top of page
ഏകഭാഷണങ്ങള്‍ നിറയുന്ന കാലത്ത് സംഭാഷണങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. രണ്ടുപേര്‍ മനസ്സുതുറന്നു സംസാരിക്കുന്നത് എപ്പോഴും മനോഹരമാണ്. സംഭാഷണങ്ങള്‍ കുറയുമ്പോള്‍ ഏകഭാഷണം പെരുകുന്നു. അതാണ് ഏകാധിപത്യം. ആനന്ദും കെ. അരവിന്ദാക്ഷനും തമ്മിലുള്ള സംഭാഷണങ്ങളാണ് 'രണ്ട് സംഭാഷണങ്ങള്‍' എന്ന പുസ്തകം. രാജ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഇവര്‍ പങ്കുവയ്ക്കുന്നു. സ്വതന്ത്രചിന്തകരായ രണ്ടെഴുത്തുകാര്‍ മനസ്സുതുറക്കുകയാണിവിടെ. പലരും പറയാന്‍ മടിക്കുന്ന സത്യങ്ങള്‍ ഇവര്‍ വെട്ടിത്തുറന്ന് പറയുന്നു.
"കഴിഞ്ഞ ന ൂറ്റാണ്ടില്‍ കേരളം കണ്ടിട്ടുള്ള ഏറ്റവും മനുഷ്യസ്നേഹിയായ എഴുത്തുകാരനാണ് ആനന്ദ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. മനുഷ്യാവസ്ഥയുടെ നീറ്റലും വേദനയും ക്ലേശവും യാതനയും അനാഥത്വവും നിസ്സഹായതയുമാണ് അദ്ദേഹത്തിന്‍റെ എഴുത്തിന്‍റെ അന്തസ്സത്തയായി ഉള്ളത്. മനുഷ്യസ്നേഹത്തില്‍നിന്നും അകന്നുനില്‍ക്കുന്ന ഒരു വരിയും നിലപാടും ആനന്ദിന്‍റെ കൃതികളിലില്ല. അധികാരവുമായി ഒരു ചാര്‍ച്ചയിലും അദ്ദേഹത്തെ കാണാനാവില്ല" എന്ന് കെ. അരവിന്ദാക്ഷന്‍ എടുത്തുപറയുന്നു.
ഗുജറാത്ത് കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ അവസ്ഥയുടെ യഥാര്‍ത്ഥചിത്രം ഈ ചര്‍ച്ചയില്‍ കടന്നുവരുന്നുണ്ട്. 'മതം പോലുള്ള ആശയങ്ങള്‍ക്ക് മനുഷ്യനെ മോട്ടിവേറ്റ് ചെയ്യാനുള്ള കഴിവ് അപാരമാണ്' എന്ന് ആനന്ദ് സൂചിപ്പിക്കുന്നു. മതങ്ങളുടെ നല്ല വശമല്ല പലപ്പോഴും മുന്നില്‍ നില്‍ക്കുന്നത്. മനുഷ്യസ്നേഹം പ്രസംഗിക്കുന്നവര്‍ക്ക് എങ്ങനെയാണ് മറ്റുള്ളവരെ വെറുക്കാനും കൊല്ലാനും കഴിയുന്നത്? ആത്മീയത തൊട്ടുതേക്കാത്ത മതങ്ങള്‍ വര്‍ഗീയശക്തിയായി പെരുകുന്ന കാഴ്ച അതിഭീകരമാണ്. മതനിരപേക്ഷത അപകടത്തിലാകുന്നത് അപ്രകാരമാണ്. 'കാലഹരണപ്പെട്ട മതാചാരങ്ങളില്‍ നിന്നും മതപരമായ സ്വത്വത്തില്‍നിന്നും മനുഷ്യനെ വിമോചിപ്പിക്കാന്‍' ആധുനികതക്കും കഴിയുന്നില്ല. രാഷ്ട്രീയവും മതവും കൂടിച്ചേര്‍ന്ന് ഹിംസാത്മകമായ ശക്തി രൂപം കൊണ്ടിരിക്കുന്നു. ആ ശക്തികള്‍ മതത്തിന്‍റെ സിംബലുകള്‍ തട്ടിയെടുക്കുന്നു.
