top of page

അമ്പതുനോമ്പിന്‍റെ കാലഘട്ടത്തിലേക്ക് നാം പ്രവേശിക്കുകയാണ്. മനുഷ്യനിലുള്ള തിന്മകളെ തിരുത്തുവാനും നല്ല വഴികളിലേക്കു പ്രവേശിക്കുവാനും നമ്മെ ഒരുക്കുന്ന കാലമാണല്ലോ നോമ്പുകാലം. നല്ലവനായ ദൈവത്തെ മോശമായി അവതരിപ്പിക്കുവാനും, സത്യം തന്നെയായ ദൈവത്തെ നുണയനായി കാണുവാനും വിശ്വസ്ഥനായ ദൈവത്തെ വിശ്വസിക്കുവാന്‍ കൊള്ളാത്തവനാണെന്നും സ്ഥാപിക്കുവാനുള്ള സാത്താന്‍റെ ശ്രമമാണ് ഉല്‍പ്പത്തി 3-ാമധ്യായത്തില്‍ നാം കാണുന്നത്. ലോകസ്ഥാനം മുതല്‍ ഈ പ്രലോ ഭനം മനുഷ്യവംശത്തില്‍ കടന്നു വരുന്നുണ്ട്.
മനുഷ്യന്‍ ദൈവത്തിന്‍റെ കൂടെ നടന്നപ്പോള്‍ ആ സ്ഥലം പറുദീസയായിരുന്നു. ദൈവത്തില്‍ നിന്നകന്നപ്പോള്‍ അതു നരകമായി മാറി. 'പഴം തിന്നാല്‍ ദൈവത്തെപ്പോലെയാകും' എന്നതായിരുന്നു ആദ്യപ്രലോഭനം. മനുഷ്യന്‍ ദൈവത്തിന്‍റെ കൂടെയല്ല പഴത്തിനൊപ്പം നില്‍ക്കണമെന്ന് സാത്താന്‍ പഠിപ്പിച്ചു. പഴം എന്നത് നൈമിഷികസുഖങ്ങളാണ്. എന്തെങ്കിലും ഒരു ഫലം പഴുത്താല്‍ പിന്നെ അതു നീണ്ടകാലം നിലനില്‍ക്കില്ല. ഏതു പഴവും അധികം വൈകാതെ അഴുകിത്തീരും. പെട്ടെന്നു തീരുന്ന സുഖങ്ങള്‍ പലതുണ്ട്. മദ്യപാനം, മദിരോത്സവം, പുകവലി, മയക്കുമരുന്ന്, ലൈംഗിക അരാജകത്വം എന്നിവയെല്ലാം പഴത്തിന്‍റെ സ്ഥാനത്തു നില്‍ക്കുന്നു. ഇങ്ങനെയുള്ള താല്‍ക്കാലിക സുഖങ്ങള്‍ വെടിയണമെന്ന് ദൈവം ഓര്‍മ്മിപ്പിക്കുന്നു. ദേഹത്തുള്ള പുഴുക്കടിയില്‍ ചൊറിഞ്ഞാല്‍ സുഖമുണ്ടെങ്കിലും അതൊരിക്കലും കരിയില്ല. സാത്താന്‍റെ ഈ ഒന്നാമത്തെ നുണയെ നാം തോല്‍പ്പിക്കണം. ചെയ്യുമ്പോള്‍ സുഖവും ചെയ്തുകഴിഞ്ഞു മനസ്സിനു ഭാരവും തരുന്ന പ്രവൃത്തികളെ നാം വെടിയണം.
രണ്ടാമതായി പറയുന്നതിപ്രകാരരമാണ്. ദൈവകല്പനയ്ക്ക് വിപരീതമായി മനുഷ്യന്‍ പഴം തിന്നാല്‍ നന്മതിന്മകളെ തിരിച്ചറിയുവാന്‍ അവന്‍റെ കണ്ണുകള്‍ തുറക്കപ്പെടും. ഇവിടെ നന്മയും തിന്മയും മനുഷ്യന്‍ സ്വയം തീരുമാനിക്കും. ദൈവകല്പനകള്‍ക്കു വിലയില്ല. ഞാനെന്തു തീരുമാനിച്ചാലും അതാണ് ശരി. എന്‍റെ തീരുമാനത്തിനപ്പുറത്ത് യാതൊരു തിന്മയും നന്മയുമില്ല. ഞാനാണ് സര്‍വ്വാധികാരി. സമൂഹത്തിന്‍റെ നിയമങ്ങളും എനിക്കു ബാധകമല്ല. എന്‍റെ വഴികള്‍ എന്‍റെ സൗകര്യം പോലെ ഞാന്‍ തെരഞ്ഞെടുക്കും. സാത്താന്‍ പഠിപ്പിച്ച ഈ വലിയ നുണ ഇന്നു മനുഷ്യനെ ഗ്രസിച്ചിരിക്കുന്നു. മതമോ, ബൈബിളോ, ധാര്‍മ്മിക മൂല്യങ്ങളോ എനിക്കു പ്രശ്നമല്ല. എന്‍റെ കൊച്ചു സാമ്രാജ്യത്തിലെ ഏകാധിപതിയായി ഞാന്‍ വിലസും. ഞാന്‍ ദൈവത്തെപ്പോലെയാകുന്നത് ദൈവത്തിനിഷ്ടമില്ലെങ്കില്‍ എന്‍റെ സ്വന്തം വഴികള്‍ തെരഞ്ഞെടുത്തു ഞാന്‍ സ്വയം ദൈവമായി മാറും.
