പുരോഹിതാ 9

"അവള്‍ മദ്യപിച്ചിട്ടുണ്ടെന്ന് ഏലിക്കു തോന്നി. ഏലി അവളോടു പറഞ്ഞു: എത്ര നേരം നീ ഉന്മത്തയായിരിക്കും? നിന്‍റെ ലഹരി അവസാനിപ്പിക്കുക" (1 സാമു. 1, 14).
സീനായ് ഉടമ്പടിയുടെ പ്രമാണങ്ങള്‍ എഴുതിയ കല്പലകകള്‍ സൂക്ഷിക്കുന്ന പേടകം ഇസ്രായേല്‍ ജനത്തിന് ഏറ്റം വിശുദ്ധമായ നിക്ഷേപമായിരുന്നു ആ പേടകം സൂക്ഷിക്കുക, പേടകം ഉള്‍ക്കൊള്ളുന്ന പ്രമാണങ്ങള്‍ ജനത്തെ പഠിപ്പിച്ച് ഉടമ്പടിയുടെ നിയമങ്ങള്‍ അനുസരിച്ചു ജീവിക്കാന്‍ അവരെ ഉദ്ബോധിപ്പിക്കുക, അങ്ങനെ അവരെ നേര്‍വഴിക്കു നയിക്കുക, അവര്‍ക്കു വേണ്ടി ദൈവത്തോടു പ്രാര്‍ത്ഥിക്കുക, അവരുടെ കാഴ്ചകളും ബലികളും ദൈവത്തിനു സമര്‍പ്പിക്കുക, ദൈവനാമത്തില്‍ അവരെ ആശീര്‍വ്വദിക്കുക- ഇതെല്ലാമായിരുന്നു അഹറോന്‍റെയും പിന്‍മുറക്കാരായ പുരോഹിതരുടെയും ദൗത്യം. ഈ ദൗത്യങ്ങളിലെല്ലാം പറ്റെ പരാജയപ്പെട്ട ഒരു പ്രധാന പുരോഹിതനെയും പുത്രന്മാരെയുമാണ് ബൈബിളില്‍ അടുത്തതായി കാണുന്നത്. 1 സാമു. 1-4 അധ്യായങ്ങളില്‍ അവരുടെ ചിത്രം അവതരിപ്പിച്ചിരിക്കുന്നു.
ഇസ്രായേലിലെ ആദ്യത്തെ പ്രധാന പുരോഹിതനായ അഹറോന്‍റെ പുത്രന്‍ ഇത്താമറിന്‍റെ പുത്രനായിരുന്നു ഏലി എന്ന് യഹൂദ പാരമ്പര്യം സാക്ഷ്യപ്പെടുത്തുന്നു. ന്യായാധപ ഭരണത്തിന്‍റെ അവസാനത്തോടെ, ബി. സി. 12-ാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയില്‍, 40 വര്‍ഷം അയാള്‍ ഇസ്രായേലില്‍ ന്യായാധിപനും പ്രധാന പുരോഹിതനുമായി വര്‍ത്തിച്ചു(1 സാമു 4.18).
ദേവാലയത്തിനു പുറത്ത് ഒരു പീഠത്തില്‍ ഇരിക്കുകയാണ് ലേവിയെ നാം ആദ്യമായി കണ്ടുമുട്ടുമ്പോള്‍. അയാളെ അവസാനമായി കാണുന്നതും അവിടെത്തന്നെ. ദേവാലയത്തിനുള്ളില്‍ ഉടമ്പടിയുടെ പേടകത്തിനു മുമ്പില്‍ വിതുമ്പിക്കരഞ്ഞു പ്രാര്‍ത്ഥിക്കുന്ന ഒരു സ്ത്രീയെ നോക്കിയിരിക്കുകയാണ് ഏലിയെ നാം ആദ്യമായി കാണുമ്പോള്‍. അവസാനമായി കാണുമ്പോള്‍ ആകട്ടെ, അതേ പീഠത്തില്‍ പുറത്തേക്കു നോക്കിയിരിക്കുന്നു. ഫിലിസ്ത്യരുമായുള്ള യുദ്ധത്തില്‍ തന്‍റെ രണ്ടു പുത്രന്മാരും കൊല്ലപ്പെട്ടു, ഉടമ്പടിയുടെ പേടകം ശത്രുക്കള്‍ പിടിച്ചെടുത്തു എന്ന വാര്‍ത്ത കേട്ട്, ഇടിവെട്ടേറ്റതു പോലെ നടുങ്ങി. "പീഠത്തില്‍ നിന്നു പിറകോട്ടു മറിഞ്ഞു... കഴുത്തൊടിഞ്ഞു മരിച്ചു"(1സാമു. 4.18). ഈ രണ്ടു സംഭവങ്ങള്‍ക്കു മധ്യേ അധികമൊന്നും ഏലിയെക്കുറിച്ചു കേള്‍ക്കുന്നില്ല; കേള്‍ക്കുന്നതാകട്ടെ അത്ര ശുഭകരമോ മാതൃകാപരമോ അല്ല താനും. അയാളുടെ രണ്ടു പുത്രന്മാരെക്കുറിച്ചാകട്ടെ, മോശമായതു മാത്രമേ കേള്‍ക്കുന്നുള്ളൂ.
