top of page

കാഴ്ചയുടെ മതിഭ്രമങ്ങൾ

Feb 1, 2016

3 min read

അന്‍വര്‍ അലി
'Pisaasu' Movie Poster.

മനുഷ്യന്‍റെ ഇന്ദ്രിയാനുഭൂതികളില്‍ പ്രധാനപ്പെട്ട ഒന്നാണ് കാഴ്ച. അവന്‍റെ പല ബോധ്യങ്ങള്‍ക്കും അടിസ്ഥാനമായി വര്‍ത്തിക്കുന്ന വ്യവസ്ഥയാണ് അത്. കാണല്‍ എന്ന ജൈവപ്രക്രിയ പൂര്‍ത്തിയാകുന്നത് കാഴ്ചയുടെ / ദ്യശ്യത്തിന്‍റെ പ്രോസസ്സിങ്ങിലൂടെയാണ്. അതാകട്ടെ, സമൂഹത്തില്‍ പ്രസ്ഥാപിതമായിരിക്കുന്ന അനേകം കണ്‍സ്ട്രക്റ്റുകള്‍ സൃഷ്ടിക്കുന്ന പൂര്‍വ്വബോധത്തിന്‍റെ വെളിച്ചത്തിലാണ് പലപ്പോഴും സംഭവിക്കുക. നമ്മുടെ എല്ലാ അനുഭൂതികളിലും സമൂഹ നിര്‍മ്മിതമായ ഈ യുക്തിയുടെ അദൃശ്യസ്വാധീനമുണ്ട്. ഏറ്റവും നിഷ്പക്ഷമെന്നും നിര്‍മമമെന്നും നാം കരുതുന്ന വായനകളെ പോലും നമ്മുടെ അബോധത്തില്‍ നിക്ഷിപ്തമായിരിക്കുന്ന ഈ പൂര്‍വ്വയുക്തി നിയന്ത്രിക്കുന്നു. അതിനു പുറത്തുള്ള ജീവിതം ഏറെക്കുറെ അസാധ്യം തന്നെയാണ്.


ഭാഷയുടെയും കാഴ്ചയുടെയുമൊക്കെ ശബ്ദാര്‍ത്ഥ ബന്ധനത്തെ നിയന്ത്രിക്കുന്നത് ഇത്തരം സോഷ്യല്‍ കണ്‍സ്ട്രക്റ്റുകളാണ്. ഓരോ വാക്കും വരയും വര്‍ണവും സൂചിപ്പിക്കുന്ന അനുഭവ മണ്ഡലം നിര്‍മ്മിതമാകുന്നത് അങ്ങനെയാണ്. ഇവിടെ കാഴ്ച എന്നത് ഒരു സാമൂഹിക വ്യവസ്ഥയായി മാറുന്നു. 'ദൈവം' എന്ന വാക്ക് സൂചിപ്പിക്കുന്ന ആശയമണ്ഡലത്തില്‍ നിന്നു തീര്‍ത്തും വ്യത്യസ്തവും വിരുദ്ധവുമാണ് 'പിശാച്' എന്ന വാക്ക് ഉത്പാദിപ്പിക്കുന്ന ആശയമണ്ഡലം. അതുപോലെ തന്നെയാണ് ചുവപ്പ്, പച്ച എന്നീ വര്‍ണങ്ങളും നമ്മുടെ വിനിമയ വ്യവഹാരങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത.് സമൂഹനിര്‍മ്മിതമായ ഇത്തരം വിരുദ്ധദ്വന്ദ്വങ്ങളുടെ അപഹാസ്യമായ വൈരുദ്ധ്യത്തിലേക്കാണ് മിഷ്കിന്‍റെ 'പിശാച്' എന്ന തമിഴ് സിനിമ പ്രേക്ഷകരെ ആനയിക്കുന്നത്.


