top of page

മരത്തിൽ തൂങ്ങിയാടുന്നവർ

Jul 1, 2014

2 min read

ഫന
emoji

ആഭ്യന്തരയുദ്ധം വികലമാക്കിയ അമേരിക്കന്‍ മനസ്സാക്ഷിയുടെ കണ്ണിന്‍മുന്‍പില്‍ വെള്ളക്കാരന്‍റെ മേധാവിത്വ മനോഭാവത്തിന്‍റെ പ്രാകൃതമായ തെളിവെന്നവണ്ണം കറുത്ത ശരീരങ്ങള്‍ മരത്തില്‍ തൂങ്ങിയാടുന്നത് നിത്യകാഴ്ചകളായിരുന്നു. അടിമത്തം നിരോധിക്കപ്പെട്ടിട്ട് പതിറ്റാണ്ടുകളേറെ കഴിഞ്ഞെങ്കിലും അധിപന്‍റെ മനോവികാരം പേറുന്നവന്‍ സ്വാതന്ത്ര്യത്തിന്‍റെ നിലവിളികെ നിശ്ശബ്ദമാക്കിക്കൊണ്ടിരുന്നു. കുറ്റകൃത്യങ്ങള്‍ എന്നു നാം മനസ്സിലാക്കുന്ന കുറ്റകൃത്യമോ നിയമലംഘനമോ അല്ല ഇവയൊന്നും. ഇരുട്ടിന്‍റെ മറവില്‍ ഗൂഢമായി അരങ്ങേറുന്ന കുറ്റകൃത്യങ്ങള്‍, നിഗൂഢതയും പ്രച്ഛന്നതയും ചേര്‍ന്ന് അപരാധിയെ നിരപരാധിയാക്കുന്ന ജാലവിദ്യ ദുര്‍ബലമായ ഒരു നീതി-ന്യായ വ്യവസ്ഥിതിയുടെ സൂചനയാണ് എങ്കില്‍ പെരുവഴിയില്‍ തൂങ്ങിയാടുന്ന ശരീരങ്ങള്‍ വംശീയവെറിപൂണ്ട അധികാരഗര്‍വ്വിന്‍റെ പെരുമ്പറഘോഷങ്ങളാണ്.


മനുഷ്യനില്‍നിന്ന് മൃഗത്തിലേക്ക്


ക്ഷമതമേല്‍പ്പിച്ചു കൊല്ലുന്നതിലുമപ്പുറം തൂക്കിലേറ്റപ്പെടുന്ന മൃതശരീരങ്ങള്‍ ഭീതിതമായ ഒരു അടയാളമാണ്. ആ കറുത്ത ശരീരത്തിലെ മനുഷ്യത്വത്തിന്‍റെ അവസാനതുള്ളിയും ഊറ്റിയെടുത്ത് ശരീരത്തെ വെറും ശവമാക്കിമാറ്റുന്ന ഈ ക്രൂരതയ്ക്ക് ഇരയാകുന്നവര്‍ മറ്റേതെങ്കിലും വിധത്തില്‍ -വെടിയേറ്റോ ശ്വാസം മുട്ടിയോ പ്രഹരമേറ്റോ- മരണപ്പെട്ടതാവാം. മരണംമൂലം ഒരു മനുഷ്യനു ലഭിക്കുന്ന, ലഭിക്കേണ്ട ആദരവിന്‍റെ എല്ലാ സാധ്യതകളെയും തല്ലിക്കെടുത്തി, കൈകാലുകള്‍ ബന്ധിച്ച് വികൃതവും വിവസ്ത്രനുമായ ഒരു ശവമായി കാറ്റില്‍ തൂങ്ങിയാടാന്‍ വിധിക്കപ്പെടുന്നിടത്ത് ക്രൂരത മൃഗീയമായിത്തീരുന്നു. കാഴ്ചയില്‍ നിസ്സാരം എന്നു തോന്നിക്കുന്ന ഈ പ്രവൃത്തിവഴി വെള്ളക്കാരന്‍റെ ഉള്ളിലെ വേട്ടക്കാരന്‍ കറുത്തവനെ കേവല മൃഗമാക്കി തരംതാഴ്ത്തി അവന്‍റെ ശരീരത്തിനുമേല്‍ പൂര്‍ണ്ണ ആധിപത്യം ഉറപ്പിക്കുന്നു. ഇരയുടെ ജീവനറ്റശരീരത്തിനുമേല്‍ ചവിട്ടിനിന്ന് വിജയമുറപ്പിക്കുന്ന, അവന്‍റെ ആധിപത്യത്തിനു തെളിവെന്നവണ്ണം ചത്ത മൃഗത്തിന്‍റെ തലയും തുകലും സ്വീകരണമുറിയില്‍ അലങ്കാരം ചാര്‍ത്തുന്ന വേട്ടക്കാരനെ ഓര്‍മ്മിപ്പിക്കുന്നു ഈ കാഴ്ച. നാലുപേര്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നിടത്തുമാത്രം അര്‍ത്ഥം ലഭിക്കുന്ന ഇത്തരം ചെയ്തികള്‍ ഒരുവന്‍റെ ശക്തിയും അപരന്‍റെ ദൗര്‍ബല്യവും വിളിച്ചറിയിക്കാന്‍ മാത്രം ഉതകുന്ന പ്രവൃത്തിയാകയാല്‍ കുറ്റകൃത്യം ചെയ്യുന്നവനും അത് കണ്ട് ആസ്വദിക്കുന്നവനും കുറ്റവാളിയുടെ നിരയിലേക്ക് വരുന്നു.


ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ഇന്ത്യയില്‍, കൃത്യമായി പറഞ്ഞാല്‍ ബഭാവുണ്‍ എന്ന ഗ്രാമത്തില്‍ നാം കണ്ടത് ഇതേ ചിന്താഗതിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ്. ബലാത്കാരമായി ഭോഗിക്കപ്പെട്ട ആ രണ്ട് പെണ്‍ശരീരങ്ങള്‍-കീഴടക്കപ്പെട്ട, വികൃതമാക്കപ്പെട്ട, തരംതാഴ്ത്തപ്പെട്ട ആ ശരീരങ്ങള്‍ പൊതുജനത്തിനും മാധ്യമങ്ങള്‍ക്കും കൗതുക ദൃശ്യമായി മാറ്റപ്പെട്ടിടത്താണ് അവയുടെ ഭോഗം പൂര്‍ണ്ണമായത്. അശ്വാരൂഢരായി എത്തിയ രാഷ്ട്രീയക്കാരും മാധ്യമപ്പടയും നിശ്ശബ്ദമായി, മൃഗീയമായി കൈമാറ്റം ചെയ്യപ്പെട്ട ഒരു വലിയ സന്ദേശത്തിന്‍റെ വാഹകരായി മടങ്ങി; അവഹേളിതയായി നില്‍ക്കുന്ന വൃക്ഷത്തെ നോക്കി മൗനികളായി.


സംഭവത്തിന്‍റെ പൂര്‍ണ്ണരൂപം നമുക്ക് ഇന്നും അന്യം. ഈ ക്രൂരതയുടെ പൊരുളന്വേഷിക്കാതെ നാം സ്ത്രീസുരക്ഷയ്ക്കായി ശൗചാലയങ്ങള്‍ പണിയുന്നതിനെപ്പറ്റി ഏറെ ചിന്തിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നുണ്ട്. ഈ രണ്ട് പെണ്‍കുട്ടികളും ഈ വിധം കൊലചെയ്യപ്പെട്ടത്, മാവിന്‍കൊമ്പില്‍ അപമാനിതരായത് ശൗചാലയങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല. മറിച്ച്, ജാതിരാഷ്ട്രീയത്തിനും വ്യക്തിരാഷ്ട്രീയത്തിനും മുകളില്‍ വിജയക്കൊടി പാറിച്ച് ഇന്ത്യയില്‍ ആഘോഷിക്കപ്പെട്ട തിരഞ്ഞെടുപ്പിനെപ്പറ്റി തെരുവില്‍ പ്രസംഗങ്ങള്‍ നടക്കുമ്പോഴും പ്രതീക്ഷയുടെ പുത്തന്‍ പ്രഭാതത്തിലേക്ക് ആത്മഹത്യാപരമായ ഒരു ചുവടുവയ്പിന് തയ്യാറല്ലാത്ത ജാതിഭ്രാന്തന്മാരുടെ പ്രതികാരത്തിനും പ്രതികരണത്തിനും ഉള്ള ഉപകരണമായി ആ പെണ്‍കുട്ടികള്‍ മാറ്റപ്പെടുകയായിരുന്നു.


വികസ്വരഇന്ത്യയുടെ ഉള്‍പ്രദേശങ്ങളില്‍ താണവര്‍ഗ്ഗക്കാര്‍ നിന്ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യണം എന്നത് ഒരു അലിഖിത നിയമമായി മാറിയിരിക്കുന്നു. താഴ്ന്നവര്‍ഗ്ഗത്തിന്‍റെ മുദ്രപേറുന്ന സ്ത്രീശരീരം അനന്തമായ അര്‍ത്ഥസാധ്യതകളുടെ ഇടമാണ്- അശുദ്ധവും നിഷിദ്ധവും, എന്നാല്‍ വരേണ്യവര്‍ഗ്ഗത്തിന്‍റെ ഭോഗപാത്രവും അഭിനിവേശവുമാണവള്‍. പ്രതികാരത്തിന്‍റെയും പീഡനത്തിന്‍റെയും നിന്ദ്യവസ്തു, അവന്‍റെ തൃഷ്ണയുടെ ഇരയും ലക്ഷ്യവും. എന്നാല്‍ ഇക്കാലങ്ങളില്‍ ചെറിയ ഒരു മാറ്റം ഉണ്ടായിട്ടുണ്ട്. അവളുടെ നിലവിളികള്‍ നാഗരികന്‍റെ കര്‍ണ്ണപുടങ്ങളെ വല്ലാതങ്ങ് അസ്വസ്ഥമാക്കുന്നുണ്ട്.


