top of page
വിഷാദത്തില്‍നിന്ന് പ്രസാദത്തിലേയ്ക്ക് പതിനാലുദിവസംകൊണ്ട് പരിവര്‍ത്തനം. വിഷാദരോഗ(depression)ത്തിന്‍റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാ(Bipolar depression)ത്തില്‍പെട്ട് ജീവിതം തകര്‍ന്ന ഡോ. ലിസ്മില്ലര്‍ സ്വന്തം അനുഭവത്തില്‍നിന്ന് രൂപംനല്കിയ മരുന്നില്ലാ ചികിത്സയായ മനോനിലചിത്രണ (Mood Mapping)ത്തിന്‍റെ ആറാം ദിവസം നാം ജീവിക്കുന്ന ചുറ്റുപാടുകള്‍ നമ്മുടെ മനോനില (Mood) യില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് വിചിന്തനം ചെയ്യുന്നു. നമ്മുടെ ചുറ്റുപാടുകളെയും അതുവഴി മനോനിലയെയും മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ഈ ലക്കത്തില്‍ ആരായുന്നു.
ചുറ്റുപാടുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഹ്രസ്വകാലപദ്ധതികള്‍ കഴിഞ്ഞലക്കത്തില്‍ നാം കണ്ടു. ഈ ലക്കത്തില്‍ നാം ദീര്‍ഘകാലപദ്ധതികളെക്കുറിച്ച് ആലോചിക്കുന്നു.
ചുറ്റുപാടുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ദീര്‍ഘകാലപദ്ധതികള്‍
ഈ ദീര്‍ഘകാലപദ്ധതികള്‍ക്കായി നിങ്ങള്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വന്നേക്കാം. അതു നിങ്ങളുടെ മനോനിലയില്‍ വരുത്തുന്ന നല്ല മാറ്റം അതിനാല്‍ത്തന്നെ ദീര്‍ഘകാലം നിലനില്‍ക്കും.
1. അനുയോജ്യമായ താമസസ്ഥലം
നിങ്ങളുടെ താത്പര്യങ്ങള്‍ക്ക് അനുസൃതമായ അനുയോജ്യമായ സ്ഥലത്താണോ നിങ്ങള്‍ താമസിക്കുന്നതെന്ന് ആദ്യം തിട്ടപ്പെടുത്തുക. ഉള്ളുകൊണ്ട് നാട്ടിന്‍പുറത്തുകാരനായ നിങ്ങള്‍ ഇപ്പോള്‍ പട്ടണത്തില്‍ കുടുങ്ങിക്കിടക്കുകയാണോ? അതോ നഗരത്തിലെ തിരക്കുള്ള ജീവിതം ഇഷ്ടപ്പെടുന്ന നിങ്ങള്‍ ഗ്രാമത്തിലെ സാവകാശസാഹചര്യങ്ങളില്‍ മുഷിഞ്ഞിരിക്കുകയാണോ? നിങ്ങള്‍ എവിടെയാണിപ്പോള്‍? എവിടെ ജീവിക്കാനാണ് നിങ്ങള്‍ ഇഷ്ടപ്പെടുക? അതു പരിഗണിക്കുക. ഇരുപതുകളിലെ നിങ്ങളുടെ ഇഷ്ടമായിരിക്കില്ല മുപ്പതുകളില്‍. നിങ്ങള്‍ക്ക് യോജിച്ച ചുറ്റുപാട് ഏതെന്ന് അല്പം ആഴത്തില്‍ ആലോചിക്കുക. ആ ചുറ്റുപാടില്‍ ഒരു താമസസ്ഥലം കണ്ടെത്താനുള്ള നീക്കം തുടങ്ങുക.
2. പുതുക്കല്‍, അഴിച്ചുപണി
ഒരു മാറ്റം അസാധ്യമെങ്കില്‍ ഉള്ളതൊന്നു പുതുക്കുന്നതിനെക്കുറിച്ചു ചിന്തിക്കാം. ഇപ്പോഴുള്ള വീട്ടില്‍ ഉണ്ടാവണമെന്നു നിങ്ങള്‍ ഏറ്റം ആഗ്രഹിക്കുന്നതെന്ത്? എന്ത് മാറ്റത്തിനു നിങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്താന്‍ കഴിയും? ഒരു പഠനമുറി? ഒരു ലൈബ്രറി? കുട്ടികള്‍ക്കൊരു കളിമുറി? മെച്ചപ്പെട്ടൊരു അടുക്കള? നിങ്ങളുടെ ചുറ്റുപാടുകള്‍ക്കുമേല്‍ നിങ്ങള്‍ക്കു നിയന്ത്രണം ഉണ്ടാവേണ്ടത് നിങ്ങളുടെ മാനസികാരോഗ്യത്തിന് അത്യന്തം അനുപേക്ഷണീയമായ ഘടകമാണെന്നറിയുക. നിങ്ങളുടെ ആഗ്രഹങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ച് മാറ്റം വരുത്താന്‍ അവകാശമുള്ള സ്വന്തമായൊരു വീടു വേണമെന്നു പറയുന്നതിന്‍റെ യുക്തി അതാണ്.