കടന്നുപോയ വര്‍ഷങ്ങളില്‍ ധീരമായ അനേകം പരീക്ഷണങ്ങള്‍ നടന്ന ഇന്‍ഡസ്ട്രിയാണ് തമിഴ് ഇന്‍ഡസ്ട്രി. മിഷ്കിന്‍റെ തന്നെ 'ഓനാവും ആട്ടുകുട്ടിയും.' മണികണ്ഠന്‍റെ 'കാക്കമുട്ടൈ' , കുറ്റ്രമെ ദണ്ഡനൈ അരുണ്‍കുമാറിന്‍റെ 'പന്നയ്യാരും പത്മിനിയും' രവികുമാറിന്‍റെ 'ഇന്‍ട് നീട്ര നാളെ' എന്നീ സിനിമകള്‍ അവയില്‍ ചിലതുമാത്രം. അവിടെ മുഖ്യധാരാ കച്ചവടസിനിമകള്‍ക്കൊപ്പം തന്നെ ഈ പരീക്ഷണചിത്രങ്ങളും സ്ഥാനം കണ്ടെത്തുന്നു. അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് പിശാച്.


ഒരു റോഡപകടത്തില്‍ നിന്നുമാണ് സിനിമ ആരംഭിക്കുന്നത്. യാദൃച്ഛികമായ ഈ അപകടത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുന്ന നായകന്‍ (സിദ്ധാര്‍ത്ഥ്)അപകടത്തില്‍പെട്ട പെണ്‍കുട്ടിയെ (ശിവ) ആശുപത്രിയിലാക്കി. അവിടെ അയാളുടെ കൈപിടിച്ച് മരണത്തിലേക്ക് കണ്ണുതുറക്കുന്ന അവളോട് അയാള്‍ക്ക് പ്രണയം തോന്നുന്നു. അവളെ മറക്കുക എന്നത് അയാളെ സംബന്ധിച്ചിടത്തോളം അസാധ്യമാകുന്നു. അസാധാരണ സംഭവങ്ങളുടെ ഒരു പരമ്പരയാണ് പിന്നീട് അയാളുടെ ജീവിതത്തില്‍ സംഭവിക്കുന്നത് തന്‍റെ ഫ്ളാറ്റില്‍ അവളുടെ 'പിശാച്' കുടിയിരിപ്പുണ്ടെന്ന് ക്രമേണ അയാള്‍ക്ക് ബോധ്യമാകുന്നു. അവളുടെ ഓര്‍മ്മ, ഒരു നിമിഷത്തില്‍ പൊലിഞ്ഞുപോയ പ്രണയത്തിന്‍റെ അസ്വസ്ഥതയില്‍ നിന്നും പിശാചിനെ സംബന്ധിച്ച ഭയത്തിന്‍റെ അസഹനീയതയിലേക്ക് പരിണമിക്കുന്നു. ബാധോച്ഛാടനത്തിനുള്ള ആഭിചാരങ്ങളുടെ നിരര്‍ത്ഥകതകള്‍ക്കപ്പുറം തന്‍റെ തന്നെ 'പാതിക്കാഴ്ച' രൂപപ്പെടുത്തിയിരിക്കുന്ന ബോധ്യങ്ങളുടെ വ്യര്‍ത്ഥതയിലേക്കാണ് അയാള്‍ എത്തിച്ചേരുന്നത്. അവിടെ ദൈവവും പിശാചും കത്തിയെരിഞ്ഞ് മനുഷ്യന്‍ മാത്രം ബാക്കിയാകുന്നു.


