top of page
പ്രാര്‍ത്ഥനയെ ദൈവവുമായുള്ള ബന്ധമെന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. 1. തെസലോനിക്കല്‍ 5/17 ല്‍ പറയുന്നു. "എപ്പോഴും പ്രാര്‍ത്ഥിക്കുവിന്‍" ആത്മാവില്‍ നിരന്തരമായി ഉയരുന്ന വികാരമായി പ്രാര്‍ത്ഥന മാറുന്നു. അതിന് ഇടവേളകളില്ല. രാത്രിയും പകലും, ഉറങ്ങുമ്പോഴും ഉണരുമ്പോഴും ഹൃദയത്തിന്‍റെ അഗാധങ്ങളില്‍ കുമിളകള്‍ പോലെ സ്തുതിപ്പും ആരാധനയും ഉയര്‍ന്നുവരും. സ്രഷ്ടാവായ ദൈവത്തിനു മനുഷ്യന്‍ നല്‍കുന്ന പ്രത്യു ത്തരമാണ് പ്രാര്‍ത്ഥനയെന്ന് വിശദീകരിക്കാറുണ്ട്. അടയ്ക്കപ്പെട്ട ഹൃദയങ്ങള്‍ ഇവിടെ തുറക്കപ്പെടുന്നു. ഇല കൊഴിഞ്ഞമരം സൂര്യപ്രകാശത്തെ ഉള്‍ക്കൊള്ളുന്നതു പോലെ സൃഷ്ടിയായ മനുഷ്യന്‍ സ്രഷ്ടാവിനെ ഉള്‍ക്കൊള്ളുന്നു. സ്നേഹപൂര്‍ണ്ണമായ ഒരു പ്രത്യുത്തരത്തിലേക്ക് സാവധാനം നമ്മള്‍ പ്രവേശിക്കും. ദൈവതിരുമുന്നില്‍ പ്രത്യുത്തരം നല്‍കുന്ന മറിയത്തെ നാം ധ്യാനിക്കണം. ഒരു വശത്തുനിന്നുള്ള സംസാരമല്ലത്. ദൈവത്തിന്‍റെ ഭാഗത്തുനിന്നും മനുഷ്യന്‍റെ ഭാഗത്തുനിന്നുമുള്ള സംവാദമാണിവിടെ നടക്കുന്നത്. പരസ്പരം സംസാരിക്കു കയും ശ്രവിക്കുകയും ചെയ്യുന്ന ഒരു പ്രക്രിയ ആണിത്.
സാവധാനം ദൈവത്തെ കണ്ടെത്തുവാനുള്ള ഒരു പടിയിലേക്ക് ഭക്തര്‍ കയറും. വെറുതെ ഒരു വ്യായാമമല്ല. പ്രത്യേകരീതിയിലിരിക്കുന്നതോ, ദീര്‍ഘസമയം പ്രാര്‍ത്ഥനയില്‍ ചെലവഴിക്കുന്നതോ, പ്രാര്‍ത്ഥന ഉരുവിടുന്ന രീതിയോ ഒന്നും പ്രശ്നമല്ല. ഏതോ ഒരു തൂണില്‍ കെട്ടിയിട്ട വള്ളംപോലെ ചിലപ്പോള്‍ നമ്മള്‍ മാറിയേക്കാം. കെട്ടിയിട്ട വള്ളത്തിലിരുന്ന് എത്ര തുഴഞ്ഞാലും അതവിടെത്തന്നെ കിടക്കും. നമ്മില്‍ ചിലരുടെ അവസ്ഥയും ഇതുതന്നെയാണ്. അധ്യാത്മിക അഭ്യാസങ്ങള്‍ പലതും ചെയ്യും പക്ഷേ ദൈവത്തിലേക്കടുക്കുന്നില്ല. സ്വയം ആത്മശോധന ചെയ്ത് കര്‍ത്താവിനെ കണ്ടെത്തുവാ നുള്ള ഒരു കഠിനപരിശ്രമം പ്രാര്‍ത്ഥനാ ജീവിതത്തിന്‍റെ ഭാഗമാണ്. അനുദിന അധ്യാത്മിക ജീവിതത്തിലുണ്ടാകുന്ന പുരോഗതിയെ നാം വിലയിരുത്തണം. ദൈവസാന്നിധ്യത്തിലായിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട സംഗതിയാണ്. മത്തായി 28/20 ല്‍ പറയുന്നു; "യുഗാന്ത്യംവരെ ഞാന്‍ നിങ്ങളുടെ കൂടെയുണ്ടായിരിക്കും". നമ്മുടെ കൂടെയായിരിക്കുന്നവന്‍റെ കൂടെയുള്ള ഒരു യാത്രയാണ് പ്രാര്‍ത്ഥനാജീവിതം. നാം ചലിക്കേ ണ്ടതും ചരിക്കേണ്ടതും അവനിലാണ്. തിരുസ്സന്നിധിയിലെ യാത്രക്കാരായ നമ്മുടെ ചുവടുവയ്പുകള്‍ പ്രദക്ഷിണമായി മാറും.
