top of page
1. ബലാത്സംഗം യുദ്ധം ചെയ്യുന്നവന്‍റെ ആയുധം
(റോബി കുര്യന്‍)
റേപ്പ്, ഒരു സെക്ഷ്വല്‍ ആക്ട് എന്നതിലുപരി അധികാരപ്രകടനവുമായി ബന്ധപ്പെട്ട ഒന്നാണ്. ഒരു റേപ്പിസ്റ്റും കേവലം കാമദാഹിയല്ല, മറിച്ച് തന്‍റെ സഹജീവിയുടെ മേല്‍ ലിംഗപരമായ അധികാരം തനിക്കുണ്ടെന്നും, അതുകൊണ്ടുതന്നെ തന്‍റെ ഇച്ഛയ്ക്കനുസര ിച്ച് സഹജീവിയെ ഉപയോഗിക്കാനുള്ള അവകാശം തനിക്കുണ്ടെന്നുമുള്ള തലതിരിഞ്ഞ അധികാര ബോധത്തിന്‍റെ മാനിഫെസ്റ്റോയാണ് റേപ്പ്. അധികാരവും ലൈംഗികതയും തമ്മിലുള്ള ബന്ധം വികസിതസമൂഹങ്ങളില്‍ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്...
ലൈംഗികതയെ സമ്പത്തിന്‍റെ ടേമ്സിലേക്ക് മാറ്റിയതാണ് വേശ്യാവൃത്തി. വില്‍ക്കല്‍-വാങ്ങല്‍ പ്രക്രിയയില്‍ വില്‍ക്കുന്നവനേക്കാള്‍ അധികാരം വാങ്ങുന്നവനാണ്. അവനാണു 'വില്‍പ്പന' തീരുമാനിക്കുന്നത്. അതുകൊണ്ടുതന്നെ വേശ്യാവൃത്തിയില്‍ വാങ്ങുന്നവനാണ് അധികാരം. വില്‍ക്കുന്നവന്‍/ള്‍ സാമ്പത്തികമായും അതുകൊണ്ടുതന്നെ ലൈംഗികമായും അടിമയാണ്....
പുരുഷനെന്ന നിലയില്‍ താന്‍ കൂടുതല്‍ ശ്രേഷ്ഠജീവിയാണെന്നും, കൂടുതല്‍ ഇന്‍ഫീരിയര്‍ സൃഷ്ടി എന്ന നിലയില്‍ സ്ത്രീ എന്ന ജീവിയുടെ ശരീരത്തിനു മേല്‍ തനിക്ക് അധികാരമുണ്ടെന്നുമാകണം റേപ്പിസ്റ്റായ പുരുഷന്‍ കരുതുന്നത്. ഇതേ തലതിരിഞ്ഞ അധികാരബോധമാണ് സ്ത്രീകളുടെ വസ്ത്രധാരണത്തെപ്പറ്റി പരാതികളുന്നയിക്കുന്നവരില്‍/ സ്ത്രീവസ്ത്രധാരണത്തില്‍ പുരുഷന്മാര്‍ക്ക് നിയന്ത്രണം വേണമെന്ന മനോഭാവത്തില്‍ വര്‍ക്ക് ചെയ്യുന്നത്. ഇതേ തലതിരിഞ്ഞ അധികാരബോധം കാരണമാണ് സ്ത്രീകളെ നിയന്ത്രിക്കാനായി വാദിക്കുന്ന ഏതൊരുത്തനും ഒരു പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റാകുന്നത്.
2. 'പ്ലീസ് റേപ്പ് മീ'
(ബഷീര്‍ വള്ളിക്കുന്ന്)
നമ്മുടെ മിക്ക സിനിമകളും പരസ്യങ്ങളും ചുമര്‍ചിത്രങ്ങളും സ്ത്രീകളെ പ്രദര്‍ശനവസ്തുക്കളായിട്ടാണ് അവതരിപ്പിക്കുന്നത്. ദൃശ്യമാധ്യമങ്ങളുടെ ഓരോ ഫ്രെയിമിലും സ്ത്രീശരീരം മാര്‍ക്കറ്റ് ചെയ്യപ്പെടുന്നുണ്ട്. ആഭാസകരമായ ചുവടുകളും താളങ്ങളും നൃത്തങ്ങളും വാര്‍ത്താചാനലുകളില്‍പോലും നിറഞ്ഞുനില്‍ക്കുകയാണ്. മാനുഷികമായ വികാരങ്ങളെ ഇക്കിളിപ്പെടുത്തി ഒരു 'ഞരമ്പ്രോഗ വ്യവസായം' സൃഷ്ടിക്കുവാനുള്ള ശ്രമങ്ങളാണ് എവിടെയും കാണുന്നത്. സിനിമാ നടികളുടെ സ്വാഭാവിക പ്രസവംവരെ എങ്ങനെ ചിത്രീകരിച്ചു ഹിറ്റാക്കാമെന്നതാണ് സിനിമാലോകത്ത് നടക്കുന്ന ലേറ്റസ്റ്റ് പരീക്ഷണങ്ങള്‍. 'ബോള്‍ഡ് സെക്സും' അനുബന്ധ ആഭാസത്തരങ്ങളും കുത്തിനിറച്ച ന്യൂ ജനറേഷന്‍ ഉരുപ്പടികളും വേണ്ടത്ര വിറ്റഴിക്കപ്പെടുന്നു. ആര്‍ക്കും പരിഭവമോ പരാതിയോ ഇല്ല. സെന്‍സറിന്‍റെ കത്രികകളുമില്ല. ഇവക്കെതിരെ അല്പമെങ്കിലും പ്രതികരിക്കുന്നവരെയൊക്കെ സദാചാരവാദികളെന്ന് പരിഹസിച്ച് പുച്ഛിക്കുവാനും ആളുകളേറെ. എന്നാല്‍ ഇതൊക്കെ കണ്ടും കേട്ടും സമനില തെറ്റുന്ന യുവത്വം ഞരമ്പ് രോഗത്തിന്‍റെ അങ്ങേത്തലക്കല്‍ എത്തുമ്പോള്‍ മാത്രം തെരുവില്‍ പ്രകടനം നടത്തിയിട്ട് എന്തുഫലം? ഇത്തരം പ്രകടനങ്ങളും പ്രതിഷേധങ്ങളും പെട്ടെന്ന് കെട്ടടങ്ങും. പക്ഷേ ഞരമ്പുകളെ സൃഷ്ടിക്കുന്ന സാമൂഹിക ചുറ്റുപാടുകള്‍ അനുസ്യൂതമായി തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്നോര്‍ക്കുക.
