top of page
പ്രസാദത്തിലേക്ക് 14 പടവുകള്‍

വിഷാദരോഗ (depression)ത്തിനും അതിന്‍റെ അതി തീവ്ര നിലയായ വിരുദ്ധ ധ്രുവ മാനസികവ്യതിയാനത്തിനും മരുന്നില്ലാ ചികില്‍സയായി ഡോ ലിസ് മില്ലര്‍ സ്വാനുഭവത്തില്‍ നിന്ന് ആവിഷ്കരിച്ച 14 ദിവസം കൊണ്ടു പൂര്‍ത്തിയാകുന്ന മനോനില ചിത്രണം (mood mapping) പന്ത്രണ്ടാം ദിനത്തിലാണ് നാമിപ്പോള്‍ ,. വിഷാദത്തില്‍ നിന്നുള്ള ശാശ്വതമോചനമാണ് നാം ഇവിടെ ചര്‍ച്ച ചെയ്യുക. വിഷാദത്തില്‍ നിന്ന് ശാന്തതയിലേക്കും കര്‍മ്മോല്‍സുകതയിലേക്കും നമ്മെ കരകയറ്റുന്നതിന് നമ്മുടെ വിഷാദപൂര്‍ണമായ മനോനില (depressive 'mood) മാറേണ്ടതുണ്ട്. അതിന് മനോനില (mood)യെ സ്വാധീനിക്കുന്ന അഞ്ചു ഘടകങ്ങളില്‍ മാറ്റം വരേണ്ടതുണ്ട്. പ്രസാദാത്മക മനോനിലയിലേക്കുള്ള അഞ്ചു താക്കോലുകളാണ് നമ്മുടെ ചുറ്റുപാട് , ശാരീരിക ആരോഗ്യം. നമ്മുടെ ബന്ധങ്ങള്‍, നമ്മുടെ അറിവ്, നമ്മുടെ സ്വഭാവം എന്നിവ. നമ്മുടെ ചുറ്റുപാടും ആരോഗ്യവും മെച്ചപ്പെടുത്തേണ്ടതെങ്ങിനെയെന്ന് കഴിഞ്ഞ അധ്യായങ്ങളില്‍ നാം കണ്ടു നമ്മുടെ ബന്ധങ്ങള്‍ മെച്ചപ്പെടുത്തി ശാന്തവും കര്‍മ്മോല്‍സുകവുമായ മനോനില (mood) യിലേക്ക് ചുവടുവയ്ക്കുന്നതിനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ ഈ ലക്കത്തില്‍ നമുക്ക് ചര്‍ച്ച ചെയ്യാം
താങ്ങായി കൂടെ നില്‍ക്കുന്ന ബന്ധങ്ങള്‍ക്ക്, മനോനിലയെ സ്വാധീനിക്കുന്ന മറ്റേതു ഘടകങ്ങളേക്കാളും വിഷാദത്തില്‍ നമ്മെ സഹായിക്കാനാവും. കുടുംബവും കൂട്ടുകാരുമാണ് കഠിനകാലങ്ങളില്‍ കരുത്താകുക. അതേസമയം നമ്മുടെ അന്തസിനെയും ആത്മവിശ്വാസത്തെയും മാനിക്കാത്തവര്‍ നമ്മുടെ മനോനില തകര്‍ക്കും. അവരുടെ വഴിയില്‍ നിന്ന് മാറി നടക്കുക.
ശരിയായ ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ചില പ്രായോഗിക നിര്‍ദേശങ്ങള്‍ ഇതാ
1 നമ്മുടെ സുഹൃദ്ബന്ധങ്ങള്‍ വിശകലനം ചെയ്യുക
നരകസമാനമോ പ്രക്ഷുബ്ധമോ ആണെങ്കില്‍ പോലും ചില സൗഹൃദ ബന്ധങ്ങളില്‍ നാം കടിച്ചു തൂങ്ങിക്കിടക്കും. എല്ലാ സുഹൃദ് ബന്ധങ്ങളും എല്ലാക്കാലത്തേക്കും കാത്തുസൂക്ഷിച്ചു കൊള്ളണമെന്ന് ഒരു നിയമവുമില്ലെന്ന് ഓര്‍ക്കുക. നമ്മെ ദോഷകരമായി ബാധിക്കുന്ന അസ്വസ്ഥരാക്കുന്ന, അതുവഴി നമ്മെ ദുര്‍ബലരാക്കുന്ന സൗഹൃദങ്ങള്‍ ഒഴിവാക്കുന്നതില്‍ ഒരു തെറ്റുമില്ല. സൗഹൃദങ്ങളില്‍ ഒരു മാറ്റത്തിന് തീര്‍ച്ചയായും സമയമായിരിക്കുന്നു.
