top of page

നല്കുന്നതെന്തോ അതാണു ധനം

Jan 3, 2001

3 min read

ഫാ. വിന്‍സെന്‍റ് കുരിശുംമൂട്ടില്‍ കപ്പൂച്ചിന്‍
A women among the currencies

സമ്പത്ത് ദൈവദാനമാണ്. ഈ സമ്പത്ത് വിശ്വാസപൂര്‍വ്വമുപയോഗിക്കണം. വിശ്വാസപൂര്‍വ്വം എന്നു പറയുമ്പോള്‍ നമ്മളൊന്നു മനസ്സിലാക്കണം ഈ ഭൂമിയില്‍ നമ്മള്‍ മാത്രമല്ലുള്ളത്. എങ്കിലും നമ്മള്‍ നമുക്കാവശ്യമുള്ളതില്‍ കവിഞ്ഞ സമ്പത്താണ് കൈവശം വച്ചുകൊണ്ടിരിക്കുന്നത്. സഭാപ്രസംഗകന്‍റെ പുസ്തകം അഞ്ചാമധ്യായത്തില്‍ പത്താമത്തെ വാക്യം പറയുന്നത് ഭൂമിയുടെ വിളവ് എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ് എന്നാണ്. അമിതമായ സമ്പാദ്യം തെറ്റാണ്. പാപമാണ്. എന്തുമാത്രം സമ്പാദിച്ചാലും തെറ്റല്ല, അതൊരു സാമര്‍ത്ഥ്യമായാണ് കണക്കാക്കാറുള്ളത്. വയലിനോടു വയലും വീടിനോടും വീടും കൂട്ടിച്ചേര്‍ക്കുന്നവനു ദുരിതം. ഈ ഭൂമി ഒരു ഊണുമേശയാണെന്ന് പരിശുദ്ധ പിതാവ് പറയുന്നുണ്ട്. ആ മേശപ്പുറത്തുള്ള വിഭവങ്ങളെടുക്കാന്‍ ഈ ഭൂമിയിലുള്ള എല്ലാവര്‍ക്കും അവകാശമുണ്ട്. ഒരു വീട്ടിലെ ഊണുമേശയില്‍ നിന്ന് ഭക്ഷണമെടുക്കാന്‍ വീട്ടിലുള്ള എല്ലാവര്‍ക്കും തുല്യമായ അവകാശമുള്ളതുപോലെയാണത്. എന്നാല്‍ ഈ വിഭവങ്ങള്‍ ചിലര്‍ സ്വന്തമാക്കി മറ്റുള്ളവരെ അതില്‍നിന്ന് ഒഴിവാക്കുന്നത് അനീതിയാണ്. മറ്റുള്ളവരെക്കൂടി പരിഗണിച്ചുകൊണ്ടുവേണം അതുപയോഗിക്കുവാന്‍. വിശ്വാസപൂര്‍വ്വം ഉപയോഗിക്കണമെന്നു പറയുന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് അതാണ്.

എന്‍റെ സമഗ്രമായ വളര്‍ച്ചയ്ക്കാവശ്യമായ വിളവുകള്‍ മാത്രം ഈ ഭൂമിയില്‍ നിന്നെനിക്കു സ്വീകരിക്കാം. പക്ഷേ ആവശ്യത്തിലധികം ഞാനുപയോഗിക്കുമ്പോള്‍ അതു ദുരുപയോഗമാകും. ആവശ്യത്തിലധികം ഭക്ഷിച്ച് ദുര്‍മേദസുണ്ടാക്കുന്നതുപോലെയാണ് ആവശ്യത്തിലധികം സമ്പാദിക്കുന്നതും. ഞാന്‍ എനിക്കാവശ്യമുള്ളതില്‍ കൂടുതലെടുക്കുമ്പോള്‍ അതു മറ്റുള്ളവരുടേതു മോഷ്ടിക്കുകയാണ് എന്നു പറയുന്നത് അതുകൊണ്ടാണ്. "നിന്‍റെ ആവശ്യം കഴിഞ്ഞ് നീ പണപ്പെട്ടിയില്‍ വച്ചിരിക്കുന്ന പണം നിന്‍റേതല്ല, അതു പാവപ്പെട്ടവന്‍റേതാണ്. നിന്‍റെ ആവശ്യത്തില്‍ കവിഞ്ഞുള്ള വസ്ത്രം നീ പെട്ടിയില്‍ സൂക്ഷിച്ചിട്ടുണ്ട് എങ്കില്‍ അത് ദരിദ്രന്‍റെ അവകാശമാണ്" എന്ന് വി. ക്രിസോസ്റ്റം പറയുന്നുണ്ട്.

