top of page

'എന്താ ഒരു പൊതിക്കെട്ട്?'

Aug 1, 2015

1 min read

അൻസാരി
Kerala Parotta and Beef.

"ഓ, മോന് പൊറോട്ടായും ഇറച്ചീം വല്യ ഇഷ്ടമാ. ഇത്തിരി പൊറോട്ടായും ബീഫ് ഫ്രൈയ്യും."

'പൊറോട്ടയോ? ഇത്രയും വിവരവും വിദ്യാഭ്യാസമുള്ള നിങ്ങളും? ഈ പൊറോട്ടാ മൈദാകൊണ്ടാ ഉണ്ടാക്കുന്നത്. പണ്ട് സിനിമാപോസ്റ്റര്‍ ഒട്ടിച്ചിരുന്ന പശയാ ഈ മൈദാമാവ്. വയറ് ചീത്തയാക്കാന്‍ വേറെ വല്ലതും വേണോ?"


"ങ്ഹേ അപ്പോ അതു കൊള്ളൂല?"


"ഇല്ല. പിന്നെ ബീഫ് ഫ്രൈ... സുനാമി ഇറച്ചിന്നു കേട്ടിട്ടുണ്ടോ? ഉപയോഗിക്കാന്‍കൊള്ളാത്ത മാട്ടിറച്ചിയും മറ്റും തമിഴ്നാട്ടിന്നു വിലകുറച്ചു കിട്ടും. അതാണീ ഫാസ്റ്റ്ഫുഡുകാരു ഫ്രൈ ആക്കിത്തരുന്നത്. ചെലപ്പോ പട്ടിയിറച്ചീം കാണും."


"ശ്ചെ!!"


"അതേന്ന്. അതിന്‍റെ കൂടെ ഈ ഫ്രൈ ചെയ്യാന്‍ ഉപയോഗിക്കുന്ന എണ്ണ... അവന്മാര് ഒരേ എണ്ണയാ ദിവസങ്ങളോളം ഉപയോഗിക്കുന്നത്. ട്രാര്‍സ് ഫാറ്റാ. അത് ശരീരത്തിന് ദോഷം ചെയ്യും."


"അപ്പോ ബീഫ് ഫ്രൈയും പൊറോട്ടയും കളഞ്ഞേക്കാം ആ ബേക്കറിന്നൂ വല്ല പഫ്സും വാങ്ങാം."


"പഫ്സോ? അതും മൈദാകൊണ്ടാ ഉണ്ടാക്കുന്നത്. അതിന്‍റെകൂടെ ഈ സുനാമി ഇറച്ചി അരച്ചു മസാലേം ചേര്‍ത്ത് അകത്തുവയ്ക്കും."


"എന്നാപിന്നെ അല്പം കേക്കാകാം."


"കേക്കണ്ട. അതു മുഴുവന്‍ പ്രിസര്‍വേറ്റീവല്ലേ?"


"എന്നാപ്പിന്നെ അവന് പൊട്ടറ്റോ ചിപ്സ് വലിയ ഇഷ്ടമാ. ലെയ്സ് ആയിക്കോട്ടെ."


"പൊട്ടറ്റോ ചിപ്സ്... പൊട്ടാ, അതു മുഴുവന്‍ മോണോ സോഡിയം ഗ്ലൂട്ടമെറ്റല്ലേ? രുചികൂട്ടാന്‍ ചേര്‍ക്കുന്നത്. ക്യാന്‍സര്‍ വരാന്‍ വേറെവഴി വേണ്ട."


"ഓ കള... വല്ല ഫ്രൂട്ട്സും വാങ്ങാം. ആപ്പിളിനെന്താണോ വില..."


"ആപ്പിള്‍! ആപ്പിളിന്‍റെ തൊലി ഇങ്ങനെ തിളങ്ങുന്നതെന്താണെന്നറിയാമോ? മെഴുകു സ്പ്രേ ആണെന്നേ. കഴുകിയാലും പോകില്ല. നേരെ വയറ്റില്‍ പോയി ഒട്ടിപ്പിടിക്കും. ക്യാന്‍സര്‍, ക്യാന്‍സര്‍."


"തൊലി ചെത്തിക്കളഞ്ഞാലോ?"


"എന്നാലുമുണ്ട് കുഴപ്പം. അതിനു നല്ല മധുരം വരാന്‍ അകത്തേയ്ക്ക് എച്ച്, എഫ്, സി, എസ് എന്ന സ്വീറ്റനര്‍ കുത്തിവയ്ക്കുകയല്ലേ? ആപ്പിള്‍ കഴിച്ച് കൊളസ്ട്രോള്‍ കൂടി ചത്തെന്ന് നാട്ടുകാര്‍ അത്ഭുതം കൂറും."


"എന്നാപ്പിന്നെ ഏത്തപ്പഴം ആയിക്കോട്ടെ."


"തമിഴര്‍ അമോണിയ മുക്കി തരുന്നതല്ലേ. കഴിച്ചു ചാക്."


"ഞാന്‍ വീട്ടിപ്പോയി ചോറുണ്ടോളാം ശാസ്ത്രജ്ഞാ..."


"ചോറോ, പോളീഷ് ചെയ്യുവാനെന്നു പറഞ്ഞ് അവന്മാര്‍ അരിയില്‍ പ്ലാസ്റ്റിക്ക്സ്പ്രേ അടിക്കുകയല്ലേ. തവിടിന്‍റെ നിറം വരാന്‍ റെഡ് ഓക്സൈഡും. നന്നായിരിക്കും. കുടലില്‍ ബ്രൗണ്‍ നിറത്തില്‍ ഒരു കോട്ടിംഗ്. പിന്നെ ബ്രൗണ്‍ ക്യാന്‍സര്‍."


"മതി, എന്നാപ്പിന്നെ വായുഭക്ഷണം ആയിക്കോട്ടെ..."


"ഇത്രേം മലിനമായ ഒരു സാധനം വേറെയുണ്ടോ? വാഹനങ്ങള്‍ ചവച്ചുതുപ്പുന്ന കാര്‍ബണ്‍ മോണോക്സൈഡ്, ഫാക്ടറികളിലെ കാര്‍ബണ്‍ ഡയോക്സൈഡ്."


"എന്നാപ്പിന്നെ ആത്മഹത്യ ചെയ്തുകളയാം. ഇങ്ങനെ ജീവിച്ചിട്ടെന്തു കാര്യം?"


"പറ്റൂല. നിയമംവഴി അതു നിരോധിച്ചിരിക്കുകയാ."

Featured Posts

Recent Posts

bottom of page