top of page

അനുഭവത്തിന്‍റെ അതിര്‍ത്തി ലംഘനങ്ങള്‍ ആധുനികതയുടെ മുറിവേറ്റ മുരള്‍ച്ചകള്‍

Nov 1, 2011

3 min read

വി. ജി. തമ്പി
കാക്കനാടന്‍
കാക്കനാടന്‍

കാല്‍പനികതയുടെ ജീര്‍ണ്ണവസ്ത്രങ്ങള്‍ വന്യമായ സൗന്ദര്യകലാപത്തോടെ വലിച്ചൂരിയെറിഞ്ഞ ആധുനിക ഭാവുകത്വത്തിന്‍റെ ധീരതയാണ് കാക്കനാടന്‍. ആധുനികര്‍ക്കിടയില്‍ ഏറ്റവും അധികം സ്നേഹിക്കപ്പെട്ട, വായനക്കാരെ വശീകരിച്ച മറ്റൊരു എഴുത്തുകാരനും ഇല്ല. ഭാഷയുടെ മാന്ത്രികനായ കാക്കനാടനെ അദ്ദേഹത്തിന്‍റെ എഴുത്തിലെ അരാജകസൗന്ദര്യങ്ങളെ, അതിര്‍ത്തിലംഘനങ്ങളെ, കലഹങ്ങളെ, സാഹസികതകളെ നിഗൂഢതകളെ അത്രമേല്‍ ഇഷ്ടപ്പെട്ടുപോയ എത്രയോ വായനക്കാരുടെ കൂട്ടത്തില്‍ ഞാനുമുണ്ട്. എഴുപതുകളുടെ തുടക്കകാലമാണത്. കൗമാരത്തില്‍ നിന്നു വിരിഞ്ഞിറങ്ങിവന്ന ഞങ്ങള്‍ക്ക് ആ കാലത്തെ ഓര്‍ക്കുമ്പോള്‍ കാക്കനാടനില്‍ ആ വായനാനുഭവങ്ങളത്രയും കറങ്ങിത്തിരിയും. സങ്കോചങ്ങളില്ലാത്ത എഴുത്തിന്‍റെ ധീരതയില്‍ അസ്തിത്വവാദത്തിന്‍റെ ഞെട്ടിക്കുന്ന കാഴ്ചകള്‍ ഒരു ഭാവുകത്വലഹരിയായി ഞങ്ങള്‍ക്കുള്ളില്‍ വീശിയടിച്ചിരുന്നു.

ഭാഷയിന്മേലാണ് കാക്കനാടന്‍റെ മാന്ത്രികവടി അത്ഭുതങ്ങള്‍ കാണിച്ചത്. ചിത്രകലയുടെ ഭാഷയാണ് കാക്കനാടന്‍റെ പ്രധാനകഥകളില്‍ വിസ്മയം സൃഷ്ടിച്ചത്. അമൂര്‍ത്തതയുടെ ഒരു പ്രത്യേകതരം ലാവണ്യരുചി വായനയില്‍ പുതുരക്തം വീഴ്ത്തി. എഴുപതുകള്‍ക്കാദ്യം കാക്കനാടന്‍ 'മലയാളനാട്' വാരികയെ ആധുനികതയുടെ ഉത്സവപ്പറമ്പാക്കി മാറ്റി. മാധവിക്കുട്ടിയുടെ എന്‍റെ കഥ കാക്കനാടനു മാത്രം ചെയ്യാന്‍ കഴിയുന്ന ഭാഷാസൗന്ദര്യത്തോടെ മലയാളത്തില്‍ പകര്‍ത്തി. കാക്കനാടന്‍റെ 'മലയാളനാട് വായിച്ചുവായിച്ചാണ് മലയാളാധുനികതയുടെ സൗന്ദര്യാനുഭവങ്ങള്‍ അക്കാലത്ത് മുങ്ങിനിവര്‍ന്നത്. അതുവരെയും വായിച്ച ഫ്യൂഡല്‍ സൗന്ദര്യത്തിന്‍റെ വഴുക്കലുള്ള എഴുത്തുരീതികള്‍ അട്ടിമറിക്കപ്പെട്ടു. വായനയിലെ പഴകിയ വാസനകള്‍ ചോദ്യംചെയ്യപ്പെട്ടു.

