
വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ കത്തീഡ്രലിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലത്തിൻ്റെ ഉദ്ഘാടനത്തിന് മുമ്പ് പ്രാർത്ഥനാ ശുശ്രൂഷ നയിച്ചു, ബിഷപ്പ് മരിയാൻ എഡ്ഗർ ബുഡ്ഡെ. തദവസരത്തിൽ അവർ നടത്തിയ പ്രസംഗം വൈറലും വിവാദവുമായി മാറിയിരിക്കുന്നു. അതിന്റെ വിവാദപരമായ മേഖലകളിലേക്ക് കടക്കുക എന്നതല്ല എൻ്റെ താൽപര്യം. എന്നിരുന്നാലും, മുഴുവൻ ലോകത്തിനും അതിൽ നിന്ന് ചില വിലപ്പെട്ട സന്ദേശങ്ങൾ ഉൾക്കൊള്ളാൻ കഴിയുമെന്നുതന്നെ ഞാൻ കരുതുന്നു. മിക്കവാറും, ഞാൻ അവരുടെ സ്വന്തം വാക്കുകൾ തന്നെ ഉദ്ധരിച്ചേക്കാം. അവർ തിരഞ്ഞെടുത്ത വിഷയം "ഐക്യം" എന്നതായിരുന്നു - യേശുവിന്റെ മഹാപുരോഹിത പ്രാർത്ഥനയുടെ പ്രധാന വിഷയങ്ങളിൽ ഒന്ന്. (യോഹന്നാന്റെ സുവിശേഷമനുസരിച്ച്, യേശു തന്റെ ശിഷ്യന്മാരുമൊത്തുള്ള അവസാന അത്താഴ വേളയിൽ നടത്തുന്ന നീണ്ട പ്രാർത്ഥനയാണ് മഹാപുരോഹിത പ്രാർത്ഥന എന്നറിയപ്പെടുന്നത്).
ഐക്യത്തിനായി നാം പ്രാർത്ഥിക്കണം. യോജിപ്പിനുവേണ്ടിയല്ല, ഐക്യത്തിനും സമൂഹത്തെ വളർത്തുന്നതിനും വേണ്ടി. നമ്മൾ വിയോജിക്കുമ്പോൾ പോലും, പരസ്പരം ഉണ്ടായിരിക്കേണ്ടതാണത്- ബഹുമാനവും ആത്മാർത്ഥമായി പരസ്പരം പരിഗണിക്കലും. ഈ വിശാലമായ അർത്ഥത്തിൽ ഐക്യമെന്നത് വളരെയധികം അഭിലഷണീയമായ ഒന്നാണ്. അതിനു വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നതും വളരെ നല്ലതാണ്. എന്നാൽ, നമ്മുടെ പ്രവൃത്തികൾ നമുക്കിടയിലെ ഭിന്നതകളെ കൂടുതൽ ആഴപ്പെടുത്തുന്ന രീതിയിൽ ആണെങ്കിൽ, നമ്മുടെ പ്രാർത്ഥന കൊണ്ട് വലിയ പ്രയോജനമുണ്ടാവില്ല. ഇതിനെക്കുറിച്ചുള്ള നമ്മുടെ തിരുവെഴുത്തുകൾ വളരെ വ്യക്തമാണ്: നമ്മുടെ പ്രവൃത്തികൾ നമ്മുടെ പ്രാർത്ഥനയാൽ രൂപാന്തരപ്പെടാത്തപ്പോൾ ദൈവം ഒരിക്കലും പ്രാർത്ഥനയിൽ പ്രസാദിക്കുന്നില്ല. ഒടുവിൽ, പ്രാർത്ഥനയിൽ നാം പറയുന്ന വാക്കുകളേക്കാൾ എപ്പോഴും പ്രാധാന്യമുണ്ടായിരിക്കുക നമ്മുടെ പ്രവൃത്തികളാണെന്നതിനാൽ, അവയുടെ അനന്തരഫലങ്ങളിൽ നിന്ന് ദൈവം നമ്മെ ഒഴിവാക്കുന്നില്ല.