ഇത്തരം പ്രശ്നങ്ങളോടുള്ള സമീപനങ്ങളില്‍ സ്ത്രീകള്‍ക്കുമാവാം ചില മാറ്റങ്ങള്‍. 'എങ്ങനെ വസ്ത്രം ധരിക്കണമെന്ന് ഞങ്ങളെ പഠിപ്പിക്കാന്‍ വരരുത്, മാന്യമായി പെരുമാറുവാന്‍ നിങ്ങളുടെ മക്കളെ പഠിപ്പിക്കുക' എന്നതാണ് പ്രക്ഷോഭകരുടെ പ്ലക്കാര്‍ഡുകളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വാക്യം. ആ വാക്യം ഉയര്‍ത്തുന്ന സ്വാഭാവിക വികാരത്തെ ഉള്‍ക്കൊള്ളുന്നു. അതിനെ മാനിക്കുകയും ചെയ്യുന്നു. അതോടൊപ്പം സ്ത്രീസമൂഹത്തോട് ഒരഭ്യര്‍ത്ഥനയുണ്ട്; വസ്ത്രധാരണത്തില്‍ അല്പം മാന്യത നിങ്ങള്‍ക്കുമാവാം. ഒരു തിന്മയും പെട്ടെന്നൊരു നിമിഷത്തില്‍ പൊട്ടിപ്പിറക്കുന്നതല്ല. ഏത് തിന്മയും അതിലേക്കു നയിക്കപ്പെടുന്ന ചില സാഹചര്യങ്ങളുടെകൂടി സൃഷ്ടിയാണ്. അവയെക്കൂടി തിരിച്ചറിയുന്ന ഒരു സാമൂഹികസംസ്കാരം വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ നിങ്ങളുടെകൂടി പങ്കുണ്ടാവണം. ഞങ്ങള്‍ എങ്ങിനെയും നടക്കും, പക്ഷേ നിങ്ങള്‍ മര്യാദയ്ക്ക് നടന്നേ തീരൂ എന്ന് പറയുന്നിടത്ത് അല്പം ചില പന്തികേടുണ്ടെന്നു മാത്രം പറയട്ടെ.
സമൂഹത്തില്‍ കള്ളന്മാരുണ്ട് എന്ന് തിരിച്ചറിയുന്നതു കൊണ്ടാണ് കിടന്നുറങ്ങുന്നതിനുമുമ്പ് വാതില്‍ കുറ്റിയിടാന്‍ നാം മറന്നുപോകാത്തത്. 'കള്ളന്മാരേ നിങ്ങള്‍ നല്ല മനുഷ്യരാവൂ, ഞങ്ങള്‍ വാതില്‍ തുറന്നിടാം' എന്ന് പറയുന്നത് വിവരക്കേടാണ്. കള്ളന്മാരേ കൂടുതല്‍ പ്രലോഭിപ്പിക്കുന്ന സമീപനമാവുമത്. അത്തരം സമീപനങ്ങള്‍ ഉണ്ടാവാതിരിക്കുക എന്നതും കള്ളന്മാര്‍ക്കെതിരെയുള്ള ശിക്ഷാനടപടികളോളംതന്നെ പ്രധാനമാണ്. തങ്ങള്‍ പ്രദര്‍ശനവസ്തുക്കളല്ല എന്ന് ആദ്യം തിരിച്ചറിയേണ്ടതും സ്വയം പ്രദര്‍ശനവസ്തുക്കളാകാതിരിക്കാന്‍ ശ്രമിക്കേണ്ടതും സ്ത്രീകള്‍തന്നെയാണ്.
പ്രതിഷേധജ്വാലകള്‍ക്കിടയില്‍ മുംബൈയില്‍ നിന്നുള്ള ഒരു വാര്‍ത്തയും ചിത്രങ്ങളും ശ്രദ്ധയിലുടക്കി. മുംബൈയിലെ ചില മോഡലുകള്‍ ഡല്‍ഹി പീഡനത്തിനെതിരെ പ്രതികരിക്കുന്നതിനുവേണ്ടി ഒരു ഫോട്ടോ ഷൂട്ട് നടത്തി. ബിക്കിനി മാത്രം ധരിച്ചാണ് ഫോട്ടോ ഷൂട്ട്... കാമോദ്ദീപകമായ വ്യത്യസ്ത പോസുകളില്‍ അവര്‍ ക്യാമറകള്‍ക്ക് വിരുന്നേകി. 'സ്റ്റോപ്പ് റേപ്പ്' എന്ന് ശരീരത്തില്‍ വെണ്ടയ്ക്ക അക്ഷരത്തില്‍ എഴുതിവെച്ചിട്ടുണ്ട്. ശരീരത്തിന്‍റെ നഗ്നമായ വടിവുകള്‍ക്കിടയില്‍ വളരെ പ്രയാസപ്പെട്ടാണ് ആ അക്ഷരങ്ങള്‍ എഴുതിച്ചേര്‍ത്തിട്ടുള്ളത്. ഒട്ടും സംശയമില്ലാതെ പറയാം 'സ്റ്റോപ്പ് റേപ്പ്' എന്നല്ല 'പ്ലീസ് റേപ്പ് മീ' എന്നാണ് ഇത്തരം പേക്കൂത്തുകള്‍ വിളിച്ചുപറയുന്നത്!!
