top of page

തിരിഞ്ഞുനടക്കുക അല്ലെങ്കില്‍ നിശ്ശബ്ദരാകുക!

Apr 1, 2016

3 min read

ഡോ. റോയി തോമസ്
Rohith Vemula

നമ്മുടെ രാജ്യത്ത് അസ്വാസ്ഥ്യം ജനിപ്പിക്കുന്ന പലതും സംഭവിച്ചുകൊണ്ടിരിക്കുന്നു. ഹൈദരാബാദ് സര്‍വകലാശാലയിലെ വെമുലയുടെ മരണം, ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ പ്രശ്നങ്ങള്‍, പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രശ്നം, കല്‍ബുര്‍ഗി, ദബോല്‍ക്കര്‍, വന്‍സാരെ എന്നിവരുടെ കൊലപാതകം, ബീഫ് വിവാദം... എന്നിങ്ങനെയുള്ള സംഭവങ്ങള്‍ നമ്മെ ആശങ്കയിലാഴ്ത്തിയിരിക്കുന്നു. നാം എങ്ങോട്ടാണ് യാത്ര ചെയ്യുന്നത്? ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളിലൂടെ കടന്നുപോകുന്ന നാം മദ്ധ്യകാലഘട്ടത്തിന്‍റെ ഗന്ധം ശ്വസിക്കുന്നു. മതവും അധികാരവും കൂടിച്ചേര്‍ന്ന് നിശ്ശബ്ദതയുടെ സംസ്കാരം സൃഷ്ടിക്കാന്‍ പരിശ്രമിക്കുന്നു. എല്ലാ ചോദ്യങ്ങളുടെയും അന്വേഷണങ്ങളുടെയും പാതകള്‍ കെട്ടിയടയ്ക്കുന്നു. സമൂഹബോധമനസ്സില്‍ വിഷം പമ്പുചെയ്തുകയറ്റുകയാണ് ചിലര്‍. ഉമ്പര്‍ട്ടോ എക്കോ ഫാഷിസത്തെക്കുറിച്ചു നിരീക്ഷിക്കുമ്പോള്‍ ആവിഷ്കരിക്കുന്ന ആശയങ്ങള്‍ പ്രസക്തി കൈവരിക്കുന്നു.


ചരിത്രത്തെ പിന്നോട്ടു നടത്തുന്നവര്‍ക്ക് കാര്യമായ ലക്ഷ്യമുണ്ട്, പദ്ധതിയുണ്ട്. എല്ലാ മിത്തുകളെയും ചരിത്രമെന്ന നിലയില്‍ വ്യാഖ്യാനിക്കുന്നവര്‍ എല്ലാ അന്വേഷണങ്ങള്‍ക്കും വിരാമമിടാന്‍ ഒരുങ്ങുന്നു. വിമര്‍ശനങ്ങള്‍ക്കു നേരെ, ബഹുസ്വരതകള്‍ക്കു നേരെ അസഹിഷ്ണുതയുടെ ദംഷ്ട്രകള്‍ കാണിക്കുന്നവര്‍ ഹിംസയുടെ പുതിയ അധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കുന്നു. വാക്കിലും നോക്കിലും പ്രവൃത്തിയിലും നിറയുന്ന ഹിംസാത്മകത നമ്മെ ഭയപ്പെടുത്തുന്നതു തന്നെ. ഭരണഘടനയില്‍ ഓരോ പൗരനും അനുവദിച്ചു നല്കുന്ന അവകാശങ്ങളെ തെരുവില്‍ ചവിട്ടിമെതിക്കുന്നവര്‍ 'ദേശാഭിമാന'ത്തിന്‍റെ പുതിയ പാഠങ്ങള്‍ അവതരിപ്പിക്കുന്നു. 'അപരനെ' സൃഷ്ടിക്കുകയും ആ 'അപരനെ' ശത്രുവായി പ്രഖ്യാപിക്കുകയും ചെയ്യുന്ന പദ്ധതി ആസൂത്രിതമായി നടപ്പിലാക്കപ്പെടുന്നു. വരേണ്യവും അധീശവുമായ പ്രത്യയ ശാസ്ത്രത്തിന്‍റെ നിര്‍മ്മിതി രാഷ്ട്രീയ- സാംസ്കാരിക മേഖലകളെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നു. മധ്യകാലഘട്ടത്തിലെ ശവഗന്ധം ചുറ്റും നിറയുമ്പോള്‍ പൗരസമൂഹത്തിന്‍റെ ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നു.


