top of page

മരണവും ജീവനും കവാടത്തില്‍ കണ്ടുമുട്ടിയപ്പോള്‍

Jan 1, 2013

2 min read

ഡപ
A dead body

വിപരീതദിശകളില്‍ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്ന രണ്ട് പ്രവാഹങ്ങള്‍...


അകാലത്തില്‍ പൊലിഞ്ഞ ഒരു യുവാവിന്‍റെ മൃതദേഹവും വഹിച്ചുകൊണ്ട് അവന്‍റെ ബന്ധുക്കളും പരിചയക്കാരുമൊക്കെ ഉള്‍പ്പെടുന്ന മരണത്തിന്‍റെ പ്രവാഹം ഒരു വശത്ത്. മറുവശത്ത് ജീവന്‍റെ പ്രവാഹവും. ജീവന്‍റെ ഉറവിടവും മൂര്‍ത്തീകരണവുമായ ക്രിസ്തുവിനെ അനുഗമിക്കുന്ന ശിഷ്യഗണവും, അവനെ വളഞ്ഞുനില്‍ക്കുന്ന വലിയ ഒരു ജനക്കൂട്ടവും. ഈ രണ്ടു പ്രവാഹങ്ങളും നായിന്‍ നഗരകവാടത്തില്‍ സംഗമിക്കുന്നതായാണ് സുവിശേഷം അവതരിപ്പിക്കുന്നത് (ലൂക്ക 7:11-17). കവാടമെന്നത് ഒരേ സമയം ഉള്ളില്‍ പ്രവേശിക്കാനും പുറത്ത് കടക്കാനും ആഗമനത്തിനും ബഹിര്‍ഗമനത്തിനും, സ്വീകരണത്തിനും തിരസ്കരണത്തിനുമുള്ള സാധ്യതയാണല്ലോ. ഇവിടെ നമ്മള്‍ കാണുന്നത് ഉള്ളിലേക്ക് പ്രവേശിക്കുന്ന ജീവന്‍റെ പ്രവാഹവും പരിണതഫലമായി പുറത്തേക്കുകടക്കുന്ന മരണത്തിന്‍റെ പ്രവാഹവുമാണ്. അതുകൊണ്ട് തന്നെ അവയ്ക്കിടയില്‍ കണ്ടുമുട്ടലിന്‍റെതായ ഒരു കവാടവും അനിവാര്യമാണ്.

ഈ കണ്ടുമുട്ടല്‍ വിസ്മയകരമായ ഒരു പ്രതിഭാസത്തിനു വേദിയായിത്തീരുന്നതായാണ് നമ്മള്‍ പിന്നീട് കാണുന്നത്. ഒന്ന് മറ്റൊന്നില്‍ ലയിച്ച് ചേര്‍ന്ന്, രണ്ട് പ്രവാഹങ്ങള്‍ ജീവന്‍റെ ഒറ്റ പ്രവാഹമായിത്തീരുന്നു. ഇവിടെ മരണം ജീവനായി രൂപാന്തരപ്പെടുന്നു. ജീവന്‍റെ ഉറവിടമായ ക്രിസ്തു മരണത്തോട് 'അകന്ന് പോകൂ' എന്നും ജീവനോട് 'എഴുന്നേല്‍ക്കുക' എന്നും കല്‍പ്പിക്കുമ്പോള്‍ അവ വിനീതരായി തങ്ങളുടെ വിധേയത്വം പ്രകടിപ്പിക്കുന്നു. ജീവന്‍റെ പ്രാഭവത്തിനു മുമ്പില്‍ മരണമേ നീയെത്രയോ ബലഹീനം! ജീവന്‍റെ ആഗമനത്തില്‍ മരണം നിഷ്ക്രമിക്കാന്‍ നിര്‍ബന്ധിതമാകുന്നു. ജീവന്‍ തന്നെയായവന്‍റെ കല്‍പ്പന ശ്രവിക്കുന്ന വേളയില്‍ മൃതനായിരുന്നവന്‍ ജീവന്‍ പ്രാപിക്കുന്നു. മരണം ജീവനു മുമ്പില്‍ കീഴടങ്ങുമ്പോള്‍ മൃത്യുവിനെ ചൊല്ലിയുള്ള വിലാപം ജീവന്‍റെ ആഘോഷമായി മാറുന്നു.