ബഷീര്‍ വള്ളിക്കുന്നിനോടുള്ള ചില പ്രതികരണങ്ങള്‍
(i) ഞാന്‍ രേഖപ്പെടുത്തുന്നത് എന്‍റെ അഭിപ്രായം മാത്രം. അല്ലാതെ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അശ്ലീലങ്ങളെയും അന്യായങ്ങളെയും ന്യായീകരിക്കുകയല്ല. നിങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുന്ന ഈ ദൃശ്യങ്ങള്‍ക്ക് ഒരു മറുവശമുണ്ട്. പുരുഷന്മാരെ മാത്രം കുറ്റംപറഞ്ഞ് ഒഴിയാവുന്നതല്ല ഈ കാര്യങ്ങള്‍. സ്ത്രീകളുടെ വേഷവും മറ്റുള്ളവര്‍ കാണാന്‍ വേണ്ടി ഫാഷനെന്ന പേരില്‍ അവര്‍ ധരിക്കുന്ന ശരീരം പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രധാരണവും ഈ രീതിയിലുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്നു. ഒരു സ്ത്രീയെ കാണുമ്പോള്‍ ഒരു പുരുഷനു സഹോദരീസ്നേഹം മാത്രമേ തോന്നാവൂ എന്ന് വാശി പിടിക്കരുത്. കാരണം ഇതേപോലുള്ള വേഷങ്ങളില്‍ സ്വന്തം സഹോദരിമാരെ ആരും കാണാന്‍ ആഗ്രഹിക്കില്ല. ഒരു ഭാഗത്തുനിന്നുള്ള പെരുമാറ്റംകൊണ്ട് മാത്രം മോശമായൊരു സാഹചര്യമൊരുങ്ങുന്നില്ല. അതിലുപരി രാത്രികാലങ്ങളില്‍ റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ്റ്റോപ്പുകളിലും അലഞ്ഞുതിരിയുന്ന സ്ത്രീകളെക്കൂടി നിങ്ങളൊന്നു കാണിക്കേണ്ടിയിരിക്കുന്നു. പിന്നെ പുരുഷന്മാര്‍ വരാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ഇത്ര വ്യക്തമായി ആരില്‍ നിന്നാണ് നിങ്ങള്‍ക്കു മനസ്സിലാക്കാന്‍ സാധിച്ചത്? ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ എന്തിനു സ്ത്രീകള്‍ ഒറ്റയ്ക്ക് നില്‍ക്കേണ്ടി വരുന്നു? ആരാണ് അവരെ കയറൂരി വിടുന്നത്? തുടങ്ങിയ ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്തേണ്ടി വരും - ജരീര്‍
(ii) നമ്മുടെ നാട്ടില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളെ മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും അവര്‍ സംഭവം നടക്കുമ്പോള്‍ മാന്യമായി വസ്ത്രം ധരിച്ചിരുന്നു എന്ന്. വള്ഗര്‍ ആയി വസ്ത്രം ധരിക്കുന്ന പെണ്‍കുട്ടികള്‍ അവരുടെ വസ്ത്രത്തിന്‍റെ അടിസ്ഥാനത്തില്‍ ഇരകളാകാറുമില്ലേ? വസ്ത്രം ആയിരുന്നു പ്രശ്നം എങ്കില്‍ അങ്ങനെ വസ്ത്രം ധരിക്കുന്ന പെണ്‍കുട്ടികള്‍ എല്ലാം പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാവണം... പൊതുസ്ഥലത്ത് നഗ്നത പ്രദര്‍ശിപ്പിച്ച ഏതെങ്കിലും സ്ത്രീയെ അവിടെവച്ച് മാലോകര്‍ ബലാത്സംഗം ചെയ്തതായി താങ്കള്‍ കേട്ടിട്ടുണ്ടോ? ഉണ്ടാവാന്‍ സാധ്യതയില്ല. അങ്ങനെ ഉണ്ടായിരുന്നുവെങ്കില്‍ ഇന്ന് സമൂഹത്തില്‍ പലരും പൊക്കി കൊണ്ടുനടക്കുന്ന പല നടിമാരും ഇതിനകം പൊതുസ്ഥലത്ത് റേപ് ചെയ്യപ്പെട്ടിട്ടുണ്ടാവണം. അതായത് മാലോകര്‍ക്ക് ആവശ്യത്തില്‍ കൂടുതല്‍ കണ്‍ട്രോള്‍ ഉണ്ട് എന്നുതന്നെ. മാന്യമായി വസ്ത്രം ധരിക്കരുത് എന്നല്ല പറഞ്ഞതിനര്‍ത്ഥം. മാന്യമായി വസ്ത്രം ധരിക്കാത്തത് ബലാത്സംഗത്തിലേക്ക് നയിക്കില്ല എന്നാണു