top of page

ഞങ്ങള്‍ തിരഞ്ഞെടുക്കുകയായിരുന്നു

Feb 6, 2021

2 min read

അജ

the helping hand of Jesus

കാലഘട്ടത്തിന്‍റെ നവ ആഖ്യാനരീതികളിലൊന്നാണ് വെബ്സീരീസുകള്‍. വലിയ സ്ക്രീനിന്‍റെ ധാരാളിത്തത്തില്‍ നിന്നും ചെറിയ കാഴ്ചയിടങ്ങളിലേക്കും വ്യക്തിപരമായ സ്ക്രീനുകളിലേക്കും കാഴ്ചക്കാരനെ കൊണ്ടെത്തിക്കുന്നതില്‍ പുതിയ തലമുറയുടെ ആഖ്യാനരീതിയായ വെബ്സീരിസുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 1990-കളുടെ പകുതിയില്‍ ആരംഭിച്ച് 2000-ന്‍റെ അവസാനത്തില്‍ വികാസം പ്രാപിച്ച ചരിത്രമാണ് വെബ് സീരിസുകള്‍ക്കുള്ളത്. സിനിമകള്‍ ഏതൊക്കെ വിഭാഗത്തിലുണ്ടോ അത്രതന്നെ വിഭാഗങ്ങളിലും   വെബ്സീരീസുകള്‍ പുറത്തിറങ്ങുന്നുണ്ട്. നിരവധിയായുള്ള OTT (Over The Top) സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമുകളിലും, യൂട്യൂബ് പോലെയുള്ള മറ്റ് വീഡിയോ പ്ലാറ്റ്ഫോമുകളിലും നിരവധി വെബ്സീരീസുകള്‍ പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

ഇത്തരം വെബ്സീരീസുകളില്‍ ലോകമൊട്ടാകെയുള്ള പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ച ഒന്നാണ് അമേരിക്കന്‍ സംവിധായകനായ ഡാലസ് ജെന്‍കിന്‍സ് ഒരുക്കിയ ദി ചോസണ്‍. ക്രിസ്തുവിന്‍റെ ജീവിതത്തെ ആസ്പദമാക്കി തികച്ചും കല്‍പിതമായി ഒരുക്കിയ ചിത്രമാണിത്. 8 വെബിസോഡുകള്‍ (വെബ് സീരീസുകളുടെ എപ്പിസോഡുകള്‍ക്ക് പറയുന്ന പേര്) നിലവില്‍ റീലീസ് ചെയ്തിട്ടുണ്ട്. ക്രിസ്തുവിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ലോകത്തിലെ ആദ്യത്തെ വെബ്സീരീസാണ് ദി ചോസണ്‍. ക്രൗഡ് ഫണ്ടിങ്ങ് രീതിയിലാണ് വെബ് സീരീസിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുള്ളത്. 2017-ല്‍ പൈലറ്റ് വെബിസോഡ് ആയി ആരംഭിച്ച വെബ്സീരീസ് 2019 നവംബറില്‍ ആദ്യസീസണിലെ 8 ഭാഗവും പൂര്‍ത്തീകരിച്ചിരുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ റേറ്റിങ്ങ് ലഭിച്ചിട്ടുള്ള വെബ്സീരീസും ദി ചോസണ്‍ തന്നെയാണ്. 180 രാജ്യങ്ങളി ലായി 50 മില്യണിലധികം ആളുകള്‍ ഈ വെബ്സീ രീസ് കണ്ടുകഴിഞ്ഞിട്ടുണ്ട്. 70-ലധികം ഭാഷകളില്‍ ഈ വെബ്സീരീസ് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.I Have Called You By Name, Shabbat, Jesus Loves the Little Children, The Rock On Which It Is Built , The Wedding Gift , Indescribable Compassion, Invitations, I Am He എന്നീ പേരുകളിലുള്ള ഒന്നാം സീസണിലുമായിട്ടാണ് വെബ്സീരീസിന്‍റെ ഓരോ ഭാഗങ്ങളും ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്.

