top of page

ഉള്‍ക്കരുത്തേകാനായി...

Nov 2, 2009

2 min read

സS
a nun and a child from a village
Imaginary picture- Ai generated image

ആന്ധ്രയിലെ ഒരു ഉള്‍പ്രദേശമാണ് പാറക്കാല. അന്‍പതിനായിരത്തോളമുണ്ട് അവിടുത്തെ ജനസംഖ്യ. ബഹുഭൂരിപക്ഷവും കീഴ്ജാതിക്കാരാണ്. പതിനാറ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളും നാലു ബി. എഡ്. കോളേജുകളുമുണ്ട് അവിടെ. ഒക്കെയും മേല്‍ജാതിക്കാര്‍ക്കും സമ്പന്നര്‍ക്കുമുള്ളതാണ്. (എല്ലാവരും അങ്ങു പഠിപ്പുള്ളവരായാലോ? പണിയാന്‍ ആളുവേണ്ടേ? കേരളത്തില്‍ ഇന്നു സ്വരം താഴ്ത്തിപ്പറയുന്ന ഇക്കാര്യം പാറക്കാലയിലെ മേലാളന്മാര്‍ ഒരു കൂസലും കൂടാതെ പറയുന്നു, നടപ്പിലാക്കുന്നു.) കീഴ്ജാതിക്കാര്‍ക്ക് പണിയൊക്കെയുണ്ട്- മേലാളന്മാരുടെ പന്നി, പശു, ആട്, എരുമ, പോത്ത് ഇവറ്റയെയൊക്കെ വളര്‍ത്തുക. കുറച്ചു പൈസയും കിട്ടും. അവരുടെ വരും തലമുറക്കാര്‍ക്കും ഈ പണി 'റിസേര്‍വ്' ചെയ്തിരിക്കുകയാണ്. പക്ഷേ, ഒരാട് എങ്കിലും നഷ്ടപ്പെട്ടാല്‍, കൂലിപ്പണിക്കാരന്‍റ കാര്യം കഷ്ടത്തിലായതു തന്നെ. അവിടങ്ങളിലെ ഏതു തര്‍ക്കങ്ങള്‍ക്കും പരിഹാരം 'സര്‍പഞ്ച്' എന്ന മനുഷ്യനില്‍ നിന്നാണു അവര്‍ക്കു ലഭിക്കുക. നീതിയും അനീതിയും തെറ്റും ശരിയും എല്ലാം അയാള്‍ തീരുമാനിച്ചുറപ്പിക്കുന്നതുപോലെ. പോലീസും പട്ടാളവും വെറും നോക്കുകുത്തികള്‍ മാത്രം.

സംശയിക്കേണ്ട, ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ, വികസനത്തിലേക്കു 'കുതിച്ചു' കൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഒരു പ്രദേശം തന്നെ. പ്രകൃതിയും തന്നാല്‍ ആവുംവിധം ഈ ജനതയെ പീഡിപ്പിക്കുന്നുണ്ട്. ഒന്നുകില്‍ അതിശൈത്യം, അല്ലെങ്കില്‍ അതികഠിനമായ ചൂട്. ഇവരുടെ ആരോഗ്യസ്ഥിതി പരിതാപകരമാണ്. എയ്ഡ്സ് വല്ലാതെ വ്യാപിച്ചിട്ടുണ്ട്.

ഉള്ളില്‍ പതഞ്ഞുപൊങ്ങുന്ന ശാപവാക്കുകളും നിരാശയും വെറുപ്പും എവിടെയെങ്കിലുമൊക്കെ ഒന്നു കെട്ടഴിച്ചു വിടണ്ടേ? അതിനുള്ള മാര്‍ഗ്ഗമാണ് കുട്ടികള്‍. അപ്പനും അമ്മയും പണിചെയ്തു വലഞ്ഞ്, ക്ഷീണം മാറ്റാന്‍ കള്ളും മോന്തി വീട്ടില്‍ വരും. ശിക്ഷമാത്രം അത്തരം കുടുംബങ്ങളില്‍ നിന്നും കുട്ടികള്‍ക്കു ലഭിക്കുന്നു. പന്ത്രണ്ടും പതിമൂന്നും വയസ്സാകുമ്പോഴേക്കും പെണ്‍കുഞ്ഞുങ്ങള്‍ അമ്മമാരായിത്തീരുന്നു. പിറന്ന ജാതി താഴ്ന്നതായതുകൊണ്ട് വിഭ്യാഭ്യാസം നിഷേധിക്കപ്പെടുന്നു. കരിഞ്ഞ സ്വപ്നങ്ങളും ചിറകറ്റ പ്രതീക്ഷകളുമായി ആ കുഞ്ഞുങ്ങള്‍ പ്രാഞ്ചി പ്രാഞ്ചി നടക്കുന്നു.