പറയുന്നത്... ബലാത്സംഗങ്ങളും വസ്ത്രധാരണവും രണ്ടും രണ്ടാണ്. മാന്യത ഉള്ള സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിക്കണം എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് അത് അങ്ങനെതന്നെ വേണം താനും. സ്ത്രീകളുടെ മാന്യമല്ലാത്ത വസ്ത്രധാരണത്തെ എതിര്‍ക്കണമെങ്കില്‍ അതിനു മറ്റെന്തെല്ലാം പോംവഴികള്‍ ഉണ്ട്? പക്ഷേ മാന്യമായി വസ്ത്രം ധരിച്ചില്ലെങ്കില്‍ ബലാത്സംഗം ചെയ്യപ്പെടും ('എന്നെ റേപ് ചെയ്യൂ...') അല്ലെങ്കില്‍ ബലാത്സംഗം ചെയ്യാന്‍ പ്രേരിപ്പിക്കും അതുകൊണ്ട് സ്ത്രീകള്‍ത്തന്നെയാണ് ഈ കുറ്റകൃത്യങ്ങള്‍ക്ക് കാരണക്കാരെന്നു പറഞ്ഞുപരത്തുന്നത് ശരിയാണോ? അങ്ങനെ പറഞ്ഞുപരത്തുന്നതിലൂടെ പെണ്‍കുട്ടികളെ തഴഞ്ഞ് കുറ്റവാളികളെ സഹായിക്കുകയല്ലെ ചെയ്യുന്നത്? - മലക്ക്
(iii) താങ്കളോട് യോജിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി അമേരിക്കയില്‍ ജീവിക്കുന്ന ഒരാളാണു ഞാന്‍. സ്ത്രീകളോട് എങ്ങനെ പെരുമാറണം എന്ന് ഇവിടെയുള്ളവരെ കണ്ടു പഠിക്കണം. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സീറ്റില്‍ പുരുഷന്മാര്‍ കയറിയിരിക്കുന്ന നമ്മുടെ നാട്ടില്‍നിന്ന് വന്ന എനിക്ക്, അവര്‍ക്കുവേണ്ടി പുരുഷന്മാര്‍ സീറ്റ് ഒഴിഞ്ഞു കൊടുക്കുന്നത് കാണുന്നത് അത്ഭുതമായിരുന്നു. തിരക്കുള്ള ബസിലോ ട്രെയിനിലോ ആരും അറിയാതെപോലും സ്ത്രീകളെ സ്പര്‍ശിക്കാറില്ല, അവര്‍ ഏതു വേഷം ധരിവരായാലും. - രാജീവ്.
(iv)....നാല് വയസ്സുള്ള കുഞ്ഞുങ്ങള്‍ മുതല്‍ എഴുപതു വയസ്സുള്ള വൃദ്ധകള്‍ വരെ നിരന്തരം ലൈംഗികാതിക്രമത്തിന് ഇരയാകുന്നതിനുള്ള കാരണവും വസ്ത്രധാരണത്തിലെ അപാകതകള്‍ ആവുമല്ലേ? കണക്കുകള്‍ പ്രകാരം സ്വീഡനും ഡെന്മാര്‍ക്കും ഉള്‍പ്പെടുന്ന സ്കാന്‍ഡിനേവിയന്‍ രാഷ്ട്രങ്ങള്‍ ആണ് സ്ത്രീ സുരക്ഷയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത്. യൂറോപ്പും അമേരിക്കയും ആസ്ട്രേലിയയും ഭേദപ്പെട്ട നിലയില്‍ ആണെങ്കില്‍ ആഫ്രിക്കന്‍, ഏഷ്യന്‍ ഭൂഖണ്ഡങ്ങളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല. ശരീരം മുഴുവന്‍ മൂടിക്കെട്ടി നടന്നില്ലെങ്കില്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടും. ആണുങ്ങള്‍ക്ക് കാമോദ്ദീപനം സംഭവിക്കും. പിന്നെ പറഞ്ഞിട്ട് കാര്യം ഉണ്ടാവില്ല... പീഡിപ്പിക്കും എന്ന് പറഞ്ഞാല്‍ പീഡിപ്പിക്കും... സിനിമ താരങ്ങളും മോഡലുകളും എല്ലാം, ഞങ്ങളെ പീഡിപ്പിച്ചോളൂ എന്നും പറഞ്ഞാണ് നടക്കുന്നത് എന്നും കണ്ടെത്തുന്നുണ്ട് ലേഖകന്‍. സ്ത്രീവിരുദ്ധം മാത്രമല്ല, പുരുഷവിരുദ്ധവുമാണ് ഇത്തരം പ്രസ്താവനകള്‍. എല്ലാ ആണുങ്ങളും വികാരജീവികളായി സ്ത്രീകളുടെ പിന്നാലെ നടക്കുന്നു എന്നൊരു ധ്വനിയും ഉണ്ടല്ലോ ഇതില്‍. സ്ത്രീകളോട് മൂടിപ്പുതച്ചു നടക്കാന്‍ പറയുന്നതിന് മുന്‍പ്... ദുഷിച്ച കണ്ണുകള്‍ മൂടിക്കെട്ടിവെയ്ക്കുക. അല്ലെങ്കില്‍ അങ്ങ് കുത്തിപ്പൊട്ടിക്കുക.!!