ഇതിഹാസങ്ങളും പുരാണങ്ങളും ചരിത്രത്തിന്‍റെ വേഷം കെട്ടുന്നു. 'ഇതിഹാസങ്ങള്‍ക്കുള്ള ഒരു ഗുണം അവ നന്മകള്‍ക്കൊപ്പം തിന്മകളെയും തുറന്നുകാട്ടുന്നുവെന്നതാണ്' ആനന്ദിന്‍റെ കാഴ്ചപ്പാട് ഇവിടെ തെളിയുന്നു. വര്‍ഗീയവാദി മൃതമനുഷ്യനാണ് എന്നതാണ് സത്യം. അവരുടെ ഹൃദയവും തലച്ചോറും മരവിച്ചിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ മതങ്ങളും ജൈവികപ്രതിഭാസങ്ങളാണ്. കാലത്തിനനുസരിച്ച് വളരാനും വികസിക്കാനും മാറാനും കഴിയുന്ന ജൈവികഘടന നഷ്ടമാകുമ്പോള്‍ അവ ജീര്‍ണ്ണിക്കുന്നു. അതാണ് നാം ഇന്ന് കാണുന്ന പല പ്രശ്നങ്ങള്‍ക്കും കാരണം. 'മനുഷ്യരെയൊക്കെ ഒറ്റ വിശ്വാസത്തിന്‍ കീഴില്‍ കൊണ്ടുവരാന്‍ സാധിക്കില്ല' എന്നാണ് ആനന്ദ് എടുത്തുപറയുന്നത്. ബഹുസ്വരമായ ആരായലുകളും പാതകളുമാണ് തെളിയേണ്ടത്. 'ലോകത്തില്‍ പല ശരികളും പല തെറ്റുകളും ഉണ്ട് എന്ന സങ്കല്പമാണ് സംസ്കാരം' എന്നും ആനന്ദ് സൂചിപ്പിക്കുന്നു.
'യഥാര്‍ത്ഥ പരിഹാരം രാഷ്ട്രീയത്തെ മതങ്ങള്‍ക്കുപരി ഉയരുന്നതിന് ലിബറല്‍ ഡമോക്രാറ്റിക് ഭാവനകള്‍ക്ക് ശക്തികൊടുക്കുക എന്നതാണ്.' ജനാധിപത്യത്തെ വീണ്ടെടുക്കാതെ ലോകത്തിനു മുന്നോട്ടുപോകാനാവില്ല. 'മതങ്ങളില്‍നിന്ന് ഊന്നല്‍ മനുഷ്യനിലേക്ക് മാറുന്ന സമീപനം' ഉണ്ടാകണമെന്നാണ് ആനന്ദിന്‍റെ അഭിപ്രായം. ചുരുങ്ങിവരുന്നതിനുപകരം നമ്മുടെ കാഴ്ചപ്പാട് വിശാലമാകണം. "ഇത്രയേറെ സങ്കീര്‍ണവും മുഖരിതവുമായ ഒരു സമൂഹത്തില്‍ രാഷ്ട്രീയം, ഭാഷ, സ്നേഹം, കാരുണ്യം, ആത്മീയത, ഒന്നും അവയുടെ അടിസ്ഥാനപരമായ അര്‍ത്ഥത്തിലല്ല മനസ്സിലാക്കപ്പെടുന്നത്. എല്ലാറ്റിന്‍റെയും സത്തകള്‍ നഷ്ടപ്പെട്ടിരിക്കുന്നു" എന്ന കെ. അരവിന്ദാക്ഷന്‍റെ നിരീക്ഷണം പ്രസക്തമാണ്. "ഇവിടെ സംഭവിക്കുന്നത് മൂല്യപരമായ, ധാര്‍മ്മികമായ ഉലച്ചിലാണ്" എന്ന് ആനന്ദും തിരിച്ചറിയുന്നു. ധാര്‍മ്മികമൂല്യങ്ങളൊന്നും ചര്‍ച്ചയില്‍പോലും വരുന്നില്ല. എല്ലാ സാമൂഹിക സ്ഥാപനങ്ങളില്‍നിന്നും ധാര്‍മ്മികത ചോര്‍ന്നുപോയിരിക്കുന്നു. നവോത്ഥാനമൂല്യങ്ങള്‍ക്കു പകരം മത-ജാതി പുനരുദ്ധാരണമൂല്യങ്ങളാണ് കമ്പോളവത്കരിക്കപ്പെടുന്നത്.
