top of page

"കൂടെക്കൂടെ ഒരു ദൈവദൂതൻ വന്ന് കുളം കലക്കും. അപ്പോൾ ആദ്യം വെള്ളത്തിലിറങ്ങുന്നവൻ - അവന് എന്തു രോഗമുണ്ടായാലും സുഖപ്പെടും." (യോഹ. 5: 4).
വെള്ളപ്പൊക്കവും മഴക്കെടുതികളും ഉണ്ടാകുമ്പോൾ നാം കേൾക്കുന്ന ഒരു വാക്യമാണ് 'ജലം കൊണ്ട് മുറിവേറ്റവർ' എന്ന്. ജീവൻ്റെ ഉറവിടമായി മാറേണ്ട ജലം എങ്ങനെയാണ് ജീവനെ ഹനിക്കുന്നത് എന്ന് അതിവൃഷ്ടിയും വെളളപ്പൊക്കവും നമ്മെ അനുഭവിപ്പിച്ചു. എന്നാൽ, ജലം സൗഖ്യദായകമാകുന്ന സുവിശേഷമാണ് യോഹന്നാൻ എഴുതിയത്. പച്ചവെള്ളം മുന്തിരിയുടെ മേൽത്തരം വീഞ്ഞാകുന്ന സംഭവം തുടങ്ങി വിലാപ്പുറത്തുനിന്നും ഒഴുകിയിറങ്ങിയ ജലം എന്നെഴുതുന്നതുവരെ സാധകനെ ജലശയ്യയിൽ കിടത്തി സൗഖ്യമാക്കുന്നുണ്ട് വി. യോഹന്നാൻറെ സുവിശേഷം.
ദൈവദൂതൻ ബത്സയ്ദാ കുളത്തിലെ ജലമിളക്കുമ്പോൾ, ആദ്യമിറങ്ങുന്നയാൾ സൗഖ്യം പ്രാപിക്കും. ഈ വിശ്വാസത്തിൻ്റെ ബലത്തിൽ സൗഖ്യം നേടാൻ ആഗ്രഹിച്ചുകൊണ്ട് കുളക്കരയിൽ കാത്തിരുന്നവൻറെ കഥയാണ് വേദവിചാരം. ജലത്തെ തീർത്ഥമായി തിരിച്ചറിഞ്ഞതാണ് മനുഷ്യൻ്റെ ആദ്ധ്യാത്മിക പാഠങ്ങളിൽ ആദ്യത്തേത്. ദൈവാലയത്തിലെ മാമ്മോദീസാതൊട്ടി ക്രൈസ്തവ വിശ്വാസത്തിലെ ഏറ്റവും നല്ല അടയാളമാണ്. യേശുവിൻ്റെ ജ്ഞാനസ്നാനം നടക്കുന്നത് ജോർദ്ദാൻ നദിയിലാണല്ലോ. യേശു, ക്രിസ്തുവായി രൂപാന്തരപ്പെടുന്നതിൻറെ ആദ്യപടിയാണിത്. ജോർദ്ദാൻ ഇപ്പോൾ കൂടുതൽ ദീപ്തമായി. കുമ്പളങ്ങി കായലിലെ കവരുപോലെ. ഗംഗാനദീതീരത്തെ പ്രാർത്ഥനകളും, ആരതിയുഴിയലും, നിസ്കാരത്തിന് ഒരുക്കമായി നെറ്റിതൊട്ട് ഉപ്പൂറ്റിവരെ കഴുകാൻ നിഷ്ഠവെയ്ക്കുന്ന ഇസ്ലാംമതവിശ്വാസവും അങ്ങനെ എല്ലാവരും ജലം കൊണ്ട് സൗഖ്യം നേടിയവരായി മാറുന്നു.
കഴിഞ്ഞ മാസങ്ങളിൽ പ്രദർശനവിജയം നേടിയ ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം എന്നീ സിനിമകളിൽ ജലം അതിലെ കഥാപാത്രങ്ങളെ മരണഭീതിയിൽ നിന്നുള്ള മോചനത്തിലേക്കും അതിജീവനത്തിലേക്കും നയിക്കുന്നുണ്ട്. സ്വപ്നങ്ങളിലൂടെ കഥാപാത്രങ്ങൾ വെള്ളത്തിലേക്ക് മുങ്ങിത്താഴ്ന്ന് പോകുന്നതും മറ്റും പ്രേക്ഷകരും അനുഭവിക്കുന്നുണ്ട്. രക്ഷപ്പെടാൻ കഴിയാത്തവിധം -'ഭ്രമയുഗ'ത്തിൽ പാണൻ ചാത്തൻ്റെ പിടിയിലും 'മഞ്ഞുമ്മൽ ബോയ്സ്'ൽ സുഭാഷ് ഗുണ ഗുഹയിലും, 'ആടുജീവിത'ത്തിൽ നജീബ് അറബിൻ്റെ മണലാരണ്യത്തിലും പെട്ടുപോകുന്നു. ഇവരൊക്കെ സ്വപ്നങ്ങളിലൂടെ ജലരാശിയിൽ നൂണിറങ്ങി പുനർജീവിതം കൈവരിക്കുന്നു.
