top of page
തന്‍റെ ഇരുപത് വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ കൈക്കൂലി വാങ്ങുകയില്ല എന്ന തീരുമാനം ഒരു ഇടത്തരം വീടും, ചെറിയ ബാങ്ക് ബാലന്‍സും, 18 സ്ഥലംമാറ്റങ്ങളും മാത്രമാണ് യു. സഹായത്തിന് നല്‍കിയ സമ്പാദ്യം. മധുര ഡിസ്ട്രിക്റ്റ് കളക്ടറെന്ന നിലയില്‍ മികച്ച സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹത്തെ കഴിഞ്ഞ മേയ് ഇരുപത്തിമൂന്നാം തീയതി മറ്റൊരു സ്ഥലം മാറ്റം തേടിയെത്തി. കോഓപ്റ്റക്സിന്‍റെ മാനേജിംഗ് ഡയറക്ടര്‍ എന്ന പദവിയിലേക്ക്. അവിടെയും തന്‍റെ തനതായ ശൈലിയില്‍ ഒരു വിപ്ളവം സൃഷ്ടിക്കാമെന്ന ഉറച്ച വിശ്വാസത്തോടെ സഹായം മുന്നോട്ട് നീങ്ങുന്നു.
ഒരു നട്ടുച്ച നേരത്ത് മധുരയിലെ തിരക്കാര്‍ന്ന മെയിന്‍ റോഡിലൂടെ യാത്ര ചെയുകയായിരുന്ന സഹായം, അല്‍പം മുന്നിലായി സഞ്ചരിക്കുന്ന ബൈക്കു യാത്രക്കാരന്‍ മൊബൈല്‍ ഫോണിലൂടെ സംസാരിക്കുന്നത് ശ്രദ്ധിച്ചു. നിയമലംഘനത്തിനുള്ള ശിക്ഷ നല്‍കാന്‍ ഒട്ടും താമസമുണ്ടായില്ല - ഇരുപത്തിനാലു മണിക്കൂറിനകം പത്ത് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കണം. ഒരേ സമയം വ്യത്യസ്തവും വിചിത്രവുമായ ഈ പ്രവര്‍ത്തനശൈലിയാണ് അദ്ദേഹത്തെ മറ്റ് സമകാലീനരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്.
സഹായത്തിന്‍റെ ഓഫീസ് മുറിയില്‍ ഇരിക്കുന്ന കസേരയ്ക്ക് അഭിമുഖമായി ഇങ്ങനെ എഴുതി വച്ചിരിക്കുന്നു: "ലഞ്ചം തവിര്‍ത്ത്, നെഞ്ചം നമര്‍ത്ത്" ("കൈക്കൂലി ഉപേക്ഷിക്കൂ, അഭിമാനത്തോടെ ജീവിക്കൂ") ഈ പ്രമാണത്തില്‍ എന്നും ഞാന്‍ ഒരേയാള്‍ തന്നെയാണ്. അഴിമതിക്കെതിരെയുള്ള എന്‍റെ നിലപാട് ഒരു താത്ക്കാലിക ഭ്രമമോ ചെറുപ്പത്തിന്‍റെ ചോരത്തിളപ്പോ അല്ല. വരുംവരായ്കകളേകുറിച്ച് തികഞ്ഞ ബോധ്യത്തോടെ തിരഞ്ഞെടുത്ത വഴിയാണത്."
വര്‍ഷങ്ങള്‍ക്ക് മുമ്പ് നാമക്കല്‍ ഡിസ്ട്രിക്റ്റ് കളക്ടറായിരുന്നപ്പോള്‍ സഹായം തന്‍റെ സ്വത്ത് വിവരം സ്വമേധയാ വെളിപ്പെടുത്തി - 7127 രൂപ ബാങ്ക് ബാലന്‍സും 9 ലക്ഷം വിലമതിക്കുന്ന മധുരയിലെ വീടും. ഒരിക്കല്‍ ശ്വാസതടസ്സം മൂലം ബുദ്ധിമുട്ടിയ ഇളയ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ 5000 രൂപ പോലുമില്ലാതെ വലഞ്ഞിട്ടുണ്ട്. അപ്പോള്‍ കോയമ്പത്തൂരിലെ എയ്ഡൈഡ് ഡപ്യൂട്ടി കമ്മീഷനറായിരുന്ന സഹായത്തിന്‍റെ മുമ്പില്‍ 10,000 രൂപയെങ്കിലും വീതം കൈക്കൂലി ലഭിക്കാവുന്ന 650 മദ്യലൈസന്‍സുകള്‍ക്കുള്ള അപേക്ഷകള്‍ ഉണ്ടായിരുന്നു.
