top of page

"ജീവനുള്ള യാതൊന്നിനും ഒഴിഞ്ഞുമാറാനാവാത്ത
ശാരീരിക മരണമെന്ന ഞങ്ങളുടെ സോദരിയിലൂടെ,
നാഥാ, അങ്ങേക്ക് സ്തുതിയായിരിക്കട്ടെ".
800 വർഷം തികയുന്നു, അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ് ഈ വരികൾ രചിച്ചിട്ട്.
മരണത്തെ ഭയപ്പാടോടെ കാണാനല്ല, വേദനയോടെ പുല്കാനല്ല, ആനന്ദഗീതങ്ങൾ ആലപിച്ചുകൊണ്ട് സ്വാഗതം ചെയ്യാനാണ് അദ്ദേഹം താല്പര്യപ്പെട്ടത്. എന്തെന്നാൽ, അവൾ നമ്മുടെ പ്രിയ സഹോദരിയാണ്. അവളാണ് നമ്മുടെ ഭവനത്തിൻ്റെ വാതിൽ നമുക്കായി തുറന്നുതരുന്നത്.
ഇന്നലെ വളരെ പ്രിയപ്പെട്ട ഒരു സഹോദരൻ്റെ ഗൃഹപ്രവേശമായിരുന്നു. ഫാ. ഡോ. സേവ്യർ വടക്കേക്കര എന്ന കപ്പൂച്ചിൻ സന്ന്യാസിയുടെ.
അദ്ദേഹം ഒരു കർമ്മയോഗിയായിരുന്നു. ഇൻഡ്യയാെട്ടാകെ അദ്ദേഹത്തിൻ്റെ കർമ്മ മണ്ഡലമായിരുന്നു. രണ്ടുതവണയായി നിരവധി വർഷങ്ങൾ അദ്ദേഹം അസ്സീസി മാസികയുടെ എഡിറ്റർ ആയിരുന്നു. ഭരണങ്ങാനത്ത് ജീവൻ ബുക്സ് എന്ന പ്രസാധനശാലയും ദില്ലിയിൽ മീഡിയ ഹൗസ് -ദില്ലി എന്ന പ്രസാധനശാലയും നോയ്ഡയിൽ ജ്യോതി പ്രിൻ്റേഴ്സ് എന്ന പ്രസ്സും ആരംഭിച്ചത് അദ്ദേഹമായിരുന്നു. ദില്ലി മീഡിയ ഹൗസിൻ്റെ ഫ്രാഞ്ചൈസിയായി കോഴിക്കോട് മീഡിയ ഹൗസ് ആരംഭിച്ചതും അദ്ദേഹം തന്നെയാണ്. പിന്നീട് ഫ്രാഞ്ചെെസി വിട്ട് ആത്മ ബുക്സ് എന്ന സ്ഥാപനമായിത്തീർന്നു അത്. അക്കാലത്തുതന്നെ ബാലസാഹിത്യത്തിനായി നന്മ ബുക്ക്സ് എന്ന പേരിൽ മറ്റൊരു പ്രസാധന സംരംഭത്തിനും കോഴിക്കോട്ട് അദ്ദേഹം തുടക്കമിട്ടു. ഇൻഡ്യൻ കറൻ്റ്സ് എന്ന പ്രസിദ്ധീകരണം CBCI യുടെ കീഴിൽ ദില്ലിയിൽ പ്രവർത്തിച്ചു വന്നിരുന്നു. ഏറെ കട ബാധ്യതകളിലൂടെ കടന്നുപോവുകയായിരുന്ന പ്രസ്തുത പ്രസിദ്ധീകരണം നിർത്തിക്കളയുന്നതിനെക്കുറിച്ച് ആലോചിക്കുന്നതറിഞ്ഞ്, അതിൻ്റെ ഋണബാധ്യതകളോടെത്തന്നെ അദ്ദേഹം അത് ഏറ്റെടുത്തു. ടാബ്ലോയ്ഡ് ഫോർമാറ്റിൽ ദ്വൈവാരിക ആയിരുന്ന അതിനെ അദ്ദേഹം മാഗസിൻ ഫോർമാറ്റിൽ ഇൻഡ്യൻ കറൻ്റ്സ് വാരികയാക്കി മാറ്റി. ഇതിനിടെ കേന്ദ്രസർക്കാരിന്റെ ഒരു പ്രോജക്റ്റിനു കീഴിൽ നൂറോളം കംപ്യൂട്ടറുകളോടെ ഒരു കമ്പ്യൂട്ടർ ട്രെയിനിങ് സെന്ററും അദ്ദേഹം ദില്ലിയിൽ സ്ഥാപിച്ചിരുന്നു. എന്നാൽ ഈ പറഞ്ഞതെല്ലാം അദ്ദേഹം