top of page
കോണ്‍ഗ്രസ്സും തീണ്ടല്‍ജാതിക്കാരും തമ്മിലുണ്ടായിരിക്കുന്ന അഭിപ്രായവ്യത്യാസത്തിന്‍റെ അടിസ്ഥാനം ഞാന്‍ മനസ്സിലാക്കിയിടത്തോളം ഒറ്റചോദ്യം ആണ്. തീണ്ടല്‍ജാതിക്കാര്‍ ഇന്ത്യന്‍ ദേശീയതയില്‍ വേറിട്ട് നില്‍ക്കേണ്ട ഒരു വിഭാഗം ആണോ? അല്ലയോ?
കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ നിലപാടില്‍ തീണ്ടല്‍ജാതിക്കാര്‍ ഹിന്ദുക്കളില്‍നിന്ന് വേറിട്ട് നില്‍ക്കുന്നവരല്ല; അവര്‍ ഹിന്ദുസമുദായത്തിന്‍റെ ഭാഗംതന്നെയാണ്. എന്നാല്‍ തീണ്ടല്‍ജാതിക്കാര്‍ പറയുന്നു: തങ്ങള്‍ വ്യത്യസ്തരാണിന്ന്. വൈസ്റോയിയും ഇന്ത്യയുടെ ഗവര്‍ണ്ണര്‍ ജനറലുമായിരുന്ന ലോര്‍ഡ് ലിന്‍ലിത് ഗോവ് ഈ വിഷയത്തില്‍ ബ്രിട്ടീഷ് ഗവണ്‍മെന്‍റിന്‍റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് പറഞ്ഞു, തീണ്ടല്‍ജാതിക്കാര്‍ ഇന്ത്യന്‍ ദേശീയതയില്‍ ഹിന്ദുക്കളില്‍നിന്ന് വിഭിന്നരായി നില്‍ക്കുന്നവരാണെന്ന്.
തങ്ങള്‍ ഹിന്ദുക്കളില്‍നിന്ന് വിഭിന്നരാണ് എന്നു സ്ഥാപിക്കാന്‍ ഇവര്‍ നിരത്തുന്ന വാദങ്ങളെ ഒറ്റ ചോദ്യത്തില്‍ ഒതുക്കാം: 'ഏത് അര്‍ത്ഥത്തിലാണ് തങ്ങള്‍ ഹിന്ദുക്കള്‍ ആകുന്നത്?'
ഹിന്ദു എന്ന വാക്കിന്‍റെ വിവിധങ്ങളായ അര്‍ത്ഥതലങ്ങള്‍ മനസിലാക്കാതെ ഈ ചോദ്യത്തിന് ഒരു ഉത്തരം നല്‍കുക അസാധ്യമാണ്.
ഹിന്ദു എന്ന വാക്ക് ഒരു പ്രദേശവുമായി ബന്ധപ്പെട്ട് ഉപയോഗിക്കാറുണ്ട്. അങ്ങനെ വരുമ്പോള്‍ ഹിന്ദുസ്ഥാനില്‍ (ഇന്ത്യയില്‍) വസിക്കുന്ന എല്ലാവരും മുസ്ലീമുകളും, ക്രിസ്ത്യാനികളും, പാഴ്സികളും, ബുദ്ധമതക്കാരും ഹിന്ദുക്കളാണ്. ഈ കാഴ്ചപ്പാടില്‍ അയിത്തജാതിക്കാരും ഹിന്ദുക്കളാണെണ് എന്നുപറയാം. മതപരമായ അര്‍ത്ഥതലത്തില്‍ ഹിന്ദു എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്. പക്ഷേ ഈ ഒരു കാഴ്ചപ്പാട് കുറച്ചുകൂടി വ്യക്തമാക്കേണ്ടതുണ്ട്. രണ്ട് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഒരുവന്‍ ഹിന്ദുവാണെന്നു നമുക്കു പറയാം. ഒന്ന് ഹൈന്ദവതത്വങ്ങളുടെ അടിസ്ഥാനം. രണ്ട് ഹൈന്ദവാചാരങ്ങളുടെ അടിസ്ഥാനം.