നമുക്ക് ധനത്തോടുള്ള മനോഭാവം യഥാര്‍ത്ഥത്തില്‍ എങ്ങനെയായിരിക്കണമെന്നും എന്തായിരിക്കണമെന്നും പൗലോസ് ശ്ലീഹാ തിമോത്തിയോസിനെഴുതിയ ഒന്നാം ലേഖനം ആറാം അദ്ധ്യായം ആറുമുതല്‍ 11 വരെ വാക്യങ്ങളില്‍ വ്യക്തമായി പറയുന്നുണ്ട്. "നമ്മള്‍ ഈ ലോകത്തിലേക്ക് ഒന്നും കൊണ്ടുവന്നിട്ടില്ല. നമുക്ക് ഈ ലോകത്തുനിന്ന് ഒന്നും കൊണ്ടുപോകാനുമില്ല. ഭക്ഷണവും വസ്ത്രവും ഉണ്ടെങ്കില്‍ അതുകൊണ്ട് നമുക്ക് തൃപ്തരാകാം. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക എന്നതാണ് അഭികാമ്യം. ഒരു മിതവ്യയമനോഭാവം നാം വളര്‍ത്തിയെടുക്കണം. ഇതു ജീവിതത്തിന് ഒരു വലിയ നേട്ടമാകും. ഈ തത്ത്വമാണ് പരിശുദ്ധ പിതാവും ഗാന്ധിജിയും നമ്മെ പഠിപ്പിച്ചത്. ഒരു ഷര്‍ട്ടിടാന്‍പോലും ഗാന്ധിജി തയ്യാറാവാതിരുന്നത് തന്‍റെ സഹോദരന് അതിനുള്ള നിവര്‍ത്തിയില്ലാത്തപ്പോള്‍ താനതു ചെയ്യുന്നത് തെറ്റാണ് എന്ന ബോധ്യം കൊണ്ടാണ്. ഇന്ത്യയിലുള്ള എല്ലാവര്‍ക്കും ഒരു ഷര്‍ട്ടിടാന്‍ സാധിക്കുമ്പോഴേ താനും ഷര്‍ട്ടു ധരിക്കൂ എന്നായിരുന്നു അദ്ദേഹത്തിന്‍റെ ദൃഢനിശ്ചയം. അങ്ങനെയുള്ള ലളിതജീവിത മനോഭാവമാണ് നമുക്കാവശ്യമായുള്ളത്. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക. എല്ലാം ഈശ്വരദാനമായി കാണുക. നമ്മുടെയാവശ്യത്തില്‍ കവിഞ്ഞുള്ളതു ദരിദ്രനുമായി പങ്കുവയ്ക്കുക. ഇതൊക്കെയാണ് തിരുവചനങ്ങളും നമുക്കു തരുന്ന ഉപദേശം.

ധനം അമിതമായി സമ്പാദിക്കാനുള്ള പ്രവണത മനുഷ്യന് എന്നുമുണ്ട്. സുഖലോലുപതയിലുള്ള ഭ്രമമാണതിനു കാരണം. കൂടാതെ ധനത്തെ ഒരു അധികാരമായും കരുത്തായും കരുതുന്നു. പരിമിതികള്‍ വിട്ടുയരണം എന്ന മനോഭാവമാണ് ധനസമ്പാദനത്തിന് മനുഷ്യനെ പ്രേരിപ്പിക്കുന്നത്. ധനം വര്‍ദ്ധിക്കുമ്പോള്‍ അവന്‍ വലിയവനാകുന്നു. അവനെന്തോ ആധിപത്യമുണ്ടാകുന്നു എന്നിങ്ങനെയുള്ള ചിന്തയും ധനാര്‍ജ്ജനത്തിന് അവനെ നിര്‍ബന്ധിക്കുന്നു.  ഈ ഒരു മനോഭാവം നമ്മുടെ ഉപബോധമനസ്സിലുണ്ട്. അമിതമായ സമ്പാദനത്തില്‍ക്കൂടി വലിയവനാകാനും അംഗീകാരം നേടുവാനും അവന്‍ ശ്രമിക്കുന്നു. 'പണമില്ലാത്തവന്‍ പിണം' എന്ന പഴമൊഴി നമ്മള്‍ സാധാരണ പറയാറുള്ളതാണ്. അതു വാസ്തവത്തില്‍ സുവിശേഷമൂല്യങ്ങള്‍ക്ക് നേരെ വിപരീതമായ ഒന്നാണ്. എങ്കിലും പ്രായോഗിക ജീവിതത്തില്‍ നമ്മളെല്ലാവരും സ്വീകരിക്കുന്ന നയം അതാണ്.