3. വര്‍ദ്ധിച്ച വരുമാനം
സാമ്പത്തിക സ്വാശ്രയത്വം വലിയൊരു സ്വാതന്ത്ര്യം തന്നെയാണ്. നമുക്ക് ഇഷ്ടപ്പെട്ട ചുറ്റുപാടില്‍ ജീവിക്കാനുള്ള സാഹചര്യം അതു നമുക്കു നല്കുന്നു. സ്ഥിരവരുമാനത്തിന് ഒരു തൊഴില്‍വൈദഗ്ദ്ധ്യവും അതു നിരന്തരം മെച്ചപ്പെടുത്തുന്നതിനുള്ള സാധനയും ആവശ്യമാണ്. സാമ്പത്തിക പ്രോത്സാഹനം ലഭിച്ചെങ്കില്‍ മാത്രമേ പലരും എന്തെങ്കിലുമൊക്കെ ചെയ്യൂ എന്നൊരു അവസ്ഥയുണ്ട്. നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ വ്യക്തമായി അറിഞ്ഞ് ആവശ്യമായ വരുമാനം ഉറപ്പാക്കേണ്ടത് മാനസിക ആരോഗ്യത്തിന് അത്യാവശ്യമത്രേ.
4. പൂന്തോട്ടം
നാട്ടുകാരെ കാണിക്കാന്‍ വലിയൊരു ഉദ്യാനം പണിയണം എന്നല്ല ഇവിടെ ഉദ്ദേശ്യം. മണ്ണും പ്രകൃതിയുമായി ബന്ധം പുനസ്ഥാപിക്കാന്‍ ഒരു മാര്‍ഗം, അതാണ് നമ്മുടെ ലക്ഷ്യം. ഉള്ള സ്ഥലത്ത് നിങ്ങള്‍ക്കു കുറച്ചു പച്ചക്കറികള്‍ നടാം. അല്ലെങ്കില്‍ ഔഷധച്ചെടികള്‍. ഒന്നും വേണ്ട അല്പം ധാന്യമണികള്‍ വിതറി അതു തിന്നാന്‍ വരുന്ന പക്ഷികളോടൊപ്പം ചെലവഴിക്കാന്‍ അല്പം സ്ഥലം, അതു മതി. ഒരു ചെറിയ ബാല്‍ക്കണിയേ നിങ്ങള്‍ക്ക് ഇപ്പോള്‍ ലഭ്യമായുള്ളൂ എന്നു വരാം. അല്ലെങ്കില്‍ നിങ്ങളുടെ ജനാലപ്പടികള്‍ മാത്രം. കുറച്ചു പച്ചയും പൂക്കളുംകൊണ്ട് അവിടം സമ്പന്നമാക്കുക. ചുറ്റുമുള്ള കോണ്‍ക്രീറ്റ് കൂടാരത്തില്‍നിന്ന് നിങ്ങളെ സംരക്ഷിക്കാന്‍ പ്രകൃതിയുടെ ഒരു സംരക്ഷണവലയം.
5. ചുമര്‍ചിത്രങ്ങള്‍
കല നിങ്ങള്‍ കരുതുന്നതുപോലെ അത്ര ചെലവുള്ള കാര്യമൊന്നുമാകണമെന്നില്ല. മറിച്ച് അതു നിങ്ങളുടെ സന്തോഷത്തിന് ഒരു മുതല്‍ക്കൂട്ടായിരിക്കുകയും ചെയ്യും. കുറെ ഓഹരികള്‍ വാങ്ങി അതിന്‍റെ സര്‍ട്ടിഫിക്കറ്റ് ചുവരില്‍ തൂക്കുന്നതിലും എത്ര മെച്ചമാണ് മികച്ച ചില ചിത്രങ്ങള്‍ നിങ്ങളുടെ ചുവരുകളെ അലങ്കരിക്കുന്നത്.
6. സംഗീതം
നിങ്ങള്‍ പാട്ടുകാരനൊന്നുമല്ല. പക്ഷേ കുളിമുറിയില്‍ പാടാന്‍ ആരുടെയും അനുവാദം വേണ്ടല്ലല്ലോ. അതു നിങ്ങളുടെ മനോനിലയില്‍ വരുത്തുന്ന മാറ്റം അനുഭവിച്ചുതന്നെ അറിയണം. സംഗീതപാഠങ്ങള്‍ ഔപചാരികമായി അഭ്യസിക്കുന്നത് സംഗീതം നന്നായി ആസ്വദിക്കാന്‍ നിങ്ങളെ സഹായിക്കും. വയലിന്‍ പഠിച്ചിട്ടുണ്ടെങ്കിലും എന്‍റെ വയലിന്‍ വായന ആര്‍ക്കും ഇഷ്ടപ്പെടണമെന്നില്ല. പക്ഷേ വയലിന്‍ നന്നായി ആസ്വദിക്കാന്‍ അതെന്നെ സഹായിക്കുന്നുണ്ട്. മനസ്സിനു അയവു നല്കാന്‍ സംഗീതംപോലെ മഹത്തായ മറ്റൊന്നില്ല തന്നെ.
7. സൗണ്ട്പ്രൂഫ് ബെഡ്റൂം
നിങ്ങളുടെ കിടപ്പുമുറിയില്‍ ശബ്ദകോലാഹലങ്ങള്‍ കടന്നെത്തുന്നുവെങ്കില്‍ അതു ശബ്ദത്തെ പ്രതിരോധിക്കുന്നതാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുക. അതു നിങ്ങളുടെ ഉറക്കത്തെ ആഴപ്പെടുത്തും. മനോനില മെച്ചപ്പെടുത്തും. (തുടരും)
Featured Posts
bottom of page