ഹൈന്ദവതത്വങ്ങള്‍ പ്രചരിപ്പിക്കുന്ന അയിത്തവും ജാതിവ്യവസ്ഥയുമാണ് ഒരുവനെ ഹിന്ദുവാക്കുന്നതെങ്കില്‍ തീണ്ടല്‍ജാതിക്കാര്‍ ഒന്നടങ്കം തങ്ങളുടെ ഹിന്ദുത്വത്തെ നിഷേധിക്കുകയും താന്‍ ഒരു ഹിന്ദുവാണെന്ന കാര്യം നിരാകരിക്കുകയും ചെയ്യും. ആരാധനാമൂര്‍ത്തികളായ വിഷ്ണുവിനെയും ശിവനെയും ബ്രഹ്മാവിനെയും അതുപോലെ മറ്റു ദൈവങ്ങളെയും ആരാധിക്കുന്നതിന്‍റെ അടിസ്ഥാനത്തിലാണെങ്കില്‍ ഒരുപക്ഷേ തങ്ങള്‍ ഹിന്ദുക്കള്‍ ആണെന്നു തീണ്ടല്‍ജാതിക്കാരും സമ്മതിച്ചേക്കും.
തങ്ങള്‍ ഹിന്ദുക്കള്‍ആണെന്നും ഹിന്ദുക്കള്‍ ആയിത്തന്നെ മരിക്കുമെന്നും വിളിച്ചുപറയുന്ന കോണ്‍ഗ്രസ്സ് വക്താക്കളായ തീണ്ടല്‍ജാതിക്കാര്‍പോലും ഹിന്ദുത്വമെന്നതു ജാതിവ്യവസ്ഥയും തൊട്ടുകൂടായ്മയുമാണെന്നു പറഞ്ഞാല്‍ തങ്ങള്‍ ഹിന്ദുക്കളാണെന്ന് ഒരിക്കലും സമ്മതിക്കുകയില്ല.
ആചാരാനുഷ്ഠാനങ്ങളില്‍ ഉള്ള ഒരുമയാണ് ഹിന്ദു എന്ന വിഭാഗത്തിന്‍റെ അടിസ്ഥാനം എന്നുപറഞ്ഞാല്‍ പോലും തീണ്ടല്‍ജാതിക്കാരെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക വളരെ പ്രയാസംപിടിച്ച ജോലിയാണ്. കാരണം ഹിന്ദുക്കള്‍ക്കും തീണ്ടല്‍ജാതിക്കാര്‍ക്കും പൊതുവെ ഒരു മതം ഇല്ല, മറിച്ച് ഏറെക്കുറെ ഒരുപോലുള്ള മതം ആണു ഉള്ളതെന്നു പറയേണ്ടിയിരിക്കുന്നു. ഇരുവര്‍ക്കും ഒരേ മതമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇരുകൂട്ടര്‍ക്കും ആചാരാനുഷ്ഠാനങ്ങളില്‍ തുല്യപങ്കാളിത്തം ഉണ്ടാകുമായിരുന്നു. പക്ഷേ ഇവിടെ ഇരുകൂട്ടരും വേറിട്ടുനിന്നുകൊണ്ടാണ് തങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ നടത്തുന്നത്.
അവസാനമായി സാമൂഹ്യമായ ഒരു അര്‍ത്ഥത്തില്‍ തീണ്ടല്‍ജാതിക്കാര്‍ ഹിന്ദുക്കള്‍ ആണെന്നു പറയാന്‍ സാധിക്കുമോ എന്നു പരിശോധിക്കാം.
ഇവിടെ ഉയരുന്ന ആദ്യത്തെ ചോദ്യം ഹൈന്ദവസമൂഹത്തിന്‍റെ ഭാഗമായി അയിത്തജാതിക്കാരെ കാണാന്‍ സാധിക്കുമോ? തീണ്ടല്‍ജാതിക്കാരെ ഹൈന്ദവരുമായി ബന്ധിപ്പിക്കുന്ന എന്തെങ്കിലും ഘടകം ഉണ്ടോ? ഇതിനുള്ള ഉത്തരം 'ഇല്ല', എന്നു മാത്രമല്ല അവര്‍ തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള സഹവര്‍ത്തിത്വംപോലും നിഷിദ്ധവുമാണ്. തീണ്ടല്‍ജാതിക്കാരുടെ സ്പര്‍ശനം അശുദ്ധിക്കു കാരണമാകും എന്നാണ് ഹൈന്ദവ വിശ്വാസം. ഹിന്ദു പാരമ്പര്യം തന്നെ ദളിതരെ വേറിട്ട ഒരു വിഭാഗമായിട്ടാണു കണക്കാക്കുന്നത്. ഇതിന്‍റെ വെളിച്ചത്തിലാണ് അവര്‍ണ്ണര്‍ എന്നും സവര്‍ണ്ണര്‍ എന്നും രണ്ടു പേരുകള്‍തന്നെ ഉണ്ടായത്. ഇരുകൂട്ടരും തമ്മില്‍ വളരെ ശക്തമായ വ്യത്യാസം നിലനിന്നില്ലായിരുന്നെങ്കില്‍ ഇങ്ങനെ രണ്ടു പ്രയോഗങ്ങള്‍തന്നെ ഉണ്ടാകുമായിരുന്നില്ല.
