നു, അദ്ദേഹത്തെ ഇത്രമാത്രം സന്തോഷിപ്പിച്ചിട്ടുള്ള ഒരു മറുപടിക്കത്തും ഉണ്ടായിട്ടില്ല എന്ന്.
1963-ല്‍ ഞാന്‍ ടാന്‍സാനിയായില്‍ എന്‍റെ മിഷന്‍ ജീവിതം തുടങ്ങി. അവിടെ മൈനര്‍ സെമിനാരി തുടങ്ങാനായിരുന്നു എനിക്ക് ലഭിച്ച നിര്‍ദ്ദേശം. അങ്ങനെ ടാന്‍സാനിയായില്‍ ഒരു സെമിനാരി ഞങ്ങള്‍ ആരംഭിച്ചു.
ഓര്‍മ്മയിലെ ഒരു മിഷന്‍ അനുഭവം?
3 വര്‍ഷം മൈനര്‍ സെമിനാരിയില്‍ ചെലവഴിച്ചതിനുശേഷം കുറച്ചുകൂടി നല്ല അനുഭവങ്ങള്‍ക്കുവേണ്ടി ഞാന്‍ ആഗ്രഹിച്ചു. അവിടുത്തെ ബിഷപ്പിനോട് ഒരു മിഷന്‍ സ്റ്റേഷന്‍ ചോദിച്ചു. "ആബേല്‍, ഹീമോ എന്നു പറയുന്ന ഒരു മിഷന്‍ സ്റ്റേഷനുണ്ട്. അവിടെ ജീവിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. മലേറിയായും വരള്‍ച്ചയും ഒരുപോലെയുള്ള സ്ഥലമാണത്. അവിടെ പോകാന്‍ തയ്യാറാണോ?" എന്നായിരുന്നു ബിഷപ്പിന്‍റെ മറുചോദ്യം. അങ്ങനെ ഞാന്‍ ഹീമോ മിഷന്‍ സ്റ്റേഷന്‍റെ നടത്തിപ്പുകാരനായി. ഹിമോ ഒരു കാലത്ത് ഒത്തിരി മഴ ലഭിച്ചിരുന്ന പ്രദേശമായിരുന്നു. പക്ഷേ കാടുവെട്ടി മാറ്റപ്പെട്ടതോടെ അവിടെ മഴ ഇല്ലാതായി. ഈ പ്രശ്നം തിരിച്ചറിഞ്ഞ ഞാന്‍ അവിടുത്തെ ജനങ്ങളെ ഇതേക്കുറിച്ച് ബോധവാന്മാരാക്കുകയും മരങ്ങള്‍ വച്ചു പിടിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. അവിടുത്തെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഞങ്ങള്‍ക്ക് വൃക്ഷത്തൈകള്‍ സൗജന്യമായി തന്നു. ജനങ്ങളുടെ സഹകരണത്തോടെ അവിടെ മുഴുവന്‍ വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിച്ചു. ഹീമോയിലെ ആളുകളുടെ പ്രധാന കൃഷി സൂര്യകാന്തി പൂക്കളായിരുന്നു. അര്‍മേനിയായില്‍ നിന്ന് ഒരു കൃഷി വിദഗ്ദ്ധന്‍ വഴി വലുപ്പമുള്ള സൂര്യകാന്തി പൂക്കളുടെ വിത്തുകള്‍ ഞങ്ങള്‍ സംഘടിപ്പിച്ച് ചുറ്റുപാടും കൃഷിചെയ്തു. അത് അവിടുത്തെ സൂര്യകാന്തിപൂക്കളേക്കാള്‍ വളരെ വലുതായിരുന്നു. പിന്നീട് ഈ വലിയ വിത്തുകള്‍ ആളുകള്‍ക്ക് നല്കി. 2000-ല്‍ ഞാന്‍ വീണ്ടും അവിടെ ചെന്നപ്പോള്‍ മരങ്ങളെല്ലാം വളര്‍ന്ന് നന്നേ വലുതായിരുന്നു. വെളളത്തിനും മഴയ്ക്കും ഒരു ക്ഷാമവും ഇല്ലായിരുന്നു. " ഞങ്ങളുടെ ദാരിദ്ര്യമെല്ലാം അച്ചന്‍ കാരണം ഇല്ലാതായി" അവിടുത്തെ ആളുകള്‍ അന്ന് നന്ദിയോടെ പറഞ്ഞത് ഇപ്പോഴും ചെവികളില്‍ മുഴങ്ങുന്നുണ്ട്. ഇന്ന് ആ മേഖല വളരെ ഭംഗിയായി മുന്നോട്ടുപോകുന്നു.