തുടക്കം
ജനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും ജനത്തെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുകയും ചെയ്യേണ്ട പുരോഹിതന്‍ ദേവാലയത്തിനുള്ളില്‍ പ്രാര്‍ത്ഥിക്കുന്നവരെ നോക്കി പുറത്ത് പീഠത്തില്‍ ഇരിക്കുന്നു എന്നതു തന്നെ ആശ്ചര്യകരം. അയാള്‍ പ്രാര്‍ത്ഥിക്കുന്നില്ല. ദേവാലയ വാതിലിനു കാവലിരിക്കുകയാണോ എന്നു തോന്നും അയാളുടെ ഇരുപ്പും പ്രവൃത്തിയും കണ്ടാല്‍. ഉള്ളില്‍ ഹൃദയം നൊന്തു പ്രാര്‍ത്ഥിക്കുന്ന ഒരു സ്ത്രീയുടെ വിതുമ്പലും കണ്ണീരും മദ്യപിച്ചു ലക്കുകെട്ടതിന്‍റെ അടയാളമായി അയാള്‍ ദുര്‍വ്യാഖ്യാനിക്കുന്നു; തന്‍റെ ഉള്ളിരുപ്പ് ഒരു മടിയും കൂടാതെ അവളോടു പറയുകയും ചെയ്യുന്നു: "നിന്‍റെ ഉന്മത്തത അവസാ നിപ്പിക്കുക!"
എത്ര പരിതാപകരം, അഥവാ ഭയാനകം ഊ പുരോഹിതന്‍റെ അവസ്ഥ! ജനത്തിന്‍റെ വേദനകളും ദുഃഖങ്ങളും നിസ്സഹായതയും മനസ്സിലാക്കുന്നതില്‍ അയാള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു. തന്നെയുമല്ല, വേദനയാല്‍ തകര്‍ന്ന ഹൃദയത്തില്‍ നിന്നൊഴുകുന്ന കണ്ണീരിന്‍റെ പേരില്‍ ശകാരിക്കുകയും ചെയ്യുന്നു. അവള്‍ ആരെന്നോ, എന്താണ് അവളുടെ ദുഃഖകാരണമെന്നോ അയാള്‍ക്കറിയില്ല; അറിയാന്‍ ശ്രമിക്കുന്നുമില്ല. ചുണ്ടു ചലിക്കുന്നതു കണ്ടതേ തീരുമാനം എടുത്തുകഴിഞ്ഞു: അവള്‍ മദ്യപിച്ചു ലക്കുകെട്ട് പുലമ്പുകയാണ്. ഉടനെ ശകാരവും വന്നു. മിണ്ടരുത്! പുരോഹിതര്‍ക്കു സംഭവിക്കാവുന്ന വലിയ ഒരപചയത്തിന്‍റെ ഉദാഹരണം. ഇതു തുടക്കം മാത്രമാണ്.
ശകാരം കേട്ട ഹന്ന ാ, തന്‍റെ ദയനീയാവസ്ഥ തുറന്നു പറഞ്ഞു. വന്ധ്യയായ താന്‍ ഒരു കുഞ്ഞിനു വേണ്ടി കര്‍ത്താവിനോടു യാചിക്കുകയാണ്. സത്യം മനസിലാക്കിയ ഏലി അവളെ ആശ്വസിപ്പിച്ചു, ആശീര്‍വ്വദിച്ചു. "സമാധാനമായി പോവുക. ദൈവം നിന്‍റെ പ്രാര്‍ത്ഥന സാധിച്ചു തരട്ടെ"(1 സാമു 1.17). പുരോഹിതന്‍റെ ആശ്വാസവചനങ്ങള്‍ അവള്‍ക്കു ശക്തിപകര്‍ന്നു. അവള്‍ അതു വിശ്വസിച്ചു. "പിന്നീടൊരിക്കലും അവളുടെ മുഖം മ്ലാനമായില്ല" (1.18). ഇതാണ് ദൈവം പുരോഹിതനെ ഏല്പിച്ചിരിക്കുന്ന ഒരു ദൗത്യം; ജനം പ്രതീക്ഷിക്കുന്നതും ഇതു തന്നെ. ദുഃഖിതര്‍ക്ക് ആശ്വാസം, നിരാശയില്‍ ആണ്ടു പോകുന്നവര്‍ക്ക് പ്രത്യാശ നല്‍കുക, ദൈവനാമത്തില്‍ ആശീര്‍വ്വദിക്കുക. ഇവിടെ ഏലി തികച്ചും ഒരു മാതൃകാ പുരോഹിതനാകുന്നു.
