top of page

എന്താണ് പ്രാര്‍ത്ഥന (What is Prayer)

Jun 20, 2024

2 min read

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

A Franciscan friar having spiritual reading
A Franciscan friar having spiritual reading


മനുഷ്യരുടെയെല്ലാമുള്ളില്‍ ഒരു പ്രാര്‍ത്ഥനയുണ്ട്. അതു വ്യത്യസ്തമായ രീതിയില്‍ ആയിരിക്കാം. നമ്മുടെ ബുദ്ധിക്കതീതമായ ഒരു ശക്തിയുടെ മുമ്പില്‍ നമ്മള്‍ കരങ്ങള്‍ കൂപ്പി നില്‍ക്കും. അത്യുന്നതന്‍റെ അനുഗ്രഹത്തിനായി കാത്തുനില്‍ക്കുന്ന ഒരവസ്ഥ. എന്‍റെ നിസ്സഹായത ഏറ്റുപറയുന്ന ഒരവസ്ഥ. എന്‍റെ ബുദ്ധിക്ക് അപ്പുറത്തു സംഭവിക്കുന്ന കാര്യങ്ങളുടെ മുമ്പില്‍ സമ്പൂര്‍ണ്ണ സമര്‍പ്പണത്തോടെ നില്‍ക്കുന്ന ഈ അവസ്ഥയാണ് പ്രാര്‍ത്ഥന(Prayer). പ്രാര്‍ത്ഥനയെ വിവിധ രീതിയില്‍ നമുക്കു കാണുവാന്‍ കഴിയും. ദൈവവുമായുള്ള ആഴമായ ബന്ധമാണ് പ്രാര്‍ത്ഥനയെന്നു പറയാം. "നീ ശാന്തമാകുക, ഞാന്‍ ദൈവമാണെന്നറിയുക" (സങ്കീ. 46/10). ശാന്തതയില്‍ ദൈവസാന്നിധ്യമായിരിക്കുന്നത് പ്രാര്‍ത്ഥനയുടെ പ്രധാന ഭാഗമാണ്. ലോകത്തിന്‍റെ ബഹളങ്ങളില്‍ നിന്നകന്ന് ഒറ്റയ്ക്ക് കര്‍ത്താവിന്‍റെ സന്നിധിയില്‍ ഇരിക്കാന്‍ നാം നമ്മെത്തന്നെ പരിശീലിപ്പിക്കണം. നിശയുടെ നിശ്ശബ്ദയാമങ്ങളില്‍ പിതാവിന്‍റെ സന്നിധിയില്‍ മണിക്കൂറുകള്‍ ചെലവഴിച്ച ക്രിസ്തുവിന്‍റെ മാതൃകയാണ് നമ്മുടെ മുമ്പിലുള്ളത്. മരുഭൂമിയുടെ ഏകാന്തതയിലും മലമുകളിലും ദൈവസാന്നിദ്ധ്യത്തിലിരുന്ന യേശു പ്രാര്‍ത്ഥനയുടെ ഭാവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. ഒത്തിരി ചൂടേറ്റു തളരുമ്പോള്‍ ഒരു തണുപ്പുള്ള മുറിയില്‍ കയറിയിരിക്കുന്ന അനുഭവം പോലെയാണ് ദൈവസാന്നിദ്ധ്യത്തിലെ പ്രാര്‍ത്ഥന.