സംഭാഷണങ്ങളുടെ രണ്ടാം ഘട്ടം ആനന്ദിന്‍റെ എഴുത്തുജീവിതത്തിലേക്കുള്ള വാതില്‍തുറക്കലാണ്. ആള്‍ക്കൂട്ടത്തില്‍ തുടങ്ങിയ അന്വേഷണം അദ്ദേഹം ഇന്നും തുടരുന്നു. "ഫിക്ഷന്‍ സത്യത്തിന്‍റെ വിപരീതമല്ല. അതു വേറൊരു രൂപത്തിലുള്ള സത്യമാണ്. നോവല്‍ എന്ന വാക്കില്‍തന്നെ പുതുമ അടങ്ങുന്നു" എന്നതാണ് ആനന്ദിന്‍റെ അഭിപ്രായം. "മുമ്പിലുള്ള യാഥാര്‍ത്ഥ്യവും ഓര്‍മ്മയുമാണ് ഒരു എഴുത്തുകാരനെ ഏറ്റവും കൂടുതല്‍ ഭീതിപ്പെടുത്തുന്നത്. വന്നതിന്‍റെ ഒരംശംപോലും അവന് വ്യവഹരിക്കാനാവുന്നില്ല" എന്ന് ആനന്ദ് പറയുന്നു. "ആത്മാര്‍ത്ഥതയും സത്യസന്ധതയുമാണ് എഴുത്തുകാരന്‍റെ ആസ്തി' എന്ന ദര്‍ശനമാണ് ആനന്ദിനെ നയിക്കുന്നത്.
"മനുഷ്യന്‍ സമൂഹമായി ജീവിക്കാനും സമൂഹത്തില്‍നിന്ന് വ്യക്തികള്‍ രൂപപ്പെടുവാനും തുടങ്ങിയ കാലം മുതല്‍ ഉയര്‍ന്നുവന്ന ചില ആശയങ്ങളുണ്ട്. നീതി, സ്വാതന്ത്ര്യം, സമത്വം, അന്തസ്സോടുകൂടിയ നിലനില്പ്, പാരസ്പര്യം തുടങ്ങിയവ. ഇവയെ നമുക്ക് മൂല്യങ്ങള്‍ എന്നും വിളിക്കാം. ജീവിതം വളരുകയും വികസിക്കുകയും ചെയ്യുന്നതോടെ മൂല്യങ്ങള്‍ വളരുകയും വികസിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. മൂല്യസൃഷ്ടി എന്ന തുടരുന്ന പ്രക്രിയയെ നമുക്ക് സംസ്കാരം എന്നു വിളിക്കാം. ഈ പ്രക്രിയ തടസ്സപ്പെടുമ്പോഴാണ് സമൂഹം അപകടത്തിലാകുന്നത്.