ഗുരു
മൂന്നു വര്‍ഷം കഴിഞ്ഞാണ് നാം ഏലിയെ വീണ്ടും കാണുന്നത്. ഹൃദയം നൊന്തു പ്രാര്‍ത്ഥിച്ച ഹന്നായ്ക്ക് കര്‍ത്താവ് ഒരു പുത്രനെ നല്കി. ചെയ്തിരുന്ന വാഗ്ദാനം അനുസരിച്ച് അവള്‍ അവനെ ദേവാലയത്തില്‍ കൊണ്ടുവന്നു; കര്‍ത്താവിനു സമര്‍പ്പിച്ച്, ഏലിയെ ഏല്പിച്ചു. അവളുടെ വാക്കുകള്‍ ശ്രദ്ധിക്കണം. "ഗുരോ ഇവിടെ അങ്ങയുടെ മുമ്പില്‍ നിന്നു കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ച സ്ത്രീയാണ് ഞാന്‍.....കര്‍ത്താവ് എന്‍റെ പ്രാര്‍ത്ഥന കേട്ടു. ആകയാല്‍ ഞാന്‍ അവനെ കര്‍ത്താവിനു സമര്‍പ്പിക്കുന്നു"(1 സാമു 26-28). വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന കര്‍ത്താവു കേട്ടു. അതിനു പുരോഹിതന്‍റെ സാന്ത്വനവും ആശീര്‍വ്വാദവും (1,17) സഹായകമായി. ഹന്നാ കര്‍ത്താവിനു സമര്‍പ്പിച്ച ബാലന്‍ ഏലിയുടെ കൂടെ വസിച്ചു, കര്‍ത്താവിനു ശുശ്രൂഷ ചെയ്തു. അങ്ങനെ ഒരു ബാലന്‍റെ പരിശീലകനായി ഏലി ഇവിടെ പ്രത്യക്ഷപ്പെടുന്നു- യഥാര്‍ത്ഥഗുരുവും ഗുരുകുലവും. കര്‍ത്താവിനു സമര്‍പ്പിച്ച ബാലനു പകരം മറ്റു മക്കളെ കര്‍ത്താവു നല്കും എന്ന ഏലിയുടെ അനുഗ്രഹം (2, 20) സഫലമായി.
ഒരമ്മ കര്‍ത്താവിനു സമര്‍പ്പിച്ച ആദ്യജാതനെ കര്‍ത്തൃ ശുശ്രൂഷയില്‍ പരിശീലിപ്പിച്ച ഗുരുവായ ഏലി, തന്‍റെ സ്വന്തം മക്കളെ കര്‍ത്താവിന്‍റെ പുരോഹിതരായി വളര്‍ത്തുന്നതില്‍ തികച്ചും പരാജയപ്പെട്ടു. മക്കളുടെ ഹീനവും ക്രൂരവുമായ ദുഷ്കൃത്യങ്ങളെക്കുറിച്ച് അറിഞ്ഞ അയാള്‍ അവരെ ശാസിച്ചെങ്കിലും ഫലമുണ്ടായില്ല. കതിരില്‍ വളം വെച്ചിട്ടു ഫലമില്ല എന്ന പഴഞ്ചൊല്ലിനെ അനുസ്മരിപ്പിക്കുന്നതാണ് ഏലി നല്കുന്ന പിതൃശിക്ഷണം. ബാല്യത്തില്‍ ആവശ്യമായ പരിശീലനം നല്കാതെ, പ്രായമായിക്കഴിയുമ്പോള്‍ വഴി തെറ്റി നടക്കുന്ന മക്കളെ ഉപദേശിക്കുന്നതും ശാസിക്കുന്നതും അവരെ ഓര്‍ത്ത് വിലപിക്കുന്നതും വ്യര്‍ത്ഥം. സ്വന്തം മക്കളെ നേര്‍വഴിക്കു നടത്താന്‍ ശ്രമിക്കാതിരുന്ന ഏലിക്ക് തന്‍റെ വാര്‍ദ്ധക്യത്തില്‍ അവരെ പ്രതി ഏറെ ദുഃഖിക്കേണ്ടി വന്നു. എല്ലാ മാതാപിതാക്കള്‍ക്കും ശ്രദ്ധേയമായൊരു പാഠവും താക്കീതുമാണ് ഏലിയുടെ പരാജയവും അതിനു കൊടുക്കേണ്ടി വന്ന വലിയ വിലയും.
ശാസന- താക്കീത് - ശിക്ഷാവിധി
ഏലിയുടെ അടുത്തേക്ക് കര്‍ത്താവയച്ച, ആരെന്നു പേരു പറയാത്ത, ഒരു പ്രവാചകന്‍ ഉയര്‍ത്തുന്ന ആരോപണങ്ങളും പ്രസ്താവിക്കുന്ന ശിക്ഷാവിധിയും (2, 27-36) പൗരോഹിത്യത്തിനു സംഭവിക്കാവുന്ന അപചയത്തിന്‍റെ ഭീകരത വ്യക്തമാക്കുന്നു. ഈജിപ്തില്‍ അടിമകളായി കഴിഞ്ഞിരുന്ന ജനത്തെ മോചിപ്പിക്കുമ്പോള്‍ അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനും ബലിയര്‍പ്പിക്കാനും കര്‍ത്താവിന്‍റെ നാമത്തില്‍ അവരെ ആശീര്‍വദിക്കാനുമായി തിരഞ്ഞെടുത്ത അഹറോനും മക്കള്‍ക്കും ദൈവം വലിയ ആനുകൂല്യങ്ങളും അവകാശങ്ങളും നല്കി. എന്നാല്‍ നിയമപ്രകാരം തങ്ങള്‍ക്കു ലഭിക്കുന്ന വിഹിതങ്ങള്‍ കൊണ്ടു തൃപ്തിപ്പെടാതെ കര്‍ത്താവിനു ബലിയായി സമര്‍പ്പിക്കേണ്ടവ പോലും അവര്‍ സ്വന്തമാക്കുന്നു. എത്ര കിട്ടിയാലും തൃപ്തിയാകാതെ, ജനം ദൈവത്തിന് നല്കുന്ന "ബലികളെയും കാഴ്ചകളെയും ആര്‍ത്തിയോടെ നോക്കുന്നു. നിങ്ങള്‍ എന്‍റെ ജനം എനിക്കര്‍പ്പിക്കുന്ന സകല ബലികളുടെയും വിശിഷ്ട ഭാഗം തിന്നു കൊഴുത്തു. എന്നെക്കാള്‍ കൂടുതലായി നിന്‍റെ മക്കളെ നീ ബഹുമാനിക്കുന്നതെന്ത്?" (2,29).
