top of page

യാത്രാമൊഴി

Jun 26, 2019

2 min read

ടോണി ഐസക് ജോര്‍ജ്ജ്

a man is waling through railway track

മുംബൈയിലേക്കുള്ള യാത്രയിലാണ് അവനെ കണ്ടത്. നിലക്കടല കോണ്‍ പൊതികളാക്കി വില്‍ക്കുന്ന ഒരു പയ്യന്‍. ഒരു പൊതിക്ക് 10 രൂപ. ഒരു പൊതി കടല വാങ്ങിയ ശേഷം, അവനെ ഞാന്‍ എന്‍റെ അരികിലിരുത്തി.ഒരു കപ്പ് സെവന്‍ അപ് പങ്ക് വച്ചു. സംസാരിച്ചു തുടക്കിയപ്പോള്‍ മനസ്സിലായി, അവന്‍ ഒരു പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. പെങ്ങള്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്നു. അപ്പന്‍ ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു. അമ്മയാകട്ടെ ഒരു മാസമായി പലവിധ രോഗങ്ങള്‍ മൂലം കഷ്ടപ്പെടുന്നു. സഹായിക്കാന്‍ ബന്ധുക്കള്‍ ആരുമില്ല. 'നിനക്കിപ്പോള്‍  പണം ഏറ്റവും അത്യാവശ്യമായിരിക്കുന്നത് ഏത് കാര്യത്തിനാണ്'? ഞാന്‍ അവനോട് ചോദിച്ചു. 'ഞങ്ങള്‍ക്ക് പുസ്തകങ്ങളും ബാഗും യൂണിഫോമും എല്ലാം വാങ്ങണം. പക്ഷെ അമ്മക്കിപ്പോള്‍ വാങ്ങിത്തരാന്‍ കഴിയില്ല.  എങ്ങനെയെങ്കിലും ഞങ്ങള്‍ക്ക് പഠിച്ചേ പറ്റൂ. 'അവന്‍റെ മറുപടി.

'അനധികൃതമായി വില്പനനടത്തുന്നതിന് റെയില്‍വേ പോലീസ് പിടി കൂടിയാല്‍ നീ എന്തു ചെയ്യും? 'ഞാന്‍ അവനോട് ചോദിച്ചു. 'ഞാന്‍ പിടിക്കപ്പെടില്ല.ഇനി പിടിക്കപ്പെട്ടാല്‍ തന്നെ  എങ്ങനെയെങ്കിലും രക്ഷപ്പെടും.'

അവന്‍ വളരെ നിസ്സാര ഭാവത്തില്‍ പറഞ്ഞു.

'അതെങ്ങനെ?'

എന്‍റെ ചോദ്യം.

'ഞാന്‍ എന്നും ദൈവത്തോട് പ്രാര്‍ത്ഥിച്ചിട്ടാണ് വീട്ടില്‍ നിന്ന് ഇറങ്ങുക.'

വീണ്ടും ആത്മ വിശ്വാസത്തോടെയുള്ള  മറുപടി.

നേരം പോക്കിന്,  അവനുമായി ദൈവത്തെക്കുറിച്ച്  ഒരു വാഗ്വാദം നടത്തിക്കളയാം എന്ന് തീരുമാനിച്ചു. ദൈവം എന്നൊന്നില്ല എന്നു ഞാന്‍ അവനോട് പറഞ്ഞു. ഇനി അങ്ങനെ എന്തെങ്കിലും ഒരു ശക്തി ഈ ലോകത്തില്‍ ഉണ്ടെങ്കില്‍ തന്നെ അത് പിശാച് ആണ്.

അവന്‍ എന്നെ വീണ്ടും ആശ്ചര്യപ്പെടുത്തി.

'ഇല്ല അത് നിങ്ങളുടെ കാഴ്ചയുടെ പ്രശ്നമാണ്. നിങ്ങള്‍ക്ക് നിങ്ങളെ തന്നെ ദൈവത്തിന്‍റെയോ പിശാചിന്‍റെയോ കണ്ണുകളിലൂടെ കാണാം. ആ കാഴ്ച, നിങ്ങളുടെ തിരഞ്ഞെടുപ്പാണ്.