ദൈവത്തെ നന്മയുടെയും സന്തോഷത്തിന്‍റെയും പ്രഭവമായും പിശാചിനെ തിന്മയുടെയും ഭയത്തിന്‍റെയും പ്രതീകമായും നിര്‍മ്മിച്ചു വച്ചിരിക്കുന്ന സമൂഹത്തിന്‍റെ പ്രതിനിധിയാണ് 'പിശാചി'ലെ സിദ്ധാര്‍ത്ഥ. മരണം, മരണാനന്തരദുരൂഹതകളെ വ്യാഖ്യാനിക്കുന്ന മതാധിഷ്ഠിത ചിന്തയാല്‍ പ്രസ്ഥാപിതമാണ് ഈ സമൂഹനിര്‍മ്മിതി. ഇത്തരത്തിലുള്ള ബോധ്യമാണ് പിശാചിനെ സംബന്ധിച്ച ഭയവും അസ്വസ്ഥതകളും - ആ പിശാച് അയാളെ പിച്ചിച്ചീന്തി രുധിരപാനത്തിന് മുതിരുന്നില്ലെങ്കില്‍ കൂടിയും - അയാളില്‍ വിതയ്ക്കുന്നത്. ഇത്തരം ബോധ്യങ്ങളെ സിനിമയിലെ പിശാച് നിരാകരിക്കുകയും ഉടച്ചുവാര്‍ക്കുകയും ചെയ്യുന്നു. അവള്‍ പ്രതികാരമോഹിയോ രക്തദാഹിയോ തിന്മയുടെ കരിമ്പടം പുതച്ച രാക്ഷസിയോ അല്ല. ജീവിതത്തില്‍ കാത്തുസൂക്ഷിച്ചിരുന്ന നന്മയുടെ ദൈര്‍ഘ്യം തന്നെയാണ് 'പിശാചുവത്കരിക്കപ്പെട്ട' ശേഷവും അവളില്‍ അവശേഷിക്കുന്നത്. എന്നാല്‍, സമൂഹനിര്‍മ്മിതികള്‍ തെളിയിക്കുന്ന കാഴ്ചയുടെ ഇരുട്ടില്‍ നിന്നും ആ നന്മയുടെ പ്രകാശത്തെ കാണാന്‍ അയാള്‍ക്ക് സാധിക്കുന്നില്ല. അയാളെ പല ദുരിതങ്ങളില്‍നിന്നും രക്ഷിക്കുന്ന അയാളുടെ അമ്മയെ മരണമുഖത്തുനിന്നും ജീവിതത്തിലേക്ക് വലിച്ചിഴയ്ക്കുന്നു. അവര്‍ 'അതു പോയല്ലെടൈ, തൈപം"എന്നാണ് അവനോട് പറയുന്നത്. സിനിമയുടെ അവസാനത്തില്‍ 'കടുവളേ, ഈ കുട്ടിയെ രക്ഷിക്കൂ' എന്ന് ശിവയുടെ അച്ഛന്‍ പ്രാര്‍ത്ഥിക്കുമ്പോഴും അവിടെ പറന്നെത്തുന്നതും പിശാചാണ്. അവളുടെ 'ശിവ' എന്ന പേരും ഇതിനോടു ചേര്‍ത്തുവായിക്കേണ്ടതാണ്. ദൈവം/പിശാച് എന്നിങ്ങനെയുള്ള സമൂഹത്തിന്‍റെ ദ്വന്ദ്വനിര്‍മ്മിതികളുടെ അതിര്‍വരമ്പുകളിലേക്കാണ് അവള്‍ പറന്നിറങ്ങുന്നത്.


ഇതിനു സമാന്തരം തന്നെയാണ് ചുവപ്പ്/പച്ച എന്നീ വര്‍ണങ്ങളുടെ സൂചിതാര്‍ത്ഥവും. പച്ച ശുഭപ്രതീക്ഷയുടെയും മുന്നോട്ടുപോക്കിന്‍റെയും അടയാളമാകുമ്പോള്‍ ചുവപ്പ് അപായത്തിന്‍റെയും ദുരന്തത്തിന്‍റെയും ദുസ്സൂചനയാകുന്നു. ചുവപ്പിനെ പച്ചയായി കാണുന്ന കാഴ്ചയുടെ മതിഭ്രമമാണ് ശിവയുടെ മരണത്തിനുത്തരവാദി താനാണെന്ന സത്യത്തെ സിദ്ധാര്‍ത്ഥയില്‍നിന്നും മറച്ചുവയ്ക്കുന്നത്. അതുപോലെ തന്നെ മുടിയാല്‍ മൂടി കിടക്കുന്ന ഒരു കണ്ണിലൂടെ അയാള്‍ ഒന്നും കാണുന്നുമില്ല. ഈ വിരുദ്ധ-അര്‍ത്ഥവീക്ഷണങ്ങളാണ് സമൂഹനിര്‍മ്മിതികള്‍. സിനിമയുടെ അവസാനത്തില്‍, തന്‍റെ വാഹനമിടിച്ചാണ് ശിവ മരിച്ചതെന്ന സിദ്ധാര്‍ത്ഥിന്‍റെ തിരിച്ചറിവില്‍ തകര്‍ന്നു വീഴുന്നതും ഈ നിര്‍മ്മിതികള്‍ തന്നെ.