എഴുത്തുകാരനായ കാക്കനാടനോടൊപ്പം സുഹൃത്തായ ബേബിച്ചായനെയും അന്നുമുതലേ മലയാളികള്‍ നെഞ്ചിലേറ്റി. കാക്കനാടന്‍ തന്‍റെ വീടിനു വാതിലുകള്‍ പണിതിരുന്നില്ലായെന്നാണ് എന്‍റെ സുഹൃത്തുക്കളുടെ സാക്ഷ്യം. അത് എത്രയോ പേരുടെ വഴിയമ്പലമായിരുന്നു. എല്ലാ ഇല്ലായ്മകളിലും ആ വീട് വന്നെത്തുന്നവര്‍ക്ക് അത്താഴമൊരുക്കി. കാക്കനാടനുള്ളിലെ ബേബിച്ചായനെ ഉണര്‍ത്താന്‍ ആര്‍ക്കും എപ്പോഴും കഴിയും. സ്നേഹത്തോടെ ആ കണ്ണുകളിലേയ്ക്ക് നോക്കിയാല്‍ മാത്രം മതി. സൗഹൃദം ഒരു മതംപോലെ വ്രതശുദ്ധമായ വിശ്വാസലഹരിയോടെ കാത്തുപോന്ന പച്ചമനുഷ്യനെന്നാണ് പല തലമുറകള്‍ കാക്കനാടനെ വിശേഷിപ്പിക്കുന്നത്.

നേടുന്നതിലപ്പുറം ഈ സ്നേഹമാണ് കാക്കനാടന്‍റെ ജീവിതകല. അധികാരരൂപങ്ങളോട് കൃത്യമായ അകലം പാലിച്ചു. വിവാദ വ്യവസായങ്ങള്‍ക്ക് നിന്നുകൊടുത്തില്ല. ജീവിതത്തിനുള്ളില്‍ കലഹം നിറച്ചു. പക്ഷേ ആ കലഹങ്ങള്‍ക്കെല്ലാം ഒരു സൗന്ദര്യക്രമമുണ്ട്. അധികാരത്തിന്‍റെ പ്രലോഭനങ്ങളെ എത്ര നിഷ്കളങ്കമായാണ് കാക്കനാടന്‍ ചിരിച്ചുതള്ളിയത്. സംഹാരശക്തിയുള്ള ആ ഭാഷ വ്യക്തിപരമായി ആരെയും നോവിച്ചില്ല. പേനയിലൊരു തീക്കാറ്റ് നിറച്ചുകൊണ്ടാണ് കാക്കനാടന്‍ എഴുതിയത്. കപട സദാചാരബോധത്തെ പൊള്ളിച്ചും ചുട്ടെരിച്ചും ജീവിതത്തിന്‍റെ കാപട്യങ്ങള്‍ക്കുമേല്‍ അത് തീമഴ പെയ്യിച്ചു. ഒരാള്‍ക്ക് അയാളുടെ ഉള്ളിലെ നഗ്നതയെ കാണിച്ചുകൊടുത്തതാണ് കാക്കനാടന്‍റെ എഴുത്തിലെ ആത്മീയമായ തന്‍റേടം. ആ മനുഷ്യന്‍റെ വ്യക്തിജീവിതത്തിലെ സംശുദ്ധിയും സുതാര്യതയും സ്നേഹവായ്പും നമ്മുടെ ഓര്‍മ്മകളില്‍നിന്ന് ഒരിക്കലും അണഞ്ഞുപോവില്ലെന്നാശ്വസിക്കാം. കാക്കനാടനെക്കുറിച്ച് ഒരു ചരമക്കുറിപ്പെഴുതാനല്ല ഞാന്‍ പേനയെടുത്തത്. എന്‍റെ വായനാകാലത്തിന്‍റെ ഏറ്റവും തീവ്രതരംഗം കാക്കനാടന്‍റെ കഥകള്‍ വായിച്ചപ്പോള്‍ കിട്ടിയതാണ്. അതേക്കുറിച്ച് എഴുതിവച്ച ചില ശിഥിലവിചാരങ്ങള്‍ പങ്കുവെയ്ക്കുകമാത്രം ചെയ്യുന്നു.