സഹായം നേരിട്ട മറ്റൊരു വെല്ലുവിളിയായിരുന്നു. മധുര നഗര ശുദ്ധീകരണം. അദ്ദേഹം ഡിസ്ട്രിക്റ്റ് കളക്ടറായി ചുമതലയേല്‍ക്കുമ്പോള്‍ മറ്റുതവാണിയിലെ മെയിന്‍ ബസ്ടെര്‍മിനല്‍ (പോലീസ് ഔട്ട് പോസ്റ്റടക്കം) വഴി വാണിഭക്കാര്‍ പൂര്‍ണ്ണമായും കയ്യേറിയിരുന്നു. സ്ഥിരം പടി വാങ്ങിയിരുന്ന രാഷ്ട്രീയക്കാരുടെയും പോലീസ്കാരുടെയും ഒത്താശയോടെ ഈ സംവിധാനം ഒരിക്കലും നശിപ്പിക്കാനാവാത്തവിധം തഴച്ചു വളര്‍ന്നിരുന്നു. സ്ഥിതി ഗതികളുടെ ഗൗരവം മനസ്സിലാക്കിയ സഹായം നിയമം വള്ളിപുള്ളി തെറ്റാതെ നടപ്പാക്കി- കൈയേറ്റക്കാരെ പൂര്‍ണ്ണമായും പുറത്താക്കി. അപ്പോഴും ഒരു ചോദ്യം അവശേഷിച്ചിരുന്നു. "അന്നന്നത്തെ അപ്പത്തിനു വേണ്ടി ക്ലേശിക്കുന്ന ഒരു പറ്റം മനുഷ്യരുടെ ജീവനോപാധിയല്ലേ തകര്‍ക്കപ്പെട്ടത്?" സഹായത്തിന്‍റെ മറുപടി ഇങ്ങനെയായിരുന്നു, "നിയമലംഘനം എത്ര തന്നെ ന്യായീകരിച്ചാലും അത് നിയമലംഘനം തന്നെ. എന്നിരുന്നാലും പുറത്താക്കപ്പെട്ടവര്‍ ഒരിക്കലും ഉപേക്ഷിക്കപ്പെടുകയില്ല അവര്‍ പുനരധിവസിക്കപ്പെടും." നിയമത്തില്‍ കാര്‍ക്കശ്യക്കാരനെങ്കിലും തികഞ്ഞ മനുഷ്യസ്നേഹിയാണ് സഹായം എന്ന് ഈ സംഭവം വെളിപ്പെടുത്തുന്നു. സഹായത്തിന്‍റെ ആരാധകരില്‍ എല്ലാ ജനവിഭാഗങ്ങളും ഉള്‍പ്പെടും. ടാക്സിഡ്രൈവറായ നാഗേശ്വരന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുക: "ഞങ്ങള്‍ക്കുറപ്പുണ്ട്.. നയാപൈസ പോലും കൈക്കൂലി വാങ്ങാത്തയാളാണ്' അദ്ദേഹം സിനിമയില്‍ മാത്രം കണ്ടിട്ടുള്ള ആദര്‍ശധീരരായ നായകന്മാര്‍ ജീവിതത്തിലേക്കിറങ്ങി വന്നതു പോലെ."