ഐക്യത്തിന് കുറഞ്ഞത് മൂന്ന് അടിസ്ഥാനങ്ങളെങ്കിലും ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഒന്നാമതായി, ഓരോ വ്യക്തിയുടെയും ജന്മാവകാശമായി അയാളിൽ അന്തർലീനമായിരിക്കുന്ന അന്തസ്സിനെ ബഹുമാനിക്കുക. നാം വിയോജിക്കുന്ന ആളുകളെ പരിഹസിക്കുകയോ പൈശാചികമായി ചിത്രീകരിക്കുകയോ ചെയ്യാതിരിക്കുക എന്നാണ് പൊതു വ്യവഹാരങ്ങളിൽ അതിനർത്ഥം. നമ്മുടെ വ്യത്യാസങ്ങൾക്ക് ഉപരിയായി ബഹുമാനപൂർവ്വം ചർച്ച ചെയ്യുക; സാധ്യമാകുമ്പോൾ പൊതുവായ അടിസ്ഥാനം തേടുക. അത് സാധ്യമല്ലാത്തപ്പോൾ, നമ്മുടെ ബോധ്യങ്ങളോട് സത്യസന്ധമായി തുടരുകയും അവരവരുടെ ബോധ്യങ്ങൾ പുലർത്തുന്നവരെ അവജ്ഞയോടെ അവഗണിക്കാതിരിക്കുകയും ചെയ്യുക എന്നത് അന്തസ്സ് നമ്മോട് ആവശ്യപ്പെടുന്നുണ്ട്.
ഐക്യത്തിനുള്ള രണ്ടാമത്തെ അടിത്തറ സത്യസന്ധതയായിരിക്കണം. സ്വകാര്യ സംഭാഷണങ്ങളിലും പൊതു വ്യവഹാരങ്ങളിലും സത്യസന്ധത വേണം. നമുക്ക് സത്യസന്ധതയില്ലെങ്കിൽ ഐക്യത്തിനായി പ്രാർത്ഥിക്കുന്നതിൽ അർത്ഥമില്ല, കാരണം നമ്മുടെ പ്രവൃത്തികൾ തന്നെ നമ്മുടെ പ്രാർത്ഥനയെ റദ്ദാക്കും. സത്യം എവിടെയാണെന്ന് എല്ലായ്പ്പോഴും നാം അറിയണമെന്നില്ല. എന്നാൽ നമുക്കതറിയാവുമ്പോൾ, എത്ര വിലകൊടുക്കേണ്ടി വന്നാലും നാം അതിനൊപ്പം നിൽക്കണം.
ഐക്യത്തിൻ്റെ മൂന്നാമത്തെ അടിസ്ഥാനം വിനയമാണ്. നമുക്കെല്ലാവർക്കും വിനയം ആവശ്യമാണ്, കാരണം നാമെല്ലാവരും തെറ്റുപറ്റുന്ന മനുഷ്യരാണ്. നമ്മൾ തെറ്റുകൾ വരുത്തുന്നു, നമുക്ക് നമ്മുടെ ആന്ധ്യ ബിന്ദുക്കളും മുൻവിധികളും ഉണ്ട്. നമ്മൾ പൂർണമായും ശരിയാണെന്നും മറ്റൊരാൾ പൂർണമായും തെറ്റാണെന്നും വിശ്വസിക്കുമ്പോൾ നമ്മൾ നമുക്കുതന്നെയും മറ്റുള്ളവർക്കും ഏറ്റവും അപകടകാരികളായി മാറും. അപ്പോൾ, നല്ല ആളുകളെന്നും ചീത്ത ആളുകളെന്നും വേർതിരിക്കുന്ന വിധി തീർപ്പിൻ്റെ മനോഭാവത്തിൽ നിന്ന് നാം അകലെയല്ലാതാവും. സത്യം പറഞ്ഞാൽ, നല്ലതും ചീത്തയും തമ്മിലുള്ള വേർതിരിവിൻ്റെ രേഖ രാജ്യങ്ങളുടെയോ രാഷ്ട്രീയ പാർട്ടികളുടെയോ പ്രത്യയശാസ്ത്രങ്ങളുടെയോ മധ്യത്തിലൂടെയല്ല, മറിച്ച് ഓരോ വ്യക്തിയുടെയും ഹൃദയത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത് തിരിച്ചറിയുന്ന നിമിഷം നാം വിനയമുള്ളവരായിത്തീരുന്നു. നമ്മൾ തിരിച്ചറിയുന്നതിനേക്കാൾ കൂടുതൽ നാം പരസ്പരം സാമ്യമുള്ളവരാണ്. ഐക്യമില്ലങ്കിൽ, നാം നമ്മുടെ രാജ്യമെന്ന വീട് മണലിൽ പണിയുകയാണ്.
ഒരു രാഷ്ട്രമെന്ന നിലയിൽ മാത്രമല്ല, ഒരു സഭ എന്ന നിലയിലും അല്ലെങ്കിൽ ഒരു സമൂഹം എന്ന നിലയിലും നാം ഇത് ചർച്ച ചെയ്യേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു.