top of page

സത്യത്തിൽ യേശു എത്ര തവണ ജെറുസലേമില്‍ പോയിട്ടുണ്ടാവണം! അവിടെ ദേവാലയത്തിൽ പോകുന്നതല്ലാതെ പീലാത്തോസിൻ്റെയോ കയ്യാപ്പാസിൻ്റെയോ അരമനകൾ വെറുതെ കാണാൻ പോലും അവിടന്ന് പോയിട്ടില്ലല്ലോ! ഹോറോദേസിൻ്റെ നാട്ടിൽത്തന്നെയല്ലേ ഏതാണ്ട് മുഴുവൻ കാലവും ഊരുചുറ്റിയത്. എന്നിട്ടും ഹേറോദേസിൻ്റെ അരമനയിലും ചുമ്മാ ഒരു മ്യൂസിയം കാണുന്ന താല്പര്യത്തോടെ കയറി കാണാനോ, അയാളോട് ഒന്ന് ഹലോ പറയാൻ പോലും അവിടുന്ന് കയറിയില്ലല്ലോ. അതാണ് രാഷ്ട്രീയമായ നിലപാട് എന്ന് പറയുന്നത്. അധികാരങ്ങളിൽ നിന്ന് അകന്നിരിക്കുക! എല്ലാവർക്കും കഴിയുന്ന കാ ര്യമല്ല അത്.
ഫ്രാൻസിസ് പാപ്പാ അധികാരത്തിൽ ഇരുന്നുകൊണ്ടും അധികാരത്തോട് അകലം പാലിച്ചു. മാർപാപ്പയുടെ അരമന അല്ലെങ്കിൽ കൊട്ടാരം ഉണ്ടായിരുന്നു. ഒരു ദിവസം പോലും അവിടെ അദ്ദേഹം തല ചായ്ച്ചില്ല. മാർപാപ്പമാർ കുറെക്കാലങ്ങളായി ചുവന്ന പാദുകളാണ് ധരിച്ചിരുന്നത്. അത്തരം ഒരു രാജകീയ പാദുകം ഫ്രാൻസിസ് പാപ്പ ഒരിക്കലും ധരിച്ചില്ല. എല്ലാ സാധാരണക്കാരെയും പോലെ ഒരു കറുത്ത ഷ്യൂസ്. രാജ്യങ്ങൾ അനവധി സന്ദർശിക്കുമ്പോഴും അതേ കറുത്ത ഷൂസും അതേ കറുത്ത ബാഗും. എപ്പോഴും യാത്ര ചെയ്തുകൊണ്ടിരുന്ന അതേ കറുത്ത ഷ്യൂസ് ധരിച്ചുകൊണ്ടുതന്നെ അന്ത്യയാത്രയും പോകണമെന്ന് അദ്ദേഹം താല്പര്യപ്പെട്ടു.
മേരി മേജർ ബസിലിക്ക റോമിലെ നാല് പേപ്പൽ ബസിലിക്കകളിൽ ഒന്നാണ്. പുരാതനമായ ബസിലിക്ക. മട്ടുപ്പാവ് സ്വർണ്ണം പതിപ്പിച്ചത്. വിശുദ്ധ പൗലോസിന്റെ ബസിലിക്ക അദ്ദേഹം തെരഞ്ഞെടുത്തിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചിട്ടുണ്ട്. പരിശുദ്ധ അമ്മയോട് ഉള്ള ഭക്തിയുടെ ഭാഗമായിട്ടാണ് അമ്മയുടെ മടിയിൽ തലചായ്ക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടത് എന്ന് പറയപ്പെടുന്നു. ഏതാനും പാപ്പാമാർ ഇതിനുമുമ്പും അവിടെ അടക്കം ചെയ്യപ്പെട്ടിട്ടുണ്ടത്രേ. അവരിൽ പീയൂസ് V പാപ്പായും സിക്സ്റ്റസ് V പാപ്പായും പെടും. പീയൂസ് V ഒരു ഡോമിനക്കൻ സമൂഹാംഗമായിരുന്നു. സിക്സ്റ്റസ് V ഫ്രാൻസിസ്കൻ സമൂഹാംഗമായിരുന്നു. ഇപ്പോൾ ഫ്രാൻസിസ് ഈശോ സഭാംഗവും.
സെൻ പീറ്റേഴ്സ് മുതൽ സെൻറ് മേരി മേജർ വരെ അദ്ദേഹത്തിന്റെ ശവമഞ്ചവും വഹിച്ചുകൊണ്ടുള്ള പോപ്പേമൊബീൽ യാത്ര ചെയ്ത ആറ് കിലോമീറ്റർ ദൂരവും ജനസഹസ്രങ്ങൾ വഴിയോരത്ത് തിങ്ങി നിന്നിരുന്നു. മൃത സംസ്കാര ശുശ്രൂഷകളിലോ ദിവ്യബലിയിലോ പങ്കെടുക്കാൻ താല്പര്യമില്ലാത്ത സാധാരണക്കാരായ ഒരുപക്ഷേ കത്തോലിക്കർ പോലും അല്ലാത്ത ഏതാണ്ട് ഒന്നര ലക്ഷത്തോളം മനുഷ്യരാണ് അദ്ദേഹത്തിന് അഭിവാദനം അർപ്പിക്കാനായി വഴിയരികിൽ കാത്തുനിന്നത്!
Featured Posts
Recent Posts
bottom of page