മനുഷ്യന്‍ ദൈവത്തിനു നല്‍കുന്ന പ്രത്യുത്തരമായി പ്രാര്‍ത്ഥനയെ കാണാം. ദൈവം എന്നോടും ഞാന്‍ ദൈവത്തോടും സംസാരിക്കുന്ന അവസ്ഥയാണിത്. പകുതി സമയം ദൈവത്തെ കേള്‍ക്കാനും പകുതി സമയം ദൈവത്തോട് എന്‍റെ കാര്യങ്ങള്‍ പറയാനുമുള്ള അവസ്ഥ. "അന്വേഷിക്കുവിന്‍ കണ്ടെത്തും" (ലൂക്കാ 11: 9-11) എന്ന വചനം ഇവിടെ അര്‍ത്ഥപൂര്‍ണമായി നിറവേറുകയാണ്. നമ്മുടെ ആഗ്രഹങ്ങള്‍ ദൈവത്തോടു പറഞ്ഞുകഴിഞ്ഞ് ഇപ്രകാരം കൂട്ടിച്ചേര്‍ക്കണം; "എന്‍റെ ഇഷ്ടമല്ല, നിന്‍റെ ഹിതംപോലെ നിറവേറട്ടെ." ഇപ്രകാരം പറഞ്ഞുകഴിയുമ്പോള്‍ ഏതു പ്രതിസന്ധി വന്നാലും നമ്മള്‍ തളരുകയില്ല. ജീവിതത്തിലെ കാറ്റും കോളും നമ്മെ തളര്‍ത്തുകയില്ല. ഈ സ്നേഹസംഭാഷണത്തില്‍ വളരുവാന്‍ നമ്മെത്തന്നെ പരിശീലിപ്പിക്കണം.

ആത്മാവിന്‍റെ തീക്ഷ്ണതയില്‍ ജ്വലിച്ചു പ്രാര്‍ത്ഥിക്കുമ്പോള്‍ പൂര്‍ണമായ ദൈവാശ്രയബോധം നമുക്കു ലഭിക്കും. ദൈവം അറിയാതെ ഒന്നും എന്‍റെ ജീവിതത്തില്‍ സംഭവിക്കില്ല എന്ന തിരിച്ചറിവാണിത്. ഒരു കൊച്ചുകുട്ടി അമ്മയെ വിശ്വസിക്കുന്നതുപോലെ ഞാന്‍ ദൈവത്തില്‍ വിശ്വസിക്കും. 125-ാം സങ്കീര്‍ത്തനം ഒന്നാം വാക്യത്തില്‍ നാം വായിക്കുന്നു; "യഹോവായില്‍ ആശ്രയിക്കുന്നവന്‍ സീയോന്‍ പര്‍വ്വതംപോലെ ഉറച്ചുനില്‍ക്കും." "നീ പ്രാര്‍ത്ഥിക്കുക, നീ പ്രാപിക്കുക" എന്ന ചൊല്ല് എന്‍റെ അനുഭവമായി മാറും. ആവശ്യങ്ങള്‍ ചോദിക്കുവാനായി ഞാന്‍ ആദ്യകാലങ്ങളില്‍ പ്രാര്‍ത്ഥിക്കും. അവസാനമാകുമ്പോള്‍ പ്രാര്‍ത്ഥിക്കുന്നത് എന്‍റെ ആവശ്യമായി മാറും.

ദൈവവുമായി മുഖാമുഖം നില്‍ക്കുന്നതാണ് പ്രാര്‍ത്ഥനയുടെ മര്‍മ്മം. ദൈവപിതാവിന്‍റെ മുന്‍പില്‍ മുഖാമുഖം നില്‍ക്കാനാഗ്രഹിക്കുന്ന മോശയെ നാം ബൈബിളില്‍ കാണുന്നുണ്ട്. പ്രവാചകന്മാരും പുരോഹിതന്മാരും തിരുസന്നിധിയില്‍ മുഖാമുഖം നില്‍ക്കുന്നുണ്ട്. ഗത്സെമനിയിലെ യേശുവിന്‍റെ പ്രാര്‍ത്ഥന ഇപ്രകാരമുള്ളതായിരുന്നു. എന്‍റെ കുറവുകളെ ദൈവത്തിന്‍റെ നന്മയുടെ മുമ്പില്‍ നിര്‍ത്തുമ്പോള്‍ ഒരു തിരിച്ചറിവിലേക്കു ഞാന്‍ പ്രവേശിക്കുന്നു. ആദിമാതാപിതാക്കള്‍  ഈ തിരിച്ചറിവ് അനുഭവിച്ചവരാണ്. ലൂക്കാ 19ല്‍ സക്കേവൂസ് കര്‍ത്താവിന്‍റെ മുന്നില്‍ നിന്നപ്പോള്‍ സ്വന്തം കുറവുകള്‍ തിരിച്ചറിഞ്ഞു. ദൈവത്തിന്‍റെ വിശുദ്ധിയുടെ മുന്നില്‍ എന്‍റെ അശുദ്ധിയെ കണ്ടെത്തുകയും അതു തിരുത്തുവാന്‍ പരിശ്രമിക്കുകയും ചെയ്യും.

