top of page

കാലം എന്ന സമസ്യ

Jan 1, 2010

2 min read

ഡോ. റോയി തോമസ്
A Sand Clock
A Sand Clock- AI generated image

കാലം നിരന്തരം ഒഴുകിക്കൊണ്ടിരിക്കുന്നു. ഈ ലോകം കാലത്തിനൊപ്പം നീങ്ങുന്നു. അപ്രതിഹതമായ ഈ കുത്തൊഴുക്കില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ ആര്‍ക്കുമാവില്ല. കാലത്തിനുള്ളിലാണ് നമ്മുടെ പ്രയാണം. ഈ യാത്രയില്‍ കാലത്തെക്കുറിച്ച് നാം ഏറെ ചിന്തിക്കുന്നു. സമയം കാലം തന്നെയാണ്. നമുക്കു സ്വന്തമായുള്ളത് കാലത്തിന്‍റെ ഒരു തുണ്ടുമാത്രമാണ്. അറുപതു വര്‍ഷങ്ങള്‍ കാലപ്രവാഹത്തില്‍ ചെറിയ തരിമാത്രമാണ്. സമയം ഒരു സമസ്യയായി നമ്മെ ചൂഴ്ന്നുനില്‍ക്കുന്നു. കാലത്തെ പിടിച്ചു നിര്‍ത്താന്‍, തോല്പിക്കാന്‍ നാം പലപ്പോഴും ആഗ്രഹിക്കാറുണ്ട്. ചിലര്‍ സമയത്തെ തോല്പിച്ചുവെന്ന് അഹങ്കരിക്കുന്നു. എന്നാല്‍ അതൊരു വിഭ്രമം മാത്രമാണ് എന്നു നാം തിരിച്ചറിയുന്നു. സ്ഥലത്തെ കീഴടക്കിയവര്‍ക്കും കാലത്തെ മറികടക്കാന്‍ കഴിയുന്നില്ല. ഓരോ നിമിഷമായി പാറിപ്പോകുന്ന കാലം നമ്മില്‍നിന്ന് എല്ലാം കവര്‍ന്നെടുക്കുന്നു.

കാലം നമ്മുടെ ജീവിതത്തില്‍ ഉത്ഭവം മുതല്‍ അവസാനം വരെ ഇടപെടുന്നു. ജനനം മുതല്‍ മരണംവരെ അതു നമ്മെ പരിവര്‍ത്തിപ്പിച്ചുകൊണ്ടാണ് കടന്നുപോകുന്നത്. ഓരോ നിമിഷവും മരണവും ജനനവും നമ്മുടെ ഉള്ളില്‍ത്തന്നെ നടക്കുന്നു. വളരെ സൂക്ഷ്മമായതിനാല്‍ നാം അതു തിരിച്ചറിയുന്നില്ല എന്നു മാത്രം. ഭൂതം, വര്‍ത്തമാനം, ഭാവി എന്നിങ്ങനെ നാം കാലത്തെ വിഭജിക്കുന്നു. ഇതൊരു അളവുകോലാണ്. അനന്തമായ കാലത്തെ പിടിച്ചുനിര്‍ത്താനുള്ള, നിയന്ത്രിക്കാനുള്ള മനുഷ്യന്‍റെ പ്രയത്നം. ഈ യത്നം പാഴാകുന്നതാണ് എന്നവന്‍ അറിയുന്നില്ല.

  കാലത്തിനു മുന്നില്‍ തലകുനിക്കാതെ ആര്‍ക്കും കടന്നുപോകാനാവില്ല. "ഭാവിയെ നാം സ്വാഗതം ചെയ്യണം, അതിവേഗം അതു ഭൂതകൂലമായിത്തീരും എന്നറിഞ്ഞുകൊണ്ട്. അതുപോലെ, ഭൂതകാലത്തെ നാം ബഹുമാനിക്കുകയും വേണം. കാരണം, ഒരു കാലത്തു മാനുഷികമായി സാധ്യമായിരുന്നതെല്ലാം അതു പ്രതിനിധാനം ചെയ്യുന്നു" എന്നാണ് ജോര്‍ജ് സന്തായന എന്ന ചിന്തകന്‍ കാലത്തെക്കുറിച്ചെഴുതുന്നത്. ഭൂതവും ഭാവിയും സങ്കല്പങ്ങളാണെന്നും വര്‍ത്തമാനകാലമാണ് യഥാര്‍ത്ഥമെന്നും ചിലര്‍ കരുതുന്നു. വര്‍ത്തമാനകാലമാണ് ഭാവിയെ നിര്‍മിക്കുന്നതെന്നും കരുതുന്നവരുണ്ട്. ഭൂതവും വര്‍ത്തമാനവും ഭാവിയുമായി നാം തിരിച്ചറിയാന്‍ ശ്രമിക്കുന്നത് കാലം തന്നെയാണ്. നാം ഉറങ്ങുമ്പോഴും കാലം ചലിക്കുന്നു. കാലത്തിന് വിശ്രമമില്ല. ഇതൊന്നും സാധാരണ മനുഷ്യര്‍ ചിന്തിക്കാറില്ല. കാലത്തിന് അവസാനമില്ല എന്ന രീതിയിലാണ് ഓരോ വ്യക്തിയും ജീവിക്കുന്നത്.

