top of page
ഒരു ദിവസം
ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍
എന്‍റെ രാജ്യത്തിലെ അരാഷ്ട്രീയ
ബുദ്ധിജീവികള്‍ ചോദ്യം ചെയ്യപ്പെടും.
ഏകാന്തവും ചെറുതുമായ
ഒരു ജ്വാലപോലെ രാജ്യം
ക്രമേണ മരിച്ചുകൊണ്ടിരുന്നപ്പോള്‍
എന്തുചെയ്തു എന്നവര്‍ ചോദ്യം ചെയ്യപ്പെടും.
അവരുടെ വസ്ത്രങ്ങളെപ്പറ്റി,
ഉച്ചയൂണിനുശേഷമുള്ള
നീണ്ട പകലുറക്കത്തെപ്പറ്റി
അവരോടാരും ചോദിക്കില്ല.
ശൂന്യതയെച്ചൊല്ലിയുള്ള
അവരുടെ പൊള്ളത്തര്‍ക്കങ്ങളെപ്പറ്റി
ഒരാളും നാളെ അന്വേഷിക്കില്ല.
അവരുടെ സാമ്പത്തിക പദവിയെ
ആരും കൂട്ടാക്കില്ല.
ഗ്രീക്കു പുരാണങ്ങളെപ്പറ്റി
അവര്‍ ചോദ്യം ചെയ്യപ്പെടില്ല.
ഭീരുവിനെപ്പോലെ അവരിലൊരുത്തന്‍
തൂങ്ങിച്ചാവുമ്പോള്‍ അവരനുഭവിക്കുന്ന
ആത്മവിദ്വേഷത്തെപ്പറ്റി
അവര്‍ ചോദ്യം ചെയ്യപ്പെടില്ല.
ഒരു ദിവസം
ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍
എന്‍റെ രാജ്യത്തിലെ
അരാഷ്ട്രീയ ബുദ്ധിജീവികള്‍
ചോദ്യം ചെയ്യപ്പെടും.
അന്ന്,
ദരിദ്രരായ മനുഷ്യര്‍ വരും.
ഈ അരാഷ്ട്രീയ ബുദ്ധിജീവികളുടെ
കവിതകളിലും കഥകളിലും
ഒരിക്കലും ഇടം കിട്ടിയിട്ടില്ലാത്തവര്‍
എന്നാല്‍, ദിവസവും അവര്‍ക്ക്
അപ്പവും പാലും കൊടുത്തവര്‍
ഇറച്ചിയും മുട്ടയും കൊടുത്തവര്‍
അവരുടെ വസ്ത്രങ്ങളലക്കിക്കൊടുത്തവര്‍
അവരുടെ കാറോടിച്ചവര്‍
അവരുടെ പട്ടികളെ വളര്‍ത്തിയവര്‍
അവരുടെ ഉദ്യാനങ്ങള്‍ കാത്തുസൂക്ഷിച്ചവര്‍
അവര്‍ വരും.
വന്നു ചോദിക്കും,
യാതനകളില്‍ ദരിദ്രന്‍റെ ജീവിതവും സ്വപ്നവും കത്തിയെരിയുകയായിരുന്നപ്പോള്‍
എന്തുചെയ്യുകയായിരുന്നു നിങ്ങള്‍?