തന്‍റെ മരണത്തിനുത്തരവാദിയായ സിദ്ധാര്‍ത്ഥിനോട് ശിവയ്ക്ക് തോന്നുന്നത് നിഷ്കളങ്കവും നിര്‍മ്മലവുമായ പ്രണയം മാത്രമാണ്. അതുകൊണ്ടുതന്നെയാണ് അവള്‍ അവനെ പിന്തുടരുന്നതും. അവളുടെ ഓര്‍മ്മയെ പിഴുതെറിയാന്‍ സുഹൃത്തിന്‍റെ ഉപദേശപ്രകാരം മദ്യപിക്കാനൊരുമ്പെടുന്ന സിദ്ധാര്‍ത്ഥിനെ അതിനനുവദിക്കാത്തത് ശിവയുടെ പ്രണയതീക്ഷ്ണതയാണ്. ഒടുവില്‍ അവനുവേണ്ടി അവള്‍ തന്‍റെ ശരീരത്തെ ഭൗതികമായ അവശേഷിപ്പിനെ- എടുത്തുകൊണ്ട് സ്വയം ചാരമാകുന്നു. പിശാചും മനുഷ്യനും തമ്മില്‍ ഉയിരെടുക്കുന്ന ഈ പ്രണയബന്ധം പ്രണയം, മരണം, മനുഷ്യന്‍ എന്നിവയെ - ആത്യന്തികമായി ജൈവികതയെ- സംബന്ധിച്ച സമൂഹനിര്‍മ്മിതികളെ വെല്ലുവിളിക്കുന്നു. ഈ സംജ്ഞകളുടെ അനന്തമായ സാധ്യതകളെ ശുഷ്കമാക്കുന്ന കണ്‍സ്ട്രക്റ്റുകളെ തകര്‍ത്തുകൊണ്ട് അവയ്ക്ക് നൂതനമായ വ്യാഖ്യാനം നല്‍കുകയാണ് സിനിമ. മരണംകൊണ്ട് അവസാനിക്കുന്നതല്ല ജീവിതവും അത് സംബന്ധിക്കുന്ന വികാരങ്ങളും. മരണശേഷവും അത് അനുസ്യൂതമായി പ്രവഹിക്കുന്നു. എന്നാല്‍, ആ പ്രവാഹം പിശാചോ പ്രേതമോ ആയല്ല സംഭവിക്കുന്നത്. മറിച്ച് ജീവിച്ചിരുന്നപ്പോഴത്തെ അതേ ജൈവികതയില്‍ തന്നെയാണ്.