ശ്രീജിത്ത് കൊണ്ടോട്ടി
(v) ജട്ടി കാണിച്ച് ലോ വെയ്സ്സ് ഇട്ട് നടക്കുന്ന കുറെ യുവാക്കളുണ്ട്. അവിടെ അവരെ പെണ്‍കുട്ടികള്‍ കേറി പിടിക്കുന്നുണ്ടോ? ഇല്ലല്ലോ? വിദേശരാജ്യങ്ങളില്‍ താങ്കള്‍ മുകളില്‍ പറഞ്ഞപോലെ വസ്ത്രം ധരിച്ച് നടക്കുന്ന എത്രയോ പേരുണ്ട്. നമ്മുടെ രാജ്യത്ത് നടക്കുന്നതിന്‍റെ എത്രയോ കുറവാണ് അവിടെ സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമം. നമ്മുടെ കാഴ്ചപ്പാട് തന്നെയാണ് പ്രശ്നം. പെണ്ണുങ്ങളെ കാണുമ്പോള്‍ പട്ടി മീന്‍തല കാണുന്നപോലെ വെള്ളമിറക്കി, പറ്റിയാല്‍ കേറിപ്പിടിക്കാന്‍ നോക്കുന്നവര്‍ക്ക് തന്നെയാണ് കുഴപ്പം. പിന്നെ കടുത്ത ശിക്ഷ കൊടുക്കാത്ത ന ിയമസംവിധാനങ്ങളും. - ജയദ്രഥന്‍
3. പര്‍ദ്ദയെ കൂട്ടബലാല്‍സംഗം ചെയ്യുന്നവരോട്... (ബ്ലോഗന്‍)
ബലാല്‍സംഗ ചര്‍ച്ച പുരോഗമിക്കുക തന്നെയാണ്, എവിടെ ബലാത്സംഗം ചര്‍ച്ചചെയ്യപ്പെടുന്നുവോ അവിടെ പര്‍ദ്ദയും ചര്‍ച്ചയാവുന്നു... ബലാത്സംഗത്തിന് സ്ത്രീകളുടെ അല്‍പ്പവസ്ത്ര ധാരണവും കാരണമാകുന്നു, അവര്‍ക്ക് മാന്യമായ വസ്ത്രം ധരിച്ചു കൂടേ എന്ന് ചില പിന്തിരിപ്പന്‍ മൂരാച്ചികള്‍ ചോദിക്കുന്നു, പര്‍ദ്ദയിട്ട് നടക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ബലാത്സംഗം മരുന്നിന് പോലും ഇല്ലല്ലോ എന്ന സത്യവാങ്മൂലത്തിന്‍റെ അകമ്പടിയും ഉണ്ട് പ്ലക്കാര ്ഡു ഉടനെ ഉയര്‍ത്തി തരുണീ മണികള്‍... "ചുപ് രഹോ. ഇടും ഇടാതിരിക്കും ഞങ്ങള്‍... മിണ്ടരുത്... വേണമെങ്കില്‍ നീയൊക്കെ...... റെയ്പാന്‍ വരരുത്."
അടുത്ത ഊഴം പുരോഗമന വാദികളുടേതാണ്. ക്യൂബയെപ്പറ്റി മാത്രമല്ല പര്‍ദ്ദയെപ്പറ്റിയും ഒരക്ഷരം മിണ്ടരുത്. നിങ്ങള്‍ മാന്യമായ വസ്ത്രം എന്ന് പറഞ്ഞത് പര്‍ദ്ദയെപ്പറ്റിയാണ്. പര്‍ദ്ദയെപ്പറ്റിത്തന്നെയാണ്, പര്‍ദ്ദയെപ്പറ്റി മാത്രമാണ്.
പിന്തിരിപ്പന്‍... തീവ്രവാദി... മതമൗലീകവാദി...
എ ന്നാ നീയൊക്കെ സൗദിയില്‍ ജീവിച്ചോടാ. പാകിസ്താനില്‍ വിസ കിട്ടുമോന്ന് നോക്കെടാ...@&**ഇതാണ് ബലാത്സംഗ ചര്‍ച്ചകളുടെ ഒരു ടോട്ടല് കെമിസ്ട്രി...
ഇരുപത്തിയഞ്ചുകൊല്ലം മുമ്പ് നമ്മുടെ നാട്ടിലെ വസ്ത്രരീതി എന്തായിരുന്നു? ആണുങ്ങള്‍ ഒട്ടുമുക്കാലും മുണ്ടും ഷര്‍ട്ടും. സ്ത്രീകള്‍ സാരി, പാവാട-ബ്ലൗസ്, ഹാഫ് സാരി, ചട്ടയും മുണ്ടും, തുണിയും കുപ്പായവും...
പാന്‍റിട്ട 'പരിഷ്കാരികള്‍' വളരെ കുറവ്
ചുരിദാറിട്ട 'തുള്ളിച്ചികള്‍' അതിലും കുറവ്
പര്‍ദ്ദയിട്ട 'യാഥാസ്ഥിതികര്‍' പിന്നെയും കുറവ്
ഇന്നോ?