പ്രതികരണം ആവശ്യം


രണ്ട് താഴ്ന്നവര്‍ഗ്ഗക്കാരായ പെണ്‍കുട്ടികള്‍ കൊലചെയ്യപ്പെട്ട മൃഗങ്ങള്‍കണക്ക് തെരുവുമരത്തില്‍ തൂക്കിലേറ്റപ്പെട്ടു. ഈ സംഭവത്തില്‍ നിരുത്തരവാദപരമായി പെരുമാറിയ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടും ഹോട്ടല്‍ മുറികളിലിരുന്ന് ബലാത്സംഗസാധ്യതാ പ്രദേശങ്ങളുടെ ഭൂപടം തയ്യാറാക്കിയും ഇരകളുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചും ഭരണകൂടവും വ്യവസ്ഥിതിയും ഔപചാരികതയ്ക്കു പിന്നാലെ തന്നെ. രാഷ്ട്രീയത്തിലെ ധാര്‍മ്മികത ഉറക്കം വിട്ട് ഉണര്‍ന്ന് പ്രതികരണത്തിലേക്കു നീങ്ങേണ്ടിയിരിക്കുന്നു. കുറ്റവാളികള്‍ക്കു താക്കീതല്ല നല്കേണ്ടത്. ഇത്തരം ആരാച്ചാരന്മാരെയും അവരുടെ പോലീസ് സഹകാരികളെയും ശക്തമായ നിയമത്താല്‍ ശിക്ഷിക്കണം. ഇരയാകുന്നവരുടെ കുടുംബത്തിനും സാക്ഷികള്‍ക്കും സമ്പൂര്‍ണ്ണ സുരക്ഷയും നീണ്ടുപോകാനിടയുള്ള നിയമയുദ്ധത്തില്‍ സാന്ത്വനവും നല്കണം. ഇവയ്ക്കൊക്കെയും സാക്ഷികളായ നമ്മളോ? Crowds and Power എന്ന പുസ്തകത്തില്‍ Elias Caneth എന്ന എഴുത്തുകാരന്‍ നായാട്ടിനെപ്പറ്റി പറയുന്നുണ്ട്. നായാട്ട് കണ്ടുനില്‍ക്കുന്നവനും ഇരയുടെ മാംസത്തില്‍ അവകാശമുണ്ടത്രേ. ഈ നരനായാട്ടിന്‍റെ അവസ്ഥയും അതുതന്നെ. തൂക്കിലേറ്റപ്പെട്ട ശരീരങ്ങള്‍ക്കുമുന്നില്‍ കാഴ്ചക്കാരായി നിന്ന നാള്‍ മുതല്‍ ആ ഹീനപ്രവൃത്തി ചെയ്തവരുടെ സഹകാരികളാണ് നാം. ഒരു കൂട്ടം ആ പെണ്‍കുട്ടികളെ ഭോഗിച്ച് തൂക്കിലേറ്റി, ജാതിയുടെ ഈ നായാട്ട് വിനോദത്തിന് നമ്മെയും കാഴ്ചക്കാരാക്കി മാറ്റി,


ഈ കാര്യത്തില്‍ കടലാസില്‍ ഒതുങ്ങുന്ന പ്രഖ്യാപനങ്ങള്‍ക്കുമപ്പുറം എന്തെങ്കിലുമൊക്കെ ആവശ്യമാണ്. ഇതേ നാണയത്തിലുള്ള ഒരു മറുപടി അനുപേക്ഷണീയമാണ്. ഇനിമേല്‍ ഇത്തരത്തില്‍ ഒന്ന് ആര്‍ക്കും സംഭവിക്കരുത് എന്ന് ഓര്‍മ്മിപ്പിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്ന ചുവരെഴുത്തുകള്‍ എവിടെ, രാഷ്ട്രീയ മേലാളന്മാരും മനുഷ്യാവകാശപ്രവര്‍ത്തകരും എവിടെ?


ദേശത്തിന്‍റെയും സര്‍ക്കാരിന്‍റെയും പുതിയ വികസനമന്ത്രത്തില്‍ ആ പെണ്‍കുട്ടികള്‍ക്ക് ഒരു ഇടവും നീതിയും ലഭിക്കുന്നില്ലെങ്കില്‍ പണ്ടേ ദുര്‍ബലം എന്നു മുദ്രകുത്തപ്പെട്ട നമ്മുടെ ധാര്‍മ്മികത കാറ്റെടുത്തുപോയി എന്നു വിശ്വസിക്കേണ്ടതായി വരുന്നു.



(പരിഭാഷ: അനു ജോസ്)

Featured Posts

bottom of page