top of page

റോമിൽ നിലവിലിരുന്ന ലൂപർകാലിയ എന്ന ഫെർട്ടിലിറ്റി ആഘോഷത്തിൽ നിന്നാണ് വാലൻ്റൈൻസ് ഡേ ഉടലെടുത്തത് എന്ന് വാദിക്കുന്നവരുണ്ട്.
വാലൻ്റൈൻസ് ഡേ എന്ന് പറയാൻ താല്പര്യപ്പെടാത്തതിനാലാവണം പ്രണയദിനം എന്നാണ് കേരളത്തിൽ മിക്കവരും എഴുതുകയും പറയുകയും ചെയ്യുന്നത്.
രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷമാണ് സെയ്ൻ്റ് വാലൻ്റെെൻ സഭാ പഞ്ചാംഗത്തിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നത്. മൂന്നാം നൂറ്റാണ്ടിൽ - റോമിലെ മതപീഡനകാലത്ത് - ജീവിച്ചിരുന്ന ഒരു മെത്രാനായിരുന്നു വാലൻ്റൈൻ എന്നാണ് കഥ. അദ്ദേഹത്തിൻ്റെ ജീവിതത്തെയും പ്രവർത്തനങ്ങളെയും കുറിച്ച് ചരിത്രപരമായ രേഖകളെക്കാളധികം കഥകളാണ് ഉള്ളത് എന്ന കാരണത്താലാണ് സഭ മറ്റ് ചില വിശുദ്ധരോടൊപ്പം അദ്ദേഹത്തെയും പഞ്ചാംഗത്തിൽ നിന്ന് നീക്കം ചെയ്തത്.
"പ്രണയത്തിൻ്റെ" വിശുദ്ധൻ എന്നതിനെക്കാൾ പരിണയത്തിൻ്റെ വിശുദ്ധൻ ആയിരുന്നു അദ്ദേഹം. ക്രിസ്തുവിൽ വിശ്വസിക്കുക എന്നത് സാമാന്യം പ്രശ്നം പിടിച്ച രാഷ്ട്രീയ പ്രവർത്തനമായിരുന്നു അക്കാലത്ത്. മതാചാരം വേണമെങ്കിൽ ഒന്നുകിൽ റോമിലെ അംഗീകൃതമായ പേഗൻ ദേവനെ ആരാധിക്കാം, അല്ലെങ്കിൽ ചക്രവർത്തിയുടെ പ്രതിമയെ ആരാധിക്കാം. ക്രിസ്ത്യാനികൾ ഇത് രണ്ടും ചെയ്യില്ല എന്ന് വ്യക്തം. ഒരാൾ നിയമവിരുദ്ധമായ ഒരു മതവിശ്വാസം പുലർത്തുന്നതുതന്നെ തെറ്റ്. ക്രിസ്തുവിശ്വാസത്തിലേക്ക് ആളെ കൂട്ടുന്നതാവട്ടെ, വലിയ ദേശവിരുദ്ധ പ്രവർത്തനവും. പീഡിതരായ ക്രിസ്തുവിശ്വാസികളെ രഹസ്യമായി സഹായിക്കുന്നതും രാജനിന്ദയും അതിനാൽത്തന്നെ രാജ്യദ്രോഹവും ആയിരുന്നു.
ഇന്നത്തേത് പോലെയല്ല, അക്കാലത്ത് ക്രിസ്തുവിശ്വാസികൾ അഹിംസാവാദികളുംസമാധാന കാംക്ഷികളും ആയിരുന്നു. അതുകൊണ്ടുതന്നെ, സൈനികസേവനത്തിൽ നിന്ന് അവർ വിട്ടുനിന്നു. സൈന്യത്തിൻ്റെ അക്കാലത്തെ പൊതുരീതിയനുസരിച്ച്, നിയമപരവും അല്ലാത്തതുമായ ഹിംസകളും കൊലപാതകങ്ങളും ചെയ്യുകയോ ചെയ്യാൻ അരുനിലക്കുകയോ വേണ്ടിവരുമായിരുന്നു, സൈനികർക്ക് അക്കാലത്ത്. വിവാഹിതരല്ലാത്ത ചെറുപ്പക്കാരെല്ലാം നിർബന്ധമയും സൈനിക സേവനം ചെയ്യണം എന്നതായിരുന്നു നിയമം. ക്രിസ്തുവിശ്വാസം സ്വീകരിച്ചവരെ ഉടനെ വിവാഹം ചെയ്യിക്കുകയാണ് വാലൻ്റെെൻ മെത്രാൻ ചെയ്തത്. അങ്ങനെ പല നിലകളിൽ അദ്ദേഹം ദേശവിരുദ്ധ രാഷ്ട്രീയ പ്രവർത്തനം നടത്തി. സ്വാഭാവികമായും അദ്ദേഹം ഭരണകൂടത്തിന് അനഭിമതനായി മാറി. ഭരണകൂടം അദ്ദേഹത്തെ കൊല്ലുകയും ചെയ്തു - ഒരു ഫെബ്രുവരി 14-ന്. അതാണ് മറ്റൊരുകഥ.
പരസ്യമായ കാമകേളികളുടെയും രതിയുടെയും മദിരോത്സവത്തെ ക്രൈസ്തവ സംസ്കൃതി വാലൻ്റൈനെക്കൊണ്ട് പ്രതിരോധിച്ചതുമായിരിക്കാം. ഏതായാലും ലൂപർക്കാലിയ വേണോ വാലൻ്റൈൻ വേണോ എന്ന് ചോദിച്ചാൽ ലൂപർകാലിയ മതി എന്നു പറയുന്നവരാകുമോ ഇന്ന് കൂടുതലും?
Featured Posts
Recent Posts
bottom of page