മലാവിയിലെ മിഷന്‍ അനുഭവം ഒന്ന് ഓര്‍ക്കാമോ?
ടാന്‍സാനിയായില്‍നിന്ന് തിരികെ വന്ന് ആന്ധ്രായില്‍ കുറച്ച് കാലം മൈനര്‍ സെമിനാരിയില്‍ ഉണ്ടായിരുന്നു. ആ സമയത്താണ് മലാവി മിഷന്‍ ആരംഭിക്കുന്നത്. അന്നത്തെ പ്രൊവിന്‍ഷ്യല്‍ ചോദിച്ചു, മലാവിക്ക് പോകാമോ എന്ന്. ഞാന്‍ സന്തോഷത്തോടെ അതു സമ്മതിച്ചു.
മലാവിയില്‍ ഞങ്ങള്‍ ചെല്ലുന്നതിന് മുന്‍പു തന്നെ യൂറോപ്പില്‍നിന്ന് അച്ചന്മാര്‍ അവിടെ മിഷന്‍ ആരംഭിച്ചിരു ന്നു. അവരെ സഹായിക്കാന്‍ യൂറോപ്പില്‍നിന്ന് ധാരാളം ആളുകള്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവരെ ഏല്പിച്ചിരുന്ന മേഖലകളില്‍ മനോഹരമായ പള്ളിയും സ്കൂളും ഉണ്ടായിരുന്നു.
മിഷന്‍ ഏറ്റെടുത്ത് അവിടെ ചെന്നപ്പോള്‍ അവിടുത്തെ ആളുകള്‍ ഞങ്ങളോട് പറഞ്ഞു, മറ്റച്ചന്മാരെപ്പോലെ പള്ളി പണിയാന്‍. ഞങ്ങള്‍ പറഞ്ഞു, "കെട്ടിടം അല്ല ദേവാലയം, നമ്മളാണ് യഥാര്‍ത്ഥ ദേവാലയം. നമ്മള്‍ ജീവിക്കുന്ന ദേവാലയങ്ങളാണ്. ഒരുമിച്ച് പ്രാര്‍ത്ഥിക്കാനുള്ള സ്ഥലം മാത്രമാണ് ഒരു കെട്ടിടം. അതുമല്ല, മറ്റ് അച്ചന്മാരെപ്പോലെ പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗങ്ങളൊന്നും ഞങ്ങള്‍ക്കില്ല. നമുക്ക് ഒരുമിച്ച് അധ്വാനിച്ച് ഒരു ദേവാലയം പണിയാം."
ഈ സംസാരം അവരെ വല്ലാതെ സ്വാധീനിച്ചു. പിന്നീട് അവരുടെ ഒപ്പമുള്ള അധ്വാനത്തിന്‍റെ നാളുകളായിരുന്നു. ഒരിക്കല്‍ ബിഷപ്പ് എന്നെ കാണുമ്പോള്‍ ഞങ്ങള്‍ ആളുകള്‍ക്കൊപ്പം ചെളിയില്‍ പണിതിട്ട് മടുത്തിരിക്കുകയായിരുന്നു. പിതാവ് എന്നെ അടുത്തേയ്ക്കു വിളിച്ചു പറഞ്ഞു, Abel you know why people loves you so much? because you are ready to become dirty like them.
വളരെ നാളത്തെ അധ്വാനം വഴി ഒരു നല്ല തുക പള്ളി പണിയുന്നതിനായി ഞങ്ങള്‍ സമാഹരിച്ചു. ഞാന്‍ പിതാവിന്‍റെ അടുത്ത് ചെന്നു പറഞ്ഞു, ഇത്രയം ഞങ്ങള്‍ സമാഹരിച്ചു, ഇനി പിതാവ് ഞങ്ങളെ സഹായിക്കണം. ആ സ്ഥലത്തുനിന്ന് ഇത്രയും തുക ലഭിച്ചു എന്നുകണ്ട് പിതാവുപോലും അദ്ഭുതപ്പെട്ടുപോയി. ആവശ്യമായി വരുന്ന ബാക്കി സഹായം ചെയ്തുതരാമെന്ന് അദ്ദേഹം ഉറപ്പുനല്കി.
തിരികെ ഇടവകയില്‍ ചെന്നപ്പോഴാണ് ഹൃദയസ്പര്‍ശിയായ ആ അനുഭവമുണ്ടായത്. നമ്മള്‍ പള്ളി പണിയാന്‍ തീരുമാനിച്ചു എന്നറിയിച്ചപ്പോള്‍ അവര്‍ പറയുകയാണ്, "അച്ചോ, ഞങ്ങള്‍തന്നെയാണ് ജീവിക്കുന്ന ദേവാലയം. ഒരു പള്ളി പണിയുന്നതിനുമുന്‍പ് ഏറ്റവും ആവശ്യം അച്ചന്മാര്‍ക്ക് താമസിക്കാനുള്ള ഒരു വൈദിക മന്ദിരമാണ്. അതു നിര്‍മ്മിച്ചുകഴിഞ്ഞിട്ടുമതി പള്ളി പണിയല്‍." ഈ സംഭവം ഇപ്പോഴും നിറഞ്ഞ കണ്ണുകളോടെ ഓര്‍ക്കാനാവുന്നുള്ളൂ. അത്രയ്ക്കു ഹൃദയമുള്ളവരായിരുന്നു അവിടുത്തെ ആളുകള്‍.
ആഫ്രിക്കയില്‍ വേറ െ എവിടെയെങ്കിലും മിഷനറിയായി സേവനം ചെയ്തിട്ടുണ്ടോ?
മലാവിയിലെ മിഷനുശേഷം എന്നെ അയച്ചത് സൗത്താഫ്രിക്കയിലെ മിഷനിലേക്കായിരുന്നു. അവിടെ അഞ്ചു വര്‍ഷത്തോളം ഞാനുണ്ടായിരുന്നു. പക്ഷേ ദൈവവിളികള്‍ കുറവായിരുന്നതു കാരണം അവിടെ നിന്നും ഞാന്‍ തിരികെ പോന്നു. നാട്ടില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ആസാമിലെ തിയോളജി സെമിനാരിയില്‍ ആദ്ധ്യാത്മിക പിതാവായിട്ടായിരുന്നു അടുത്ത നിയമനം. 2013 വരെ ഞാന്‍ അവിടെ തുടര്‍ന്നു.
നീണ്ട മിഷന്‍ ജീവിതത്തിന് ഒടുക്കം തിരിഞ്ഞുനോക്കുമ്പോള്‍ എന്തു തോന്നുന്നു?
എന്‍റെ മിഷന്‍ ജീവിതം അവസാനിക്കുന്നില്ല. ആയിരിക്കുന്ന ഇടങ്ങളില്‍ കൊച്ചുകൊച്ചു നന്മകള്‍ ചെയ്ത് മുന്നോട്ടു പോവുകയാണ്. തിരിഞ്ഞുനോക്കുമ്പോള്‍ എവിടെയും ദൈവത്തിന്‍റെ പദ്ധതിയുടെ വലിയ കരങ്ങള്‍ കണ്ട്, അതിന്‍റെ മുമ്പില്‍ അത്ഭുതത്തോടെ നില്‍ക്കാന്‍ മാത്രമേ എന്നെക്കൊണ്ട് ആകുന്നുള്ളൂ. നല്ലതും ചീത്തയും ഒരു പോലെ സ്വീകരിക്കുക. കാരണം അതിന്‍റെയെല്ലാം പിറകില്‍ ദൈവത്തിന്‍റെ കരങ്ങളുണ്ട്. നമ്മള്‍ അതിനെ അംഗീകരിച്ചു കഴിയുമ്പോള്‍ അതു നമുക്കു അനുഗ്രഹകാരണമായി മാറും.
Featured Posts
Recent Posts
bottom of page