
പഴയ നിയമത്തിലെ ജോബിന്റെ പുസ്തകം എന്തുകൊണ്ടും ശ്രേഷ്ഠമാണ്. വലിയ ജ്ഞാനവും ഉൾക്കാഴ്ചയും തരുന്ന ഗ്രന്ഥം. ഹ്രസ്വമായതും ഒതുക്കമുള്ളതുമായ രചന. യേശുവിന് അഞ്ചു നൂറ്റാണ്ടുകൾ മുമ്പ് ആയിരിക്കണം ജോബിന്റെ പുസ്തകം എഴുതപ്പെട്ടിട്ടുള്ളത്. എന്തുകൊണ്ട് സഹനം എന്തുകൊണ്ട് ദാരിദ്ര്യം എന്നൊക്കെയുള്ള എക്കാലത്തെയും ദുർഘടമായ സമസ്യകൾ ചുരുളഴിച്ചു തരുന്നുണ്ട് ജോബിന്റെ പുസ്തകം.
ആരോഗ്യവും സമ്പത്തും സൗഭാഗ്യ വും നന്മകളും നിറഞ്ഞതായിരുന്നു ജോബിന്റെയും കുടുംബത്തിന്റെയും ജീവിതം. പെട്ടെന്ന് ഓരോന്നോരോന്ന് മാറുകയാണ്; അവയെല്ലാം ഇല്ലായ്മയിലേക്ക് കൂപ്പുകുത്തുന്നു. ജോബിന്റെ ദുര്യോഗം കേട്ടറിഞ്ഞ് മൂന്ന് നാടുകളിൽ നിന്നായി അദ്ദേഹത്തിന്റെ മൂന്ന് സുഹൃത്തുക്കൾ എത്തുന്നുണ്ട്. അടിസ്ഥാനപരമായി അവരുടെ നിലപാടുകൾ ഏതാണ്ട് ഒന്നുതന്നെയാണ്. 'ദൈവം സത്യവാനും നീതിമാനുമാണ്. നിനക്ക് ഈ ദുര്യോഗം വന്നിട്ടുണ്ടെങ്കിൽ, അത് നിന്റെ പാപം മൂലമായിരിക്കണം. ഏതോ രഹസ്യമായ പാപം നീ ചെയ്തിട്ടുണ്ടാവണം' എന്നതാണ്, പൊതുവേ പറഞ്ഞാൽ അവരുടെ നിലപാട്. അക്കാര്യത്തിൽ അവർക്ക് സംശയം ഒന്നുമില്ല.
ജോബിന്റെ പുസ്തകം എഴുതപ്പെട്ടിട്ട് അഞ്ചു നൂറ്റാണ്ടുകൾക്ക് ശേഷം യേശുവിന്റെ കാലത്തും ഇസ്രായേലിൽ മൂന്ന് കൂട്ടുകാരെ കാണാം: നിയ മജ്ഞരും സദുക്കായരും ഫരിസേയരും. അവരുടെയും നിലപാടുകൾ ഏതാണ്ട് അതുതന്നെ. അക്കാര്യത്തിൽ അവർക്കും സംശയം ഒന്നുമില്ല.
ജോബിന്റെ പുസ്തകത്തിലെന്നതുപോലെതന്നെ യേശുവും കാര്യങ്ങളെ തിരുത്തി. "അവന്റെയോ അവന്റെ മാതാപിതാക്കളുടെയോ പാപം മൂലമല്ല" (യോഹ. 9: 3) എന്ന് യേശു അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു.
യേശുവിന് ശേഷം ഇരുപത് നൂറ്റാണ്ടുകൾ കൂടി കഴിഞ്ഞിരിക്കുന്നു. ഇന്നും ജോബിൻ്റെ കൂട്ടുകാരുടെ അതേ ശീല് പാടുകയാണ് മൂന്ന് കൂട്ടുകാർ : ചില പ്രാർത്ഥനക്കാരും ധ്യാനപ്രസംഗകരും കൗൺസിലിങ്ങുകാരും. അവർക്കും സംശയങ്ങളൊന്നുമില്ല!