(അരാഷ്ട്രീയബുദ്ധിജീവികള്‍ - ഓട്ടോ റെനോകാസ്റ്റിലോ)
രാഷ്ട്രീയക്കാരും രാഷ്ട്രീയമുള്ള ബുദ്ധിജീവികളും അരാഷ്ട്രീയ ബുദ്ധിജീവികള്‍ക്കെതിരായി നിരന്തരം ഉദ്ധരിക്കുന്ന ലാറ്റിനമേരിക്കന്‍ കവിതയാണിത്.അതെ, രാജ്യം ക്രമേണ മരിച്ചുകൊണ്ടിരിക്കുകയാണ്. യാതനകളില്‍ ദരിദ്രന്‍റെ ജീവിതവും സ്വപ്നവും കത്തിയെരിയുകയാണ്. ഇപ്പോഴാണ് ബുദ്ധിജീവികളുടെ ആവശ്യം. എന്തു ചെയ്യുകയാണവര്‍? അവര്‍ രാഷ്ട്രീയവത്കരിക്കപ്പെടണം. രാഷ്ട്രീയ പ്രവര്‍ത്തനത്തിലേര്‍പ്പെടണം. ഒരിക്കല്‍ ഈ നെഞ്ചിനുനേരെ വിരല്‍ചൂണ്ടി അവര്‍, ദരിദ്രരായ മനുഷ്യര്‍ വരുന്നതിനെയെങ്കിലും ഈ അരാഷ്ട്രീയബുദ്ധിജീവികള്‍ ഭയപ്പെടണം. ഈ ബുദ്ധിജീവികള്‍ക്ക് കഥയും കവിതയും നാടകവുമെഴുതാന്‍ വേണ്ടി അപ്പവും പാലും ഇറച്ചിയും മുട്ടയും കൊടുത്തവര്‍, അവരുടെ വസ്ത്രമലക്കികൊടുത്തവരും കാറോടിച്ചവരും പട്ടികളെ വളര്‍ത്തിയവരും ഉദ്യാനങ്ങള്‍ കാത്തുസൂക്ഷിച്ചവരുമായ അവര്‍ വരും. വന്നു ചോദിക്കും. യാതനകളില്‍ ദരിദ്രന്‍റെ ജീവിതവും സ്വപ്നവും കത്തിയെരിഞ്ഞപ്പോള്‍ എന്തുചെയ്യുകയായിരുന്നു നിങ്ങള്‍?
സാധാരണ അരാഷ്ട്രീയ ബുദ്ധിജീവികള്‍ വിരണ്ടുപോകാവുന്ന ഒരു അഭിമുഖീകരണമാണിത്. വിരണ്ടു തുടങ്ങിയെന്നു ബോധ്യമായാല്‍ ചുമ്മാ ഗാന്ധിയെയും ഉദ്ധരിച്ചേക്കുക. ഒരു വീടിനു തീപിടിച്ചാല്‍ നാമെന്താണു ചെയ്യുക? എല്ലാവരും ഓടിക്കൂടി തീ അണയ്ക്കാന്‍ നോക്കും. ഒരു രാജ്യത്തിനു തീപിടിച്ചാലോ? എല്ലാവരും ഓടിക്കൂടി തീ അണയ്ക്കാന്‍ നോക്കും. ഡോക്ടര്‍ സ്റ്റെതസ്കോപ്പ് താഴെവയ്ക്കട്ടെ. വക്കീല്‍ ചെകുത്താന്‍ കുപ്പായം അഴിച്ചുവയ്ക്കട്ടെ. ടീച്ചര്‍ ചോക്കും ചൂരലും താഴെവയ്ക്കട്ടെ. രാജ്യത്തിനു തീ പിടിക്കുന്നു. തീ അണയ്ക്കുക. നമ്മുടെ രാഷ്ട്രീയബുദ്ധിജീവി വീണതുതന്നെ. യൂത്ത് കോണ്‍ഗ്രസിലോ ഡി വൈ എഫ് ഐ യിലോ യുവജനവേദിയിലോ ഇയാളെക്കൊണ്ട് അംഗത്വമെടുപ്പിക്കാന്‍ ഇനിയും കാര്യമായ സമ്മര്‍ദ്ദമൊന്നും വേണ്ടിവരികില്ല തന്നെ.എന്നാല്‍ നമ്മുടെ കഥാനായകന്‍ തിരിഞ്ഞുനിന്ന് ശരി, എനിക്ക് രാഷ്ട്രീയമില്ല, ഞാന്‍ അരാഷ്ട്രീയ ബുദ്ധിജീവി തന്നെ, എന്നെ വിചാരണ ചെയ്യാന്‍ വരുന്ന പാവങ്ങളെ ഞാന്‍ കൈകാര്യം ചെയ്തോളാം. അവരോടു പറഞ്ഞുനില്ക്കാനുള്ള വാക്കും വാചകവും സന്ധിയും സമാസവും വൃത്തവും അലങ്കാരവും എന്‍റെ കൈവശമുണ്ട്. എന്നാല്‍ നിങ്ങള്‍ ഉദ്ധരിച്ച ലാറ്റിനമേരിക്കന്‍ കവിത ഒരല്പം ഭേദഗതിയോടെ നിങ്ങളുടെ നെഞ്ചത്തേയ്ക്കു ചൂണ്ടിയാലോ? പാട്ടുകൊണ്ടു ചൂട്ടുകെട്ടി രാഷ്ട്രീയക്കാരുടെ മുഖത്തു തിരിച്ചുകുത്താന്‍ നമ്മുടെ അരാഷ്ട്രീയ ബുദ്ധിജീവി ധൈര്യപ്പെടുന്നുവെന്ന് വിചാരിക്കുക.