ആണ്‍കുട്ടികള്‍ക്ക് സ്കൂളുകളില്‍ പാന്‍റ്സും ഷര്‍ട്ടും യൂണിഫോം. മുണ്ട് സ്കൂള്‍-കോളേജ് തലങ്ങളില്‍നിന്ന് ഒരു പരിധിവരെ അപ്രത്യക്ഷമായിരിക്കുന്നു, നാട്ടിന്‍പുറത്തും നഗരങ്ങളിലും പാന്‍റ്സ് ഇട്ടവര്‍ വേണ്ടത്ര...പെണ്‍കുട്ടികള്‍ മഹാഭൂരിപക്ഷവും ചുരിദാറിലേക്ക് നീങ്ങി, സ്കൂള്‍ യൂണിഫോം പലയിടത്തും ചുരിദാര്‍ തന്നെ, സൈഡ് കീറിയതും മൂഡ് തുന്നിയതും ഒക്കെയായി വ്യത്യസ്ത ഭാവങ്ങളില്‍ ചുരിദാര്‍ മാറിക്കൊണ്ടിരിക്കുന്നു. അനുദിനം. ഹാഫ് സാരിക്ക് 'വംശനാശം' വന്നു. പാവടയും ബ്ലൗസും പാര്‍ട്ടി വേഷങ്ങള്‍ ആയി 'പരിവര്‍ത്തനം' ചെയ്തു. ജീന്‍സും ടീഷര്‍ട്ടുമാണ് പുതിയ അവതാരങ്ങള്‍, ഏത് നിമിഷവും ഇവ ചുരിദാറിനെ ഒവേര്‍ടെക് ചെയ്യാം...സ്ത്രീകള്‍ സാരിയില്‍ ത്തന്നെ നില്ക്കുന്നു, പക്ഷേ സാരിയുടെ 'സ്റ്റഫ്' ഒരു പാട് മാറി... മുന്താണിയും... ഉടലും തലയും ഒക്കെ ശ്രദ്ധേയമായി മാറി, ഒട്ടേറെ മുസ്ലീം സ്ത്രീകള്‍ പര്‍ദ്ദയിലേക്ക് മാറി. പര്‍ദ്ദക്കും ദിവസേന മാറ്റങ്ങള്‍ വരുന്നു, ഫ്രെണ്ട് ഓപ്പണ്‍, ബോഡി ടൈറ്റ്, പിന്നില്‍ 'വര്‍ക്ക്' ഉള്ളത്, മുമ്പില്‍ വരയുള്ളത്...ചെറുപ്പക്കാര്‍ വീട്ടില്‍ കൈലി ഉടുത്തിരുന്നത് നിര്‍ത്തി, ട്രാക് പാന്‍റ്സും ബര്‍മുടയും ഇപ്പോള്‍ വീണ്ടും നീളം കുറഞ്ഞ് 'ഫഹദ് സ്റ്റൈയില്‍ എത്തിനില്‍ക്കുന്നു.
....പാന്‍റ്സും ചുരിദാറും വന്ന അതേ കാലഘട്ടത്തില്‍ കടന്നുവന്ന പര്‍ദ്ദക്കുമാത്രം പക്ഷേ മതേതര പരിവേഷം കിട്ടിയില്ല... എഴുപതുകളുടെ അവസാനത്തില്‍ മലയാളി അറബ് നാട്ടിലേക്ക് കുടിയേറി തുടങ്ങിയതോടെയാണ് പര്‍ദ്ദയുടെ വരവ്, അഞ്ചുകൊല്ലത്തെ ഇടവേളകളില്‍ നാട്ടിലെത്തുന്ന ഗള്‍ഫുകാരന്‍ തന്‍റെ പ്രാണപ്രേയസിയെ 'അറബിച്ചി'യെപ്പോലെ സുന്ദരിയാക്കാന്‍ കൊണ്ടുവന്നതാണ്... കടല്‍കടന്ന് വന്ന ഷവര്‍മ്മയും ബര്‍ഗ്ഗറും ഫ്രൈഡ് ചിക്കനും എല്ലാം 'മതേതര' കേരളം ഏറ്റെടുത്തു... പര്‍ദ്ദ മാത്രം ഒറ്റപ്പെട്ടു....
സ്ത്രീകളോട് തല മറയ്ക്കാന്‍ കല്‍പ്പിച്ച രണ്ടു പ്രമുഖ മതങ്ങള്‍ ക്രിസ്തുമതവും ഇസ്ലാംമതവുമാണ്, തല മറയ്ക്കാത്തവളുടെ മുടി മുറിക്കണം എന്ന് ബൈബിള്‍ വചനം ഉണ്ടെങ്കിലും ക്രിസ്ത്യാനികള്‍ അത് കാര്യമാക്കാറില്ല, കര്‍ത്താവിന്‍റെ മണവാട്ടികള്‍ക്കു മാത്രം അനുസരിക്കാനുള്ള ദൈവവചനമായി ആ സുവിശേഷം നിലനില്‍ക്കുന്നു. തല മറയ്ക്കുന്ന കാര്യത്തില്‍ നിഷ്കര്‍ഷയുള്ള മുസ്ലീം സ്ത്രീകള്‍ പര്‍ദ്ദയും മഫ്തയും ചേര്‍ന്ന വേഷത്തെ വളരെ വേഗം സ്വീകരിച്ചു... സംഗതി കേരളത്തില്‍ ഹിറ്റായി... ചുരിദാറും സാരിയും ഉപയോഗിച്ച സ്ത്രീകള്‍ പര്‍ദ്ദയുടെ സൗകര്യവും കംഫര്‍ട്ടബിലിറ്റിയും കണ്ടാണ് കൂട് മാറിയത്... പക്ഷേ കാലം അല്‍പം പിശകായിരുന്നു... ബാബറി പ്രശ്നം രൂക്ഷമായ എണ്‍പതുകളുടെ ഒടുക്കം തൊണ്ണൂറുകളുടെ തുടക്കം... മുസ്ലീങ്ങള്‍ക്കെതിരെ 'അന്യവത്കരണത്തിന്‍റെ' ശക്തികള്‍ ഉറഞ്ഞു തുള്ളുന്ന കാലം, മുസ്ലീങ്ങള്‍ക്ക് ചിഹ്നങ്ങള്‍ നിര്‍മ്മിച്ചു നല്‍കി, അവയെ യാഥാസ്ഥികര്‍ എന്ന ചാപ്പ കുത്താന്‍ തിടുക്കം കൂട്ടിയവര്‍ പര്‍ദ്ദയെ 'കയറിപ്പിടിച്ചു'. പ്രമുഖ നിരീശ്വര വാദിയായ ഹമീദ് ചേന്ദമംഗലൂരിനെപ്പോലുള്ളവര്‍ 'പര്‍ദ്ദയില്‍ തളച്ചിടപ്പെടുന്ന മുസ്ലീം സ്ത്രീകളുടെ 'ദൈന്യത'യെക്കുറിച്ച് വാറോലകള്‍ എഴുതി, പര്‍ദ്ദ വഴി യാഥാസ്ഥിതികതയും തീവ്രവാദവും ഇറക്കുമതി ചെയ്യുന്നു എന്ന് പരിതപിച്ചു. ചില പുരോഗമന പ്രസ്ഥാനക്കാരും ഫെമിനിസ്റ്റുകളും അത് തലയിലേറ്റി, ഫലം മറ്റൊരു മതവിശ്വാസിക്ക് ചിന്തിക്കാന്‍പോലും പറ്റാത്തവിധം പര്‍ദ്ദ അകന്നു പോയി... അത് മുസ്ലിങ്ങളുടേത് മാത്രമായി ഒറ്റപ്പെട്ടു...