അതികഠിനമാണ് ആരോപണങ്ങള്‍. തന്‍റെ ദൗത്യത്തില്‍ പൂര്‍ണ്ണമായി പരാജയപ്പെട്ട ദുര്‍ഭഗനായ ഒരു പുരോഹിതനായി ഏലി ഇവിടെ പ്രതിക്കൂട്ടില്‍ നില്ക്കുന്നു. ശുശ്രൂഷ ചെയ്യേണ്ട പുരോഹിതന്മാര്‍ ജനത്തെ ചൂഷണം ചെയ്യുന്നു. ദൈവത്തിനര്‍പ്പിക്കേണ്ടവ സ്വന്തമാക്കുന്നു. മാത്രമല്ല, ഒരു പടികൂടി കടന്ന്, ദേവാലയ ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകളെ വ്യഭിചരിക്കുന്നു (2, 22). ദൈവദാസികളെ തേവടിശ്ശികളാക്കുന്ന ഭീകരമായ പുരോഹിതാപചയം! എല്ലാം കണ്ടും കേട്ടും അറിഞ്ഞിട്ടും ഒന്നും ചെയ്യാന്‍ കഴിയാതെ മൂകസാക്ഷിയായി നില്ക്കുന്ന പിതാവായ ഏലി. ഈ അവസ്ഥ തുടരാന്‍ ദൈവം അനുവദിക്കുകയില്ല. ചെയ്തു കൂട്ടിയ അപരാധങ്ങള്‍ക്ക് ആനുപാതികമായിരിക്കും ശിക്ഷ. ഏലിയും പുത്രന്മാരും, പുരോഹിത ശുശ്രൂഷയില്‍ തുടരാന്‍ ആകാത്ത വിധം ഉന്മൂലനം ചെയ്യപ്പെടും. പകരം വിശ്വസ്തനായൊരു പുരോഹിതനെ തിരഞ്ഞെടുക്കും. (2, 35). സാമുവേലിനെക്കുറിച്ചാണ് സൂചന.
പ്രവാചകന്‍ അറിയിച്ച ശിക്ഷാവിധിയോട് ഏലി എപ്രകാരം പ്രതികരിച്ചു എന്ന് വി. ഗ്രന്ഥകാരന്‍ പറയുന്നില്ല. എന്നാല്‍ തനിക്കു പകരം പുരോഹിത ശുശ്രൂഷക്കായി ദൈവം തിരഞ്ഞെടുത്ത സാമുവേലിനെ ദൈവവിളി തിരിച്ചറിയാനും അനുസരിക്കാനും ഏലി സഹായിക്കുന്നുണ്ട് (3, 1-9). ഉടമ്പടിയുടെ പേടകത്തിനരികെ രാത്രിയില്‍ കിടന്നുറങ്ങിയ സാമുവേലിനെ ദൈവം വിളിച്ചു. വിളിച്ചത് ആരെന്നറിയാതെ സാമുവേല്‍ ഏലിയുടെ അടുത്തേക്ക് ഓടി. കര്‍ത്താവാണു വിളിക്കുന്നതെന്ന് മൂന്നാം തവണയാണ് ഏലിക്കു തിരിച്ചറിയാന്‍ കഴിഞ്ഞത്. അപ്പോള്‍ നല്കുന്ന ഉപദേശം എന്നും പ്രസക്തമാണ്. "ഇനി നിന്നെ വിളിച്ചാല്‍ കര്‍ത്താവേ, അരുളിച്ചെയ്താലും, അങ്ങയുടെ ദാസന്‍ ഇതാ ശ്രവിക്കുന്നു" (3, 9) എന്നു പറയണം.
താനും മക്കളും പരാജയപ്പെട്ടിടത്ത് ഒരു ബാലനെ ദൈവഹിതം തിരിച്ചറിയാനും അനുസരിക്കാനും പഠിപ്പിക്കാന്‍ ഇവിടെ ഏലിക്കു കഴിയുന്നു. ഇതും ശ്രദ്ധേയമായ ഒരു പാഠം നല്കുന്നുണ്ട്. ജനത്തെ ദൈവഹിതം തിരിച്ചറിയാനും അനുസരിക്കാനും പഠിപ്പിക്കേണ്ടവനാണു പുരോഹിതന്‍. പുരോഹിത ശുശ്രൂഷയുടെ അവശ്യഘടകമാണിത്. സ്വന്തം മക്കളുടെ കാര്യത്തില്‍ പരാജയപ്പെട്ടെങ്കിലും ഏലിയെ ദൈവം പൂര്‍ണ്ണമായി പരിത്യജിക്കുന്നില്ല. വിശ്വസ്തനായ ഒരു പുരോഹിതനെ വാര്‍ത്തെടുക്കുന്നതിന് അവനെ ഉപകരണമാക്കുന്നു. ഏലി നല്‍കിയ നിര്‍ദ്ദേശം എന്നും, പുരോഹിതര്‍ക്കു മാത്രമല്ല ഏവര്‍ക്കും, പ്രസക്തം തന്നെ- കര്‍ത്താവിന്‍റെ സ്വരത്തിനു കാതോര്‍ക്കുക, കീഴ്വഴങ്ങുക.