'നിനക്കിവിടുന്ന് പോകാൻ അനുവാദമില് ലാ' എന്നും വർഷങ്ങളോളം നീണ്ടുനിൽക്കുന്ന പേമാരിയാണെന്നും നിനക്ക് രക്ഷപ്പെടാനാവില്ലായെന്നും ചാത്തൻ പറയുമ്പോൾ പാണൻ ജലംകൊണ്ട് മുറിവേറ്റവനായി മാറി. മുറിവേറ്റ പാണൻ സ്വപ്നത്തിൽ അമ്മയുടെ മടിയിൽ തലവെച്ചുറങ്ങുന്നതായി സ്വപ്നം കാണുന്നു. പാണൻ്റെ മുഖത്ത് ജലം തളിച്ചുകൊണ്ട് അരിവെപ്പുകാരനാണ് പാണനെ വിളിച്ചുണർത്തുന്നത്. ഇപ്പോൾ ജലം അയാൾക്ക് സൗഖ്യദായകമായ അനുഭവമായി മാറിക്കഴിഞ്ഞുവെന്ന് അയാളുടെ മുഖഭാവങ്ങളിൽ നിന്നും നമുക്ക് പിടികിട്ടും.
മഞ്ഞുമ്മൽ ബോയ്സ് -ൽ മഴ അതിജീവനത്തിന് തടസ്സമാണ്. കനത്തമഴയിൽ പെട്ടിട്ടും ചങ്ങാതിയെ ഉപേക്ഷിച്ചുപോകാൻ സുഹൃത്തുക്കൾക്ക് മനസ്സു വരുന്നില്ല. മഴവെള്ളം പാറക്കെട്ടുകളിൽ തട്ടി അവൻ്റെ മുഖത്തും ശരീരത്തിലും പതിക്കുമ്പോൾ സുഭാഷ് തൻ്റെ ബാല്യകാലത്തേക്ക് ആഴ്ന്നിറങ്ങുന്നു. സ്വപ്നത്തിൽ അവൻ പുഴയുടെ ആഴങ്ങളിലേക്ക് താഴ്ന്നുപോകുന്നുണ്ട്. അതിൽ അയാൾ ഒരു ആനന്ദാനുഭൂതി അനുഭവിക്കുന്നുണ്ട്. സുഭാഷും ജലശയ്യയിൽ സുഖം പ്രാപിച്ചവനായി മാറുന്നു.
'ആടുജീവിത'ത്തിൽ ഒട്ടകങ്ങളും ആടുകളും വെള്ളം കുടിക്കുന്ന അതേ ടാങ്കിൽ നിന്ന് നജീബും വെള്ളം കുടിക്കുന്നു. ഒരു തിരിച്ചുപോക്ക് അത്യാവശ്യമാണെന്ന് അയാൾക്കും തോന്നിയിട്ടുണ്ട്. താനും മെല്ലെ ആടായി മാറിക്കഴിഞ്ഞു എന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള ഒരു ദൃശ്യത്തിലൂടെ നമ്മളും അത് അനുഭവിക്കും. 'സൈനൂ' എന്ന് നെഞ്ചുകീറി വിളിക്കുന്ന നജീബ് പുഴയിലേക്ക് താഴ്ന്നുപോകുന്നതായി സ്വപ്നം കാണുന്നു. സ്വപ്നത്തിൽ മരുഭൂമിയിലെ വേദനകളെ മറികടന്ന് ഒരു തരം ആനന്ദാനുഭൂതിയിലേക്കാണ് അയാൾ കടക്കുന്നത്. സ്വപ്നദൃശ്യങ്ങളിൽ നജീബും ജലശയ ്യയിൽ സുഖം പ്രാപിച്ചവനാകുന്നു.
വർത്തമാനകാലത്തെ സംഘർഷങ്ങളെ മറികടന്ന് സുഖാനുഭവത്തിലേക്ക് പുനർജനിപ്പിക്കുന്ന ഒന്നായി ജലം മാറുന്നുണ്ട് മേൽപ്പറഞ്ഞ സിനിമകളുടെ ദൃശ്യങ്ങളിൽ. ആത്മാവിനാലും ജലത്താലും പുനർജനി നേടണം എന്നൊക്കെ സുവിശേഷം പറയുന്നതിൻറെ വർത്തമാനകാലാനുഭവങ്ങൾ ഇതൊക്കെത്തന്നെയല്ലേ...
Featured Posts
Recent Posts
bottom of page