പര്‍ദ്ദക്കെതിരെ ആക്രമങ്ങള്‍ പിന്നെയും തുടര്‍ന്നു. മുസ്ലീങ്ങളുമായി ബന്ധപ്പെട്ട ഏത് വിഷയം ചര്‍ച്ചക്ക് വന്നാലും പര്‍ദ്ദ ബലിയാടായി, സ്ത്രീ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പര്‍ദ്ദ അഭിവാജ്യ ഘടകമായി, എന്നാല്‍ നിറവ്യത്യാസം മാത്രമുള്ള ഇതേ പര്‍ദ്ദ ഉപയോഗിക്കുന്ന 'കന്യാസ്ത്രീകളുടെ' സ്വാതന്ത്ര്യം ഒരിക്കലും ചര്‍ച്ചയ്ക്ക് വന്നില്ല. കാരണം ഉന്നം വെക്കുന്നത് പര്‍ദ്ദയെ അല്ല, മുസ്ലങ്ങളെ അന്യവത്കരിക്കുകയാണ്, അവര്‍ പൊതു സമൂഹത്തില്‍നിന്ന് വേറിട്ട് നില്‍ക്കാന്‍ ആഗ്രഹിക്കുന്ന 'കൂട്ടരാണ്' എന്ന് വിളിച്ച് പറയുകയാണ് ലക്ഷ്യം...ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്തവിധം കേരളത്തില്‍ പര്‍ദ്ദ കൂട്ടബലാത്സംഗത്തിന് ഇരയായിക്കൊ ണ്ടിരിക്കുന്നു.
4. ഞാനറിയാത്ത പെണ്‍പോരാളി
മണ്‍സൂണ്‍ ബിസെല്‍ (ദ ഹിന്ദു, ജനു. 5, 2013)
അരുത്, ഇനിയും നിശ്ശബ്ദത പാടില്ല.
ഇതു പറയാനുള്ള ധൈര്യം ഞങ്ങള്‍ക്കു നല്‍കിയത് നീയാണ്.
നീ ഉയര്‍ത്തിയ ശബ്ദമാണ,് നിന്‍റെ പ്രതിഷേധ സ്വരമാണ്, പ്രതികരിക്കാനുള്ള ഞങ്ങളുടെ തന്‍റേടം.
നീ ശക്തമായി പ്രതികരിച്ചു, പോരാടി. എന്നാല്‍ അവര്‍ കൂടുതല്‍ അക്രമകാരികളും മൃഗീയരുമായി.
ജീവിക്കാന്‍ എത്രമാത്രം നീ കൊതിച്ചു. ജീവിക്കാനുള്ള ആശ അവസാനനിമിഷം വരെ നീ മുറുകെപ്പിടിച്ചല്ലോ. നിന്‍റെ വാക്കുകളിലൂടെ ആ ആഗ്രഹം ഞങ്ങളും അറിഞ്ഞതാണല്ലോ.
നീ നേരിട്ട പീഡനത്തെപ്പറ്റി ചിന്തിക്കുമ്പോള്‍തന്നെ ഞാനറിയാതെ എന്‍റെ തുടകള്‍ ഇറുക്കിപ്പിടിക്കുകയാണ്... ഒരു സ്ത്രീയും ഒരിക്കലും നേരിടാന്‍ പാടില്ലാത്തത്ര ക്രൂരതയല്ലേ നിന്‍റെ ശരീരം അറിഞ്ഞത്.
നിശ്ശബ്ദത പാടില്ല; ശബ്ദമുയര്‍ത്തുകതന്നെ വേണം എന്ന് ഞാനെഴുതിയത് നിന്നെ ബഹുമാനിക്കാന്‍ വേണ്ടിയാണ്. മൗനമെന്നാല്‍ മരണമാണ്(Silence = Death). കൂട്ടക്കുരുതിക്ക് വിധേയരായിരുന്ന സമൂഹം ഒരു കാലത്ത് ഉയര്‍ത്തിയിരുന്ന ഈ മുദ്രാവക്യം ഇന്ന് ആധുനികസമൂഹം, അതിലേറെ ഇന്ത്യന്‍ സ്ത്രീത്വംതന്നെ നെഞ്ചിലേറ്റിയിരിക്കുകയാണ്.