അവിശ്വസ്തത മൂലം തിരസ്ക്കരിക്കപ്പെടുന്ന ഏലിയുടെയും പുത്രന്മാരുടെയും സ്ഥാനത്ത് പുരോഹിത ശുശ്രൂഷയ്ക്കായി തിരഞ്ഞെടുക്കപ്പെടുന്ന സാമുവേലിലൂടെ ഏലി കുടുംബത്തിന്മേല്‍ പതിക്കാന്‍ പോകുന്ന ശിക്ഷാവിധിയെക്കുറിച്ച് ദൈവം മുന്നറിയിപ്പു നല്കുന്നു (3, 11-14). അജ്ഞാത നാമാവായ പ്രവാചകന്‍ അറിയിച്ച ശിക്ഷാവിധിയുടെ ആവര്‍ത്തനവും സ്ഥിരീകരണവുമാണിത്. "മക്കള്‍ ദൈവദൂഷണം പറയുന്ന കാര്യം അറിഞ്ഞിട്ടും അവരെ തടയാഞ്ഞതു മൂലം ഞാന്‍ അവന്‍റെ കുടുംബത്തിന്‍റെ മേല്‍ എന്നേക്കുമായി ശിക്ഷാവിധി നടത്താന്‍ പോവുകയാണ്. ഏലിക്കുടുംബത്തിന്‍റെ പാപത്തിന് ബലികളും കാഴ്ചകളും ഒരിക്കലും പരിഹാരമാവുകയില്ലെന്നു ഞാന്‍ ശപഥം ചെയ്യുന്നു"(3, 13-14).
ദൈവ കല്പനകള്‍ അനുസരിക്കാതെ അര്‍പ്പിക്കുന്ന ബലികളും കാഴ്ചകളും അര്‍ത്ഥശൂന്യമായ വെറും ആചാരങ്ങളും ചടങ്ങുകളും മാത്രമായി അധഃപതിക്കുന്നു. അതു കര്‍ത്താവു സ്വീകരിക്കില്ല; അര്‍പ്പകന്‍ പ്രതീക്ഷിക്കുന്ന ഫലം നല്കുകയുമില്ല എന്ന ഈ ശിക്ഷാവിധി എന്നും ഏറെ പ്രസക്തമായൊരു താക്കീതാണ്. അര്‍പ്പിക്കുന്ന വസ്തുവല്ല, അര്‍പ്പകന്‍റെ ഹൃദയമാണ് കര്‍ത്താവു പരിഗണിക്കുന്നത്. ഔദ്യോഗിക ശുശ്രൂഷകള്‍ക്കു നിയുക്തരായ പുരോഹിതര്‍ മാത്രമല്ല, ദൈവത്തോടു പ്രാര്‍ത്ഥിക്കുകയും ദൈവത്തിനു കാഴ്ചകള്‍ അര്‍പ്പിക്കുകയും ചെയ്യുന്ന സകലരും ശ്രദ്ധിക്കേണ്ടതാണ് ഈ താക്കീത്.
പ്രഭാതത്തില്‍ ഉറക്കമുണര്‍ന്ന ഏലി സാമുവേലിനെ നിര്‍ബ്ബന്ധിച്ചു, കര്‍ത്താവിന്‍റെ ശിക്ഷാവിധി അവനില്‍ നിന്നു കേട്ടു. പ്രതികരണം തികച്ചും ദയനീയമായിരുന്നു. "സാമുവേല്‍ ഒന്നും മറച്ചു വയ്ക്കാതെ എല്ലാം അവനോടു പറഞ്ഞു. അപ്പോള്‍ ഏലി പറഞ്ഞു. "അതു കര്‍ത്താവാണ്, അവിടുത്തേക്കു യുക്തമെ ന്നു തോന്നുന്നത് പ്രവര്‍ത്തിക്കട്ടെ"(3, 18). മാറ്റമില്ലാത്ത ശിക്ഷാവിധിക്കു മുമ്പില്‍ നിസ്സഹായനായി കീഴടങ്ങുന്ന പുരോഹിതന്‍. ദൈവഹിതം തിരിച്ചറിയാനും അതനുസരിച്ച് ജീവിതം ക്രമപ്പെടുത്താനും ശ്രമിക്കാതെ അവസാനം പശ്ചാത്തപിച്ചിട്ടു കാര്യമില്ല എന്ന ഒരു മുന്നറിയിപ്പ് ഏലിയുടെ ഈ വാക്കുകളില്‍ പ്രതിധ്വനിക്കുന്നു.
ദാരുണമായ അന്ത്യം
നിരന്തരമായ അനുസരണക്കേടും അവിശ്വസ്തതയും ഭീകരമായ ശിക്ഷാവിധി വിളിച്ചു വരുത്തി. ഏലിക്കും മക്കള്‍ക്കും സംഭവിച്ച ദുരന്തമാണ്. വി. ഗ്രന്ഥകാരന്‍ തുടര്‍ന്നു വിവരിക്കുന്നത്. തങ്ങളുടെ ദൗത്യത്തില്‍ പൂര്‍ണ്ണമായി പരാജയപ്പെട്ട ഏലിയുടെയും പുത്രന്മാരുടേയും സ്ഥാനത്ത് ദൈവം വിശ്വസ്തനായ സാമുവേലിനെ വളര്‍ത്തി. സാമുവേല്‍ ഇസ്രായേലില്‍ ആദരണീയനായ ന്യായാധിപനായി തുടരുന്നതിനെക്കുറിച്ചു സൂചിപ്പിച്ചതിനു ശേഷം ഏലിയുടെയും പുത്രന്മാരുടെയും അന്ത്യത്തെക്കുറിച്ചു വിശദമായി പ്രതിപാദിക്കുന്നു(4, 1-18).