ഒരു ദിവസം
ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍
എന്‍റെ രാജ്യത്തിലെ രാഷ്ട്രീയക്കാര്‍
കോണ്‍ഗ്രസുകാര്‍, കമ്യൂണിസ്റ്റുകാര്‍,
നക്സലൈറ്റുകള്‍, ഹിന്ദുത്വവാദികളും
ചോദ്യം ചെയ്യപ്പെടും
അന്ന്,
ദരിദ്രരായ മനുഷ്യര്‍ വരും
ഈ അരാഷ്ട്രീയ രാഷ്ട്രീയക്കാരുടെ
പ്ലീനങ്ങളിലും പ്രമേയങ്ങളിലും
ഇടം കിട്ടിയിട്ടില്ലാത്തവര്‍
എന്നാല്‍ അവര്‍ക്കുവേണ്ടി
കൊടിപിടിച്ചവര്‍
ബക്കറ്റ് കുലുക്കിയവര്‍,
പാര്‍ട്ടിഫണ്ട് കൊടുത്തവര്‍
ചാവേറായവര്‍
അവര്‍ വരും വന്നു ചോദിക്കും
ഏകാന്തവും ചെറുതുമായ
ഒരു ജ്വാല പോലെ രാജ്യം
ക്രമേണ മരിച്ചുകൊണ്ടിരുന്നപ്പോള്‍
എന്തു ചെയ്യുകയായിരുന്നു എന്നവര്‍ ചോദ്യം ചെയ്യപ്പെടും
യാതനകളില്‍ ദരിദ്രന്‍റെ
ജീവിതവും സ്വപ്നവും
കത്തിയെരിയുകയായിരുന്നപ്പോള്‍
എന്തു ചെയ്യുകയായിരുന്നു നിങ്ങള്‍?
രാഷ്ട്രീയക്കാര്‍ക്ക് രാഷ്ട്രീയമുണ്ടോ എന്നതുതന്നെയാണ് ചോദ്യം. നമ്മുടെ ലോകത്തെ, കാലത്തെ അടിസ്ഥാനപരമായ ചോദ്യങ്ങള്‍ രാഷ്ട്രീയമായതുകൊണ്ട് രാഷ്ട്രവും സമൂഹവും നേരിടുന്ന രാഷ്ട്രീയമായ വെല്ലുവിളികളെ പ്രാഥമികമായി അഭിമുഖീകരിക്കേണ്ടത് രാഷ്ട്രീയക്കാരാണ്. രാഷ്ട്രീയം തൊഴിലായി എടുത്തവര്‍. രാഷ്ട്രത്തെ രക്ഷിക്കാമെന്ന് ഏറ്റിട്ടുള്ളവര്‍. ആ ഉത്തരവാദിത്വത്തിനുവേണ്ടി നാം ലോക്കല്‍ കമ്മിറ്റി മെമ്പര്‍ മുതല്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ആക്കിയിട്ടുള്ളവര്‍. ഇത്രയേറെ പ്രൊഫഷണല്‍ രാഷ്ട്രീയക്കാരെ തീറ്റിപ്പോറ്റിയത് വെറുതെയാണോ? രാജ്യം ആഗോളവത്കരണത്തിലൂടെയും വര്‍ഗ്ഗിയ ഫാസിസത്തിലൂടെയും കടന്നുപോകുമ്പോള്‍ എങ്ങനെയാണവര്‍ അതിനെ ചെറുക്കുന്നത്? അതെ, രാഷ്ട്രീയക്കാരാ, സ്വന്തം രാഷ്ട്രീയത്തെക്കുറിച്ചു പറയുക. രാഷ്ട്രീയക്കാരന് രാഷ്ട്രീയമുണ്ടോ എന്നാദ്യം പറയൂ.