സ്വാതന്ത്ര്യമാണ് ഏതന്വേഷണത്തിനും സാഫല്യമണയ്ക്കുന്നത്. സ്വാതന്ത്ര്യത്തിന്‍റെ അഭാവത്തില്‍ മനുഷ്യധിഷണ ശുഷ്കമാകും, നിശ്ശബ്ദമാകും. കലാലയങ്ങളെയും വിദ്യാഭ്യാസസ്ഥാപനങ്ങളെയും രാഷ്ട്രീയ മുക്തമാക്കിയപ്പോള്‍ വര്‍ഗീയ കോമരങ്ങള്‍ ആ സ്ഥാനം കരസ്ഥമാക്കി. 'നിങ്ങള്‍ പഠിച്ചാല്‍ മാത്രം മതി' എന്ന ഉപദേശം നല്‍കുന്നവര്‍ ഒളിച്ചുവച്ചിരിക്കുന്ന ആയുധം നാം കാണാതിരുന്നു കൂടാ. 'സത്യം ഞങ്ങളുടെ പക്ഷത്താണ്, ഞങ്ങളുടെ മാത്രം' എന്ന മുദ്രാവാക്യം മുഴക്കുന്നവര്‍ മറ്റെല്ലാ ശബ്ദങ്ങളെയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. ഏകശിലാരൂപത്തിലുള്ള സത്യത്തിന്‍റെയും ശരിയുടെയും നിര്‍മ്മിതിയാണ് ചിലര്‍ ലക്ഷ്യം വയ്ക്കുന്നത്. അതിവിപുലവും വൈവിധ്യപൂര്‍ണവുമായ രാജ്യത്തിന്‍റെ സത്തയെ അവര്‍ വെട്ടിച്ചുരുക്കുന്നു. "ഇവയെല്ലാം വിരല്‍ചൂണ്ടുന്നത് രാഷ്ട്രത്തെ ഗ്രസിച്ചിരിക്കുന്ന വിനാശകരമായ ചില പ്രവണതകളിലേക്കാണ്. മതത്തിന്‍റെ രാഷ്ട്രീയവത്ക്കരണത്തെ ഒരെതിര്‍പ്പും കൂടാതെ അംഗീകരിക്കുന്ന അവസ്ഥ. ലിബറല്‍ വീക്ഷണങ്ങള്‍ പൊതുമണ്ഡലത്തില്‍ ചര്‍ച്ചചെയ്യാന്‍ പറ്റാത്ത സാഹചര്യം, നാം ആരാണ് എന്നതിനെക്കുറിച്ചുള്ള യുക്തിഭദ്രമായ വീക്ഷണങ്ങളെയും വ്യാഖ്യാനങ്ങളെയും അംഗീകരിക്കാനുള്ള വൈമനസ്യം, നമ്മുടെ ചരിത്രത്തെ പുരാവൃത്തവത്കരിക്കാനുള്ള നീക്കത്തോടുള്ള നിഷ്ക്രിയത്വം എന്നിവയാണവ. ഭൂരിപക്ഷ-ന്യൂനപക്ഷ മത വര്‍ഗീയ പ്രസ്ഥാനങ്ങളുടെ ഭീഷണ ഇടപെടലുകള്‍, നവലിബറല്‍ സംസ്കാരത്തിന്‍റെയും അതിന്‍റെ മുഖ്യവാഹകരായ കോര്‍പ്പറേറ്റുകളുടെയും സര്‍വവ്യാപിയായ സ്വാധീനം, ആവിഷ്കാരസ്വാതന്ത്ര്യത്തിനും മതേതര മൂല്യങ്ങള്‍ക്കും യുക്തിഭദ്ര ചരിത്രരചനയ്ക്കും നേരെയുള്ള ഭരണകൂട നീക്കങ്ങള്‍ എന്നിവ ഇന്ത്യയില്‍ ഉദാരസ്ഥലികള്‍ ഗണ്യമായി ചുരുക്കുന്നതില്‍ പങ്കു വഹിക്കുന്നു" എന്ന് റൊമീയേ ഥാവാര്‍ നിരീക്ഷിക്കുന്നത് വര്‍ത്തമാനകാല സാഹചര്യത്തിന്‍റെ വസ്തുതാപരമായ വിലയിരുത്തലാണ്. ആഗോളീകരണം വൈവിധ്യങ്ങളുടെ മേല്‍ കടന്നുകയറ്റം നടത്തുന്നതിനു പിന്നാലെ എല്ലാ വൈവിധ്യങ്ങളെയും കടന്നാക്രമിക്കുന്ന ഒരു പ്രത്യയശാസ്ത്രം ഇവിടെ സജീവമായിക്കൊണ്ടിരിക്കുന്നു. രാജ്യത്തെ ജനങ്ങളെ രണ്ടു തട്ടില്‍ വിഭജിച്ചു നിര്‍ത്താനുള്ള ശ്രമം ശക്തമാണ്. 'ഞങ്ങളും നിങ്ങളും' എന്ന വേര്‍തിരിവിലൂടെ ഉന്നംവയ്ക്കുന്നത് അധികാരത്തിലേക്കുള്ള ജൈത്രയാത്ര തന്നെയാണ്. പൗരാണിക സംസ്കാരത്തിന്‍റെ പേരില്‍ ആണയിടുന്നവര്‍ എല്ലാ പ്രതിലോമശക്തികളുമായി കൈകോര്‍ക്കുന്നതു കാണുന്നു. അസാമധാനം വിതച്ച് അസമാധാനം കൊയ്യാന്‍ ശ്രമിക്കുന്നവരുടെ അജണ്ടകള്‍ക്കു നേരെ കണ്ണും ചെവിയും മനസ്സും കൂര്‍പ്പിച്ചിരുന്നില്ലെങ്കില്‍ വളരെ വിലപ്പെട്ട പലതും നമുക്കു നഷ്ടമായേക്കാം. വൈവിധ്യത്തിന്‍റെ ആകാശം വിളറി വെളുത്ത് ശവംനാറിപൂക്കള്‍ കൊണ്ട് നിറയുന്നത് നാം കാണേണ്ടിവരും.