മുന്‍പ് സൂചിപ്പിച്ച ശബ്ദാര്‍ത്ഥ ബന്ധത്തെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുന്ന കലാമാധ്യമമാണ് സിനിമ. അതുകൊണ്ടുതന്നെ സാമൂഹികമായ കണ്‍സ്ട്രക്റ്റുകള്‍ സിനിമയുടെ അന്തര്‍ധാരയായി സംക്രമിക്കുക സ്വാഭാവികം. ഈ വിശാലമായ വീക്ഷണത്തില്‍ സ്വയം പ്രതിഫലനാത്മകമായ ഒരു തലവും പിശാചിനുണ്ട്. സിനിമയ്ക്കകത്തും അതിന്‍റെ സാങ്കേതികതലത്തിലും ആശയതലത്തിലും സമാനമായ നിര്‍മ്മിതികള്‍ സംഭവിക്കുന്നുണ്ട്. അത്തരത്തില്‍ ടൈപ്പ് ചെയ്യപ്പെട്ടിരിക്കുന്ന ഒരു സിനിമാ ജനുസ്സാണ് പിശാച്/ഹൊറര്‍ സിനിമകള്‍. ആദ്യം വിവരിച്ച സമൂഹത്തിന്‍റെ പൊതു പിശാച് ബോധത്തോടു ചേര്‍ന്നു നില്‍ക്കുന്നവയാണ് ഈ സിനിമകള്‍. എന്നാല്‍, അവയില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായ ആഖ്യാനഘടനയാണ് സംവിധായകന്‍ അനുവര്‍ത്തിച്ചിരിക്കുന്നത്. സംഭവങ്ങളുടെ കേവലമായ ചടുലതയ്ക്കപ്പുറം അവ കഥാപാത്രമനസ്സില്‍ സൃഷ്ടിക്കുന്ന പ്രതിഫലനമാണ് പിശാചില്‍ ഉദ്വേഗം ജനിപ്പിക്കുന്നത്. ആ പ്രതിഫലനമാകട്ടെ സാമാന്യസാമൂഹികബോധങ്ങളെ ഉടച്ചുവാര്‍ക്കുന്നതും. അതുപോലെതന്നെ പൊതുബോധത്തിലുറച്ച പ്രണയസങ്കല്പങ്ങളെയും സിനിമ തകര്‍ക്കുന്നു. സിനിമ എന്ന മാധ്യമത്തിന്‍റെ ലാവണ്യാനുഭൂതികളെയും സംവിധായകന്‍ സമര്‍ത്ഥമായി ഉപയോഗിച്ചിരിക്കുന്നു. കാഴ്ചയുടെ മതിഭ്രമഫലമായ സമൂഹനിര്‍മ്മിതികളെ ഓരോ ഫ്രെയിമിലും പച്ചയുടെയും ചുവപ്പിന്‍റെയും വിവിധ സംയോജനങ്ങളിലൂടെ സംവിധായകന്‍ അടയാളപ്പെടുത്തുന്നു. അതുപോലെ ശിവയെ കൊന്നതാര് എന്ന സിദ്ധാര്‍ത്ഥിന്‍റെ ചോദ്യത്തിന് അവന്‍റെ മുന്‍പിലേക്ക് തെറിച്ചുവീഴുന്ന കണ്ണാടിത്തുണ്ടിലെ പ്രതിഫലനത്തിലൂടെ ഉത്തരം നല്കുകയും ചെയ്യുന്നുണ്ട്.


സിനിമയില്‍ സാങ്കേതികത അടയാളപ്പെടുത്തപ്പെട്ടിരിക്കുന്ന രീതിയും ശ്രദ്ധേയമാണ്. സാങ്കേതികതയുടെ പരിണതഫലമാണല്ലോ റോഡപകടം. സിനിമയിലെ റോഡപകടത്തിനു ഹേതുവാകുന്നത് മൊബൈല്‍മൂലം സിദ്ധാര്‍ത്ഥിന് സംഭവിക്കുന്ന അശ്രദ്ധയാണ്. ഒടുവില്‍ ശിവയുടെ ആത്മാവ് തന്‍റെ ശരീരവുമായി പറന്നുചെല്ലുന്നത് അപരന്‍റെ കാറിലേക്കാണ്. ആ കാര്‍ പൊട്ടിത്തെറിച്ചാണ് അവള്‍ സ്വയം ചാരമാകുന്നതും. ഇവിടെ ജൈവികതയെ നശിപ്പിക്കുന്ന പിശാചുബാധയായി സാങ്കേതികതയുടെ കൃത്രിമത്വം പരിണമിക്കുന്നു.

കാഴ്ച എന്ന വ്യവസ്ഥ സൃഷ്ടിക്കുന്ന സ്ഥാപനസമുച്ചയങ്ങള്‍ക്കതീതമായൊരു കാഴ്ചാബോധത്തോടെ ജൈവികതയ്ക്ക് പുതുവ്യാഖ്യാനം ചമയ്ക്കുകയാണ് പിശാച്.

Featured Posts

Recent Posts

bottom of page