ചെയ്യുന്നത് തൻ്റെ കാഴ്ചശക്തി 70% ത്തോളം നഷ്ടപ്പെട്ടതിന് ശേഷമായിരുന്നു. യൂണിവേഴ്സിറ്റി ഓഫ് ദി ഫിലിപ്പീൻസിൽ ജേർണലിസത്തിൽ ഉപരിപഠനത്തിനായി പോയ അദ്ദേഹം തിരിച്ചുവരുമ്പോൾ കാഴ്ചശക്തി നഷ്ടപ്പെടുന്ന അപൂർവ്വരോഗം അദ്ദേഹത്തെ ബാധിച്ചു കഴിഞ്ഞിരുന്നു. (അദ്ദേഹത്തിൻ്റെ വൈദികരായിരുന്ന രണ്ട് സഹോദരന്മാർക്കും ഇതേ അപൂർവ്വ രോഗം ഉണ്ടായിരുന്നു).
കുറെ സ്ഥാപനങ്ങൾ ആരംഭിച്ചത് മാത്രമല്ല അദ്ദേഹത്തിന്റെ പ്രധാന സംഭാവന എന്നുപറയായാവുന്നത്. അതിലൂടെ അദ്ദേഹവും അദ്ദേഹത്തിന്റെ ശിഷ്യഗണവും നല്കിയതും നല്കി വരുന്നതുമായ പത്ര-പ്രസാധന ശുശ്രൂഷകൾ കൂടിയാണ്. പോരാ, അദ്ദേഹം പ്രചോദനം നല്കി വളർത്തിയെടുത്ത പത്രപ്രവർത്തകരും എഴുത്തുകാരും കുറച്ചൊന്നുമല്ല.
വയനാടിന്റെ ഒരു മൂലയിൽ എളിയ രീതിയിൽ സന്ന്യാസ പരീക്ഷണങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ഞാൻ. 2008-ൽ ആണത്. ദില്ലിയിൽ നിന്ന് കേരളത്തിൽ തിരിച്ചെത്തിയ അദ്ദേഹം പലതവണയായി എന്നെ വിളിച്ചു. എന്നെക്കൂടി ചേർത്ത് ദൃശ്യമാധ്യമ രംഗത്തേക്ക് കടക്കണം എന്നതായിരുന്നു ആഗ്രഹം. അതൊരിക്കലും നടക്കാതെ പോയി. എങ്കിലും ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചു. ഒരുമിച്ച് ജീവിച്ചു. ഒരുമിച്ച് സ്വപ്നം കണ്ടു. 2008 മുതൽ 2013 വരെ ഒരു മോട്ടോർബൈക്കിൽ ഞങ്ങൾ സഞ്ചരിക്കാത്ത വഴികളോ ഊടുവഴികളോ ഇല്ല കോഴിക്കോട് നഗരത്തിൽ. അക്കാലത്ത് രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ കേരളത്തിലൂടെ ഓടുന്ന മിക്കവാറും ട്രെയ്നുകളിലെല്ലാം SLRD എന്ന ഡിസ്ഏബ്ൾഡ് കോച്ചിൽ അദ്ദേഹമുണ്ടാകുമായിരുന്നു. സഹോദരൻ ജോസ് കരിങ്ങടയും അദ്ദേഹവും ഞാനും ഒരുമിച്ച് കോഴിക്കോട് മീഞ്ചന്തയിലും പൊറ്റമ്മലിലും താമസിക്കുമ്പോൾ അദ്ദേഹം ഞങ്ങൾക്കായി പാചകം ചെയ്യുമായിരുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് ആസ്പത്രിയിൽ പ്രവേശിപ്പിക്കപ്പെടും വരെ എല്ലാ ദിവസവും അദ്ദേഹം ഞാനെഴുതുന്ന കുറിപ്പുകൾ വായിച്ചുകേട്ട് അതിന് വോയ്സ് മെസ്സേജ് ആയി പ്രതികരണം ഇടുമായിരുന്നു. പ്രായമായ എന്റെ അമ്മയെ വിളിച്ച് മാസത്തിൽ രണ്ടുമൂന്നു തവണയെങ്കിലും സംസാരിക്കുമായിരുന്നു.