  'അനന്തമായ സമയം അള്ളാഹുവിന്‍റെ ഖജനാവിലേ ഉള്ളൂ' എന്നാണ് ബഷീര്‍ കുറിക്കുന്നത്. അനന്തമായ കാലത്തില്‍നിന്ന് ഒരു കഷണവുമായി നാം ലോകത്തിലേക്കു പിറന്നു വീഴുന്നു. അതില്‍ കൂടുതല്‍ സമയവും പാഴാക്കിക്കളയുന്നു. ദൗത്യം തിരിച്ചറിയാതെ, കാലത്തിന്‍റെ തിരയടിയില്‍ പൊങ്ങുതടിപോലെ ഒഴുകുന്നവര്‍ യഥാര്‍ത്ഥ ജീവിതമല്ല ജീവിക്കുന്നത്. കാലം അവരെ ഒഴുക്കിക്കൊണ്ടുപോവുകയാണ്. ഇവിടെ തിരഞ്ഞെടുപ്പിന്‍റെ പ്രശ്നം ഉദിക്കുന്നില്ല. മറ്റു ചിലര്‍ കാലത്തെ മൂല്യമുള്ളതായി കാണുകയും ഓരോ നിമിഷവും ക്രിയാത്മകമാക്കിത്തീര്‍ക്കുകയും ചെയ്യുന്നു. ഏതു മനുഷ്യനും ഈ ലോകത്തില്‍ തുല്യമായുള്ളത് സമയം മാത്രമാണ്. അവിടെ ആര്‍ക്കും സവിശേഷ സ്ഥാനം ലഭിക്കുന്നില്ല. 'സമര്‍ഥനായ സീസറും പ്രസിദ്ധനായ ഹോമറും സമത്വമറ്റ സോളമന്‍ തുടങ്ങിയുള്ള വിജ്ഞരും' എല്ലാം കാലചക്രത്തിന്‍റെ തിരിച്ചിലില്‍ മറഞ്ഞുപോകുന്നു. എങ്കിലും അവരുടെ കര്‍മ്മഫലങ്ങള്‍ കാലത്തെ അതിജീവിക്കുന്നു. മനുഷ്യസമൂഹത്തിനു കൈമാറുന്ന നന്മയുടെ പ്രകാശമാണ് കാലത്തെ അതിജീവിക്കുന്നത്. അതാണ് ജീവിതത്തിന്‍റെ അര്‍ത്ഥവും.  

"കാലം അനന്തമാണ് അതിനാല്‍ ഏതു നിമിഷവും മറ്റേതൊരു നിമിഷത്തെയും പോലെ വിലപ്പെട്ടതാണ്, നല്ലതുമാണ്" എന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുണ്ട്. ഓരോ നിമിഷവും മൂല്യമുള്ളതാണെന്നു തിരിച്ചറിയുന്നിടത്താണ് കര്‍മ്മത്തിന്‍റെ പ്രസക്തി കടന്നു വരുന്നത്. കാലവും തിരമാലയും ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കുകയില്ല എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. ലോകത്തിന്‍റെ സുസ്ഥിതിക്കുവേണ്ടി കര്‍മം ചെയ്യുമ്പോള്‍ കാലം മനുഷ്യനെ വെറുതെ വിടുന്നു. 'സ്നേഹിക്കുന്നവരെ കാലം വെറുതെ വിടുന്നു.' എന്നു കവി പാടുന്നതതുകൊണ്ടാണ്. സ്നേഹം നഷ്ടപ്പെടുമ്പോള്‍ ലോകം അസുന്ദരമാകുകയും വാര്‍ദ്ധക്യത്തിലേക്കു കടക്കുകയും ചെയ്യുന്നു.  കാലത്തെ പിടിച്ചുനിര്‍ത്താനുള്ള വഴി നന്മയുടേതാണ്, സ്നേഹത്തിന്‍റേതാണ് എന്നാണ് പരസ്നേഹത്താല്‍ ജ്വലിക്കുന്ന ജീവിതങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്.