ഉദാരവത്കരണത്തിലേക്കും സ്വകാര്യവത്കരണത്തിലേക്കും നമ്മെ നയിച്ച ചരിത്രപരമായ സംഭവം ഗാട്ട് കരാറില്‍ ഒപ്പിട്ടതാണല്ലോ. അതുവരെ പഴയ കെ. പി. എ. സി.ഗാനമാണ് നാം പാടിക്കൊണ്ടിരുന്നത്. പാട്ടുകാരന്‍ നാളെയുടെ ഗാട്ടുകാരനാണല്ലോ. ഗാട്ട് കരാറില്‍ ഒപ്പിട്ടശേഷം ആ പഴയ പാട്ടിന്‍റെ പാരഡി രചിക്കപ്പെട്ടു. ഗാട്ടുകാരന്‍ നാളെയുടെ പാട്ടുകാരനാണല്ലോ. ഇന്ത്യയുടെ ജാതകവും വിധിയും മാറ്റിമറിക്കുന്ന ഈ തീരുമാനമെടുക്കുന്നതിനുമുമ്പ് ഇന്ത്യന്‍ ജനതയോടു ചോദിച്ചിരുന്നോ? അതിനുമുമ്പു പൊതുതിരഞ്ഞെടുപ്പ് ഉണ്ടായിരുന്നല്ലോ - രാജീവ് ഗാന്ധിയുടെ അവസാനത്തെ തിരഞ്ഞെടുപ്പു മത്സരം. ആ തിരഞ്ഞെടുപ്പില്‍ ഗാട്ടുകരാറില്‍ ഒപ്പിടല്‍ ചര്‍ച്ചാവിഷയമായിരുന്നില്ല. രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്, തിരഞ്ഞെടുപ്പില്‍ മത്സരിക്കുകപോലും ചെയ്യാതിരുന്ന നരസിംഹറാവു-മന്‍മോഹന്‍സിംഗ് ടീം അധികാരമേറ്റെടുത്തു. അവരായിരുന്നു ഔപചാരികമായി ഗാട്ട്കരാറില്‍ ഒപ്പിട്ടത്. ഒരു ജനഹിത പരിശോധന നടത്തണമെന്ന് അവര്‍ക്കു തോന്നിയില്ല. അങ്ങനെയൊന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതുമില്ല. പിന്നെയും തിരഞ്ഞെടുപ്പുകള്‍ വന്നു. മന്ത്രിസഭകള്‍ മാറിമാറി വന്നു. ആഗോളവത്കരണത്തെ പ്രത്യക്ഷമായി എതിര്‍ക്കുന്നവരോ രാഷ്ട്രീയകക്ഷികളോ മുന്നണികളോ ഗാട്ട് കരാറിന്‍റെ അടിസ്ഥാനത്തില്‍ ജനങ്ങളില്‍നിന്ന് ഒരു മാന്‍ഡേറ്റ് തേടണമെന്ന് ആലോചിച്ചില്ല. പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്തുകാര്യമെന്നാണോ? ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കെന്തുകാര്യം?
ആഗോളവത്കരണത്തോടു രണ്ട് സമീപനങ്ങളുണ്ട്. ഒന്ന് ജപ്പാന്‍റെയും ചൈനയുടെയും വഴി. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍ ലഗാന്‍ എന്ന ഹിന്ദി ചലച്ചിത്രം പ്രതിനിധീകരിക്കുന്ന വഴി. ആഗോളവത്കരണത്തെ അതിന്‍റെതന്നെ നിയമങ്ങളനുസരിച്ച് പരാജയപ്പെടുത്താമെന്ന ആത്മവിശ്വാസം. വലിയ ഒരു ജനസമൂഹത്തിന്, ഇച്ഛാശക്തിയുള്ള ഒരു ജനതയ്ക്ക് സാധ്യമായയയേക്കാവുന്ന വഴിയാണിത്. ജൈവവൈവിധ്യങ്ങളുടെയും മാനുഷികശക്തിയുടെയും ബലത്തില്‍ വിപണിയുടെ ബലതന്ത്രം ഇന്ത്യയെപ്പോലൊരു സമൂഹത്തിനു അനുകൂലമാക്കിയെടുക്കാവുന്നതേയുള്ളൂ. വിപണിയുടെ രാഷ്ട്രീയത്തെ ഉപഭോഗത്തിന്‍റെ പ്രതിരാഷ്ട്രീയം കൊണ്ട് നേരിടാനാകും. പക്ഷേ അതിന് രാഷ്ട്രീയമായ ഒരു ഇച്ഛാശക്തി രൂപപ്പെടുത്തിയെടുക്കണം. അതിനു നേതൃത്വം നല്കാന്‍ രാഷ്ട്രീയക്കാര്‍ക്കാകണം. പ്രാഥമികമായി രാഷ്ട്രീയക്കാര്‍ക്ക് രാഷ്ട്രീയം വേണം.