നേരത്തെ പറഞ്ഞതുപോലെ അദ്ദേഹം ഒരു കർമ്മയോഗി ആയിരുന്നു. ഞാനാകട്ടെ ഒരു അലസഭോഗിയും. അതുകൊണ്ടുതന്നെ ഒരുമിച്ച് ജീവിക്കുമ്പോൾ ചിലപ്പോഴൊക്കെ അദ്ദേഹത്തോട് വിഷമവും തോന്നിയിട്ടുണ്ട്. എന്നാൽ, ഞാൻ - ഇന്നത്തെ ഞാൻ ആവുന്നതിൽ ഏറ്റവും പ്രധാന സംഭാവന അദ്ദേഹത്തിന്റേതായിരുന്നു. പ്രസാധനമെന്ന കർമ്മം അദ്ദേഹം എന്നെ പഠിപ്പിച്ചു. അധ്വാനിക്കാൻ ഞാൻ ശീലിച്ചു. എല്ലാ സാഹചര്യത്തിലും ലക്ഷ്യം മുന്നിൽ കണ്ട് പ്രവർത്തിക്കാൻ അദ്ദേഹം എന്നെ ശീലിപ്പിച്ചു. ഒരു സന്ന്യാസിയായി ജീവിക്കാനും.
സഭയിലും സമൂഹത്തിലും നീതി നടപ്പാവുക അദ്ദേഹത്തിന്റെ മുൻഗണനയായിരുന്നു. മറ്റുള്ളവർക്ക് ഉപകാരപ്രദമായ കാര്യങ്ങൾ എപ്പോഴും അദ്ദേഹത്തിന്റെ താൽപര്യമായിരുന്നു. തനിക്ക് ഉപകാരം ചെയ്തിട്ടുള്ളവരെ അദ്ദേഹം ഒരിക്കലും മറന്നിരുന്നില്ല. രണ്ടുമാസം മുമ്പ് കേരളത്തിൽ നിന്ന് ദില്ലിക്ക് തിരിച്ചുപോകും മുമ്പായി തന്നോടൊപ്പം സ്കൂളിൽ പഠിച്ചവരെയും, ഭരണങ്ങാനത്തെ സെറാഫിക്കേറ്റിൽ ഒരുമിച്ച് പഠിച്ചവരെയും അദ്ദേഹം സന്ദർശിച്ചിരുന്നു. മലബാറിൽ പോകുമ്പോഴെല്ലാം കോഴിക്കോട് മെഡിക്കൽ കോളേജിൽ അദ്ദേഹത്തിന്റെ ഹൃദയ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ കുര്യാക്കോസിനെ അദ്ദേഹം സന്ദർശിച്ചിരുന്നു. അക്കാലത്ത് മെഡിക്കൽ കോളേജിൽ അദ്ദേഹത്തെ സഹായിച്ച സിസ്റ്റർ മെർളിയെ നിരവധി വർഷങ്ങൾക്കു ശേഷം സന്ദർശിച്ചിട്ടാണ് അദ്ദേഹം മസ്സൂറിയിലേക്ക് തിരിച്ചുപോയത്. നേരിട്ട് സന്ദർശിക്കാൻ കഴിയാത്തവരെയെല്ലാം അദ്ദേഹം ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. തന്റെ തീർത്ഥാടനം അവസാനിക്കാറായി എന്ന് അദ്ദേഹം ഒരുവേള തിരിച്ചറിഞ്ഞിരുന്നോ?! എന്തോ! അറിയില്ല.
മനുഷ്യബന്ധങ്ങൾക്ക് ഇത്രയേറെ പ്രാധാന്യം നൽകുന്ന സന്ന്യസ്തർ ഏറെ ഉണ്ടാകും എന്ന് തോന്നുന്നില്ല.
വീണ്ടും കണ്ടുമുട്ടും വരെ വിട, പ്രിയ സഹോദരാ!
Featured Posts
bottom of page