ധനം സമ്പാദിക്കുന്നതുകൊണ്ട് ഒരിക്കലും തൃപ്തിവരില്ല എന്നു സഭാപ്രസംഗകന്‍ പറയുന്നുണ്ട്. ദ്രവ്യാഗ്രഹിക്ക് ദ്രവ്യം കൊണ്ടു തൃപ്തിവരില്ല. യഥാര്‍ത്ഥത്തില്‍ ഈ മിഥ്യയില്‍പ്പെട്ട് എങ്ങനെയെങ്കിലും ധനം സമ്പാദിക്കുക എന്നതില്‍ അവന്‍ പ്രേരിതനാവുകയാണ്. ധനത്തോട് ആസക്തിയുണ്ടായികഴിയുമ്പോള്‍ മറ്റു മൂല്യങ്ങളൊക്കെ അവന്‍ മറന്നുപോകുന്നു. സത്യത്തിനും സഹോദര്യത്തിനും നീതിക്കും ഒന്നിനുമവനു വിലയില്ല. ഇവയെല്ലാമവഗണിച്ചുകൊണ്ട് എങ്ങനെയെങ്കിലും പണം സമ്പാദിക്കണം എന്നൊരു മനോഭാവം സാധാരണ നമ്മള്‍ കണ്ടുവരുന്നതാണ്.

സമൂഹത്തില്‍ നമ്മള്‍ സാധാരണ കാണുകയും കേള്‍ക്കുകയും ചെയ്യുന്നതാണ് അനീതിയുടെയും അഴിമതിയുടെയും അക്രമത്തിന്‍റെയുമൊക്കെ  കഥകള്‍. എന്തുകൊണ്ടാണിതൊക്കെ സംഭവിക്കുന്നത്? എങ്ങനെയും എനിക്കു പണക്കാരനാകണം, സുഖിക്കണം എന്നിങ്ങനെയുള്ള മനോഭാവമാണിതിനൊക്കെ കാരണം. അങ്ങനെ മറ്റുള്ള എല്ലാ മൂല്യങ്ങളെയുമവഗണിച്ചുകൊണ്ട് അവന്‍ പണം സമ്പാദിക്കുമ്പോള്‍ അത് അവനെ പല തിന്മകളിലേക്കും നയിക്കുകയാണ്. ദ്രവ്യാര്‍ത്തി സകല തിന്മകളുടെയും ഉത്ഭവസ്ഥാനമാണെന്ന് തിമോത്തിയോസിനെഴുതിയ ലേഖനത്തില്‍ പറയുന്നു. കാരണം പലരും യഥാര്‍ത്ഥ വിശ്വാസത്തില്‍നിന്നകന്നു പോകുകയും അങ്ങനെ പല വ്യഥകളാലും തങ്ങളെത്തന്നെ മുറിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ധനമോഹം മനുഷ്യനെ സുഖലോലുപതയിലേക്കു നയിക്കും. അനീതി ചെയ്യുവാനും മറ്റുള്ളവരെ ചൂഷണം ചെയ്യുവാനും ഇതവനെ പ്രേരിപ്പിക്കും. കലഹം, ശത്രുത, കൊലപാതകം തുടങ്ങിയ തിന്മകളിലേയ്ക്കൊക്കെ മനുഷ്യനെ നയിക്കുന്നത് ധനമോഹമാണ്. പ്രഭാഷകന്‍ മുപ്പത്തിയൊന്നാം അധ്യായത്തില്‍ അഞ്ചാം വാക്യത്തില്‍ ഇങ്ങനെ  പറയുന്നു: "സ്വര്‍ണ്ണത്തെ സ്നേഹിക്കുന്നവനു നീതികരണമില്ല. ദ്രവ്യത്തെ പിന്‍തുടര്‍ന്നവന് മാര്‍ഗഭ്രംശം സംഭവിക്കും. നാശത്തെ അവര്‍ മുഖാമുഖം ദര്‍ശിക്കുന്നു. അതിനുവേണ്ടി ജീവിതമര്‍പ്പിക്കുന്നവര്‍ക്ക് അതു കെണിയാണ്."

എല്ലാ തിന്മകളുടെയും മൂലകാരണം ദ്രവ്യാര്‍ത്തിയാണെന്ന് ശ്രീബുദ്ധനും പറയുന്നു. അതുകൊണ്ടു തന്നെയാണ് ശ്രീബുദ്ധന്‍ എല്ലാം ഉപേക്ഷിച്ചത്.

