top of page

നീ പടര്‍ന്നത്
എന്നിലേക്കല്ല
എന്‍റെ ശരീര-
ത്തിലേക്കെന്നറി-
ഞ്ഞതിപ്പോഴാണ്
ഒരിക്കലെങ്കിലും
തിരികെ വന്നു നീ
കാണുക
നീയുപേക്ഷിച്ച
നിന്‍റെ ശുദ്ധിയു-
മാത്മാവും ഒരു
കയറില്‍ തൂങ്ങി
കണ്‍മിഴിച്ചാടുന്നു-
ണ്ടെന്‍റെയുള്ളില്‍
വിത്തുകള്‍
വാക്കുകള്‍
മറ്റുള്ളവരില്‍
എറിയുന്ന
വിത്തുകള്‍
മരമായിവളരും
ഒരിക്കലത്
തണലായി മാറും
അല്ലെങ്കില്‍
വിഷം പേറിയ
കനിയായി
നിനക്കായി
കാത്തിരിക്കാം
കരച്ചിലല്ല കാവല്‍
മരത്തെക്കുറിച്ചെഴുതിയ
കവിതക്കൊപ്പം നമ്മള്‍
മരം നട്ടിരുന്നേല്‍
പ്രകൃതി തന്നെയിവിടെ
കവിത വിരിയിച്ചേനേ
പുഴപോയെന്നുറക്കെ
കരഞ്ഞവരൊരല്പം
കാവലൊരിക്കിയേല്‍
പുഴയിന്നും ഇവിടെ
നിലയ്ക്കാതൊഴുകിയേനേ
നമ്മള്‍ക്കൊരു വലയം
തീര്‍ക്കാം ഉള്ളതെങ്കിലും
തലയുയര്‍ത്തി നില്ക്കട്ടെ
എനിക്ക്
നല്ല കുഴപ്പമുണ്ട്
എന്‍റെ ബുദ്ധിക്കെന്തോ
കുഴപ്പമുണ്ട് അല്ലെങ്കില്‍
വിശപ്പ് കൊല്ലുന്ന രാജ്യത്ത്
വെടിക്കോപ്പ് നിറയുമ്പോള്‍ ഞാന്‍
മിണ്ടാതിരിക്കുമോ
എന്‍റെ കാഴ്ചയ്ക്കെന്തോ
കുഴപ്പമുണ്ട് അല്ലെങ്കില്‍
കറുത്തവനെന്നു പറഞ്ഞ്
കഴുത്തറക്കുമ്പോള്‍
കാണാതെ നില്ക്കുമോ
എന്‍റെ ഹൃദയത്തിനും എന്തോ
കുഴപ്പമുണ്ട് അല്ലേല്‍
തെരുവിലുറങ്ങുന്ന മനുഷ്യരെ
കാണാതെ ശാസ്ത്രം
ചൊവ്വായില്‍ ജീവന്‍റെ
തുടിപ്പു തേടുമ്പോള്‍
അനീതിയെന്നുറക്കെ
പറയാത്തതെന്ത്
മതമെന്നു പറഞ്ഞ് വാളോങ്ങി
നില്‍ക്കുമ്പോള്‍ മതമല്ല
മനുഷ്യനാണ് വലുതെന്ന്
ഉറക്കെപ്പറയാത്ത
എന്‍റെ ബോധത്തിനും
വലിയൊരു കുഴപ്പമുണ്ട്
പിറക്കാതിരിക്കുക
നിനക്കായിനിയൊന്നും
അവശേഷിക്കുന്നില്ലിവിടെ
അത്തിയുടെ തണലും
ഞാവലിന്‍ ചവര്‍പ്പും
ഓര്‍മ്മകളില്‍ മാത്രമേയുള്ളൂ
പാമ്പുകളിഴയുന്ന
നാട്ടുവഴികളില്ല
സുഗന്ധം നിറയ്ക്കുവാന്‍
ഇലഞ്ഞിമരങ്ങളില്ല
പിച്ചിയും, തെച്ചിയും
ഓര്‍മ്മകളില്‍ നിന്നെന്നേ
പടിയിറങ്ങിപ്പോയ്
ഒഴുകുവാന്‍ വെമ്പുമൊരു-
പുഴ ഹൃദയത്തിലേയുള്ളൂ
മകനേ, നീയിനിയും
പിറക്കാത്തതെത്ര നന്നായി
നിന്‍റെ കണ്ണില്‍ തറയ്ക്കുവാന്‍
ക്രൂരതയുടെ കൂരമ്പാണി-
നിയിവിടെയുള്ളത്
ഹൃദയം പിളര്‍ക്കുന്ന
കരച്ചിലേയുള്ളിവിടെ
നീ ഉടനെ പിറക്കേണ്ട
ആസുരത താണ്ഡവമാടി
തിമിര്‍ക്കുമ്പോള്‍
വികസന യന്ത്രമിവിടെ
ശവക്കുഴി മാന്തുമ്പോള്‍
നീ ഇപ്പോഴിവിടെ
പിറക്കാതിരിക്കുന്നതാണ്
നല്ലത്
Featured Posts
Recent Posts
bottom of page