ആഗോളവത്കരണത്തെ അഭിമുഖീകരിക്കാനുള്ള രണ്ടാമത്തെ വഴി പഴയ ഗാന്ധിയന്‍ മാര്‍ഗമാണ്. ഒരിക്കല്‍ക്കൂടി ക്വിറ്റ് ഇന്ത്യാ സമൂഹമായി ഇന്ത്യയെ ഉണര്‍ത്തണം. ആഗോളവത്കരണത്തെ നിര്‍വീര്യമാക്കുന്ന കലയും രാഷ്ട്രീയവും നാം വീണ്ടും അഭ്യസിക്കേണ്ടിയിരിക്കുന്നു. ആഗോളവത്കരണത്തെ അണ്‍ഗവേണബിള്‍ ആക്കുന്നതിന്‍റെയും അതിനെതിരായി ഒരു ബദല്‍ സമൂഹം കെട്ടിപ്പടുക്കുന്നതിന്‍റെയും വെല്ലുവിളി ഏറ്റെടുക്കാന്‍ നമുക്കാകുകമോ? അധികാരത്തിന്‍റെ രാഷ്ട്രീയത്തിനു പകരം ചെറുത്തുനില്പിന്‍റെ രാഷ്ട്രീയം. ഭരണകൂടത്തിന്‍റെ രാഷ്ട്രീയത്തിനു പകരം സമൂഹത്തിന്‍റെ രാഷ്ട്രീയം. ഉപഭോഗത്തിന്‍റെ രാഷ്ട്രീയത്തിനു പകരം ഉല്പാദനത്തിന്‍റെ രാഷ്ട്രീയം. നഗരത്തിന്‍റെ രാഷ്ട്രീയത്തിനു പകരം ഗ്രാമത്തിന്‍റെ രാഷ്ട്രീയം. വ്യവസായത്തിന്‍റെ രാഷ്ട്രീയത്തിനു പകരം കൃഷിയുടെ രാഷ്ട്രീയം. തിരഞ്ഞെടുപ്പിന്‍റെയും റാലികളുടെയും ധര്‍ണകളുടെയും സ്ഥൂല രാഷ്ട്രീയത്തിനു പകരം കുടിക്കുന്ന വെള്ളത്തിന്‍റെയും ശ്വസിക്കുന്ന വായുവിന്‍റെയും ചെയ്യുന്ന കൃഷിയുടെയും കഴിക്കുന്ന ഭക്ഷണത്തിന്‍റെയും സൂക്ഷ്മരാഷ്ട്രീയം പരിശീലിക്കുന്ന പരിണാമമാണിത്. ഇങ്ങനെ രാഷ്ട്രീയവും സാംസ്കാരികവുമായി പരിണമിക്കുവാന്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ക്കാകുമോ? അങ്ങനെ അരാഷ്ട്രീയമായിപ്പോയ രാഷ്ട്രീയത്തെ പുനര്‍രാഷ്ട്രീയവത്കരിക്കാനാകുമോ നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക്.