2 കുടുംബ ബന്ധങ്ങളോടുള്ള മനോഭാവം മാറ്റുക
തീര്‍ച്ചയായും, നമുക്ക് നമ്മുടെ കുടുംബത്തെ തിരഞ്ഞെടുക്കാനാവില്ല. പക്ഷേ കുടുംബാംഗങ്ങളുടെ ഹൃദയംഗമമായ താങ്ങും തണലും നമുക്ക് ഉറപ്പായും നേടിയെടുക്കാനാവും . അതിന് ആദ്യമായി കുടുംബാംഗങ്ങളുടെ മേല്‍ നാം വച്ചുപുലര്‍ത്തുന്ന അമിത പ്രതീക്ഷ ഉപേക്ഷിക്കേണ്ടതുണ്ട്. എല്ലാവരും കുറവുകളുള്ള മനുഷ്യരാണ്. തുറന്നു പറയാതെ നമ്മുടെ മാനസികാവസ്ഥ അവര്‍ക്ക് മനസിലായെന്ന് വരില്ല. നമുക്ക് അവരുടെ താങ്ങും തണലും ആവശ്യമാണെന്ന് അവരോട് തുറന്നു പറയാം.
3 വ്യത്യസ്ത മനോനിലയ്ക്ക് വ്യത്യസ്ത കൂട്ടുകാര്‍
മാനസികമായി കരുത്തുള്ള സമയത്ത് ഞാന്‍ ആസ്വദിക്കുന്ന ചില സൗഹൃദങ്ങളുണ്ട്. എന്നാല്‍ മനസ് തളര്‍ന്നിരിക്കുമ്പോള്‍ അവര്‍ അടുത്തുണ്ടാവുന്നത് സഹായകരമായി അനുഭവപ്പെട്ടിട്ടില്ല തളര്‍ച്ചയില്‍ നിങ്ങളെ ഉയര്‍ത്തുവാന്‍ പോന്ന ആളുകളുടെ അരികത്താവാന്‍ ശ്രമിക്കുക അതുപോലെ നമ്മുടെ മനോനിലയെ കുഴപ്പിക്കാന്‍ സാധ്യതയുള്ളവരെ ഒഴിവാക്കുക. ചെറിയൊരു ഇടവേളയിലേക്കുള്ള താല്‍ക്കാലിക ക്രമീകരണമാണെങ്കിലും മനോനിലയെ അധീനതയില്‍ നിര്‍ത്താന്‍ അതു നമ്മെ സഹായിക്കും.
4 അടച്ചിരിക്കാനുള്ള പ്രലോഭനത്തെ അതിജീവിക്കുക.
തകര്‍ന്ന, തളര്‍ന്ന മാനസികാവസ്ഥ സ്വയം അടച്ചുപൂട്ടി അകത്ത് ചടഞ്ഞിരിക്കാന്‍ നമ്മെ പ്രലോഭിപ്പിക്കും. ആളുകളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ അത് നമ്മെ പ്രേരിപ്പിക്കും. എന്നാല്‍ ഏകാന്തത വിഷാദത്തെ വല്ലാതെ കനപ്പെടുത്തും. കൂടെയുണ്ട്, കൂടെയാണ് എന്ന അനുഭവം വിഷാദത്തില്‍ കൈത്താങ്ങാവുകയും ചെയ്യും , ഉദാഹരണത്തിന് നമ്മുടെ മുറിയില്‍ ഒറ്റപ്പെടലിന്‍റെ ശൈത്യത്തിലിരുന്ന് ടി വി കാണുന്നതിനേക്കാള്‍ എത്രയോ ഊര്‍ജദായകമാണ് തിയറ്ററില്‍ മനുഷ്യരുടെ ഊഷ്മളതയിലിരുന്ന് സിനിമ കാണുന്നത്.
5 സംസാരിക്കുക
സംസാരം തീര്‍ച്ചയായും വിഷാദാവസ്ഥയില്‍ സഹായകരമാണ്. കഴിയുമെങ്കില്‍ അടുപ്പമേറെ ഉള്ളവരുമായി അടുത്തിരുന്ന് സംസാരിക്കുക. അത് നമ്മുടെ അകത്തും പുറത്തുമുള്ള അശുഭങ്ങളെ അകറ്റി നിര്‍ത്തും . അതിനു കഴിഞ്ഞില്ലെങ്കില്‍ ഫോണെടുത്ത് വിളിക്കുക, വേണ്ടപ്പെട്ടവരെ. മറുവശത്തു നിന്നു വരുന്ന ഊഷ്മളമായ ശബ്ദം നിങ്ങള്‍ക്ക് ഉന്മേഷം പകരും.
(തുടരും)
Featured Posts
Recent Posts
bottom of page