നിശബ്ദതയില്‍ ഹൃദയംകൊണ്ടു കര്‍ത്താവിനെ അനുഭവിക്കണം. വെറുതെ കേള്‍വിക്കാരായി നില്‍ക്കാതെ ദൈവത്തെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവരായി നാം രൂപാന്തരപ്പെടണം. ഭക്തിയോടെ സങ്കീര്‍ത്തനം ചൊല്ലി കര്‍ത്താവ് എന്‍റെ ഇടയനാകുന്നു എന്നു പറയുന്നതിനു പകരം ഇടയനെ അറിയുന്നവരായി നാം മാറണം. 'നീ ശാന്തമാവുക ഞാന്‍ ദൈവമാണെന്നറിയുക' എന്ന തിരുവചനം നിരന്തരം ധ്യാനവിഷയമാക്കണം. ദൈവത്തെ മുഖാമുഖം കാണുന്ന ഒരുവസ്ഥയിലേക്കു നാം വളരും. ആമുഖത്തിന്‍റെ തേജസ്സില്‍ നമ്മളും തേജസ്സുള്ളവരായി മാറും. രൂപാന്തരീകരണത്തിന്‍റെ മലയില്‍ ക്രിസ്തുവിന്‍റെ മുഖം തിളങ്ങിയതുപോലെ ഒരു പ്രകാശം നമ്മിലുംവരും. ദൈവീക തരംഗങ്ങളാല്‍ നിറഞ്ഞ മനുഷ്യരായി കര്‍മ്മമേഖലകളിലേക്കു നാം കടന്നുചെല്ലും. ദൈവതിരുമുമ്പില്‍ നില്‍ക്കുമ്പോള്‍ നമ്മില്‍ മാറ്റങ്ങള്‍ സംഭവിക്കും. ഇടതടവില്ലാതെ പ്രാര്‍ത്ഥിക്കുവാനുള്ള കൃപ നമ്മിലേക്കൊഴുകിയിറങ്ങും. കൃപയുടെ പുഴയില്‍ സ്നാനം ചെയ്ത മനുഷ്യരായി നാം മാറും. ഒരു ടെലസ്കോപ്പിലൂടെ നോക്കി ദൂരെയുള്ള നക്ഷത്രങ്ങളെ നാം കാണാറുണ്ട്. പ്രാര്‍ത്ഥനയുടെ ടെലസ്കോപ്പിലൂടെ നോക്കി സ്വര്‍ഗ്ഗത്തെയും നിത്യ സത്യങ്ങളെയും നാം കാണും.
പൂര്‍ണ്ണമായി ദൈവത്തില്‍ ആശ്രയം വയ്ക്കുന്ന 'ദാസി' ഭാവത്തില്‍ നാം എത്തിച്ചേരുന്നതാണ് അടുത്ത അവസ്ഥ. 'ഇതാ കര്‍ത്താവിന്‍റെ ദാസി, നിന്‍റെ ഇഷ്ടംപോലെ എന്നില്‍ നടക്കട്ടെ' എന്നു പറഞ്ഞ പരിശുദ്ധ മറിയത്തിന്‍റെ അവസ്ഥയില്‍ ഞാനെത്തണം. ഏശയ്യാ 64/8 ല്‍ പറയുന്നതുപോലെ "ഞാന്‍ കളിമണ്ണാണ്. നീ കുശവനാണ്". ഇപ്രകാരമുള്ള പൂര്‍ണ്ണ ദൈവാശ്രയ ബോധത്തില്‍ പ്രാര്‍ത്ഥന നമ്മെ എത്തിക്കും. യാത്ര കഴിഞ്ഞ് ചൂടേറ്റ ശരീരം ഒരു എ.സി. റൂമിലിരിക്കുന്ന അവസ്ഥപോലെയാണ് തിരുസ്സന്നിധിയിലിരിക്കുന്ന മനുഷ്യാത്മാവിന്‍റേത്. ഒരു സ്വിമ്മിംഗ് പൂളില്‍ ചാടുന്ന കുളിര് ഞാന്‍ അനുഭവിച്ചു തുടങ്ങും. ഇവിടെ ഒരു കാര്യം ഞാന്‍ തിരിച്ചറിയും. പ്രാര്‍ത്ഥിക്കുക എന്നത് എന്‍റെ ഉത്തരവാദിത്വവും കടമയുമാണ്. എനിക്കുവേണ്ടിയും എന്‍റെ ചുറ്റുമുള്ള ലോകത്തിനുവേണ്ടിയും ഞാന്‍ പ്രാര്‍ത്ഥിക്കണം. പ്രാര്‍ത്ഥനയുടെ ശക്തിയില്‍ ഞാന്‍ വളരണം.
Featured Posts
bottom of page