ഫില്സ്ത്യരുമായുള്ള യുദ്ധമാണു പശ്ചാത്തലം. കടന്നാക്രമിക്കുന്ന ഫിലിസ്ത്യരുടെ മുമ്പില്‍ ഇസ്രായേല്‍ക്കാര്‍ പരാജയപ്പെട്ടു. നാലായിരത്തോളം പേര്‍ കൊല്ലപ്പെട്ടു. ഈ സാഹചര്യത്തില്‍ നേതാക്കന്മാര്‍ ഒരു തീരുമാനം എടുത്തു. കര്‍ത്താവിന്‍റെ പേടകം പടക്കളത്തിലേക്കു കൊണ്ടു വരുക. പുരോഹിതര്‍ വഹിക്കുന്ന പേടകം മുമ്പില്‍ ഉണ്ടെങ്കില്‍ യുദ്ധത്തില്‍ വിജയം ഉറപ്പാണെന്ന് അവര്‍ കരുതി. കരകവിഞ്ഞൊഴുകിയ ജോര്‍ദ്ദാന്‍ നദിയുടെ ഒഴുക്കു നിലച്ചതും (ജോഷ്വ. 3) ജെറിക്കോ കോട്ട തകര്‍ന്നു വീ ണതും (ജോഷ്വ. 6) പേടകത്തിന്‍റെ ശക്തിക്കു തെളിവായി അവര്‍ കണ്ടു, ഏലിയുടെ പുത്രന്മാരായ ഫിനഹാസും ഹോഫ്നിയും പേടകത്തോടൊപ്പം പടക്കളത്തിലെത്തി. എന്നാല്‍ പ്രതീക്ഷിച്ചതിനു കടകവിരുദ്ധമായിരുന്നു ഫലം.
പാളയത്തില്‍ പേടകം എത്തിയപ്പോള്‍ പടയാളികള്‍ ആര്‍ത്തുവിളിച്ചു. ആരവം കേട്ടു
ഭയചകിതരായ ഫിലിസ്ത്യ സൈന്യം മരണഭീതി ഉള്ളില്‍ ഉണര്‍ത്തിയ ശക്തിയോടെ പടപൊരുതി. യുദ്ധത്തില്‍ അവര്‍ ജയിച്ചു. ഉടമ്പടിയുടെ പേടകം അവര്‍ പിടിച്ചെടുത്തു. ആ പേടകത്തിന് അകമ്പടി സേവിച്ച പുരോഹിതര്‍ രണ്ടുപേരും കൊല്ലപ്പെട്ടു. യുദ്ധവാര്‍ത്ത അറിയാന്‍ ആകാംക്ഷയോടെ നോക്കിയിരുന്ന ഏലി ദുരന്തത്തെക്കുറിച്ച് കേട്ട് ഞെട്ടിത്തരിച്ചു പുറകോട്ടു വീണു, കഴുത് തൊടിഞ്ഞു മരിച്ചു. "ഏലിക്ക് 98 വയസ്സായിരുന്നു. അവന്‍ മിക്കവാറും അന്ധനുമായിരുന്നു. അവന്‍ 40 വര്‍ഷം ഇസ്രായേലില്‍ ന്യായാധിപനായിരുന്നു" (4, 15. 18).
പാഠങ്ങള്‍
സുപ്രധാനവും എന്നും പ്രസക്തവുമായ ചില ഉള്‍ക്കാഴ്ചകള്‍ ഈ വിവരണങ്ങളില്‍ നിന്നും ലഭിക്കുന്നുണ്ട്; പേടകത്തെ സംബന്ധിച്ചതാണ് ആദ്യത്തേത്. ദൈവം ഇസ്രായേലുമായി ചെയ്ത ഉടമ്പടിയുടെ നിബന്ധനകള്‍ അഥവാ പ്രമാണങ്ങള്‍ ആലേഖനം ചെയ്ത കല്പലകകളായിരുന്നു പേടകത്തില്‍ ഉണ്ടായിരുന്നത്. അത് ദൈവിക സാന്നിധ്യത്തിന്‍റെ അടയാളമായിരുന്നു. തന്‍റെ ഹിതം വെളിപ്പെടുന്നതിലൂടെ ദൈവം ജനമധ്യത്തില്‍ സന്നിഹിതനാകുന്നു. പലകയില്‍ എഴുതിയിരിക്കുന്നത് ദൈവത്തിന്‍റെ നിയമമാണ്, അഥവാ ദൈവവചനമാണ്. അതനുസരിക്കാന്‍ ജനത്തെ പ്രേരിപ്പിക്കുന്നതാണ് പേടകം. അനുസരിക്കുന്നിടത്തോളം കാലം ദൈവസാന്നിധ്യം അവര്‍ക്ക് അനുഭവവേദ്യമാകും; സഹായകവും. എന്നാല്‍ ഈ സത്യം മറന്ന് ജനം പേടകത്തെ ഒരു വിഗ്രഹമായി കണ്ടു. തങ്ങള്‍ എന്തു ചെയ്താലും എങ്ങിനെ ജീവിച്ചാലും പ്രശ്നമില്ല, പേടകം കൂടെ ഉണ്ടെങ്കില്‍ ദൈവം സംരക്ഷിക്കും എന്ന അന്ധവിശ്വാസം ഉടലെടുത്തു. ഇതാണ് പടക്കളത്തിലേക്കു പേടകം കൊണ്ടു പോകാന്‍ പ്രേരകമായത്. വിശുദ്ധ വസ്തു വിഗ്രഹമാക്കരുത് എന്ന വലിയൊരു താക്കീതു നല്കുന്നതാണ് യുദ്ധത്തിലെ പരാജയവും പേടക നഷ്ടവും.