ലോകം കണ്ടിട്ടുള്ള ഏറ്റവും മികച്ച ജീവിതത്തിനും, ജീവിതശൈലിക്കുമുടമയാണ് ക്രിസ്തു എന്നതില്‍ തര്‍ക്കമില്ലാത്തതാണ്. ഏറ്റവും കൂടുതല്‍ വ്യക്തികളെ സ്വാധീനിച്ച ജീവിതശൈലിയും ക്രിസ്തുവിന്‍റേതാണ്. അദ്ദേഹത്തിന്‍റെ ഉപദേശങ്ങളെക്കുറിച്ചും, കാഴ്ചപ്പാടുകളെക്കുറിച്ചും ഈ വെബ്സീരീസിന്‍റെ പശ്ചാത്തലത്തിലാണെങ്കിലും വിശദമാക്കുക എന്നത് ദുഷ്കരമാണ്. നിര്‍വചനങ്ങള്‍ക്കും, ഊഹാപോഹങ്ങള്‍ക്കും, അനുമാനങ്ങള്‍ക്കും അതീതമാണ് ആ ജീവിതം എന്നതിനാല്‍ മാത്രമല്ല, ഏവര്‍ക്കും സുപരിചിതമാണ് എന്നതു കൊണ്ടുകൂടിയാണ് അത്തരമൊരു ഉദ്യമത്തിന് മുതിരാത്തതിന് കാരണമായിട്ടുള്ളത്.

ദി ചോസണ്‍ എന്ന വെബ്സീരീസിന്‍റെ 8 എപ്പി സോഡുകളിലും സംവിധായകന്‍ സ്വീകരിച്ചിട്ടുള്ള പൊതുരീതി ക്രിസ്തുവിനെക്കുറിച്ചുള്ള മറ്റ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണെന്ന് കാണാം. എഴുതപ്പെട്ടിട്ടുള്ള സുവിശേഷങ്ങളുടെ പശ്ചാത്തലത്തില്‍ തന്നെയാണ് ചിത്രം സഞ്ചരിക്കുന്നത്. എന്നാല്‍ സുവിശേഷങ്ങളിലെ ക്രിസ്തു എന്നതിനപ്പുറം ഓരോരുത്തരും കണ്ട ക്രിസ്തു എപ്രകാരമാണ് എന്ന് അവരുടെ വീക്ഷണത്തിലൂടെ അവത രിപ്പിക്കുന്നു എന്നതാണ് ഈ ചിത്രങ്ങളെ വ്യത്യസ്തമാക്കുന്നത്.

ബലിക്കായി ബേത്ലെഹേമിലേക്ക് ആട്ടിന്‍കുട്ടിയുമായി പോകുന്ന മുടന്തനായ ഒരു ആട്ടിടയന്‍ ക്രിസ്തുവിന്‍റെ ജനനം കാണുകയും ഉണ്ണിയെ കരങ്ങളിലെടുക്കാന്‍ ഭാഗ്യം ലഭിക്കുകയും ചെയ്യുന്ന സംഭവത്തെയാണ്  ദി ഷെപ്പേര്‍ഡ് എന്ന പൈലറ്റ് എപ്പിസോഡ് ചിത്രീകരിച്ചിട്ടുള്ളത്. ഒന്നാം സീസണിലെ ആദ്യ വെബിസോഡില്‍ സഹോദരന്‍മാരായ പീറ്ററിന്‍റെയും സൈമണിന്‍റെയും ക്ലേശകരമായ ജീവിതവും അവര്‍ ക്രിസ്തുവിനെ കാണു ന്നതും, മഗ്ദലന മറിയത്തിന്‍റെ ജീവിതവും ഉള്‍പ്പെടുത്തിയിരിക്കുന്നു. രണ്ടാം ഭാഗമായ ശബത്തില്‍ നികുതിപിരിവുകാരനായ മാത്യുവും, സൈമണും തമ്മിലുള്ള വാദങ്ങളും, നിക്കോദിമോസിന്‍റെ അന്വേഷണ കൗതുകങ്ങളും, മേരി ഒരുക്കിയ അത്താഴവിരുന്നിന്‍റെ വിവരണങ്ങളും ചിത്രീകരിച്ചിരിക്കുന്നു. മൂന്നാം ഭാഗത്തില്‍ കഫര്‍ണഹാമിന്‍റെ പ്രാന്ത പ്രദേശങ്ങളില്‍ നിന്നും കൂടെകൂട്ടിയ കുട്ടികളോട് കൂട്ടുകൂടുന്ന ക്രിസ്തുവിനെയാണ് കാണാന്‍ സാധിക്കുന്നത്. നാലാംഭാഗം സൈമണിന്‍റെയും, ആന്‍ഡ്രൂവിന്‍റെയും ക്ലേശകരമായ ജീവിതങ്ങളെ ക്രിസ്തുവിനോട് ചേര്‍ത്തുവായിക്കുന്നതാണ് ചിത്രീകരിച്ചിട്ടുള്ളത്. അഞ്ചാം ഭാഗത്തില്‍ കാനായിലെ പ്രശസ്തമായ വിവാഹത്തിന്‍റെ ദൃശ്യങ്ങളും, ആറാംഭാഗത്തില്‍ കുഷ്ഠരോഗിയുടെ സാക്ഷ്യവുമാണ് കാണാന്‍ കഴിയുന്നത്. ഏഴാം ഭാഗത്തില്‍ മാത്യു സ്വജീവിതത്തില്‍ അനുഭവിച്ച അത്ഭുതങ്ങളുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുന്നതിന്‍റെ വിവരണങ്ങളും, നിക്കോദിമോസ് ക്രിസ്തുവിനെ രാത്രിയില്‍ കണ്ടുമുട്ടുന്നതും വിവരിച്ചിരിക്കുന്നു. അവസാന ഭാഗമായ എട്ടാമത്തെ വെബിസോഡില്‍ കഫര്‍ണഹാമില്‍ നിന്നും സമറിയായിലേക്ക് പോകുന്ന ക്രിസ്തുവിനെയും ശിഷ്യരെയും ആണ് കാണാന്‍ കഴിയുന്നത്. ജേക്കബിന്‍റെ കിണറിനരികില്‍ കാണുന്ന യുവതിയോട് തന്നെ വ്യക്തിത്വം വെളിപ്പെടുത്തുന്നതും ഈ ഭാഗത്തില്‍ കാണാന്‍ കഴിയുന്നുണ്ട്.