ഞാന്‍ വിശ്വസിക്കുന്ന വേദഗ്രന്ഥം എന്നെ പഠിപ്പിച്ചത് ദൈവം തന്‍റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചുവെന്നാണ്. പാറക്കാലയിലെ മനുഷ്യരും അവന്‍റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടവരോ? അതെ, തീര്‍ച്ചയായും അതെ. പക്ഷേ അതു വികൃതമാക്കപ്പെട്ടിരിക്കുന്നു. അതിന്‍റെ പുനഃസ്ഥാപനം എന്‍റെയും നിന്‍റെയും ദൗത്യമാണ്. ഈ ഉള്‍വെളിച്ചമാണ് എന്നെ പാറക്കാലയിലെത്തിച്ചത്. എന്‍റെ ഗുരുനാഥന്‍ എന്നില്‍ മെനഞ്ഞെടുത്ത കരുണാര്‍ദ്രമായ ഒരു ഹൃദയം - അതുമാത്രമായിരുന്നു കൈയിലെ കരുത്ത്. അപരിചിതമായ ഭാഷ, പ്രതികൂലമായ കാലാവസ്ഥ, തീര്‍ത്തും ദരിദ്രമായ ചുറ്റുപാടുകള്‍... ഒക്കെയും കൂടുതല്‍ കൂടുതല്‍ സാഹസികമായി ജീവിക്കാന്‍ വെല്ലുവിളിക്കുകയായിരുന്നു. ഈ മനുഷ്യര്‍ക്ക് കൊടുക്കേണ്ടത് പിച്ചക്കാശോ ഇംഗ്ലീഷ് മീഡിയം സ്കൂളോ അല്ലെന്നു വ്യക്തമായ ബോദ്ധ്യമുണ്ടായിരുന്നു. ഇവരിലെ ആത്മാഭിമാനം ഊതി ജ്വലിപ്പിക്കണം - അതിനായിരുന്നു ഞങ്ങളുടെ ശ്രമം. ഇവരില്‍ ഏറ്റവും അവഗണിക്കപ്പെട്ടവര്‍ ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളാണ്. (പോഷകാഹാരക്കുറവും മറ്റും മൂലം ആകെയംഗങ്ങളുടെ പന്ത്രണ്ടു ശതമാനവും ബുദ്ധിശക്തി കുറഞ്ഞവരാണ്). അവരുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി അവരെ സ്നേഹിക്കുന്നു എന്നു പറയാന്‍ ആരുമില്ലായിരുന്നു. അതുകൊണ്ട് അത്തരത്തിലുള്ള അന്‍പതുകുട്ടികളുടെ സംരക്ഷകരായി ഞങ്ങള്‍ മാറി. ശൈശവത്തിന്‍റെ തിമിര്‍പ്പും ചിരിയും സാവധാനം അവരില്‍ പുനര്‍ജ്ജനിക്കുന്നതു കണ്ടുകണ്ട് ഞാന്‍ കൃതാര്‍ത്ഥയായി.

വെല്ലുവിളികള്‍ ഇല്ലാതിരുന്നില്ല. ഒരു രാത്രി കുറെ നക്സലൈറ്റുകള്‍ മഠത്തിലേയ്ക്ക് ഇരച്ചുകയറി. ഫണ്ടുണ്ടോ, കുട്ടികളെ ശിക്ഷിക്കുന്നുണ്ടോ, അവരില്‍ നിന്ന് ഫീസ് ഈടാക്കാറുണ്ടോ ഇവയെല്ലാം അറിയാനാണ് വന്നത്. അവരുടെ ഭാഷയൊന്നും എനിക്കു വലിയ തിട്ടമില്ല. അവര്‍ക്ക് ഇരിക്കാന്‍ ഇരിപ്പിടവും കുടിക്കാന്‍ വെള്ളവും കൊടുത്തു. പിന്നെ നന്നായൊന്നു പുഞ്ചിരിച്ചു. പെട്ടെന്നായിരുന്നു അവരുടെ ഗൗരവഭാവം എങ്ങോ പോയി മറഞ്ഞത്. കുട്ടികള്‍ക്ക് ഞങ്ങളോടുള്ള സ്നേഹം അവര്‍ വന്ന് കണ്ട് അറിഞ്ഞു. അവര്‍ തിരിച്ചു പോകുമ്പോഴേക്കും ഞങ്ങളുമായി ചങ്ങാത്തത്തിലായിക്കഴിഞ്ഞിരുന്നു.

ഇന്നു ഞാന്‍ രോഗശയ്യയിലാണ്. പേനയെടുത്ത് ഒന്നെഴുതാന്‍ പോലും നന്നായി ക്ലേശിക്കേണ്ടിവരുന്നുണ്ട്. കഥയും കവിതയും എഴുതിയും പടം വരച്ചും പ്രസംഗം പറഞ്ഞും നടന്ന നാളുകള്‍ ഓര്‍മ്മ മാത്രമായി. എങ്കിലും ഉള്ളില്‍ നിറവുണ്ട്. കുറെ കുട്ടികളുടെ കണ്ണുകളിലേക്ക് നോക്കി മകനേ, മകളേ എന്നു വിളിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരിക്കലും ആ ഒരു കഴിവ് എന്നില്‍ നിന്നും എടുത്തു മാറ്റാതിരുന്നെങ്കില്‍!...

Featured Posts

bottom of page