മലയാളത്തിലെ ആധുനികതയെ വായിച്ചെടുക്കാന്‍ ഏറ്റവും നല്ല മാദ്ധ്യമം കാക്കനാടനാണ്. മലയാളിയുടെ സൗന്ദര്യശീലങ്ങളില്‍, സദാചാരബോധത്തില്‍, ഭാഷാസങ്കേതങ്ങളില്‍ ശരിക്കുമൊരു പ്രകൃതിസ്ഫോടനം തന്നെയായിരുന്നു, അറുപതുകളിലെ ആധുനികതയുടെ കാലം. മലയാളി തന്‍റെ ഏകാന്തതയെ, അവിശ്വാസങ്ങളെ, അവ്യക്തതകളെ, അസ്തിത്വവ്യഥകളെ, രാഷ്ട്രീയ വ്യാമോഹങ്ങളെ, ലൈംഗികതയെ ഏറ്റവും തീവ്രമായ വൈകാരികാഘാതത്തോടെ ഏറ്റുവാങ്ങിയ കാലം.

മനുഷ്യാസ്തിത്വത്തിന്‍റെ സവിശേഷസ്വഭാവങ്ങള്‍ക്ക് പുതിയ നിര്‍വ്വചനങ്ങള്‍ തീര്‍ക്കുകയായിരന്നു ആ കാലം. പ്രത്യക്ഷയാഥാര്‍ത്ഥ്യങ്ങളുടെ പരിചിതരൂപങ്ങള്‍ ഒന്നൊന്നായി വലിച്ചുചീന്തുന്നതിലായിരുന്നു കാക്കനാടനടക്കമുള്ള ആധുനികര്‍ ശ്രദ്ധിച്ചത്. വ്യക്തിയും സമൂഹവും തമ്മിലുള്ള മൗലികമായ വൈരുദ്ധ്യത്തിനിടയില്‍ പലപ്പോഴും ദൈവം ആക്രമിക്കപ്പെട്ടു. രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ വിചാരണ ചെയ്യപ്പെട്ടു. ചരിത്രം സംഹരിക്കപ്പെട്ടു. യാഥാസ്ഥിതിക സദാചാരബോധം അട്ടിമറിക്കപ്പെട്ടു. അക്രമാസക്തവും ഹിംസാത്മകവുമായ ഭാവുകത്വത്തിന്‍റെ വലിയൊരു വിപ്ലവമാണ് അറുപതുകളില്‍ സംഭവിച്ചത്. അധികാരരൂപങ്ങളോടുള്ള സമ്പൂര്‍ണ്ണ വിയോജനം എഴുത്തിന്‍റെ ഇന്ധനമായി സ്വീകരിക്കപ്പെട്ട, കത്തുന്ന തലയണയില്‍ തലവച്ചുറങ്ങിയ മറ്റൊരു കാലം മലയാളത്തിലുണ്ടായിട്ടില്ല.