അനേകം ജാതി-മത വിശ്വാസങ്ങളും ഭാഷകളും ജീവിതരീതികളും വൈവിധ്യത്തിന്‍റെ മഴവില്ലു വിടര്‍ത്തുന്നു എന്നതാണ് ഇന്ത്യയുടെ ശക്തിയും സൗന്ദര്യവും. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ എന്തെല്ലാം വൈവിധ്യങ്ങള്‍. എല്ലാ സംസ്കാരത്തിനും ഇവിടെ ഇടമുണ്ട്. ഹാര്‍മണിയോടെ ഈ സംസ്കാരങ്ങളെല്ലാം കൈകോര്‍ത്തു നില്ക്കുന്നതാണ് സന്തോഷവും സമാധാനവും സൗന്ദര്യവും സൃഷ്ടിക്കുന്നത്. ഈ വൈവിധ്യങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ കുളം കലക്കി മീന്‍പിടിക്കാനാണ് ഒരുങ്ങുന്നത്. താല്ക്കാലിക നേട്ടങ്ങള്‍ക്കുവേണ്ടി നൂറ്റാണ്ടുകള്‍ നിലനിന്ന സാംസ്കാരിക ഭൂമിയെ ചിലര്‍ കലുഷവും സംഘര്‍ഷഭരിതവുമാക്കുന്നു. അസ്വാസ്ഥ്യത്തിന്‍റെ, ഭയത്തിന്‍റെ, നിശ്ശബ്ദതയുടെ വിത്തുകള്‍ എല്ലാ നിലങ്ങളിലും വിതച്ച് അധികാരത്തിന്‍റെ കനി കൊയ്തെടുക്കുകയാണ് അവരുടെ ലക്ഷ്യം.


