top of page

വിഴിഞ്ഞം പദ്ധതി

Sep 1, 2022

2 min read

റോണി കപ്പൂച്ചിന്‍
Picture of a sea port

For know, dear ones, that every one of us is undoubtedly responsible for all men and everything on earth not merely through the general sinfulness of creature but each one personally for all mankind and every individual man.

(Fydor Dosteyyevsky - Brother Karamazove)

ജനാധിപത്യത്തിന്‍റെ നെടുംതൂണായ ഭരണഘടന (കോണ്‍സ്റ്റിറ്റ്യുഷന്‍) അട്ടിമറിക്കപ്പെടുമോ എന്നതാണ് എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ നടത്തുമ്പോള്‍ ഭാരതജനതയുടെ ആശങ്ക.  ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്കേണ്ടവര്‍തന്നെ അതു വിറ്റു കീശനിറയ്ക്കുമ്പോള്‍, മടിയിലെ കനം നട്ടെല്ലുവളയ്ക്കുന്നു. ചൂഷകനോട് വിധേയത്വവും ചൂഷിതരുടെ പക്ഷത്തെന്നു തോന്നലുളവാക്കാന്‍ തക്ക മെയ്വഴക്കവും ഒരേ സമയം ഇല്ലാത്തവര്‍ക്ക് പൊതുപ്രവര്‍ത്തകരാകാന്‍ കഴിയാത്ത കാലമാണല്ലോ ഇത്.

വിഴിഞ്ഞത്തെ തീരദേശജനമൊന്നാകെ തുറമുഖനിര്‍മ്മാണത്തിനെതിരെ സമരം ശക്തമാക്കുകയാണ്. 'കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുക' എന്നത്    സാധാരണ മലയാളിക്ക് ഒരു പഴഞ്ചൊല്ലു മാത്രമെങ്കില്‍, അത് ഈ തീരദേശജനതയ്ക്ക്, മത്സ്യത്തൊഴിലാളികള്‍ക്ക് നിത്യജീവിതാനുഭവമായിരിക്കുന്നു. കടലിലേക്ക് ഇറങ്ങി എന്തു നിര്‍മ്മാണം നടത്തുമ്പോഴും തത്തുല്യമായി കടല്‍ കരയിലേക്ക് കടന്നുകയറും. പുതിയ തുറമുഖങ്ങള്‍ ഉണ്ടാക്കുമ്പോള്‍, പുലിമുട്ടുകള്‍ ഉണ്ടാക്കുമ്പോള്‍ ഒക്കെ സംഭവിക്കുന്നത് ഇതാണ്. കടലിനെ മാത്രം ആശ്രയിച്ച് തീരദേശങ്ങളില്‍ താമസിക്കുന്ന ജനത അനുഭവിക്കുന്ന ഇത്തരം ദുരിതങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയേ മതിയാകൂ.

മത്സ്യബന്ധത്തിന് ആവശ്യമായ സഹായങ്ങള്‍ വെട്ടിക്കുറച്ച്, അവരുടെ അവകാശങ്ങള്‍ നിരസിച്ച്, ക്രമേണ അവരെ തൊഴിലിടങ്ങളില്‍ (കടലിലെ മത്സ്യബന്ധനത്തില്‍നിന്ന്) നിന്നു മാറ്റി, മത്സ്യബന്ധനാവകാശം കുത്തകകമ്പനികള്‍ക്ക് വില്‍ക്കപ്പെടാനുമുള്ള സാധ്യതയെക്കുറിച്ച് സംശയിക്കാതിരിക്കാന്‍ കഴിയില്ല. സ്വന്തം ജീവനും ജീവിതവും പണയപ്പെടുത്തി മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹമായ കൂലിപോലും ലഭിക്കാറില്ല. മണ്ണെണ്ണയുടെ വില കൂടി. അവര്‍ പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തിന്‍റെ വിലയുടെ പകുതിയിലധികവും ഇടനിലക്കാരന്‍ തട്ടിയെടുക്കുന്നു എന്നത്, തീരത്തുനിന്നും നേരിട്ട് മത്സ്യം വാങ്ങുന്ന ഒരാളെന്ന നിലയ്ക്ക് വ്യക്തമായി അറിയാം. നിരന്തരം ചൂഷണവിധേയമായിക്കൊണ്ടിരിക്കുന്ന ഈ ജനത, തങ്ങളുടെ കിടപ്പാടം പോലും കടലെടുക്കുമെന്ന അവസ്ഥയിലെത്തുമ്പോഴാണ് സമരവുമായി തെരുവില്‍ ഇറങ്ങി പ്രതികരിക്കാനാരംഭിക്കുന്നത്.