വര്‍ഗീയ ഫാസിസവും പുതിയ രാഷ്ട്രീയം ആവശ്യപ്പെടുന്നു. മനുഷ്യരെ വെറും സാമ്പത്തിക മനുഷ്യരാക്കി, രാഷ്ട്രീയ ജന്തുക്കളാക്കി, പൊള്ളവത്കരിച്ച രാഷ്ട്രീയത്തോടുള്ള നിഷേധാത്മക പ്രതികരണമാണ് വര്‍ഗീയത. മനുഷ്യരുടെ ശരീരത്തോടും ആത്മാവിനോടും ഭൗതികജീവിതത്തോടും ഒരേപോലെ സംസാരിക്കാനാവുന്ന സാംസ്കാരിക രാഷ്ട്രീയം പുതിയ ലോകവും കാലവും ആവശ്യപ്പെടുന്നു. സമഗ്രവും സമ്പൂര്‍ണവുമായ ഒരു സാകല്യരാഷ്ട്രീയം അസാധ്യമാകുമ്പോള്‍ മനുഷ്യര്‍ക്ക് സ്വയം പിളര്‍ക്കേണ്ടി വരുന്നു. ആ ശൂന്യതയിലേക്കാണ് വര്‍ഗീയത കടന്നുവരുന്നത്. രാഷ്ട്രീയത്തോട് അലസമാവാത്ത ഒരാത്മീയതയും ആത്മീയതയോട് അലസമാവാത്ത ഒരു രാഷ്ട്രീയവും രൂപപ്പെടുത്തുകയാണ് പോംവഴി. രാഷ്ട്രീയക്കാര്‍ കവികളും കവികള്‍ രാഷ്ട്രീയക്കാരുമാകുന്ന ഒരു കാലം നമുക്ക് സ്വപ്നം കാണാനാകുമോ? നൈതികതയുടെ രാഷ്ട്രീയവും രാഷ്ട്രീയത്തിന്‍റെ നൈതികതയും പരസ്പരം ഹസ്തദാനം ചെയ്യുന്ന ഒരു ലോകം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. ഒരാള്‍ക്ക് ക്രിസ്ത്യാനിയോ മുസ്ലീമോ യുക്തിവാദിയോ അവിശ്വാസിയോ ദളിതനോ സ്ത്രീയോ ആയിരുന്നുകൊണ്ടുതന്നെ അപരനിലേയ്ക്കു കൈ നീട്ടാനാവണം. കെ ആര്‍ നാരായണനെന്തിന് ദളിതനല്ലാതാവണം? അബ്ദുള്‍ കലാമെന്തിന് അയ്യരാവണം? രാമനെന്നു പറയുമ്പോള്‍ റഹീമെന്നും റപ്പായിയെന്നു പറയുമ്പോള്‍ കൃഷ്ണനെന്നും മനസ്സിലാക്കപ്പെടുന്ന ബഹുസ്വരതയുടെ കാലം സംഭവിക്കുക തന്നെ വേണം. വിശ്വാസങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും പുതിയൊരു മഴവില്‍ സംവാദത്തിനു നേതൃത്വം കൊടുക്കാന്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ക്കാകുമോ? ഇല്ലെങ്കില്‍ നിങ്ങളുടെ രാഷ്ട്രീയം അരാഷ്ട്രീയമാകുന്നു.
നിലവിലുള്ള രാഷ്ട്രീയക്കാരുടെ ഇപ്പോഴത്തെ രാഷ്ട്രീയം റദ്ദായിക്കഴിഞ്ഞു. യുദ്ധത്തില്‍ ഒരു നിയമമുണ്ട്. ഒരു യുദ്ധം നയിച്ചു തോറ്റുപോയ ജനറലിനെ മറ്റൊരു യുദ്ധം നയിക്കാന്‍ അനുവദിച്ചുകൂടാ. അയാളെ പെന്‍ഷന്‍ കൊടുത്ത് വീട്ടിലിരുത്തുകയാണ് വേണ്ടത്. രാഷ്ട്രീയവും യുദ്ധവും തമ്മിലുള്ള ബന്ധം സുവിദിതമാണല്ലോ. ബോംബ് പൊട്ടുകയും രക്തം വീഴ്ത്തുകയും ചെയ്യുന്ന രാഷ്ട്രീയമാണ് യുദ്ധം. യുദ്ധത്തിന്‍റെ നിയമം രാഷ്ട്രീയത്തിനും ബാധകമാണ്. ഒരു ജനതയെ തോല്‍വിയിലേക്കു നയിച്ച രാഷ്ട്രീയക്കാരനെ രാഷ്ട്രീയത്തില്‍ തുടരാന്‍ അനുവദിച്ചുകൂടാ.
Featured Posts
bottom of page