സമകാലീനതയുടെ കളങ്കങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടുതന്നെ കാക്കനാടന്‍റെ രചനകള്‍ അക്കാലത്ത് ഒട്ടേറെ അതിര്‍ത്തിലംഘനങ്ങള്‍ നടത്തി. അരാജകസ്വപ്നദര്‍ശകനായ അന്വേഷകന്‍ എന്നതിന്‍റെ പര്യായപദമായിരുന്നു അറുപതുകളിലെ കാക്കനാടന്‍. ജ്ഞാതവും അജ്ഞാതവുമായ താഴ്വരകളിലേയ്ക്ക് അപകടകരമായി അന്വേഷിച്ചുപോയ ഒരാള്‍. ഒറ്റപ്പെട്ട മനുഷ്യന്‍റെ അന്തര്‍ദ്ദാഹങ്ങളെയും ആദ്ധ്യാത്മികതൃഷ്ണകളെയും അനന്തകാലങ്ങളിലേയ്ക്ക് ബന്ധിപ്പിച്ചു നിര്‍ത്താനുള്ള വലിയൊരു അന്വേഷണശക്തി കാക്കനാടനില്‍ പ്രബലമായിരുന്നു. അനന്തമായ പ്രപഞ്ചസംവാദങ്ങളുടെ വിസ്മയിപ്പിക്കുന്ന വൈവിദ്ധ്യങ്ങളവിടെ കാണാം. മനുഷ്യന്‍ മാത്രമല്ലാത്ത ഒരു പ്രപഞ്ചത്തിന്‍റെ സമഗ്രാനുഭൂതിയിലേയ്ക്ക് മനുഷ്യനെ കൊണ്ടുപോകുന്നു എന്നതാണ് കാക്കനാടന്‍റെ കലയുടെ മഹത്വം.

കാക്കനാടന്‍റെ ആഖ്യാനസ്വരങ്ങള്‍ അമ്പരപ്പിക്കുംവിധം ചലനാത്മകമാണ്. കുടുംബം, മതം, രാഷ്ട്രീയം, കല എന്നിവ വ്യക്തികള്‍ക്ക് തെറ്റായ ഉത്തരങ്ങള്‍ മാത്രം നല്‍കിപ്പോന്ന ഒരു കാലത്ത് ശരിയായ ചോദ്യങ്ങള്‍കൊണ്ട് അവയെ നേരിടുകയായിരുന്നു ആധുനികരെന്നു പറയാം.

പീഡിതമായ മനുഷ്യഭാഗധേയത്വത്തെ അഭിമുഖീകരിക്കുന്നവരാണ് കാക്കനാടന്‍ സൃഷ്ടിച്ച കഥാപാത്രങ്ങളെല്ലാം. സ്വയം വില്‍ക്കുന്നവരോ വിലപേശുന്നവരോ സ്നേഹത്തില്‍ നഷ്ടപ്പെടുന്നവരോ ഇല്ലായ്മകളെ അന്വേഷിക്കുന്നവരോ ജീവിതത്തെ എറിഞ്ഞുടച്ചവരോ, ഉന്മാദികളോ കുറ്റവാളികളോ മദ്യപരോ വീടുവിട്ടിറങ്ങിയവരോ വ്യാമിശ്രമായ ചിന്താക്കുഴപ്പത്തില്‍പ്പെട്ടുപോയ തൊഴില്‍രഹിതരോ കൂട്ടിക്കൊടുപ്പുകാരോ വേശ്യകളോ പരാജിതരായ ചെറുപ്പക്കാരോ ആയ ഒരു വലിയ വംശം കാക്കനാടന്‍റെ കഥകളില്‍ പെരുകിപ്പെരുകിവന്നു.