എഴുത്തുകാര്‍ ആരാണ് എന്ന ചോദ്യം ആനന്ദ് സ്വയം ചോദിക്കുന്നു. "മനുഷ്യദുരന്തങ്ങളുടെ, മനുഷ്യയാതനകളുടെ അഥവാ മനുഷ്യമോഹങ്ങളുടെ പകര്‍പ്പെഴുത്തുകാര്‍ എന്നു പറയാം. യാതനകള്‍ ഏറിവരുമ്പോള്‍ എഴുത്തുകാരന് ദന്തഗോപുരവാസിയാകാന്‍ കഴിയില്ല. ആനന്ദ് മനുഷ്യയാതനകളുടെ കഥകളാണ് അവതരിപ്പിക്കുന്നത്. മൂല്യങ്ങളുടെ, ദര്‍ശനങ്ങളുടെ ശക്തമായ അടിത്തറയാണ് അദ്ദേഹത്തിന്‍റെ ശക്തി. "യുക്തിരഹിതമായ, അന്ധമായ വിശ്വാസങ്ങള്‍കൊണ്ട് വേട്ടയാടുന്ന, അവയാല്‍ സ്വയം വേട്ടയാടപ്പെടുന്ന മനുഷ്യരാണ് എവിടെയും" എന്ന് അദ്ദേഹം കാണുന്നു. ആധുനികശാസ്ത്രം അണുക്കള്‍ക്കും നക്ഷത്രമണ്ഡലങ്ങള്‍ക്കും പ്രകാശവേഗത്തിനുമപ്പുറം കടന്നു വിഹരിക്കുമ്പോഴാണ് ചീയുന്ന മതങ്ങളുമേന്തി, മനുഷ്യര്‍ പരസ്പരം പിച്ചിചീന്തുന്നത്. തമ്മില്‍ സംവദിക്കണമെങ്കില്‍, സംവദിക്കുന്നവര്‍ക്ക് പൊതുവായ ഒരിടംവേണം. ആ ഇടം നാം ജീവിക്കുന്ന കാലവും ജീവിതയാഥാര്‍ത്ഥ്യങ്ങളുമാണ്. സ്വയം പരിഷ്കരിച്ച്. ആധുനികവത്കരിച്ച് ആ പൊതു തട്ടകത്തിലേക്ക് എത്തിയില്ലെങ്കില്‍ നാം ഘോഷിക്കുന്ന മതസൗഹാര്‍ദ്ദം സാദ്ധ്യമല്ല. സഹസ്രാബ്ദങ്ങള്‍ ദൂരമുള്ള അറകളിലിരുന്ന് പരസ്പരം കൂവി വിളിക്കുന്നത് നിരര്‍ത്ഥകവുമാണ്" എന്ന് ആനന്ദ് പറയുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകും. അധികമാളുകള്‍ അഭിമുഖീകരിക്കാത്ത യാഥാര്‍ത്ഥ്യങ്ങളാണ് ആനന്ദ് നേരിടുന്നത്.
"ധാര്‍മ്മികമായും മാനുഷികമായും എത്ര പിന്നോട്ടാണ് പോയത് ലോകം" എന്ന് ആനന്ദ് കാണുന്നു. പിന്നോട്ടു തിരിഞ്ഞു യാത്ര ചെയ്യുമ്പോള്‍ കാര്യങ്ങള്‍ മാറുന്നു. വലിയ തുറുങ്കുകളിലേക്ക് മനസ്സ് ആനയിക്കപ്പെടുന്നു. സ്വാതന്ത്ര്യത്തിന്‍റെ ആകാശം ചെറുതാകുന്നു. "ലോകത്തില്‍ എവിടെയാണ് അഭയം തേടിയോടുന്നവരില്ലാത്തത്? ഇല്ലാത്ത അഭയം? നിഷ്ഠൂരരായ ഭരണാധികാരികളില്‍നിന്ന്, കാലം മുന്നോട്ടു പോയതറിയാത്ത മതങ്ങളില്‍നിന്ന്, ദുരാഗ്രഹങ്ങളില്‍നിന്ന്. എന്തിന്, മഹാമാരികളില്‍നിന്നും പ്രകൃതിക്ഷോഭങ്ങളില്‍നിന്നു തന്നെയും" എന്നു പറഞ്ഞവസാനിപ്പിക്കുമ്പോള്‍ അര്‍ത്ഥപൂര്‍ണമായ സംഭവത്തിന് നാം സാക്ഷികളാകുന്നു.
(രണ്ട് സംഭാഷണങ്ങള്‍ - കെ. അരവിന്ദാക്ഷന്‍ - സാഹിത്യപ്രവര്‍ത്തക സഹകരണസംഘം- കോട്ടയം.)
Featured Posts
bottom of page