ദി ചോസണ്‍ എന്ന വെബ്സീരീസ് ചിത്രീകരണം കൊണ്ടും കഥപറച്ചിലിന്‍റെ രീതി കൊണ്ടും അനന്യമാണ്. കണ്ടുപരിചയിച്ച കഥകള്‍ക്കപ്പുറം ഒരോ വ്യക്തിയും എങ്ങനെയാണ് ഗുരുവിനെ കാണുന്നത് എന്ന് അവരുടെ കാഴ്ചപ്പാടുകളുടെ രൂപീകരണത്തിലൂടെ തികച്ചും സ്വതന്ത്രമായി എങ്ങനെയാണ് പറയാന്‍ സാധിക്കുന്നതെന്നും ഓരോ കാഴ്ചക്കാരനെയും ചിന്തിപ്പിക്കുന്നു. മനോഹരമായ ഛായാഗ്രഹണവും, മികച്ച പശ്ചാത്തലസംഗീതവും വെബ്സീരീസിനെ മനോഹരമാക്കുന്നു.

ഷഹര്‍ ഐസക്ക്, ജോനാഥന്‍ റൂമി, എലിസ ബത്ത് ടാബിഷ്, പരസ് പട്ടേല്‍, നോവ ജയിംസ്, നിക്ക് ഷാക്കൗര്‍, ലാറാ സില്‍വ, എറിക്ക് അവാരി എന്നിവരാണ് ഈ വെബ്സീരീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. അകിസ് കോണ്‍സ്റ്റാകോപൗലോസിന്‍റെ ഛായാഗ്രഹണം എടുത്തുപറയാതെ തരമില്ല.

നോമ്പുകാലമാണ് വരുന്നത്. നോമ്പെന്നാല്‍ സ്വയം നവീകരിക്കാനുള്ള ജീവിതത്തിലെ ഇടവേ ളകളാണ്.The Chosen ഈ നോമ്പുകാലത്തേക്കുള്ള  വിരുന്നുതന്നെയാണ്. ഓരോ ദിവസത്തേക്കുമുള്ള ധ്യാനത്തിന്‍റെ പ്രാര്‍ത്ഥനാമുത്തുകള്‍  കോര്‍ത്ത ദൃശ്യഹാരമാണ് ഈ ചിത്രങ്ങള്‍ എന്നത് സംശയ രഹിതമാണ്.  

അജ

0

0

Featured Posts

bottom of page