
സ്കോറെത്രയായ്?
ഒരുനാള്‍ കേരനാട്ടിന്‍ തലപ്പത്ത്
ത്രിസന്ധ്യാനേരത്ത്, മദ്യത്തിളപ്പിലൊ-
രധമന്‍ കെട്ടിയോളെ
മേശക്കാലിനടിച്ചു കൊന്നു.
പ്രാണവേദനയുടെ നിലവിളി
അയല്‍ക്കാര്‍ കേട്ടുവത്രേ.
ആരും തിരിഞ്ഞുനോക്കിയില്ല,
കാരണം മൂന്നുണ്ട്.
പള്ളുകളുടെ അധീശനാണു പുള്ളി,
തെറിപോലെ മല്ലൂസിനു പേടി
വേറൊന്നില്ലല്ലോ; ഒന്ന്.
രണ്ട്, ക്രിക്കറ്റ് കളിയൊന്ന് ടിവിയില്‍
കത്തിക്കാളുകയായിരുന്നത്രെ;
മേശക്കാലല്ലെങ്കിലും അതും
മരവടികൊണ്ടുള്ളഭ്യാസമാണല്ലോ.
മൂന്ന്, ആയമ്മയുടെ നിലവിളി
സ്ഥിരമായി കേട്ടുമടുത്തതാണ്.
ആയിരത്തൊന്നാവര്‍ത്തി കളിച്ചിട്ടും
മടുക്കാത്ത കേളികളുടെ നാടാണിത്.
ഒരു ചാവൊലിക്ക് ലാവണ്യമില്ലല്ലോ,
റേറ്റിങ്ങും കുറവാണ്, മടുക്കും.
സന്ധ്യയായാല്‍ കളി നിറുത്തി
പുരകയറാന്‍ ഈ മലയാളി
പ്പിറപ്പുകളെ ആരും പഠിപ്പിച്ചില്ലേ?
(യഥാര്‍ത്ഥ സംഭവം, തിരുവനന്തപുരം കുടപ്പനക്കുന്നില്‍ 2012 ല്‍ നടന്നത്...)
2. വനം വനത്തോട്
നിങ്ങളോടൊരു വാക്ക്:
വിപ്ലവം തോക്കിന്‍കുഴലില്‍
വിടരുന്നില്ല, പുലരുന്നില്ല.
ആയിരുന്നെങ്കില്‍ യന്ത്രത്തോക്കിലും
പീരങ്കിയിലും മഹാവിപ്ലവം പിറന്നേനേ.
അവരോടൊരു വാക്ക്:
ഒരു വിപ്ലവം പോലും
തോക്കിന്മുനയിലൊടുങ്ങില്ല
ആയിരുന്നെങ്കില്‍ തോക്കും
കവാത്തും ഭയന്നാളുകള്‍
ഉണ്ടുമുറങ്ങിക്കഴിഞ്ഞേനേ.
ഇന്നോളവും പല്ലിനായ് നാം
പല്ല് കരുതുന്നത്
ഉള്ളിലടരാത്തതാം
അബോധമൊരു വനന്യായം.
എല്ലാവരോടുമൊരു വാക്ക്:
നുണയുന്നൊരു കൊതിവായ
കശക്കുന്നൊരു പെരുംകൈ
ഞെരിക്കുന്നൊരു കൊടുംകാല്-
ഗോത്രഭൂമികളിലെ
പ്രാക്തനസ്വപ്നങ്ങളില്‍
ഇവ വന്നുകയറിയിട്ട്
നാളേറെയായില്ല;
സ്വച്ഛസ്വപ്നങ്ങളുടെ
പോക്കുകാലം.
3. സിറിയ
എനിക്ക് സിറിയയെ പരിചയം
ഇങ്ങനെയൊക്കെയാണ്:
ചുരുള്‍രോമങ്ങളിളകും
താടിയുലച്ച് കുളമ്പടിതാളത്ത ില്,
കയ്യില്‍ കണ്ണില്‍ അസ്ത്രപ്രഭ,
പായുന്ന തേരില്‍
യുദ്ധത്തിന്‍റെ ആള്‍മുഖം:
ഇതിഹാസച്ചുവര്‍രേഖയില്‍
എഴുന്ന ശില്പങ്ങളായി കല്ലിച്ച
അസ്സീറിയന്‍ പ്രഭുക്കള്‍
കീഴ്ജനതയുടെ പ്രവാസഗീതി
ദേശഭ്രഷ്ടിന്‍റെ ദൈവാനുഭവം.
വെട്ടുക്കിളികളെപ്പോല്‍ അവര്‍
വന്നും പോയുമിരുന്നു- അസ്സീറിയര്‍.
അപ്രേമിന്‍റെ സ്വരച്ചിട്ടകള്‍
നേര്‍പ്പിച്ചതെങ്കിലുമൊരു പള്ളിപ്പാട്ട്,
മരുതലങ്ങളിലെ മുനിയറകള്‍
തപോവൃത്തിയുടെ ഈറ്ററ,
യേശുവിന്‍റെ അരമായമൊഴി-
മധുരമായവന്‍ പറഞ്ഞതൊക്കെ,
ശീമോന് ദുസ്തോനായ-
പെരുന്തൂണില്‍ കാലം കഴിച്ചവന്,
അവനെ വലയ്ക്കുന്ന
ബൂഞ്ഞുവേലിന്‍റെ ഭൂതങ്ങള്‍
മൈക്കിളച്ചന്‍ ചന്തത്തില്‍
തലയിളക്കിപ്പാടിയ
"കന്തീശാ ആലാഹാ..."
ത്രൈശുദ്ധകീര്‍ത്തനം, പഴമൊഴിയില്‍.