
ലോകത്ത് എവിടെ ആയാലും അതങ്ങനെ തന്നെയാണ്. പ്രസിദ്ധമായ ഒരു തീർത്ഥാടന കേന്ദ്രം ഉണ്ടെങ്കിൽ അതിനെ കേന്ദ്രീകരിച്ച് ആയിരിക്കും ചുറ്റുമുള്ള ലോകത്ത് മറ്റ് പല കാര്യങ്ങളും നടക്കുന്നത്. തീർത്ഥാടന കേന്ദ്രത്തോട് ചേർന്ന് സാധ്യമായാൽ ഒരു പട്ടണമോ നഗരമോ ഉണ്ടായി വരും. അവിടെ വിവിധങ്ങളായ ബിസിനസുകൾ ഉണ്ടാകും. തീർത്ഥാടകർക്കുള്ള താമസ സൗകര്യങ്ങൾ ഉണ്ടാകും. പ്രത്യേകിച്ചും അവിടത്തെ വഴിപാടുകളോ ബലികളോ എന്ത് എന്നതിനെ ആശ്രയിച്ചുള്ള കച്ചവടങ്ങൾ ഉണ്ടാകും. മുൻകാലങ്ങളിലൊക്കെ ആണെങ്കിൽ ഒത്തിരി ഭിക് ഷാടകരും ആ വഴികളിലെല്ലാം ഉണ്ടാകും. ഒട്ടേറെ ജനങ്ങൾ പ്രസ്തുത തീർഥാടന കേന്ദ്രത്തെ ഉപജീവിച്ച് കാലയാപനം ചെയ്യും.
ജറൂസലം ദേവാലയത്തെ സംബന്ധിച്ചും ഇതിൽ മിക്കതും ശരിയായിരുന്നു. പക്ഷേ, ഒന്നുണ്ട്. തീർത്ഥാടകർ അവരുടെ ബന്ധുക്കളുടെ വീടുകളിലായിരിക്കും മിക്കവാറും കഴിയുക. ഒന്നുരണ്ട് ദിവസങ്ങളൊക്കെ ദേവാലയത്തിലും കഴിയാമായിരുന്നു. ദേവാലയാധികൃതർ തന്നെ അവിടെ കഴിയുന്ന തീർത്ഥാടകർക്കും പാവങ്ങൾക്കുമായി ഭക്ഷണ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. ദേവാലയത്തിൽ തന്നെയായി പലരും കഴിയുന്നുണ്ടായിരുന്നു എന്നുവേണം അനുമാനിക്കാൻ. ശിമയോനെയും അന്നായെയും പോലെ ജീവിതം ദൈവത്തിനും പ്രാർത്ഥനയ്ക്കും മുറജപത്തിനും ഭജനക്കും ധ്യാനത്തിനുമായി വിട്ടുകൊടുത്തവർ. പിന്നെ ബാലനായ സാമുവേലിനെ പോലെ ദേവാലയത്തിൽ കാഴ്ചവയ്ക്കപ്പെട്ട കുരുന്നുകൾ. യേശുവിൻ്റെ അമ്മയായ മറിയവും ബാല്യത്തിൽ ദേവാലയത്തിൽ കാഴ്ചവയ്ക്കപ്പെട്ടവൾ ആയിരുന്നു എന്നാണ് പാരമ്പര്യം. അത്തരം ബാലന്മാർക്കും ബാലികമാർക്കും താമസിക്കാൻ സൗകര്യങ്ങൾ ഉണ്ടായിരുന്നു. രാവിലെ മുതൽ അവർക്കായി യഹൂദ തിരുലിഖിതങ്ങളും പാരമ്പര്യങ്ങളും പഠിപ്പിക്കാൻ വേദശാസ്ത്രികളും ഉപാധ്യായന്മാരും ഉണ്ടായിരുന്നു. അതുകൊണ്ടാണ് പന്ത്രണ്ടാം വയസ്സിൽ മാതാപിതാക്കളോടൊപ്പം തീർത്ഥാടകനായി എത്തിയ ബാലനായ യേശു ദേവാലയത്തിൽ തങ്ങുന്നത്.
ജ്ഞാനവൃദ്ധരുടെയും സാത്വികരുടെയും കുഞ്ഞുങ്ങളുടെയും മേളനവും ആരാധനയും അധ്യയനവും ആദരവും സംവാദവും ഭക്തിയും അനുഷ്ഠാനങ്ങളും പഴയ ജറൂസലം ദേവാലയത്തിൽ ഒരുമിച്ച് നടന്നിരുന്നു. കേന്ദ്രീകരണങ്ങളും, മൂർത്തമായ ജീവിതത്തിൽ നിന്നുള്ള അന്യവല്ക്കരണങ്ങളും ഒഴിവാക്കിയിരുന്നുവെങ്കിൽ, ദേവാലയം പടികളിറങ്ങി ജനജീവിതത്തിലേക്ക് പ്രവേശിച്ചിരുന്നുവെങ്കിൽ!
അനാവശ്യമായ പാരമ്പര്യങ്ങളും പിടിവാശികളും മൂലം കുളിവെള്ളത്തോടൊപ്പം കുഞ്ഞിനെയും എറിഞ്ഞുകളയപ്പെട്ടിട്ടുള്ളതായാണ് ചരിത്രം. അപ്രധാനമായവയെയും സുപ്രധാനമായവയെയും വ്യവഛേദിക്കാൻ കഴിവുകാട്ടാത്ത സമൂഹം നഷ്ടപ്പെടുത്തുന്ന സമയത്ത് സ്വന്തം ആണിക്കല്ല് ഇ ളക്കുകയാണെന്ന് പഠിക്കാൻ ഇനിയും എത്രകാലം വേണ്ടിവരും?