

കഴിഞ്ഞ മാസത്തില്‍ വൈവാഹിക ജീവിതത്തിലെ രണ്ടു പ്രധാന ഘട്ടങ്ങളെപ്പറ്റി (പ്രണയാര്‍ദ്ര സ്നേഹത്തിന്‍റെ ഘട്ടം, നൈരാശ്യത്തിന്‍റെ ഘട്ടം) പ്രതിപാദിച്ചിരുന്നല്ലോ. ഇനി നാം പഠനവിധേയമാക്കുന്നത്, എങ്ങിനെയാണ് ചില സംഘര്‍ഷാവസ്ഥകള്‍ ദമ്പതികളെ ഉറപ്പേറിയ ഒരു ബന്ധത്തിലേയ്ക്ക് എത്തിച്ചേരാന്‍ സഹായിക്കുന്നതെന്നാണ്.
മൂന്നാംഘട്ടം - തിരിച്ചറിവും അവബോധവും (പ്രഭാ. 30:18-19)
നിങ്ങളുടെ ബന്ധം നിങ്ങള്‍ കരുതിയതിനുമപ്പുറത്താണെന്നും പല പുതിയ മാറ്റങ്ങളും വരുത്താന്‍ നിങ്ങള്‍ക്കു കഴിയുമെന്നും ഈ ഘട്ടത്തില്‍ നിങ്ങള്‍ തിരിച്ചറിയുന്നു. പങ്കാളികളെന്ന നിലയില്‍ നിങ്ങള്‍ക്കിടയില്‍ സന്തോഷം കൈവരിക്കാനുള്ള ഉത്തരവാദിത്വം നിങ്ങള്‍ത്തന്നെ ഏറ്റെടുക്കുക. സ്വന്തം പെരുമാറ്റ നവീകരണത്തിലൂടെ ഇത് ഏറ്റം ഉത്തമമായി ചെയ്യാനായേക്കും. നിങ്ങളുടെ വൈവാഹിക ജീവിതത്തെ നിങ്ങളാഗ്രഹിക്കുന്ന മൂല്യങ്ങളാല്‍ നിറയ്ക്കാനും സാധിക്കും.
നാലാംഘട്ടം - രൂപാന്തരീകരണം (ഉത്തമഗീതം 8:6)
ഈ ഘട്ടത്തിലാകട്ടെ, പരസ്പര ആശയവിനിമയ രീതികളെയും നല്ലതും സുന്ദരവുമായ പെരുമാറ്റശൈലികളെയും വൈകാരിക സുരക്ഷിതത്വം പകരാനുള്ള കഴിവുകളെയുമൊക്കെ വളര്‍ത്താനും പരിശീലിക്കാനുമുള്ള ഒരു ശ്രമം ബോധപൂര്‍വ്വം ഉണ്ടായിവരുന്നു. നിങ്ങള്‍ സാവധാനം നിങ്ങളുടെതന്നെയും പങ്കാളിയുടെയും സൗഖ്യദാതാവും വളര്‍ച്ചയ്ക്കുള്ള സഹായിയും ആയിത്തീരുന്നു. നിങ്ങളുടെയുള്ളിലെ വീക്ഷണമനുസരിച്ചുള്ള ഒരു ബന്ധത്തിനായുള്ള ദാഹം മനസ്സിലും ഹൃദയത്തിലും കൊണ്ടുനടന്ന് അത് യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കുന്നു. ഇവിടെ മറ്റേതു കാര്യത്തേക്കാളുമേറെ നിങ്ങളുടെ സാമര്‍ത്ഥ്യം നിങ്ങള്‍ക്ക് സ്വയം തിരിച്ചറിയാനാവുന്നു.
രൂപാന്തരീകരണമെന്നത്, ദാമ്പത്യജീവിതത്തിന്‍റെ ആരംഭത്തില്‍ നിങ്ങള്‍ക്ക് അനുഭവപ്പെട്ടിരുന്ന സന്തോഷവും ഒരുമയും ജീവാത്മകതയുമുള്ള ഒരു കുടുംബാന്തരീക്ഷത്തിലേയ്ക്കുള്ള ആത്മീയ യാത്രയാണ്. സ്നേഹം എന്നത് ദിവസേന തുടരുന്ന ഒരു പെരുമാറ്റ പ്രക്രിയയാ ണെന്ന് ഈ പരിവര്‍ത്തന വഴിയില്‍വച്ച് നിങ്ങള്‍ മനസിലാക്കുന്നു. പങ്കാളി ആഗ്രഹിക്കുന്നതെന്തോ, അത് വ്യത്യസ്ത രീതികളിലൂടെ, വാക്കുകളിലൂടെ ആ വ്യക്തിക്കു നല്‍കാന്‍ നിങ്ങള്‍ തയ്യാറാകുകയും അങ്ങനെ നിങ്ങള്‍ സ്നേഹിക്കാന്‍ പഠിച്ചു തുടങ്ങുകയും ചെയ്യുന്നു.
അഞ്ചാം ഘട്ടം-പരമാര്‍ത്ഥസ്നേഹം (ഉത്തമഗീതം 4:10)
ഈ ഘട്ടത്തില്‍, തങ്ങള്‍ ഒന്നാണെന്ന ബോധ്യത്തില്‍ ചരടുകളെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ടുതന്നെ ആഴമേറിയ പരസ്പര ബഹുമാനം നല്‍കുകയും ഹൃദയത്തില്‍ പങ്കാളിയെ വിലമതിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ ആഹ്ലാദത്തിന്‍റെയും പ്രണയത്തിന്‍റെയും ഗാഢബന്ധത്തിന്‍റെയും സന്തോഷത്തിന്‍റെയും പരസ്പര ആസ്വാദനത്തിന്‍റെതുമായ ഒരു അവസ്ഥ സംജാതമാകുന്നു. മെല്ലെ, നിങ്ങളുടെ ബന്ധത്തിന്‍റെ ആത്മീയ ഗാഢതകളിലേയ്ക്ക് നിങ്ങള്‍ നീങ്ങുകയും അങ്ങനെ പരിപൂര്‍ണ്ണതയിലേക്കു പുതിയ ഒരു പ്രയാണം സമാരംഭിക്കുകയും ചെയ്യുന്നു. ചിന്തകളിലും പെരുമാറ്റ ഭാഷയിലും നിങ്ങള്‍ക്ക് പങ്കാളിയോടുള്ള സ്നേഹം അതിശുദ്ധമായി കാണപ്പെടുന്നു.