സ്കൂളിലേക്ക് ആവശ്യമുള്ള സാമഗ്രികള്‍ വാങ്ങാന്‍ ഇനി എത്ര ദിവസങ്ങള്‍ അവശേഷിക്കുന്നുണ്ടെന്നും എത്ര പണം വേണ്ടി വരുമെന്നും ഞാന്‍ അവനോട് ചോദിച്ചു.'ഏകദേശം ...... ഇത്ര വരും.

ഇനി കഷ്ടി ഒരാഴ്ച കൂടിയേ ഉള്ളു സ്കൂള്‍ തുറക്കാന്‍.'

'എന്നിട്ട് എന്താണ് ദൈവം നിനക്കു പണം തരാത്തത്?'

ഞാന്‍ വീണ്ടും ചോദിച്ചു. 

'എനിക്കത് എങ്ങനെയെങ്കിലും കിട്ടും.'

അവന്‍ പറഞ്ഞു.

'ദൈവം നിന്നെ യഥാര്‍ത്ഥത്തില്‍ സ്നേഹിക്കുന്നുണ്ടെങ്കില്‍, പിന്നെ എന്തിനാണ്  ഇത്രയധികം കഷ്ടപ്പെടുത്തുന്നത്.?'

എന്‍റെ ഈ ചോദ്യത്തിനും ആശ്ചര്യപ്പെടുത്തുന്ന  മറുപടിയാണ് അവന്‍ നല്‍കിയത്.

'താന്‍ ഇരിക്കുന്ന മരക്കൊമ്പ് പൊട്ടി വീണേക്കുമോ എന്ന് ചിന്തിച്ച് ഭയപ്പെടുന്ന ഏതെങ്കിലും കാക്കകളെ നിങ്ങള്‍ കണ്ടിട്ടുണ്ടോ ?' 

'ഒരിക്കലുമില്ല'. 

എന്‍റെ  മറുപടി അല്പം ഉച്ചത്തിലായിരുന്നു. 

'ദൈവം എനിക്ക് കഷ്ടതകള്‍ തരുന്നത്, എന്നെ പറക്കാന്‍ പഠിപ്പിക്കുന്നതിനും ഞാന്‍ ഇരിക്കുന്ന കൊമ്പ് പൊട്ടി വീഴുമോ എന്ന ഭയത്തില്‍ നിന്നും എന്നെ മോചിപ്പിക്കുന്നതിനും വേണ്ടിയാണ്.'

അവന്‍റെ മറുപടി അക്ഷരാര്‍ത്ഥത്തില്‍ എന്‍റെ വായടപ്പിച്ചു.

അവനുമായുള്ള വാഗ്വാദം അവസാനിപ്പിച്ചേക്കാം എന്ന് തീരുമാനിച്ചു. അവന്‍ ആദ്യം നിരസിച്ചുവെങ്കിലും,  ഞാന്‍ നിര്‍ബന്ധിച്ച് ആവശ്യമുള്ള പണം നല്‍കി. അവന്‍ എന്‍റെ മൊബൈല്‍ നമ്പര്‍ ആവശ്യപ്പെട്ടു. ഞാന്‍ അത്  നല്‍കി. 

പിരിയുമ്പോള്‍ യാത്ര പറയുന്നതിനു പകരം അവന്‍ പറഞ്ഞത് ഇങ്ങനെയാണ്. 

'ഞാന്‍ നിങ്ങളെ വിളിക്കും. പക്ഷെ അത് വീണ്ടും സഹായം ചോദിക്കാനായിരിക്കില്ല. മറിച്ച് ഈ പണം നിങ്ങള്‍ക്ക് തിരികെ നല്കാനായിരിക്കും.'

നടന്നകലുന്നതിനു മുന്‍പ് അവന്‍ എന്നെ നോക്കി പുഞ്ചിരിച്ചു. ആ പുഞ്ചിരി കണ്ടപ്പോള്‍ ഞാന്‍ ഓര്‍ത്തത് ക്രിസ്തുവിന്‍റെ  വാക്കുകളാണ്. 'ഭയപ്പെടേണ്ട വിശ്വസിക്കുക മാത്രം ചെയ്യുക' (മര്‍ക്കോസ് 5:36).

ടോണി ഐസക് ജോര്‍ജ്ജ്

0

0

Featured Posts

Recent Posts

bottom of page