മലയാളിയുടെ സൂക്ഷ്മമായ ആത്മബോധത്തെ രൂപപ്പെടുത്തുന്നതില്‍ കാക്കനാടന്‍റെ കഥകള്‍ സൂക്ഷ്മമായ ഒരു ഇന്ദ്രിയംപോലെ പ്രവര്‍ത്തിച്ചു. ലൈംഗികത, ദൈവികത, രാഷ്ട്രീയം, എന്നീ മൂന്ന് അനുഭവധാരകള്‍ ആ കഥകളില്‍ സംയോജിക്കപ്പെട്ടു. 1963-ലെഴുതിയ 'കുമിളകള്‍' എന്ന കഥയില്‍ തുടങ്ങി മനുഷ്യന്‍റെ ആസക്തി, അസൂയ, പക, കാമം, ഹിംസ, ക്രൗര്യം തുടങ്ങിയ ആദിമവാസനകള്‍ക്ക് തീക്ഷ്ണനിറം പകരുന്നവയാണ് കാക്കനാടന്‍റെ സാഹിത്യലോകം. മലയാളിയുടെ അന്ധമായ ശുഭാപ്തിവിശ്വാസങ്ങളെ കുമിളകളായി പൊട്ടിച്ചുതകര്‍ക്കുന്നതിലായിരുന്നു കാക്കനാടന് താല്പര്യം. ഭദ്രമായ ചിന്താശില്പങ്ങളെല്ലാം ഈ കഥകളില്‍ ഉടഞ്ഞുവീഴുന്നു. ഉടഞ്ഞ വിഗ്രഹക്കഷണങ്ങളില്‍നിന്ന് കൊളാഷുകള്‍ നിര്‍മ്മിക്കുവാനുള്ള കൗതുകങ്ങള്‍ അദ്ദേഹം എന്നും നിലനിര്‍ത്തിപ്പോന്നു.

ഒരു കത്തോലിക്കനും കമ്മ്യൂണിസ്റ്റും ഒരാളില്‍ തുടരാമോ എന്ന പ്രശ്നം, വിശ്വാസിയും അവിശ്വാസിയും ഒരാളില്‍തന്നെ നിലനില്‍ക്കുമോ എന്ന പ്രശ്നം കാക്കനാടന്‍റെ പൈതൃകപ്രശ്നം തന്നെയായിരുന്നു. 'ബാബേല്‍' പോലുള്ള കഥകളില്‍ ക്രൈസ്തവ പുരാവൃത്തങ്ങളെയും പ്രതീകങ്ങളെയും സമകാലിക രാഷ്ട്രീയത്തകര്‍ച്ചകളെ നിര്‍വ്വചിക്കുവാന്‍ അദ്ദേഹം സമര്‍ത്ഥമായി ഉപയോഗിച്ചിട്ടുണ്ട്.

ക്രൈസ്തവമായ ആത്മബലിയുടെ ഉദ്വേഗങ്ങള്‍ കാക്കനാടനില്‍ ശക്തമാണ്. രൂക്ഷമായ ഇത്തരമൊരു ബലിബോധം മാര്‍ക്സിസത്തെ അപഗ്രഥിക്കുന്ന കഥകളിലും അദ്ദേഹത്തെ വേട്ടയാടുന്നുണ്ട്. കുറ്റമില്ലാത്ത രക്തം ഈ കഥകളുടെ ബലിവേദികളില്‍ നിറഞ്ഞൊഴുകുന്നു.

അവിടെ എത്തിച്ചേരണമെന്ന് അയാള്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നില്ല. അവിടെയാണ് എത്തിപ്പെടാന്‍ പോകുന്നതെന്ന് കാലേകൂട്ടി അറിഞ്ഞിരുന്നില്ല. വഴി അങ്ങോട്ട് നയിച്ചു. അയാള്‍ അവിടെ എത്തി- കള്ളന്മാരുടെ ഗ്രാമം എന്ന കഥയില്‍ കാക്കനാടന്‍ തന്‍റെ അന്വേഷണരീതിയെ ഇപ്രകാരം വിവരിച്ചിട്ടുണ്ട്. മനുഷ്യനെ ചൂഴ്ന്നുനില്‍ക്കുന്ന അജ്ഞാതരഹസ്യങ്ങള്‍ തേടിയുള്ള യാത്രകളും അപരിചിത സൗന്ദര്യമേഖലകളും കാക്കനാടന്‍റെ കഥകളിലെ രഹസ്യസങ്കേതങ്ങളായിരുന്നു, സ്വകാര്യനിഗൂഢതകളായിരുന്നു.

