top of page

പറയാതെ പോയത്

May 1, 2011

1 min read

ഷസ
Image : Peperomia pellucida
Image : Peperomia pellucida

എറിഞ്ഞുടയ്ക്കാതെ ഒരുവാക്ക് ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്

പൊട്ടിയ സ്ലേറ്റിലും

കീറിയ നോട്ടുബുക്കിലും

ഒടിഞ്ഞ മഷിത്തണ്ടിലും

നീലമഷിപ്പേനയിലും

അതുണ്ടായിരുന്നു.

എന്നിട്ടും അതു വായിച്ചറിയാന്‍ എനിക്കായില്ല.

ഞാനതെടുത്ത് ഹൃദയത്തിന്‍റെ

ഉള്ളടരുകളില്‍ കാത്തുവച്ചു.

നിറംകെട്ട ജീവിതങ്ങള്‍ക്കു മേല്‍

ചെഞ്ചായം പൂശാനും

മരണപ്പെട്ട കമിതാക്കള്‍ക്ക്

ശ്രദ്ധാഞ്ജലിയേകാനും

കുഞ്ഞുങ്ങളുടെ കുതൂഹലങ്ങള്‍ക്കു

ചിന്തേരിടാനും

ഞാനാ വാക്ക് ഒരു ചെപ്പിലൊതുക്കി വച്ചു.

പലവഴി പിരിയുന്നൊരു

പെരുവഴിയറ്റത്തു നിന്നപ്പോഴും

ആ വാക്ക് ഞാന്‍

രക്തത്തുള്ളികളാല്‍ പൊതിഞ്ഞുവച്ചു

നീ പോലും കാണാതെ...

ഞാന്‍ പോലും അറിയാതെ...

ഒരിക്കല്‍പ്പോലും ആ വാക്കുകളെ

വിടര്‍ത്തിയോ അടര്‍ത്തിയോ

ഉരിയാടാന്‍ ശ്രമിച്ചതില്ല.

ഉരുകിവീഴുന്ന മെഴുകിന്‍റെ

ചൂടുമെഴുക്കില്‍

ചേര്‍ത്തും വാര്‍ത്തും

വാക്കിന്‍റെ തിരികളെ

കെടുത്താന്‍ നോക്കിയില്ല

മഴപെയ്യുമ്പോഴും

പുഴപോലെ പാടവും പറമ്പും

കവിഞ്ഞൊഴുകുമ്പോഴും

വാക്ക്, ചില്ലകളായ് തളിര്‍ക്കാതെ

പൂവിടാതെ

വിത്തായ് ഹൃദയത്തിലത്

ഒളിഞ്ഞു കിടന്നു

ഋതുക്കള്‍ മാറിവന്ന് വാക്കിനെ

ചൂഴ്ത്തിയെടുക്കാന്‍ നോക്കി

പക്ഷേ എറിഞ്ഞുടയ്ക്കപ്പെടാത്ത ആ വാക്ക്

ഹൃദയത്തിന്‍റെ അറകളിലിരുന്ന്

ശ്വാസം മുട്ടി മരിച്ചുപോയിരുന്നു.

Featured Posts

bottom of page