വിഴിഞ്ഞം തുറമുഖപ്രശ്നം തുടക്കംമുതലേ ചര്‍ച്ചയായതാണ്. ഈ ചെറിയ കേരളത്തിന് എന്തിനാണ് ഇനിയുമൊരു തുറമുഖം! വളരെ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന വല്ലാര്‍പാടം ടെര്‍മിനല്‍ കേരള സമ്പദ്വ്യവസ്ഥയ്ക്ക് എന്തു സമ്മാനിച്ചു! പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട്, പുനരധിവാസത്തിനിടം കിട്ടാത്ത ഒരു വിഭാഗം ഇനിയുമവിടെ അവശേഷിക്കുന്നു. വിഴിഞ്ഞം പദ്ധതി പണി തുടങ്ങിയപ്പോഴേ എന്തുകൊണ്ട് തദ്ദേശവാസികള്‍ പ്രതികരിച്ചില്ല എന്ന് ന്യായമായും സംശയിക്കാം. പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനം മൂന്നിലൊന്നു പിന്നിട്ടപ്പോഴേക്കും കടല്‍ കരയിലേക്കു കയറിത്തുടങ്ങി, അതുപോലെതന്നെ തിരയിളക്കം കൂടുന്നത് മത്സ്യബന്ധനത്തിനു പോകുന്നതിനെ പ്രതികൂലമായി ബാധിക്കാനും തുടങ്ങിയിരിക്കുന്നു. മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയും ആശങ്കകള്‍ എത്രയും വേഗം പരിഹരിക്കപ്പെടേണ്ടതുതന്നെയാണ്.

കേരളത്തിന്‍റെ സമ്പദ്വ്യവസ്ഥയിലേക്ക് ഇന്നു വര്‍ധിച്ചതോതില്‍ വിദേശനാണ്യമെത്തുന്നുണ്ട്, നമ്മുടെ ആളുകള്‍ വിദേശങ്ങളില്‍ ജോലിക്കായും മറ്റും കുടിയേറിയതിലൂടെ. എന്നാല്‍ ഇക്കാലത്തിനു മുമ്പും കേരളം വിദേശനാണ്യം നേടിയിരുന്നു എന്നത് വാസ്തവമാണ്. വന്യജീവികളോട് പടപൊരുതിയും പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചും  രോഗവും പട്ടിണിയുമൊക്കെ സഹിച്ച് നമ്മുടെ പൂര്‍വ്വികര്‍ മലയോരങ്ങളില്‍ അധ്വാനിച്ച് വിളയിച്ചെടുത്ത ഏലം, കാപ്പി, കുരുമുളക് തുടങ്ങിയവയൊക്കെയായിരുന്നു അന്നത്തെ വിദേശനാണ്യത്തിന്‍റെ സ്രോതസ്സ്. അന്നത്തെ ഭരണകൂടങ്ങള്‍ ഇവരുടെ കുടിയേറ്റത്തെയും അധ്വാനത്തെയുമൊക്കെ പ്രോത്സാഹിപ്പിച്ചു കൂടെനിന്നു. കാലം മാറി, ഇപ്പോള്‍ പുറപ്പെടുവിക്കുന്ന നിയമങ്ങളും ചട്ടങ്ങളും മണ്ണിനെ ആശ്രയിച്ചു മാത്രം ജീവിക്കുന്ന കര്‍ഷകരെ ദുരിതത്തിലാഴ്ത്തുന്നു. ബാര്‍സോണ്‍ സംബന്ധിച്ച നിയമങ്ങളില്‍ സര്‍ക്കാര്‍ ഇപ്പോഴും വ്യക്തത വരുത്തിയിട്ടില്ല. വന്‍കിടതോട്ടങ്ങള്‍ നിലനിര്‍ത്തുകയും ഇടത്തരക്കാരായ കര്‍ഷകരെ അതിക്രമിച്ചുകയറിയവരായി കാണുകയും ചെയ്യുന്നത് ഇരട്ടനീതിയാണ്. വന്‍കിട ക്വാറികള്‍ നിര്‍ബാധം പ്രവര്‍ത്തനം തുടരുകയും സാധാരണക്കാരന്‍ കുടിയൊഴുപ്പിക്കലിന്‍റെ ഭീഷണിയിലാകുകയും ചെയ്തിരിക്കുന്നു.