  "അനന്തമായ വിശപ്പുമായി കാലം വഴിത്തിരിവില്‍ കാത്തിരിക്കുന്നു. അത് എല്ലാറ്റിനെയും വിഴുങ്ങിക്കളയുന്നു" എന്നു പറയുമ്പോള്‍ നാം ഭയപ്പെടുകയല്ല വേണ്ടത്. കാലം എന്ന സത്യത്തെ ക്രിയാത്മകമായി നേരിടുകയാണു വേണ്ടത്. 'ജനന മരണങ്ങള്‍ക്കിടയിലുള്ള സമയം കാറ്റുപോലെ പറന്നുപോകുന്നു'. അപ്പോള്‍ നാം എന്തു ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുന്നു. പല പ്രവര്‍ത്തനങ്ങളിലൂടെ ഇതിനെ പ്രതിരോധിക്കാന്‍ നാം ശ്രമിക്കുന്നു. ജീവിതത്തിന്‍റെ യഥാര്‍ത്ഥപൊരുള്‍ തിരിച്ചറിഞ്ഞവര്‍ക്ക് അങ്ങനെയൊരു വിഭ്രമമില്ല. "ഒരേ ഒഴുക്കിലേക്കു നിങ്ങള്‍ക്കു രണ്ടുതവണ ചുവടുവയ്ക്കുവാന്‍ പറ്റുകയില്ല. കാരണം കാലുറപ്പിക്കുമ്പോഴേക്കും അടുത്ത തിര വന്നു കഴിയും" എന്ന് ഹെരാക്ലിറ്റസ് പറയുന്നത് അതുകൊണ്ടാണ്. കാലത്തെ തിരിച്ചറിഞ്ഞവര്‍ക്ക് ജീവിതത്തെ മനസ്സിലാക്കാന്‍ കഴിയും. ഉള്ളിലും പുറത്തുമുള്ള കാലം വ്യത്യസ്തമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്.

  കാലത്തെക്കുറിച്ച് 'പ്രവാചകന്‍' എന്ന കൃതിയില്‍ ഖലീല്‍ജിബ്രാന്‍ ഇപ്രകാരം എഴുതുന്നു:"അളവില്ലാത്തതും അളക്കാനാവാത്തതുമായ കാലത്തെ, നിങ്ങള്‍ അളക്കും. നിങ്ങളുടെ സ്വഭാവത്തെ, മണിക്കൂറുകളും ഋതുക്കളുമനുസരിച്ച് നിങ്ങള്‍ ക്രമപ്പെടുത്തും; നിങ്ങളിലെ ചൈതന്യത്തിന്‍റെ ഗതിയെ നയിക്കുകപോലും ചെയ്യും. കാലംകൊണ്ടു നിങ്ങളൊരു നദിയുണ്ടാക്കും; കരയിലിരുന്ന് അതിന്‍റെ പ്രവാഹത്തെ നിങ്ങള്‍ നിരീക്ഷിക്കും. നിങ്ങള്‍ക്കുള്ളില്‍ പാടുന്നതും ധ്യാനിക്കുന്നതുമായ ചൈതന്യം നക്ഷത്രങ്ങളെ വ്യോമവിശാലതയില്‍ വാരിവിതറിയ ആ ആദി നിമിഷത്തിന്‍റെ അതിരുകള്‍ക്കുള്ളില്‍, ഇപ്പോഴും ആവസിക്കുന്നുവെന്നും അറിയുന്നു.

  നിസ്സീമവും സ്വന്തം ജീവസത്തയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതും, സ്നേഹചിന്തയില്‍നിന്നു സ്നേഹചിന്തയിലേക്കും സ്നേഹകര്‍മ്മങ്ങളില്‍നിന്നു സ്നേഹകര്‍മ്മങ്ങളിലേക്കും സഞ്ചരിക്കാത്തതുമായ, ആ സ്നേഹത്തെ, എന്നിട്ടും ആരാണ് അനുഭവിച്ചറിയാത്തത്? സ്നേഹത്തെപ്പോലെ തന്നെ കാലവും അഖണ്ഡവും നിശ്ചലവുമല്ലേ?" കാലം സ്നേഹമാണെന്നാണ് ജിബ്രാന്‍ എടുത്തു പറയുന്നത്.


Featured Posts

bottom of page