 മദ്ധ്യസ്ഥ പ്രാര്‍ത്ഥനയിലേക്ക് ഞാന്‍ സാവധാനം പ്രവേശിക്കും. ദൈവത്തിന്‍റെ പരിപാലന തിരിച്ചറിയുമ്പോള്‍ നാം ലോകത്തിനുവേണ്ടി പ്രാര്‍ത്ഥിക്കും. ജനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന മോശ നമ്മുടെ മുമ്പിലുണ്ട്. ഒരു സമൂഹത്തെ രക്ഷിക്കുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന പൂര്‍വ്വപിതാവായ അബ്രാഹം നമ്മുടെ മുമ്പിലുണ്ട്. ശിഷ്യന്മാര്‍ക്കും ലോകത്തിനും വേണ്ടി മദ്ധ്യസ്ഥ പ്രാര്‍ത്ഥന നടത്തുന്ന യേശു നമുക്കെന്നും മാതൃകയാണല്ലോ. ഭിത്തിയിലുള്ള സ്വിച്ച് ഓണ്‍ചെയ്യുമ്പോള്‍ മുകളിലുള്ള ഫാനും അകലെയുള്ള ട്യൂബ് ലൈറ്റും തെളിയുന്നു. ഇതുപോലെ അകലെയിരുന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ ദൂരങ്ങളില്‍ നിന്ന് അത്ഭുതങ്ങള്‍ നടക്കും. യോഹന്നാന്‍ 4ല്‍ ശതാധിപന്‍ വഴിയില്‍ വച്ച് പ്രാര്‍ത്ഥിച്ചപ്പോള്‍ വീട്ടില്‍ കിടന്ന പുത്രന്‍ സുഖപ്പെട്ടു. ഈ ലോകത്തിനു മുഴുവനും വേണ്ടി നമ്മള്‍ മദ്ധ്യസ്ഥപ്രാര്‍ത്ഥന നടത്തണം. മദ്ധ്യസ്ഥപ്രാര്‍ത്ഥനകള്‍ മഴപെയ്യുന്ന രീതിയില്‍ പ്രവര്‍ത്തിക്കും. സമുദ്രത്തിലെ വെള്ളം നീരാവിയായി ഉയര്‍ന്ന് മഴമേഘമായി കെട്ടികിടന്ന് മഴത്തുള്ളികളായി പെയ്തുവീഴും. നമ്മുടെ പ്രാര്‍ത്ഥനകള്‍ മഴമേഘം പോലെ ഉയരും. ആര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവോ അവരുടെ മേല്‍ അനുഗ്രഹമായി മഴ പെയ്തിറങ്ങും.

 

അവസാനമായി പ്രാര്‍ത്ഥന നമ്മെ ഉറപ്പുള്ള മനുഷ്യരാക്കി മാറ്റും. കാറ്റടിച്ചു മഴ പെയ്തു. പക്ഷേ ഭവനത്തെ കുലുക്കുവാന്‍ കഴിഞ്ഞില്ല. അതിന്‍റെ അടിസ്ഥാനം ഉറപ്പുള്ള പാറമേല്‍ ആയിരുന്നു. കാറ്റടിക്കുമ്പോള്‍ തകര്‍ന്നു വീഴുന്ന ഭവനത്തിന്‍റെ അടിസ്ഥാനം മണലില്‍ ആയിരുന്നു. ലോകാരൂപിയില്‍ ജീവിക്കുന്ന മനുഷ്യര്‍ മണലില്‍ ഭവനം പണിതവരെപ്പോലെയാണ്. പ്രാര്‍ത്ഥിക്കുന്ന മനുഷ്യര്‍ ശിലമേല്‍ ഭവനം പണിതവരാണ്. പ്രാര്‍ത്ഥനയില്‍ ബലപ്പെടാം, ശക്തി സംഭരിക്കാം. 

�ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

0

2

Featured Posts

Recent Posts

bottom of page