തീണ്ടല്‍ജാതിക്കാര്‍ ഹിന്ദുക്കള്‍ ആണ് എന്നു വാദിക്കുന്നതിലൂടെ അവര്‍ക്കു രാഷ്ട്രീയപരമായി മുസ്ലീമുകളും മറ്റു സമുദായങ്ങളും സ്വന്തമാക്കിയിരിക്കുന്ന തരത്തിലുള്ള അവകാശങ്ങള്‍ നിഷേധിക്കുക എന്ന ദുരുദ്ദേശ്യം മാത്രമാണ് കോണ്‍ഗ്രസ്സിനുള്ളത്.
കോണ്‍ഗ്രസ്സിന്‍റെ വാദമുഖങ്ങളെ നേരിട്ട് എതിര്‍ക്കാതെ ഈ പ്രശ്നത്തില്‍നിന്ന് തലയൂരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് പുറംജാതിക്കാര്‍ ഹിന്ദുക്കളാണെന്ന് ഞാന്‍ അംഗീകരിക്കാം. പക്ഷേ ഒരു ചോദ്യം നിലനില്‍ക്കുന്നു. പുറംജാതിക്കാര്‍ ഹിന്ദുക്കള്‍ആണ് എന്നുപറയുന്നതുകൊണ്ട് അവരുടെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റം സംഭവിക്കുന്നുണ്ടോ? അങ്ങനെ കരുതുന്നത് ഇന്ത്യന്‍ ദേശീയതയില്‍ അവര്‍ക്ക് വേറിട്ടൊരു സ്ഥാനം നല്‍കുന്നതിന് എങ്ങനെ തടസമാകും.
ഒരേ ദൈവത്തെ ആരാധിക്കുകയും, ഒരേ സ്ഥലത്തേയ്ക്കു തീര്‍ത്ഥയാത്ര നടത്തുകയും ഒരേ വിശ്വാസം വച്ചുപുലര്‍ത്തുകയും ചെയ്യുന്നുവെന്ന ഒറ്റകാരണം തീണ്ടല്‍ജാതിക്കാരും ഹിന്ദുക്കളും ഒറ്റകൂട്ടായ്മയാണെന്നു സ്ഥാപിക്കാന്‍ പര്യാപ്തമാണോ?
അങ്ങനെ ആണെങ്കില്‍ ഒരേ ക്രിസ്തുവില്‍ വിശ്വസിക്കുന്ന ജര്‍മ്മന്‍കാരും, ഇറ്റലിക്കാരും, ഫ്രാന്‍സുകാരും, ഡച്ചുകാരും ഒന്നായി നില്‍ക്കേണ്ടതല്ലെ? എങ്ങനെ അവര്‍ വ്യത്യസ്തരായി നില്‍ക്കുന്നു. അമേരിക്കയിലെ കറുത്തവരും വെളുത്തവരും ഒരേ ക്രിസ്തുവില്‍ വിശ്വസിക്കുന്നു എന്നിട്ടും എങ്ങനെ ദേശീയതയില്‍ രണ്ടു വിഭാഗമായി നിലകൊള്ളുന്നു. സിക്ക്മതത്തിലെ മൂന്നു വിഭാഗങ്ങള്‍, അവര്‍ ഒരേ മതത്തില്‍ വിശ്വസിക്കുന്നു എന്നിട്ടും മൂന്ന് വിഭാഗങ്ങളായി നിലകൊള്ളുന്നതെങ്ങനെ?