മറ്റുള്ളവരിലൂടെ തന്നെയും തന്നിലൂടെ മറ്റുള്ളവരെയും അന്വേഷിച്ചുനീങ്ങുന്ന ഒരു തീര്‍ത്ഥാടനമാണ് 'അജ്ഞതയുടെ താഴ്വര' എന്ന നോവല്‍. ശ്മശാനത്തില്‍ മനു കാണുന്ന, സ്വന്തം ശവക്കുഴി തോണ്ടുന്ന അജ്ഞാതന്‍ മരണത്തിലേയ്ക്ക് അടിവച്ചു നീങ്ങുന്ന എല്ലാ മനുഷ്യരുമാണ്- വിധിയുടെ ബലിമൃഗങ്ങളായ മനുഷ്യര്‍.

കാക്കനാടന്‍റെ ആദ്യനോവലായ 'സാക്ഷി'യില്‍ മരണമാണ് നായകന്‍. മരണത്തിനുമുമ്പില്‍ ആവരണങ്ങളത്രയും അഴിഞ്ഞുപോകുന്ന ജീവിതത്തിന്‍റെ നിസ്സഹായതയാണ് സാക്ഷിയില്‍ വെളിപ്പെടുന്നത്. സി.ജെ. തോമസിന്‍റെ ക്രൈം നാടകത്തില്‍ മാത്രമേ ഇത്തരമൊരു മരണാഭിമുഖം മലയാളത്തില്‍ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ.

വെളിപാട് പുസ്തകത്തിന്‍റെ പ്രഹേളികാസൗന്ദര്യമുള്ള സ്വരഘടനയിലേയ്ക്ക് വര്‍ത്തമാനകാലത്തിന്‍റെ വിശ്വാസരാഹിത്യത്തെയും ധര്‍മ്മഭ്രംശങ്ങളെയും സര്‍വ്വനാശാവബോധത്തെയും കൂട്ടിഘടിപ്പിക്കുന്ന അസാധാരണമായ മുഴക്കങ്ങളുള്ള നോവലാണ് 'ഏഴാംമുദ്ര.' ദൈവത്തെക്കുറിച്ചുള്ള വലിയ ഭയങ്ങളും മരണം അര്‍ത്ഥശൂന്യമാക്കിയ ജീവിതത്തിന്‍റെ നൈഷ്ഫല്യത്തെക്കുറിച്ചുള്ള ആഴമേറിയ ഉത്കണ്ഠകളും നിറഞ്ഞ ഈ നോവല്‍ മലയാളത്തിലെ ആദ്യത്തെ മതാത്മകരചന എന്ന് വിശേഷിപ്പിക്കാം. സമൂഹത്തിനു വെളിയിലേക്ക് തെറിച്ചുവീഴുന്ന ഒറ്റപ്പെട്ടവരുടെ ഉദ്വിഗ്നതകളിലാണ് കാക്കനാടന്‍റെ കാഥികവ്യക്തിത്വം രൂക്ഷസാന്നിദ്ധ്യമാകുന്നത്. നഗരബാധിത ജീവിതത്തിന്‍റെ സങ്കീര്‍ണ്ണാഘാതങ്ങള്‍ കലാപത്തിന്‍റെയും നിഷേധത്തിന്‍റെയും വഴി സ്വീകരിക്കുന്നു.

കലാപകാരികളായ ഏകാകികളുടെ ഒരു വലിയ നിര തന്നെ കാക്കനാടന്‍റെ രചനകളില്‍ അണിനിരക്കുന്നുണ്ട്. 'സാക്ഷി'യിലെ നാരായണന്‍കുട്ടി, 'ഉഷ്ണമേഖല'യിലെ ശിവന്‍, 'വസൂരി'യിലെ ശിവന്‍കുട്ടി, 'അജ്ഞത'യുടെ താഴ്വരയിലെ മനു തുടങ്ങിയവരിലൂടെ മലയാളി ശരിക്കും ഏകാന്തതയുടെ കാഠിന്യവും അന്യതാ ബോധവും നിരര്‍ത്ഥകതയും അനുഭവിക്കുവാന്‍ പരിശീലിക്കുകയായിരുന്നു.