************

'ഉറവിടങ്ങളിലേക്കു മടങ്ങാം' എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആഹ്വാനം ആവേശത്തോടെ സ്വീകരിച്ച നമ്മള്‍ വാതിലുകളൊക്കെ മലര്‍ക്കെ തുറന്നിട്ട് ബൈബിളും തുറന്നുവച്ചു. വാതില്‍ തുറന്നെങ്കിലും പ്രകാശം പരക്കാത്തതിനാല്‍ യാത്ര തെല്ലും മുന്നോട്ടു പോകാതെ തദ്ദേശിയ പാരമ്പര്യങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും ഉടക്കി നില്ക്കുകയാണ്. ഇതുവരെ സുവിശേഷത്തിലേക്കുപോലും എത്താന്‍ കഴിയാത്ത നമ്മളെങ്ങനെ ഉറവിടമായ ക്രിസ്തുവിലെത്തും! അവന്‍റെ പേരുള്ളവര്‍ തെരുവില്‍ പരസ്യമായി കോലാഹലമുയര്‍ത്തുകയും അകത്തളങ്ങളില്‍ രഹസ്യമായി കരുക്കള്‍ നീക്കുകയും ചെയ്യുമ്പോള്‍ ക്രിസ്തു വീണ്ടും അപഹസിക്കപ്പെടുന്നു. ക്രിസ്തുവിനെപ്രതി കലഹമുണ്ടാക്കുന്നവര്‍ ക്രിസ്തുവിനെ ഉറവിടത്തിലേക്കുള്ള യാത്രയില്‍ ഇതുവരെ മനസ്സിലാക്കിയിട്ടില്ല എന്ന സിമ്പിള്‍ ലോജിക് ആര്‍ക്കും ലളിതമായി മനസ്സിലാകും. നമ്മള്‍ വീണ്ടും വീണ്ടും സ്വയം ഗൗരവത്തിലെടുക്കുകയും ക്രിസ്തുവിനെ തെരുവിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്യുന്നു. തുറന്നിട്ട വാതിലുകളിലൂടെ ആകാശം നമ്മുടെ ആലയങ്ങളിലേക്കും ആലകളിലേക്കും പ്രവേശിക്കട്ടെ. ഉള്ളില്‍ ക്രിസ്തുവിന്‍റെ പ്രകാശമുള്ള ഒരു പുതുതലമുറ ഉണ്ടാകട്ടെ. അവരുടെ ഉള്ളില്‍ നന്മ വിതയ്ക്കാന്‍ കഴിഞ്ഞില്ലെങ്കിലും  ദുഷ്ടത വിതയ്ക്കാതിരിക്കാം.

************

മാറുന്ന വിദ്യാഭ്യാസരീതികളുടെ ഒരു കാലമാണിത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസരംഗം കരുത്താര്‍ജിക്കുന്നു. ഒരുപാട് പുതിയ മേഖലകള്‍, സാധ്യതകള്‍ ഒക്കെ സാധാരണക്കാരനുപോലും പ്രാപ്യമാകുന്ന സാങ്കേതികവളര്‍ച്ചയാണ് വിദ്യാഭ്യാസരംഗത്ത് ഇന്‍റര്‍നെറ്റ് തുറന്നുവയ്ക്കുന്നത്. പക്ഷേ ഉയര്‍ന്നുവരുന്ന മറ്റൊരു പ്രശ്നം തന്നിലേക്കും തന്‍റെ ലോകത്തേക്കും മാത്രം ചുരുങ്ങിപ്പോകുന്ന ഒരു തലമുറയെ  അതു സൃഷ്ടിച്ചേക്കും. സ്കൂളുകളില്‍നിന്ന് ലഭിക്കുന്ന സമൂഹത്തില്‍ ജീവിക്കാനാവശ്യമായ പരിശീലനം ഓണ്‍ലൈന്‍ പഠനത്തിന് അന്യമാണ്. രണ്ടു വര്‍ഷത്തെ ഓണ്‍ലൈന്‍ പഠനം സൃഷ്ടിച്ച പ്രതിസന്ധികള്‍ പല കുട്ടികളും നേരിടുന്നുണ്ട്. സാങ്കേതികവിദ്യകള്‍ സമൂഹത്തിന്‍റെ പൊതുനന്മയ്ക്ക് ഉതകുന്നവിധം ഉപയോഗിക്കാനുള്ള പരിശീലനം കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ആവശ്യമാണ്. അധ്യാപകരുടെ സാന്നിധ്യവും  (Physical presence) വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോഴും ആവശ്യമായ ഘടകമാണ്. നന്മയുള്ള അധ്യാപകരാണ് രാഷ്ട്രനിര്‍മ്മാണത്തില്‍ സംഭാവന നല്കുന്നത്. അധ്യാപകദിനത്തിന്‍റെ മംഗളങ്ങള്‍ നേരുന്നു.

സമ്പദ്സമൃദ്ധിയും ഐശ്വര്യവുമുള്ള, അനീതിയും അക്രമവുമില്ലാത്ത കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകളുമായെത്തുന്ന ഓണത്തിന്‍റെ എല്ലാ ആശംസകളും പ്രിയപ്പെട്ട വായനക്കാര്‍ക്ക് നേരുന്നു.  

സസ്നേഹം

 

റോണി കിഴക്കേടത്ത്

റോണി കപ്പൂച്ചിന്‍

0

0

Featured Posts

bottom of page