top of page

സൗമ്യയ്ക്ക്...

Mar 1, 2011

1 min read

Drawing of harassment against women
Drawing of harassment against women

ഞാനെല്ലാം കാണുന്നുണ്ട്... എല്ലാമറിയുന്നുമുണ്ട്

അമ്മയുടെ അലമുറ, അച്ഛന്‍റെ തേങ്ങല്‍,

ഏട്ടന്‍റെ നെഞ്ചിലെ ഉമിത്തീ... എല്ലാമെല്ലാം...

എനിക്കു കരയാന്‍കഴിയില്ലല്ലോ... ഞാന്‍ മരിച്ചതാണല്ലോ...

അല്ല, എന്നെ കൊന്നതാണല്ലോ...

ഒരു ജീവന്‍, അതൊരു പുഴുവായാലും പാറ്റയായാലും

ഉറുമ്പായാലും കിളിയായാലും മൃഗമായാലും മനുഷ്യനായാലും

അന്തസ്സോടെ വേണ്ടേ കൊല്ലാന്‍?

അറവുശാലയില്‍ മൃഗത്തോടനുവാദം

ചോദിച്ചല്ലോ നിങ്ങള്‍; പിന്നെ

എന്നെയെന്തേ ഒന്നും ചോദിക്കാതെ കൊന്നുകളഞ്ഞു...

തുലച്ചു കളഞ്ഞു... തകര്‍ത്തു കളഞ്ഞു...

അതെ, സോദരിമാരെ, നിങ്ങള്‍-

ഉടയ്ക്കപ്പെടാനുള്ള കുടങ്ങളാണ്...

അമ്മയുടെ അടിവയറ്റില്‍ വച്ച് അവനാദ്യം

നിന്നെ കടന്നുപിടിക്കും... ഞെരിച്ചു കൊല്ലും...

നീ രക്ഷപെട്ടു പുറത്തുവന്നാല്‍, മിഠായി കാട്ടി വിളിക്കും

നിന്‍റെ നിഷ്കളങ്കതയില്‍ അവന്‍ ആസക്തിയുടെ

വിഷം നിറയ്ക്കും... നിന്നെ കശക്കിയെറിയും

പിന്നെയും നീ തുടര്‍ന്നാല്‍...

നിന്നെ ബസില്‍വച്ചും ബസ്സ്റ്റോപ്പില്‍ വച്ചും

ഓഫീസ് ക്യാബിനില്‍വച്ചും പബ്ലിക് ടോയ്ലറ്റില്‍ വച്ചും

ട്രെയിനില്‍വച്ചും റെയില്‍പാളത്തില്‍ വച്ചും; എന്തിനേറെ

അവന്‍റെയമ്മയുടെ മടിയില്‍വച്ചു പോലും

അവന്‍ നിന്നെ ഭോഗിക്കും..

നീ കുതറി മാറിയാല്‍, രക്ഷപെട്ടെന്നു തോന്നിയാല്‍

അവസാന ആയുധം അവന്‍ നിന്‍റെ കഴുത്തിലണിയിക്കും

വില കുറഞ്ഞൊരു ചരടുകൊണ്ടവന്‍

സാംസ്കാരിക സമൂഹത്തില്‍ ലൈസന്‍സെടുക്കും

നിന്നെ യഥേഷ്ടം കുടിച്ചുവറ്റിക്കാനുള്ള ലൈസന്‍സ്.

പത്രത്താളുകളില്‍, ചാനല്‍ ചര്‍ച്ചകളില്‍ നീ

പീഡിപ്പിക്കപ്പെട്ടവളായി അവസാനിക്കും.

അവന്‍... പുരുഷന്‍... കൈയില്ലാത്തവന്‍...

കണ്ണില്ലാത്തവന്‍... ചെകിടന്‍... കുഷ്ഠരോഗി...

പക്ഷേ, മരണക്കിടക്കയിലുമുണരും

അവന്‍റെ ആസക്തിയുടെ പീഡനദണ്ഡ്...

എനിക്കു ജന്മം നല്കിയവര്‍, എന്‍റെ കൂടെപ്പിറപ്പ്....

അവരുടെ സ്വപ്നങ്ങള്‍, എന്‍റെ സ്വപ്നങ്ങള്‍

വാര്‍ന്നുപോയിക്കഴിഞ്ഞിരിക്കുന്നുവല്ലോ

എന്‍റെ ചൂടുചോരയോടൊപ്പം.

എന്‍റെ നിലവിളി കേള്‍ക്കാത്ത, എന്‍റെ ശരീരം തല്ലിക്കെടുത്തിയ

പാളങ്ങള്‍ വീണ്ടു കീറും... ട്രെയിനുകള്‍ പാളംതെറ്റും

എന്‍റെ ജീവിതം പോലെ...

ഞാന്‍ മരിച്ചു കഴിഞ്ഞു... എന്നെ കൊന്നുകഴിഞ്ഞു...

പക്ഷേ, ഞാന്‍ പോകില്ല, കാത്തിരിക്കുന്നു

ആ ദിവസത്തിനായി, അന്ന്

അരയ്ക്കു താഴെ ശൂന്യതയുമായി

പുരുഷകേസരികള്‍ പിറക്കും

നപുംസകങ്ങളായി, ഷണ്ഡന്മാരായി,

പരിഹാസപാത്രങ്ങളായി ഒന്നിനും

കൊള്ളാത്തവരായി 'അവന്‍'മാര്‍ അലറിപ്പാഞ്ഞു നടക്കും

അവന്‍റെ ആസക്തിയുടെ മുള്ളുകള്‍ മുറിഞ്ഞ്

അവന്‍റെ മനസ്സില്‍ നിറഞ്ഞ വിഷം പുറത്തേയ്ക്കൊഴുകും

അവനൊരു മനുഷ്യനാകും.

അന്നു ഞാന്‍ പോകും എല്ലാവരേയും കൂട്ടി

എനിക്കു മുമ്പേ മരിക്കാന്‍ വിധിക്കപ്പെട്ട എന്നാല്‍

പോകാന്‍ കഴിയാതെ അലഞ്ഞുതളര്‍ന്ന്

പുഴുത്തുനാറിയ കുറെ പെണ്‍പ്രേതങ്ങളെയും കൊണ്ട്.

Featured Posts

bottom of page