ഒരുമതം എന്ന ചിന്ത രാജ്യത്തിന്‍റെ ഒരുമയെ ബലപ്പെടുത്തുന്നു എന്ന ചിന്തയാണ് തീണ്ടല്‍ജാതിക്കാരെ ഹിന്ദുക്കളില്‍നിന്ന് വേര്‍പ്പെടുത്തിക്കാണിക്കുന്നതിനു തടസ്സമായി കോണ്‍ഗ്രസ്സ് പറയുന്നത്. പക്ഷേ ചരിത്രം നമ്മെ പഠിപ്പിക്കുന്നതു മറ്റൊന്നാണ്. ഒരു മതം മാത്രം ഉള്ളതു കൊണ്ട് ഒരു രാജ്യത്ത് കൂടുതല്‍ ഒരുമ ഉണ്ടാകണമെന്നില്ല. വ്യത്യസ്ത മതങ്ങള്‍ ഉള്ളതുകൊണ്ട് ഒരു രാജ്യത്തില്‍ ഭിന്നത ഉണ്ടാകണമെന്നുമില്ല. ഇങ്ങനെ ആയിരുന്നുവെങ്കില്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്ന എല്ലാ രാജ്യങ്ങളും ഒന്നുചേര്‍ന്ന് ഒറ്റ രാജ്യമായി മറേണ്ടതായിരുന്നു. എന്നാല്‍ അങ്ങനെ ഒരിക്കലും സംഭവിക്കുന്നില്ല. മതപരമായ വ്യത്യാസങ്ങള്‍ ഒരിക്കലും ഒരു രാജ്യത്തിന്‍റെ അഖണ്ഡതയെ തകര്‍ക്കുന്നില്ല എന്ന കാര്യം കോണ്‍ഗ്രസ്സ് ഇനിയും മനസ്സിലാക്കുന്നില്ല.
ഇനി തീണ്ടല്‍ ജാതിക്കാര്‍ തങ്ങളുടെ അവസ്ഥയെ എങ്ങനെയാണ് നോക്കികാണുന്നതെന്നു നമുക്കു പരിശോധിക്കാം?
ബ്രിട്ടീഷുകാരുടെ വിദ്യാഭ്യാസം ലഭിക്കുന്നതിനു മുമ്പു വരെ തീണ്ടല്‍ജാതിക്കാര്‍ തങ്ങളുടെ അവസ്ഥയെ, ദൈവങ്ങള്‍ അവര്‍ക്ക് കല്‍പ്പിച്ച വിധിയായിക്കണ്ട് അതില്‍ സംതൃപ്തി കണ്ടെത്തി. എന്നാല്‍ വിദ്യാഭ്യാസത്തിന്‍റെ കടന്നുവരവോടെ തങ്ങളുടെ ജീവിതത്തെക്കുറിച്ച് ഒരു പുതിയ കാഴ്ചപ്പാട് അവര്‍ക്കു കൈവന്നു. അതോടൊപ്പം തങ്ങളുടെ പരിതാപകരമായ സാമൂഹികാവസ്ഥ മതമേലധികാരികള്‍ കൗശലപൂര്‍വ്വം അടിച്ചേല്‍പ്പിച്ചതാണെന്ന ബോധ്യവും അവര്‍ക്ക് ഉണ്ടായി. തങ്ങളുടെ അവസ്ഥയ്ക്കു മോചനം നേടണമെന്നു നിശ്ചയിച്ച് അവര്‍ ഈ അവസ്ഥയുടെ മൂലകാരണം ഹിന്ദുക്കളും തങ്ങളും തമ്മിലുള്ള സാമൂഹികമായ അസമത്വമാണെന്നു കണ്ട് സാമൂഹികമായ സമത്വം നടപ്പിലാക്കുന്നതിനു ജാതിവ്യവസ്ഥയുടെ നിര്‍മാര്‍ജനത്തിനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. ഈ ഒരു സാഹചര്യത്തില്‍തന്നെ ഹിന്ദുക്കളും ഒരു സാമൂഹിക പരിവര്‍ത്തനം അനിവാര്യമാണെന്ന തിരിച്ചറിവിലേക്കു കടന്നുവന്നു. ഇതിന്‍റെ പരിണതഫലമായി ഇന്‍ഡ്യന്‍ സോഷ്യല്‍ റിഫോം കോണ്‍ഫ്രന്‍സ് രൂപപ്പെട്ടു. ഒരു സാമൂഹ്യ പരിവര്‍ത്തനം സ്വപ്നംകണ്ട തീണ്ടല്‍ജാതിക്കാര്‍ ഒന്നടങ്കം ഈ നീക്കത്തിനു പിന്നില്‍ അണിനിരന്നു. സാമൂഹിക പരിവര്‍ത്തനം അല്ല രാഷ്ട്രീയ പരിവര്‍ത്തനമാണ് നടത്തേണ്ടതെന്ന ആശയം മുന്നോട്ടുവച്ച കോണ്‍ഗ്രസ്സ് ഇന്‍ഡ്യന്‍ സോഷ്യല്‍ റിഫോം കോണ്‍ഫ്രന്‍സിന്‍റെ മുന്നേറ്റത്തെ രാഷ്ട്രീയ പരിവര്‍ത്തനത്തിന്‍റെ ശത്രുവായി കണക്കാക്കി ഈ മുന്നേറ്റത്തിനെതിരെ ശക്തമായ നിലപാടു സ്വീകരിച്ചു. കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെയും അതുപോലെ അതിലെ മുതിര്‍ന്ന നേതാക്കളുടെയും തുടര്‍ച്ചയായ ഇടപെടലില്‍ മുന്നേറ്റം നാമാവശേഷമായി മാറി. ഒരു മാറ്റം ഉണ്ടാവില്ല എന്ന തിരിച്ചറിവില്‍ തീണ്ടല്‍ജാതിക്കാര്‍ സുരക്ഷയ്ക്കായി രാഷ്ട്രീയമായ വഴികള്‍ നേടാന്‍ നിര്‍ബന്ധിതരായി.