സാത്താന്‍ പറഞ്ഞ 2 നുണകള്‍ മനുഷ്യന്‍റെ നന്മയെ നശിപ്പിച്ചു. ദൈവത്തിന്‍റെ 'ശരി' മനസ്സിലാക്കാതെ മനുഷ്യന്‍ പരാജയപ്പെട്ടപ്പോള്‍ പഴത്തിന്‍റെ സ്വാധീനം വര്‍ദ്ധിച്ചുവന്നു. കമ്പോളത്തിലെ പരസ്യത്തിന്‍റെ അടിമയായി മാറിയ മനുഷ്യന്‍. തീറ്റയും കുടിയും മുഖമുദ്രയാക്കിയ മനുഷ്യന്‍. മനുഷ്യനെ കാത്തിരിക്കുന്ന, മനുഷ്യന്‍റെ കൂടെ ഉലാത്തുന്ന ദൈവത്തെ നമ്മള്‍ മറന്നു. ഉല്‍പ്പത്തി 3/8 ല്‍ സന്ധ്യയായപ്പോള്‍ മനുഷ്യനെത്തേടിയിറങ്ങുന്ന ദൈവത്തെ അവതരിപ്പിച്ചിരിക്കുന്നു. സാത്താന്‍റെ നുണകള്‍ക്ക് അടിമയാകുന്ന മനുഷ്യന്‍റെ ജീവിതത്തില്‍ ഇരുള്‍പരക്കും. പ്രകാശം അസ്തമിക്കും. പിന്നെ അവന് ഇരുട്ടുപരയ്ക്കുന്ന സന്ധ്യയിലായിരിക്കും. മനുഷ്യന്‍ മറന്നാലും അവനെ മറക്കാതെ പേരുചൊല്ലി വിളിച്ചു ദൈവം കടന്നുവരും.
മനുഷ്യന്‍റെ അന്ധകാരത്തില്‍ സ്ത്രീയുടെ സന്തതിയായ ക്രിസ്തു കടന്നു വന്നു. പ്രകാശം പകര്‍ത്താനുള്ള കടന്നുവരവ് തന്‍റെ പരസ്യ ജീവിതാരംഭത്തില്‍ ഏദനിലെ സാത്താന്‍ യേശുവിനെ പ്രലോഭിപ്പിക്കുവാന്‍ കടന്നുവന്നു. പഴം തിന്നുവാന്‍ ആദിമാതാവിനെ പ്രലോഭിപ്പിച്ചവള്‍ സ്ത്രീയില്‍ നിന്നും പിറന്നവനെ കല്ലിനെ അപ്പമാക്കി മാറ്റി അത്ഭുതം കാണിക്കുവാന്‍ പ്രലോഭിപ്പിക്കുന്നു. യേശു ആ പ്രലോഭനത്തെ തോല്‍പ്പിച്ചു. ഉയരങ്ങളില്‍ നിന്നു ചാടി ലോകത്തിന്‍റെ കയ്യടി മേടിക്കുവാനായിരുന്നു അടുത്ത പ്രലോഭനം. തിരുവചനം കൊണ്ടു ക്രിസ്തു സാത്താനെ തിരുത്തി. സത്യദൈവമായവന്‍ നുണയനെ കുമ്പിട്ടാരാധിക്കുവാനായിരുന്നു അടുത്ത ആഹ്വാനം. വലിയ നുണയന്‍റെ സകല അടവുകളെയും കര്‍ത്താവു തകര്‍ത്തു.
ജീവിതത്തിലും ശരീരത്തിലും, മനസ്സിലും ആത്മാവിലുമുണ്ടാകുന്ന പ്രലോഭനങ്ങളെ അതിജീവിക്കുവാനുള്ള ശ്രമം നടത്തുന്ന കാലമാണ് നോമ്പ്. ഉപവാസമെടുത്തും, നിദ്ര വെടിഞ്ഞും, ദേഹത്തിനു സുഖം നല്‍കുന്ന അവസരങ്ങളുപേക്ഷിച്ചും ശരീരത്തില്‍ സാത്താനെ തോല്‍പ്പിക്കണം. എളിമപ്പെട്ടും, അനുസരിച്ചും, ചിന്തകളെയും ഭാവനകളെയും നിയന്ത്രിച്ചും മനസ്സില്‍ സാത്താനെ പരാജയപ്പെടുത്തണം. സത്യം മാത്രം പറഞ്ഞും, കാരുണ്യപ്രവൃത്തികള്‍ ചെയ്തും, പ്രാര്‍ത്ഥനയില്‍ കൂടുതല്‍ സമയം കണ്ടെത്തിയും ആത്മാവില്‍ വളരണം. ചെയ്യുമ്പോള്‍ സുഖവും ചെയ്തു കഴിഞ്ഞു മനസ്സിനു ഭാരവും തരുന്ന പ്രവൃത്തികളെ ഉപേക്ഷിക്കാം. ചെയ്യുന്നവന് സുഖവും ചുറ്റുമുള്ളവര്‍ക്ക് മുറിവും നല്‍കുന്ന സംസാരവും പ്രവൃത്തിയും ഉപേക്ഷിക്കാം. ജീവിതത്തില്‍ എന്തെങ്കിലും നൊമ്പരം അനുഭവിച്ച് ഈ നോമ്പുകാലത്തിലൂടെ യാത്ര തുടരാം.
Featured Posts
bottom of page