പുരോഹിതരായ ഹോഫ്നിയും ഫിനഹാസുമാണ് പേടകത്തിന് അകമ്പടി സേവിച്ചത്. ഷീലോയില്‍ നിന്നു പേടകം പടക്കളത്തിലേക്കു കൊണ്ടുപോകുന്നതില്‍ അവര്‍ ഒരപാകതയും കണ്ടില്ല. എന്നു മാത്രമല്ല, അതിനു പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വിശുദ്ധ വസ്തുക്കളെ വിഗ്രഹങ്ങളാക്കി മാറ്റുന്നതില്‍ പുരോഹിതര്‍ മുന്‍പന്തിയില്‍ നില്ക്കുന്ന അനുഭവം. പേടകത്തില്‍ നിക്ഷേപിച്ചിരിക്കുന്ന പ്രമാണങ്ങള്‍ അവര്‍ക്കു പ്രശ്നമല്ല; അവര്‍ അതനുസരിക്കുന്നുമില്ല. എന്നാല്‍ പേടകത്തില്‍ ദൈവം ഉണ്ടെന്നും ദൈവം തന്‍റെ ഇരുപ്പിടം സംരക്ഷിച്ചുകൊള്ളും എന്നും അവര്‍ വിശ്വസിച്ചു. പേടകമല്ല, പ്രമാണങ്ങളാണു പ്രധാനം എന്ന സത്യം അവര്‍ വിസ്മരിച്ചു, അഥവാ അവഗണിച്ചു. ജനത്തെ വഴി നടത്തേണ്ടവര്‍ക്കു വഴി പിഴയ്ക്കുന്നു. അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുന്നു. ഫലം ഭയാനകമായിരുന്നു. പേടകം നഷ്ടപ്പെട്ടു; പുരോഹിതര്‍ക്ക് ജീവനും.
എല്ലാറ്റിനും നിര്‍വ്വികാര സാക്ഷിയായി പീഠത്തില്‍ ഇരിക്കുന്ന ഏലിയും വലിയൊരു പാഠവും താക്കീതുമാണ്. 98 വയസായ വൃദ്ധന്‍ 40 വര്‍ഷം ന്യായാധിപനായിരുന്നു എന്നു പറയുമ്പോള്‍ അയാള്‍ ദീര്‍ഘകാലം വിശ്രമ ജീവിതത്തിലായിരുന്നു എന്ന് ഊഹിക്കാം. വിവരണം തുടങ്ങുന്നതു തന്നെ, "ഏലിയും പുത്രന്മാരായ ഹോഫ്നിയും ഫിനഹാസും ആയിരുന്നു പുരോഹിതന്മാര്‍."(1, 3) എന്നു പറഞ്ഞു കൊണ്ടാണ്. ഏലി വൃദ്ധനാണ്, കാഴ്ച മങ്ങി, ഒന്നിലും ഇടപെടുന്നില്ല; ഒന്നും വേണ്ടത്ര മനസിലാക്കുന്നുമില്ല. ദേവാലയത്തിന്‍റെ വാതില്‍പടിക്കു പുറത്ത്, പീഠത്തില്‍ ഇരിക്കുകയാണയാള്‍, തുടക്കത്തിലും ഒടുക്കത്തിലും ദേവാലയത്തിന്‍റെ പുറത്താണ് അയാളുടെ ഇരിപ്പിടം എന്ന പ്രതീതി ജനിപ്പിക്കുന്നതാണ് ഈ വിവരണങ്ങള്‍. വെറും മൂകസാക്ഷി. മക്കള്‍ക്കു പരിശീലനം നല്കുന്നതില്‍ പരാജയപ്പെട്ടു. ദേവാലയത്തിന്‍റെയും ബലിയര്‍പ്പണത്തിന്‍റെയും വിശുദ്ധിക്കു കളങ്കം വരുത്തിയ മക്കളെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. തന്‍റെ കാവലിന് ഏല്പിച്ചിരുന്ന ഉടമ്പടിയുടെ പേടകം പടക്കളത്തിലേക്കു കൊണ്ടുപോകുമ്പോള്‍ അരുത് എന്നു പറയാന്‍ അയാള്‍ക്കു കഴിഞ്ഞില്ല.