തീണ്ടല്‍ജാതിക്കാരുടെ പ്രശ്നം സ്ത്രീധനംപോലെയോ, വിധവാ വിവാഹംപോലെയോ ഉള്ള മറ്റൊരു സാമൂഹികപ്രശ്നമായി കണക്കാക്കാന്‍ സാധിക്കുകയില്ല. ഇവിടുത്തെ അടിസ്ഥാനവിഷയം എന്നതു തങ്ങള്‍ക്ക് അവകാശപ്പെട്ട സ്വാതന്ത്ര്യവും സമത്വവും നേടി എടുക്കുക എന്നുള്ളതാണ്. എന്നാല്‍ ഭൂരിഭാഗം വരുന്ന മേല്‍ജാതിക്കാര്‍ തീണ്ടല്‍ജാതിക്കാര്‍ക്ക് അവകാശപ്പെട്ട സ്വാതന്ത്ര്യവും സമത്വവും നിഷേധിക്കുന്നു. ഈ ഒരു കാഴ്ചപ്പാടില്‍ ഇവരുടെ പ്രശ്നം തികച്ചും രാഷ്ട്രീയപരമായ ഒന്നുതന്നെ ആണ്.
രാഷ്ട്രീയമായ പരിരക്ഷ തീണ്ടല്‍ജാതിക്കാര്‍ക്കു നല്‍കുന്നത് അവരും ഹിന്ദുക്കളും തമ്മിലുള്ള ഭിന്നത വര്‍ദ്ധിപ്പിക്കും എന്നാണ് കോണ്‍ഗ്രസ്സിന്‍റെ കാഴ്ചപ്പാട്. അതുകൊണ്ടുതന്നെ വ്യത്യസ്തങ്ങളായ നിയോജക മണ്ഡലങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ കോണ്‍ഗ്രസ്സ് എതിര്‍ക്കുന്നു.
പക്ഷേ ഈ വാദം തികച്ചും തെറ്റാണ്. 5 വര്‍ഷം മുഴുവന്‍ തികച്ചും വിഭിന്നരായി കഴിയുന്ന തീണ്ടല്‍ജാതിക്കാരും ഹിന്ദുക്കളും ഒരു വോട്ടിംഗ് ദിവസം ഒരു ആള്‍ക്ക് വേണ്ടി വോട്ട് ചെയ്യുന്നതുകൊണ്ട് തമ്മിലുള്ള ഭിന്നിപ്പ് കുറയുമോ? അതുപോലെ വ്യത്യസ്ത നിയോജക മണ്ഡലത്തില്‍ വോട്ടു ചെയ്യുന്നതുകൊണ്ട് ഇവര്‍ തമ്മിലുള്ള ഭിന്നിപ്പിന് ആക്കം കൂടുമോ? കുറച്ചുകൂടി വ്യക്തമായി ചോദിച്ചാല്‍ പ്രത്യേകം നിയോജക മണ്ഡലങ്ങള്‍ നല്‍കുന്നതും അതില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതും എങ്ങനെ ഹിന്ദുക്കളും പുറംജാതിക്കാരും തമ്മിലുള്ള വിവാഹങ്ങളെയും അതുപോലെ ഇടപഴകലിനെയും തടയും? തികച്ചും അടിസ്ഥാനരഹിതവും ബാലിശവും ആയ കാരണങ്ങള്‍ ആണ് കോണ്‍ഗ്രസ്സ് പുറംജാതിക്കാര്‍ക്കു രാഷ്ട്രീയപരമായും ഭരണഘടനാപരമായും പരിരക്ഷ നല്‍കുന്നതിനെതിരെ നിരത്തുന്ന വാദങ്ങള്‍.