തികച്ചും നിരാശാജനകമായ ഒരു സന്ദര്‍ഭമായിരുന്നു അത്. ഭര്‍ത്താവ് നഷ്ടപ്പെട്ടവളാണല്ലോ വിധവ. അവളുടെ ഏക ആശ്രയം യുവാവായ മകനായിരുന്നു. ഇപ്പോള്‍ ഇതാ അവനും നഷ്ടപ്പെട്ടിരിക്കുന്നു. അവളെ സംബന്ധിച്ചിടത്തോളം കാല്‍ക്കീഴിലെ മണ്ണ് ഒലിച്ച് പോയതുപോലെയായിരുന്നു അത്. എന്നാല്‍ പ്രത്യാശക്കു യാതൊരു വകയുമില്ലാതിരുന്ന ഈ സാഹചര്യത്തില്‍ അവളെ പൊതിഞ്ഞിരുന്ന കടുത്ത അന്ധകാരത്തിന്‍റെ വലയം ഭേദിച്ച് ഒരു പ്രകാശകിരണം കടന്നു വരുന്നു. ഏകമകന് കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പ് നല്‍കിയ അതേ കവാടത്തില്‍വച്ചുതന്നെ അവള്‍ അവനെ ജീവനുള്ളവനായി ദര്‍ശിക്കുകയും സന്തോഷപൂര്‍വ്വം സ്വീകരിക്കുകയും ചെയ്യുന്നു.

ഈ സംഭവത്തിന് നമ്മുടെ ജീവിതങ്ങളില്‍ തീര്‍ച്ചയായും വളരെയധികം പ്രസക്തിയുണ്ട്. ഹൃദയത്തിന്‍റെ അഗാധതയില്‍ നമ്മളോട് സംവദിക്കാന്‍ ദൈവവചനത്തിന് അനുവാദം നല്‍കുന്ന പക്ഷം, അത് തീര്‍ച്ചയായും നമ്മളില്‍ വെല്ലുവിളിയുടെ, അസ്വസ്ഥതയുടെ, ആശ്വാസത്തിന്‍റെ, ശക്തിയുടെ ഒരനുഭവം സൃഷ്ടിക്കുകതന്നെ ചെയ്യും. ചില സന്ദര്‍ഭങ്ങളില്‍ നിരാശ നമ്മളെ കീഴടക്കിയേക്കാം. പ്രയാസങ്ങളും പ്രതിബന്ധങ്ങളും മൂലം ജീവിതമാകെ ഇരുണ്ട് പോകുന്നതായി തോന്നിയേക്കാം. മാനുഷികമായി ചിന്തിച്ചാല്‍ സഹായത്തിനോ, രക്ഷക്കോ വിദൂരസാധ്യത പോലുമില്ലാത്ത അവസ്ഥയില്‍പ്പോലും ഹതാശരാവാതെ മുന്നോട്ടു നീങ്ങുക.

ഓര്‍ക്കുക... രാത്രി എത്ര തന്നെ അന്ധകാരാവൃതവും ദൈര്‍ഘ്യമേറിയതുമാണെങ്കിലും അതിന് ഒരവസാനം കുറിച്ചുകൊണ്ട് പ്രഭാതം വന്നെത്തുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. സമുദ്രം എത്ര തന്നെ വിശാലമാണെങ്കിലും അതിന് ഒരു തീരമുണ്ടാവുകതന്നെ വേണം. നമ്മുടെ ജീവിതത്തെ സംബന്ധിച്ചായാലും യാഥാര്‍ത്ഥ്യം മറ്റൊന്നല്ല. അസാധ്യമെന്നോരോപിച്ച് ഒരു സാധ്യതയേയും നിരാകരിക്കരുത്. മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് എന്നല്ലേ പറയാറുള്ളത്. ഹൃദയത്തില്‍നിന്ന് മരണം നിഷ്ക്രമിക്കുന്തോറും ജീവന്‍ വന്നു നിറയുന്നതായി അനുഭവപ്പെടുകതന്നെ ചെയ്യും. മരണത്തെ മരണം വഹിക്കുന്ന ശവമഞ്ചങ്ങള്‍ പുറന്തള്ളിയാല്‍ മാത്രമേ ജീവനും പ്രകാശവും കടന്നുവരുകയുള്ളൂ. അസൂയ, അഹങ്കാരം, സ്വാര്‍ത്ഥത, പ്രതികാരം, വെറുപ്പ്, ചൂഷണം എന്നീ തിന്മകള്‍ പട്ടുവസ്ത്രത്തില്‍ പൊതിഞ്ഞ്, അലങ്കരിച്ച ശവമഞ്ചങ്ങളില്‍ ഒളിപ്പിച്ചു കൊണ്ടുനടക്കുമ്പോള്‍, ക്രിസ്തു ജീവനും പ്രകാശവുമായി ഉള്ളിലേക്ക് കടന്നു വരും എന്ന് പ്രതീക്ഷിക്കുന്നത് തീര്‍ത്തും വൃര്‍ത്ഥമാണ്. ജീവിതം സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും ഒരാഘോഷമായി തീരണമെങ്കില്‍ നമ്മളുടെ ഹൃദയകവാടങ്ങള്‍ മരണം പേറുന്ന ശവമഞ്ചങ്ങള്‍ക്കു മുന്നില്‍ കൊട്ടിയടയ്ക്കുകയും, ജീവിക്കുന്ന വ്യക്തികള്‍ക്കും ജീവന്‍റെ പ്രഘോഷണങ്ങള്‍ക്കുമായി തുറന്നിടുകയും ചെയ്യണം.

ഡപ

0

0

Featured Posts

bottom of page