നിയമത്തിലും സാമൂഹിക സേവനത്തിലുമുള്ള ബിരുദാനന്തര ബിരുദം സഹായത്തിന്‍റെ ഭരണ നൈപുണ്യത്തിന് മാറ്റുകൂട്ടുന്നു. നിയമത്തിലുള്ള അഗാധ പാണ്ഡിത്യം എത്ര വലിയ എതിരാളിയെയും നേരിടാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കുന്നുണ്ട്. ഉദാഹരണത്തിന് കാഞ്ചിപുരത്ത് റവന്യു ഓഫീസറായിരുന്ന കാലഘട്ടത്തില്‍ പാലാര്‍ നദീതീരത്തെ അനധികൃത മണല്‍ ഖനനം മൂലമുള്ള വെള്ളപ്പൊക്ക ഭീഷണിയും തുടര്‍ന്നുണ്ടായേക്കാവുന്ന ജീവനഷ്ടവും ശ്രദ്ധയില്‍ പെട്ടപ്പോള്‍ സഹായം ശക്തമായ നടപടികള്‍ക്കുത്തരവിട്ടു. മണല്‍മാഫിയയുടെ ഭീഷണികള്‍ക്കോ ഗുണ്ടകള്‍ക്കോ അദ്ദേഹത്തെ പിന്തിരിപ്പിക്കാനായില്ല. മറ്റൊരിക്കല്‍ മായം കലര്‍ന്ന ശീതള പാനീയം വിറ്റിരുന്ന ശക്തരായ ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ ബോട്ട്ലിംഗ് യൂണിറ്റ് സഹായം അടച്ച് പൂട്ടിക്കുകയും അതിന്‍റെ വിപണനം പോലും നഗരത്തില്‍ നിരോധിക്കുകയും ചെയ്തു. ചെന്നെയിലായിരുന്നപ്പോള്‍ ഒരു പ്രമുഖ റസ്റ്റോറന്‍റ് ശൃംഖലയുമായി കൊമ്പ് കോര്‍ക്കുകയും അവര്‍ അനധികൃതമായി കൈവശം വച്ചിരുന്ന 200 കോടിയോളം വിലമതിക്കുന്ന ഭൂസ്വത്ത് തിരിച്ച് പിടിക്കുകയും ചെയ്തു.
തൊട്ടതെല്ലാം പൊന്നാക്കിയ സഹായത്തിനെ ഇലക്ഷന്‍ കമ്മീഷന്‍ രാഷ്ട്രീയ ദൈവങ്ങള്‍ക്ക് പേരു കേട്ട മധുരയിലെ തിരഞ്ഞെടുപ്പ് ചുമതലയേല്‍പ്പിച്ചു. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിനായി കോളേജുകള്‍ തോറും നടത്തിയ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ രാഷ്ട്രീയപാര്‍ട്ടികളുടെ കണ്ണിലെ കരടാക്കി മാറ്റി. പ്രത്യേകിച്ച് ഡി. എം. കെ. യുടെ എതിര്‍പ്പുമായി കോടതി കയറിയിറങ്ങിയ സ്ഥലം എം. പി. എം. കെ. അഴഗിരിക്ക് എതിരായിരുന്നു കോടതി വിധിയും.
തുടരെ തുടരെ ജീവനു നേരെ വരെ ഉണ്ടായിട്ടുള്ള ഭീഷണികളില്‍ ചിലപ്പോഴൊക്കെ പതറിപ്പോയിട്ടുണ്ടെങ്കിലും ജീവിതസഖി വിമല യാതൊരു പരാതിയും കൂടാതെ സഹായത്തോടൊപ്പം ഉറച്ച് നിന്നു. "സത്യത്തിന്‍റെ മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവര്‍ ഒന്നിനേയും ഭയക്കേണ്ട എന്നാണദ്ദേഹം പറയാറുള്ളത്. എങ്കിലും കാര്യങ്ങള്‍ അത്ര എളുപ്പമൊന്നുമല്ല." വിമല ചിരിക്കുന്നു.
ജനകേന്ദ്രീകൃതമായ പ്രവര്‍ത്തനശൈലി സഹായത്തിന്‍റെ പ്രത്യേകതയാണ്. തിങ്കളാഴ്ചകള്‍ തോറുമുള്ള ദര്‍ബാറുകള്‍ പൊതുജനത്തിന് പരാതികള്‍ സമര്‍പ്പിക്കാനുള്ള സുവര്‍ണ്ണ വേദികളായി മാറുന്നു. ഔദ്യോഗിക പര്യടനങ്ങള്‍ക്കിടെ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് സ്കൂള്‍ ബസ്സുകള്‍ നിര്‍ത്തിച്ചു പോലും കുട്ടികളോട് കുശലാന്വേഷണം നടത്തുന്നതിന് സഹായത്തിന് മടിയില്ല. ചിലപ്പോഴൊക്കെ അവിചാരിതമായി ക്ലാസ് മുറികളില്‍ കടന്ന് ചെന്ന് വിദ്യാര്‍ത്ഥികളോട് സംവദിക്കാറുമുണ്ട്. ഐ. എ. എസ്. ഓഫീസറാകണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്ന കുട്ടികളോട് അദ്ദേഹം ശക്തമായ ഭാഷയില്‍ പറയും, "ഇപ്പോള്‍ പറയാനെളുപ്പമാണ്. പക്ഷേ നട്ടെല്ല് വളയ്ക്കാതെ, കൈക്കൂലി വാങ്ങാതെ ഔദ്യോഗിക ജീവിതത്തിലുടനീളം തുടരാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ?"