പല വിഭാഗത്തിലുള്ള ആളുകള്‍ ചേര്‍ന്നാണ് ഒരു സമൂഹം സൃഷ്ടിക്കപ്പെടുക. ഇവര്‍ തമ്മിലുള്ള ബന്ധത്തിന്‍റെ ദൃഢതയും അതുപോലെ വിള്ളലും സമൂഹത്തില്‍ വളരെ വലിയ രീതിയില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കും. വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത സമൂഹത്തിന്‍റെ സുസ്ഥിരതയെയും സുരക്ഷയെയും ബാധിക്കുന്ന ഒന്നാണെങ്കില്‍ തീര്‍ച്ചയായും സാമൂഹ്യ ഉച്ചനീചത്വത്തിന് ഇരയായി കഴിയുന്ന വിഭാഗത്തിന് പ്രത്യേക പരിരക്ഷ നല്‍കേണ്ടതാണ്. ഹിന്ദുക്കളും തീണ്ടല്‍വര്‍ഗക്കാരും തമ്മിലുള്ള ബന്ധത്തില്‍ ഈ തരത്തിലുള്ള ഒരു ശത്രുത കിടപ്പുണ്ട്. അതുകൊണ്ടുതന്നെ തങ്ങളുടെ സ്കൂളുകളിലും തങ്ങള്‍ യാത്ര ചെയ്യുന്ന ബസ്സിലും, തീവണ്ടിയുടെ ഒരു കംപാര്‍ട്ടുമെന്‍റിലും തീണ്ടല്‍ജാതിക്കാര്‍ക്കു പ്രവേശനം നിഷേധിച്ചിരിക്കുന്നു. തങ്ങളുടെ കിണറുകളില്‍നിന്ന് വെള്ളം എടുക്കാനോ, വൃത്തിയായി വസ്ത്രം ധരിക്കാനോ, വീടുകള്‍ ഓടുകൊണ്ട് മേയാനോ, സ്വന്തമായി കന്നുകാലികളെ വളര്‍ത്താനോ, ഒരു പുരയിടം സ്വന്തമാക്കാനോ ഹിന്ദുക്കള്‍ പുറംജാതിക്കാരെ അനുവദിക്കുന്നില്ല.
തീണ്ടല്‍ജാതിക്കാര്‍ക്കു വേറിട്ടൊരു ഭരണഘടനാപരിരക്ഷ നല്‍കേണ്ടതില്ല എന്നു വാദിക്കുന്ന മറ്റൊരു കൂട്ടര്‍ നിരത്തുന്ന ന്യായവാദം ഇതാണ്. ഈ ഒരു വിവേചനം സമൂഹത്തില്‍നിന്ന് മാഞ്ഞുപൊയ്ക്കൊണ്ടിരിക്കുകയാണ്. എന്നാണോ ഹിന്ദുക്കളും തീണ്ടല്‍ജാതിക്കാരും തമ്മിലുള്ള വിവേചനം വേരോടെ പിഴുതുമാറ്റപ്പെടുന്നത,് അന്നുമാത്രമേ നമുക്ക് ഈ വാദത്തെ അംഗീകരിക്കാന്‍ കഴിയുകയുള്ളൂ. ശുഭാപ്തി വിശ്വാസക്കാരായ ഈ കൂട്ടര്‍ നല്ലവര്‍തന്നെ. എന്നാല്‍ പലപ്പോഴും യാഥാര്‍ത്ഥ്യങ്ങളുടെ ശരിയായ കാഴ്ചക്കാരാകാന്‍ ഇവര്‍ക്കു കഴിയാതെ വരുന്നുണ്ട്. ഹിന്ദുക്കള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഈ തരത്തിലുള്ള വിവേചനം ഒരു ചെറിയ കാലയളവുകൊണ്ട് മാഞ്ഞുപോകും എന്നു വിശ്വസിക്കാന്‍ തീര്‍ത്തും നിര്‍വാഹമില്ല.