ഉഴുതുമറിച്ച മണ്ണിന്‍റെ രൂക്ഷഗന്ധികളായ സ്ത്രീകളാണ് കാക്കനാടിന്‍റെ കഥാലോകത്തിലെ ഏറ്റവം മുന്തിയ ഇന്ദ്രിയാനുഭവം. 1966 ലെഴുതിയ 'ഫിലോമിന' എന്ന കഥയിലാണ് ഇത്തരമൊരു സ്ത്രീസങ്കല്പത്തിന്‍റെ പിടയ്ക്കുന്ന കാഴ്ചകളാദ്യം കാണുന്നത്. പിന്നീട് 'ഉഷ്ണമേഖല'യിലെ തെരേസയിലും ഒറോതയിലും ഫിലോമിന പുനര്‍ജ്ജനിക്കുന്നുണ്ട്. സ്ത്രൈണാനുഭവത്തിന്‍റെ സമ്മിശ്രസാദ്ധ്യതകളിലേയ്ക്ക് കാക്കനാടന്‍റെ ഭാവന തീക്കാറ്റുപോലെ പാഞ്ഞുപോയി. ലൈംഗികതയുടെ ആദിമദീപ്തി പ്രകാശിപ്പിച്ച പ്രപഞ്ചത്തെ ചലിപ്പിക്കുന്നത് കാമമാണെന്ന് വിളിച്ചറിയിച്ച കഥകളേറെയുണ്ട് ഇക്കൂട്ടത്തില്‍. താന്ത്രികതയുടെ നിഗൂഢമായ മതാത്മകസൗന്ദര്യത്തിലേയ്ക്കും ആനന്ദലഹരികളിലേയ്ക്കും വായനക്കാരെ വശീകരിച്ചടുപ്പിക്കുന്ന നീലഗ്രഹണം, ശീചക്രം തുടങ്ങിയ രചനകളില്‍ ലൈംഗികതയുടെ അതിരൂക്ഷമായ ആഭിചാരങ്ങളാണ് ആഘോഷിക്കപ്പെടുന്നത്. ലൈംഗികതയെ അഭിമുഖീകരിക്കുന്നിടത്തെല്ലാം മലയാളി എപ്പോഴും നിര്‍ലജ്ജം ഒരു മൃഗമോ യന്ത്രമോ ആയി മാറിപ്പോകുന്നതുകാണാം. ഇവിടെയാണ് കാക്കനാടന്‍ ലൈംഗികതയെ ഞെട്ടിച്ചുണര്‍ത്തിയത്, ജീവിതത്തിന്‍റെ വന്യത ലൈംഗികാനുഭവത്തില്‍ കണ്ടെത്തിയത്, ലൈംഗികത ശരീരത്തെ അതിലംഘിക്കുന്ന ഒരു ആത്മീയപ്രശ്നമായി രൂപാന്തരപ്പെടുത്തിയത്.

കാക്കനാടനില്‍ ആധുനികതയുടെ മുറിവേറ്റ ഒരു മൃഗത്തിന്‍റെ മുരള്‍ച്ചയുണ്ട്. ഇന്ദ്രിയക്ഷോഭങ്ങള്‍ നിറഞ്ഞ ആ ഭാഷയിലൂടെയാണ് മലയാളി അവന്‍റെ വിശകലനാതീതമായ യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് അതിര്‍ത്തിലംഘനങ്ങള്‍ നടത്തിയതെന്ന് ഞാന്‍ വിചാരിക്കുന്നു.

Featured Posts

bottom of page