ദൈവത്തിന്‍റെ പേടകം നഷ്ടപ്പെട്ടു എന്ന വാര്‍ത്തയാണ് ഏലിയെ തകര്‍ത്തതെന്ന് വി. ഗ്രന്ഥകാരന്‍ എടുത്തു പറയുന്നു(4, 18). തന്നെ ഏല്പിച്ച ദൗത്യത്തില്‍ താന്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു എന്ന അവബോധം വൃദ്ധനും ക്ഷീണിതനുമായ ആ പുരോഹിതനു താങ്ങാനായില്ല. വീണ് കഴുത്തൊടിഞ്ഞ് മരിക്കുന്നത് തികച്ചും ഭയാനകം തന്നെ. അതോടെ ഏലിയുടെ വംശം തന്നെ പുരോഹിത ശുശ്രൂഷയില്‍ നിന്നു തിരസ്കൃതമായി; മാത്രമല്ല, പേടകം സൂക്ഷിച്ചിരുന്ന തീര്‍ത്ഥാടനകേന്ദ്രമായ ഷീലോ നശിപ്പിക്കപ്പെട്ടു. പേടകം നഷ്ടപ്പെട്ട തീര്‍ത്ഥാടന കേന്ദ്രത്തിന് ഇനി പ്രസക്തിയില്ല. അവിശ്വസ്തത, പ്രതേകിച്ചും പുരോഹിതരുടെ അവിശ്വസ്തത, വിളിച്ചു വരുത്തുന്ന ശിക്ഷയുടെ ഭീകര സ്മാരകമായി അവശേഷിക്കുന്നു. തകര്‍ന്നു പോയ ഷീലോയുടെ അവശിഷ്ടങ്ങള്‍, വിശുദ്ധനാട്ടിലേക്കു തീര്‍ത്ഥാടനം ചെയ്യുന്നവര്‍ക്ക് കാണാം.
വിശുദ്ധമായ ദൗത്യമാണ് ദൈവം പുരോഹിതനെ ഏല്പിക്കുന്നത്. ദൈവത്തിനും ജനത്തിനും ഇടയില്‍ മധ്യവര്‍ത്തിയായിരിക്കുക. ജനത്തിന്‍റെ യാചനകളും കാഴ്ചകളും ദൈവത്തിന് സമര്‍പ്പിക്കുക, ദൈവനാമത്തില്‍ ജനത്തെ ആശീര്‍വ്വദിക്കുക. ഇതാണ് പുരോഹിതന്‍റെ ദൗത്യം എന്ന് പൊതുവേ കരുതപ്പെടുന്നു. എന്നാല്‍ ഇവ രണ്ടും അര്‍ത്ഥവത്താകണമെങ്കില്‍ ജനം ദൈവഹിതം അറിയണം, അതനുസരിച്ചു ജീവിക്കണം. അതിനാല്‍ ജനത്തെ ദൈവഹിതം അറിയിച്ച്, ദൈവജനമായി വളരാന്‍ സഹായിക്കുകയാണ് പുരോഹിതന്‍റെ മുഖ്യദൗത്യം. അതിനു വേണ്ടിയാണ്, ലേവിഗോത്രത്തെ പ്രത്യേകം തിരഞ്ഞെടുത്തതും അനേകം ആനുകൂല്യങ്ങള്‍ അവര്‍ക്ക് നല്കിയതും.
ജീവസന്ധാരണത്തിനു വേണ്ടി അവര്‍ വേറെ ജോലികള്‍ ചെയ്യേണ്ടതില്ല. പുരോഹിത ശുശ്രൂഷയില്‍ നിന്നു തന്നെ അവര്‍ക്ക് ആവശ്യമായതു ലഭിക്കും. ബലിയര്‍പ്പിക്കുന്ന വസ്തുക്കളുടെ ഭാഗവും ജനങ്ങള്‍ നല്കുന്ന ദശാംശവും അവര്‍ക്ക് അവകാശപ്പെട്ടതാണ്. തന്‍റെ ശുശ്രൂഷയ്ക്കായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആവശ്യമായ ഒന്നിലും കുറവു വരരുത് എന്നു ദൈവം നിശ്ചയിച്ചു; അതിനുവേണ്ട നിയമങ്ങളും നല്കി. എന്നാല്‍, "സകല ബലികളുടെയും വിശിഷ്ട ഭാഗം തിന്നു കൊഴുത്തവര്‍"(1സാമു. 2, 29) ദൈവത്തിന്‍റെ നിയമങ്ങള്‍ അവഗണിച്ചു. തങ്ങളുടെ ശുശ്രൂഷ ഏതാനും ആചാരാനുഷ്ഠാനങ്ങളില്‍ ഒതുക്കി. ജനം ഇടയനില്ലാത്ത ആടുകളെപ്പോലെ വഴി തെറ്റി അലഞ്ഞു.
ഏലിയും പുത്രന്മാരും എന്നും ഒരു താക്കീതായി നിലനില്ക്കുന്നു. ദൈവജനത്തെ ദൈവഹിതം അനുസരിച്ചു നയിക്കുക എന്ന വിശുദ്ധ ദൗത്യം അവഗണിച്ച്, തങ്ങളുടെ ശുശ്രൂഷ ചില ആചാരാനുഷ്ഠാനങ്ങളില്‍ മാത്രം കേന്ദ്രീകരിക്കുകയും, അതു തന്നെ സ്വത്തു സമ്പാദിക്കാനുള്ള മാര്‍ഗ്ഗമായി ഉപയോഗിക്കുകയും ചെയ്യാന്‍ തുടങ്ങുന്ന പുരോഹിതര്‍ ഏലിയുടെയും പുത്രന്മാരുടെയും ദുരന്തം കാണാതെ പോകരുത്. ഏലിക്കും മക്കള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു; ജനത്തിന് ആരാധനാലയവും. പുരോഹിതന്‍റെ വീഴ്ച വിശ്വാസികള്‍ക്കു തന്നെ വലിയ വിനാശത്തിനു കാരണമാകും എന്ന് ഏലിയുടെ അനുഭവം പഠിപ്പിക്കുന്നു.