ഹിന്ദുമതത്തിന്‍റെ മുഖ്യധാരാ പ്രവര്‍ത്തകര്‍ ഹിന്ദുമതത്തെക്കുറിച്ച് അഭിമാനിക്കുന്നതു സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും അതുപോലെ പലതിനെയും ഉള്‍ക്കൊള്ളാനുംഉള്ള കഴിവിനെക്കുറിച്ചാണ്. ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുക മാംസഭുക്കുകളായിരുന്ന ഹിന്ദുക്കള്‍ ബുദ്ധമതത്തിന്‍റെ അഹിംസാതത്വം സ്വീകരിച്ച് സസ്യഭുക്കുകളായി മാറിയതാണ്. ഇതുപോലെ പതിയെ പുറംജാതിക്കാരെയും തങ്ങളുടെ ഭാഗമായി ഹിന്ദുക്കള്‍ സ്വീകരിക്കും എന്ന് ഇവര്‍ വാദിക്കുന്നു. എന്നാല്‍ ഈ വാദം സ്വീകരിക്കാന്‍ നമുക്കു തീര്‍ത്തും സാധിക്കുകയില്ല. കാരണം ഗാന്ധിക്കു മുമ്പ് പലരും ഈ ഉച്ചനീചത്വം മാറ്റാന്‍ ശ്രമിച്ചതാണ്. എന്നാല്‍ പരാജയമായിരുന്നു ഫലം. കാരണം ഒന്നുമാത്രം ഹിന്ദുക്കള്‍ക്കു തീണ്ടല്‍ജാതിക്കാരെ ഭയപ്പെടേണ്ടതില്ല. അയിത്തം നീക്കുന്നതിലൂടെ ഹിന്ദുക്കള്‍ക്ക് ഒന്നും നേടാനില്ല, എന്നാല്‍ നഷ്ടപ്പെടാന്‍ ഒത്തിരിയുണ്ടുതാനും.
24 കോടിയോളം വരുന്ന ഹിന്ദുക്കളില്‍ 6 കോടിയോളം വരുന്ന ഭ്രഷ്ട് ജാതിക്കാര്‍ ഉള്ളതുകൊണ്ടാണ് ഹിന്ദുക്കള്‍ക്കു തങ്ങളുടെ പൊങ്ങച്ചവും അഹങ്കാരവും കുലീനതയും ആഢ്യത്തവും പുറമേ കാണിക്കാനും അതിന്‍റെ ഹുങ്കില്‍ നിലനില്‍ക്കാനും സാധിക്കുന്നത്. ഹിന്ദുക്കളെ അവരുടെ മതം വിലക്കുന്ന തോട്ടിപ്പണിയും തൂപ്പുകാരന്‍റെ ജോലിയും ചെയ്യാന്‍ അവര്‍ക്ക് ഈ 6 കോടി തീണ്ടല്‍ജാതിക്കാര്‍ കൂടിയേതീരൂ. 6 കോടിയോളം വരുന്ന തീണ്ടല്‍ജാതിക്കാരുടെ ദാരിദ്ര്യവും നിസ്സഹായാവസ്ഥയും മുതലെടുത്ത് അവരെക്കൊണ്ട് അടിമപ്പണി ചെയ്യിപ്പിച്ചാണ് ഹിന്ദുക്കള്‍ തങ്ങളുടെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഈ 6 കോടി ജനത്തെ താഴ്ത്തി നിര്‍ത്താനാവുന്നതുകൊണ്ടാണ് അവര്‍ക്ക് ഉന്നത ജോലികളില്‍ പ്രവേശിക്കാന്‍ സാധിക്കുന്നത്. 24 കോടി ഹിന്ദുക്കളില്‍ ഈ 6 കോടി തീണ്ടല്‍ജാതിക്കാരെ ബലിയാടുകളാക്കിയാണ് ഹിന്ദുക്കള്‍ തങ്ങളുടെ പതനങ്ങള്‍ക്ക് തൂക്കം കുറയ്ക്കുകയും കുതിപ്പുകള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നത്.