ശാന്തമായ തടാകത്തില്‍ കല്ലിടുമ്പോള്‍ അവിടെ ഓളങ്ങള്‍ ഉണ്ടാകുന്നു. കുറച്ചു സമയം കാത്തിരുന്നാല്‍ ഓളങ്ങള്‍ നിലയ്ക്കും. എന്നാല്‍ തുടരെത്തുടരെ കല്ലെറിഞ്ഞുകൊണ്ടിരുന്നാല്‍ തടാകം കലങ്ങുകയും നമ്മുടെ കാഴ്ചയെ അഗോചരമാക്കുകയും ചെയ്യും. സത്യമേത് അസത്യമേത് എന്ന ഭ്രമത്തില്‍ നാം അകപ്പെടുകയും ചെയ്യും. ഇന്ത്യയിലെ വര്‍ത്തമാനകാല സാഹചര്യം നാം സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്. 'മാധ്യമപ്രവര്‍ത്തകരുടെ മുഖത്തു തുപ്പും' എന്നു വിളിച്ചു പറയാന്‍ ലജ്ജയില്ലാത്തവരുടെ കാലം വന്നു ചേര്‍ന്നിരിക്കുന്നു. ഇരുണ്ട കാലം നിറം മങ്ങിയ, ഇരുണ്ട വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു. "ജനാധിപത്യത്തിന്‍റെ പതാകവാഹകരായി നിന്ന സംസ്കാര സമ്പന്നമായ ഒരു രാജ്യത്തിന്‍റെ അധഃപതനം, നമ്മെയല്ല ഇനി ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളെയാകും വേട്ടയാടുക. ജാഗ്രതയാര്‍ന്ന ആ ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ് എന്‍റെ ലക്ഷ്യം. ബാക്കിയെല്ലാം മറന്നേക്കുക" എന്ന് പോളിറ്റ്കോവസ്ക മറ്റൊരു സന്ദര്‍ഭത്തില്‍ കുറിക്കുന്നത് ഏറെ പ്രസക്തമാണ്. നുണകളുടെ ആഘോഷഷത്തിലൂടെ ഗീബല്‍സ് സൃഷ്ടിച്ച ലോകത്തെക്കുറിച്ച് നാം മനസ്സിലാക്കിയിട്ടുണ്ട്. ചരിത്രം ഗീബല്‍സുമാരുടെ തനിനിറം വ്യക്തമാക്കുന്നുണ്ട്. ഇവിടെയും അതേ ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ അരങ്ങേറുന്നു. അതാര്യമായ കാഴ്ചകള്‍ക്കിടയില്‍ സത്യത്തിന്‍റെ സ്വരം പരീക്ഷണമാകാനനുവദിക്കരുത്.


"വേട്ടയാടലുകള്‍ക്ക് നടുവില്‍

ഒരിത്തിരി മണ്ണ്

അവിടെ ഞാന്‍ ഉടലുകൊണ്ട്

ഒരു തണല്‍ വൃക്ഷമാകട്ടെ"

എന്നെഴുതിയത് പസോളിനിയാണ്. ഈ വേട്ടയാടലുകള്‍ക്കു നടുവില്‍ ഒരല്പം ശാന്തിയുടെ മണ്ണാണ് സാധാരണക്കാരന്‍ ആഗ്രഹിക്കുന്നത്. ആ മണ്ണാണ്, അടിത്തറയാണ്, നിലനില്പിന്‍റെ തട്ടകമാണ് ചിലര്‍ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നത്. എല്ലാ തണല്‍മരങ്ങളും വെട്ടിവീഴ്ത്തി അവര്‍ മരുഭൂമി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. എവിടെയും ചൂട് കത്തിയുയരുന്ന മണല്‍ക്കൂമ്പാരം നിറഞ്ഞ മരുഭൂമി:

"പേ പിടിച്ച സ്വപ്നങ്ങള്‍ക്കും

ഭയരഹിതമായ കാലത്തിനും

വേണ്ടി ഞാന്‍ പാടുന്നു"

എന്നു കുറിച്ച പസോളിനിയുടെ പ്രാര്‍ത്ഥന നമുക്കു തിരുത്തിവായിക്കാം. നല്ല സ്വപ്നങ്ങള്‍ക്കും ഭയം തീണ്ടാത്ത കാലത്തിനും വേണ്ടി നമുക്കു പാടാം. നമ്മുടെ രാജ്യത്തെ വൈവിധ്യസമ്പന്നമായ സംസ്കാരം ഉണര്‍ത്തുന്ന ഹൃദ്യമായ സിംഫണി. ഈ സംഗീതം വേട്ടനായ്ക്കളെ ആട്ടിയകറ്റാന്‍ ശക്തിയുള്ളതാകട്ടെ. ഭാവി തലമുറ സത്യത്തിലേക്ക് ഉന്മുഖമായി ഉണരട്ടെ. നമുക്കിടയില്‍ മതിലുകള്‍ സൃഷ്ടിക്കുന്നവര്‍ ആരായിരുന്നാലും അവരോട് 'അരുത്' എന്നു ശക്തിയോടെ വിളിച്ചു പറയാനുള്ള കരുത്ത് നമുക്കുണ്ടാകണം. ഇല്ലെങ്കില്‍ ഇരുളടഞ്ഞ നാളെകളാകും നമ്മെ കാത്തിരിക്കുക. അതനുവദിച്ചു കൂടാ.

Featured Posts

Recent Posts

bottom of page