സമ്പത്തു സൃഷ്ടിക്കുന്ന മറ്റൊരു തിന്മ അത് അവന്‍റെ ദൈവത്തെ അവന് അന്യനാക്കുന്നു എന്നതാണ്. സമ്പത്തു വര്‍ദ്ധിക്കുമ്പോള്‍ അവന്‍ സ്വയം പര്യാപ്തനായിത്തീരുകയാണ്. എന്തിനും താന്‍ മതി എന്നൊരു ചിന്ത അവനില്‍ വളരും. ഈ താന്‍ പോരിമ വലിയൊരു തിന്മയാണ്. എന്തിനും താന്‍ മതി എന്ന അഹന്തയില്‍ ഈശ്വരനും അധികപ്പറ്റാകുന്നു. സമ്പന്നന് ദൈവരാജ്യത്തില്‍ പ്രവേശിക്കുക എന്നത് അസാദ്ധ്യമാണെന്നുതന്നെ മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ പറയുന്നുണ്ട്. മാമോനെയും ദൈവത്തെയും ഒരേ സമയം സേവിക്കാനാവില്ല എന്ന് മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായം 21 മുതല്‍ 24 വരെയുള്ള വാക്യങ്ങളില്‍ പറയുന്നു. സമ്പത്തില്‍ മനസ്സുവച്ചാല്‍ ദൈവാശ്രയബോധം നഷ്ടപ്പെടുന്നു. അതുപോലെ സഹോദരനും അവന് അന്യനായിത്തീരുന്നു. അവനില്‍ അഹന്ത വളരുന്നു. സമ്പന്നന്‍ മറ്റുള്ളവരെ അയോഗ്യനായി കാണുന്നു. ഇതൊക്കെ അമിതസമ്പത്തിന്‍റെ തിന്മകളാണ്.    

നശിച്ചുപോകുന്ന ഭൗതികവസ്തുക്കളെ നമുക്ക് അനശ്വരമാക്കാന്‍ സാധിക്കും. അവയെ നല്ലതിനായി ഉപയോഗിക്കണം. എന്‍റെ കൈവശം ഞാനുപയോഗിക്കാതിരിക്കുന്ന പണം പ്രയോജനരഹിതമാണ്. എന്നാല്‍  പാവപ്പെട്ടവന്‍റെ ജീവിതാവശ്യത്തിനായി നല്കിക്കഴിയുമ്പോള്‍ അതിന് നിത്യമായ വിലയുണ്ടാകുന്നു. ഏതൊരു വസ്തുവിനെയും നമ്മള്‍ സ്നേഹമാക്കി മാറ്റുമ്പോള്‍ അതിന് നിത്യമായ വിലയുണ്ടാകുന്നു. വിവേകമതിയായ കാര്യസ്ഥന്‍റെ ഉപമയില്‍ കര്‍ത്താവ് ഇക്കാര്യം പറഞ്ഞുവച്ചിരിക്കുന്നു.

ദ്രവ്യാഗ്രഹത്തെ ഒരു തിന്മയായി ആരും കാണാറില്ല. ഇതൊരു മാന്യമായ പാപമായിരിക്കുന്നു. മറ്റു തിന്മകള്‍ പ്രവര്‍ത്തിക്കുന്നയാര്‍ക്കും സമൂഹത്തില്‍ തലയുയര്‍ത്തി നില്ക്കാനാവില്ല. എന്നാല്‍ ധനമോഹിക്ക് തലയുയര്‍ത്തി നില്ക്കുവാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. സമ്പന്നനായി കഴിയുമ്പോള്‍ അവന്‍റെ തല കൂടുതല്‍ ഉയരുകയാണ് ചെയ്യുന്നത്. കാരണം സമ്പത്ത് എങ്ങനെയുണ്ടാക്കുന്നു എന്ന കാര്യംപോലും ആരും ശ്രദ്ധിക്കാറില്ല. സമൂഹത്തില്‍ സമ്പന്നന് നിലയും വിലയുമുണ്ട്. അതാണ് സമൂഹത്തിന്‍റെ സ്വഭാവം.  ഇതൊരപകടമാണ്. തിന്മയില്‍ത്തന്നെ തുടരുവാനുള്ള പ്രേരണ  ഇത് ഏതൊരാള്‍ക്കും നല്കുന്നു.


ഫാ. വിന്‍സെന്‍റ് കുരിശുംമൂട്ടില്‍ കപ്പൂച്ചിന്‍

0

1

Featured Posts

Recent Posts

bottom of page