പലരുടെയും ചിന്താഗതിയില്‍ അയിത്തം എന്നത് ഒരു മതവ്യവസ്ഥയാണ്. എന്നാല്‍ ഇത് അടിമത്തത്തേക്കാള്‍ മോശമായ ഒരു സാമ്പത്തികവ്യവസ്ഥയാണെന്ന കാര്യം പലരും തിരിച്ചറിയുന്നില്ല. അടിമത്തത്തില്‍ അടിമയുടെ വില കുറയാതെ തന്നെ ഉടമയുടെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും പ്രാധാന്യം നല്‍കുമ്പോള്‍ അയിത്തത്തില്‍ തീണ്ടല്‍ജാതിക്കാരുടെ നിലനില്‍പ്പിനു വേണ്ടുന്നതൊന്നുംതന്നെ ഹിന്ദുക്കള്‍ ചെയ്യുന്നില്ല. ഇതു നിയന്ത്രണമില്ലാത്ത ഒരു സാമ്പത്തിക ചൂഷണം കൂടിയാണ്. കാരണം ഇതിനെ നിയന്ത്രിക്കാന്‍ പര്യാപ്തമായ ഒരു നിയമസംഹിതയും നിലവില്‍ ഇല്ല. ഈ ചൂഷണങ്ങള്‍ക്ക് എതിരെ സമൂഹത്തില്‍നിന്ന് ഒരു ശബ്ദവുമുയരുകയില്ല. കാരണം, സമൂഹം എന്നതു ഭൂരിഭാഗം വരുന്ന ഹിന്ദുക്കള്‍തന്നെയാണ്. നിയമപാലകരും നിയമനിര്‍മ്മാതാക്കളും ഈ ചൂഷണത്തിനെതിരെ കണ്ണടയ്ക്കുന്നു. കാരണം ഇവരും ഭൂരിഭാഗത്തിന്‍റെ ഭാഗംതന്നെയാണ്. തീണ്ടല്‍ജാതിക്കാര്‍ക്ക് അയിത്തത്തില്‍നിന്ന് തനിയെ പുറത്തുകടക്കാന്‍ സാധിക്കുകയില്ല. അയിത്തം എന്നതു ഹിന്ദുക്കളുടെ മനോഭാവമാണ്. അയിത്തം ഇല്ലാതാകണമെങ്കില്‍ ഹിന്ദുവിന്‍റെ നിലപാടിനു മാറ്റം വരണം. അങ്ങനെ ഒന്നു സംഭവിക്കുമോ?
ധാര്‍മ്മികതയും സാമ്പത്തിക ഉന്നമനവും എന്നൊക്കെ ഏറ്റുമുട്ടിയോ അന്നെല്ലാം ധാര്‍മ്മികതയ്ക്കു പരാജയമാ യിരുന്നു എന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. പുറമേ നിന്നുള്ള ഒരു നിര്‍ബന്ധശക്തിയുടെ പിന്‍ബലമില്ലാതെ ഇന്നേവരെ ഒരു സ്വകാര്യതാല്‍പര്യവും ഉപേക്ഷിക്കപ്പെട്ടിട്ടില്ല. പക്ഷേ ഇവിടെ തീണ്ടല്‍ ജാതിക്കാര്‍ ഇങ്ങനെ ഒരു സ്വാധീനം ചെലുത്താന്‍ കെല്‍പ്പുള്ളവരല്ല. അവര്‍ ചിതറിക്കപ്പെട്ടവരാണ് അവരുടെ ഏതു മുന്നേറ്റവും അടിച്ചമര്‍ത്തപ്പെടുന്നു.
ഈ വിശകലനത്തിന്‍റെ വെളിച്ചത്തില്‍ ഒരു കാര്യം കൂടുതല്‍ വ്യക്തമാവുകയാണ്. ഗാന്ധിയുടെ സ്വരാജ് എന്ന കാഴ്ചപ്പാട് ഹിന്ദുക്കളെ കൂടുതല്‍ ശക്തരും തീണ്ടല്‍ ജാതിക്കാരെ കൂടുതല്‍ ദുര്‍ബലരും ആക്കി മാറ്റും. ഇതില്‍ നിന്നുണ്ടാകുന്ന സാമ്പത്തിക നേട്ടം മൂലം സമൂഹത്തില്‍ നിലനില്‍ക്കുന്ന ഈ വിവേചനം ഉദ്ദേശിക്കുന്നതിനും അപ്പുറം കാലത്തേയ്ക്കു നിലനില്‍ക്കും. അയിത്തം ഇല്ലാതാക്കുന്നു എന്ന പ്രഖ്യാപനങ്ങള്‍ അതിനാല്‍തന്നെ കണക്കുകൂട്ടി ഉറപ്പിച്ച ഒരു അസത്യമാണ്. തീണ്ടല്‍ജാതിക്കാര്‍ക്കു ഭരണഘടനാപരമായ പരിരക്ഷ നല്‍കാതിരിക്കുക എന്നത് അതില്‍തന്നെ ഒരു ക്രിമിനല്‍ കുറ്റമായി പരിഗണിക്കപ്പെടേണ്ടിയിരിക്കുന്നു. അതോടൊപ്പം ഒരു സമൂഹത്തെ അനിശ്ചിതത്വവും അസന്ദിഗ്ദ്ധാവസ്ഥയും നിറഞ്ഞ ഒരു ഭാവിയിലേയ്ക്കുള്ള തള്ളിവിടലും.
(മൊഴിമാറ്റം- നിതിന്‍)
Featured Posts
bottom of page