ഒരു ഗ്രാമ സന്ദര്‍ശനത്തിനിടയില്‍ ഉപജീവനത്തിനായി അദ്ധ്വാനിക്കുന്ന തൊണ്ണൂറ്റിരണ്ട്കാരിയായ വൃദ്ധയെ സഹായം ശ്രദ്ധിച്ചു. ആ സ്ത്രീയുടെ കഷ്ടപ്പാട് കണ്ട് മനസ്സലിഞ്ഞ് ഉടനെ തന്നെ അവര്‍ക്ക് വാര്‍ദ്ധക്യ പെന്‍ഷന്‍ അനുവദിച്ച് കൊടുക്കുകയും ചെയ്തു. മറ്റൊരു ഗ്രാമസന്ദര്‍ശനത്തിനിടയില്‍ വാര്‍ദ്ധക്യ പെന്‍ഷനുള്ള അപേക്ഷയുമായി വന്ന 60 വയസ്സുകാരി വല്ല്യമ്മയോട് സഹായം പറഞ്ഞു "പെന്‍ഷന്‍ ഞാനനുവദിക്കാം. അതോടൊപ്പം നിങ്ങളെ നോക്കാത്ത മക്കളെ ജയിലിലടക്കേണ്ടിയും വരും." തമാശയായിട്ടു പറഞ്ഞതാണെങ്കിലും മാതാപിതാക്കളെ പരിപാലിക്കാത്ത മക്കള്‍ക്കെതിരെ നടപടിയെടുത്ത സംഭവങ്ങളും അദ്ദേഹത്തിന്‍റെ ഔദ്യോഗിക ജീവിതത്തിലുണ്ടായിട്ടുണ്ട്.
ഭാരതത്തിന്‍റെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന മഹാത്മാഗാന്ധിയുടെ വചനത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന സഹായം ഒരു തികഞ്ഞ ഗ്രാമസേവകനാണ്. ഗ്രാമോദ്ധാരണത്തിനായി നിയമിക്കപ്പെട്ട വില്ലേജ് അഡ്മിനിസ്ട്രേറ്റിവ് ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ സമീപനം കണ്ട് നടപടിയെടുത്തപ്പോള്‍ പ്രകോപിതരായ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സഹായത്തെ സ്ഥലം മാറ്റാന്‍ നീക്കം നടത്തി. എന്നാല്‍ സംഘടിച്ചെത്തിയ അയ്യായിരത്തോളം ഗ്രാമവാസികളുടെ പ്രതിഷേധം മൂലം ഉദ്യോഗസ്ഥര്‍ക്ക് പിന്‍വാങ്ങേണ്ടി വന്നു.
സത്യസന്ധതയുടെ ബാലപാഠങ്ങള്‍ പകര്‍ന്നത് അമ്മയാണെന്ന് പറയുമ്പോള്‍ സഹായത്തിന്‍റെ കണ്ണുകള്‍ നിറയുന്നു. അയല്‍വാസിയുടെ മാവില്‍ നിന്ന് തന്‍റെ പറമ്പിലേക്ക് വീഴുന്ന മാങ്ങ പോലുമെടുക്കാന്‍ അമ്മ തന്നെ അനുവദിച്ചിരുന്നില്ല. അന്യന്‍റെ സമ്പത്ത് കാംക്ഷിക്കരുതെന്ന് അമ്മ പഠിപ്പിച്ച പാഠം ഇന്ന് തന്‍റെ മക്കള്‍ക്കും അദ്ദേഹം പറഞ്ഞ് കൊടുക്കുന്നു. അഴിമതിക്കെതിരെയുള്ള സമരത്തില്‍ ഒരിക്കലും തളരാത്ത പോരാളിയായി തന്‍റെ പിന്‍ഗാമികള്‍ക്ക് മാതൃകയായി സഹായം തന്‍റെ കര്‍മ്മകാണ്ഡം തുടരുന്നു.
വാല്‍ക്ഷഷണം:
മദ്ധ്യപ്രദേശ് നിവാസികളായ ഐ.എ.എസ് ദമ്പതികളുടെ സ്വത്തിന്‍റെ മൂല്യം 360 കോടിയായി കണക്കാക്കപ്പെട്ടിരിക്കുന്നു! കൂടാതെ മൂന്ന് പ്രധാന നഗരങ്ങളിലായി 25 ഫ്ളാറ്റുകളും അവര്‍ക്ക് സ്വന്തം!
Featured Posts
bottom of page