മൗനമവലംബിക്കുന്നത് മരണംവരിക്കലാണ്. ബലാത്സംഗത്തിന് വിധേയമാകുന്നത് കൊലചെയ്യപ്പെടലാണ്. അങ്ങനെയല്ലെന്നു പറയാന്‍ ആര്‍ക്കാണു സാധിക്കുന്നത്? ഇത് ശരീരത്തെ പിച്ചിച്ചീന്തി പ്രാണനെ കൊലചെയ്യുക മാത്രമല്ല ചെയ്യുന്നത്, ആത്മാവിനെയും കൊലചെയ്യുന്നു. പക്ഷേ നിന്നെ കൊല്ലാന്‍ നീ അനുവദിച്ചില്ല.
ഇന്ത്യയിലെ ഓരോ സ്ത്രീയും ശബ്ദമുയര്‍ത്തുകയാണ്, നിനക്കുവേണ്ടി. ഞങ്ങളെല്ലാവരും നിന്നോട് ഐക്യദാര്‍ഢ്യപ്പെടുകയാണ്. ഇനിയും ഒരു പെണ്‍കുട്ടിക്ക് ഇത്തരത്തിലിവിടെ ജീവിതം നഷ്ടപ്പെടരുത്. ആ ബസില്‍നിന്നു കേള്‍ക്കപ്പെടാതെ പോയ നിന്‍റെ നിലവിളിയാണ് ഞങ്ങളുടെ സ്വരത്തിലുയരുന്നത്. ചുരുക്കം ചില പുരുഷന്മാരും നമ്മോടൊപ്പമുണ്ട്.
സ്വന്തം വീടുകളില്‍ നമ്മള്‍ പുരുഷന്മാരാല്‍ അടിച്ചമര്‍ത്തപ്പെടുകയോ, ബലാത്സംഗച്ചെയ്യപ്പെടുകയോ ചെയ്യുന്നു. ജന്മം നല്‍കിയ അവകാശത്തിന്‍റെ പേരില്‍ പിതാവ് നമ്മെ അടിച്ചമര്‍ത്തുന്നു. കഴുത്തിലൊരു മിന്നു കെട്ടിയ അധികാരത്തിന്‍റെ ധൈര്യത്തില്‍ ഭര്‍ത്താവ് നമ്മളെ ബലാത്സംഗം ചെയ്യുന്നു. പൊതുസമൂഹത്തിന്‍റെ നടുവിലിട്ട് നമ്മെ പിച്ചിച്ചീന്തിയാലും സാക്ഷികളാരുമില്ല! വിശ്വാസവഞ്ചനയുടെ ജീവിതമാണ് നാമൊക്കെ പഠിച്ചുവച്ചിരിക്കുന്നത്. നമ്മെ പഠിപ്പിച്ചിരിക്കുന്ന ജീവിതപാഠങ്ങള്‍ അതുതന്നെയാണ്.
ഞങ്ങളുടെ ജീവിതത്തിലനുഭവിച്ച പീഡനങ്ങള്‍ നാണക്കേടിന്‍റെയോ മറ്റെന്തിന്‍റെയെങ്കിലുമോ പേരില്‍ ഇനിയും മറച്ചുവയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാം തുറന്നുപറയുന്നത് നിന്നോടുള്ള ഒരാദരവു കൂടിയാണ്. എന്‍റെ അനുഭവം ഞാന്‍ തുറന്നുപറയുകതന്നെ ചെയ്യും.
അന്നെനിക്ക് 15 വയസ്സ് പ്രായം. എന്‍റെ സുഹൃത്തുക്കളായ രണ്ട് ആണ്‍കുട്ടികളോടൊപ്പം ഞാന്‍ വീടിന് പിറകുവശത്തുള്ള നിരത്തിലൂടെ നടക്കാനിറങ്ങി. ആ സമയത്ത് ഏഴു പേരടങ്ങുന്ന ഒരു സംഘം എന്നെ ആക്രമിച്ചു. പക്ഷേ ഞാനീ സംഭവം ഏറ്റവും വിശ്വസ്തരായ വളരെ കുറച്ചുപേരോടു മാത്രമേ പറഞ്ഞുള്ളൂ. പിന്നീട് എന്‍റെ സ്വദേശത്തുനിന്നും നൂറുകണക്കിന് മൈല്‍ അകലെവെച്ച് നടന്ന ഒരു കൂട്ടായ്മയിലും ഞാനീക്കാര്യം പറഞ്ഞു. ആ സംഭവം നടന്നിട്ട് 25 വര്‍ഷം കഴിഞ്ഞു. അതിനെക്കുറിച്ച് ഇന്നാരുടെ മുന്‍പിലും വിശദീകരിക്കാന്‍ എനിക്ക് നല്ല ധൈര്യമാണ്. അതിന് എന്നെ ശക്തയാക്കിയത് നീയാണ്. നിന്‍റെ ശബ്ദമാണ്. അന്ന് രാത്രി 9.30 സമയം. പരീക്ഷയ്ക്കുവേണ്ടി പഠിച്ചുകൊണ്ടിരുന്ന ഞങ്ങള്‍ ഒരു ഇടവേളയ്ക്കുവേണ്ടി അല്പം നടക്കാനിറങ്ങിയതാണ്. ഞാന്‍ തലയും കുലുക്കി ചാടിച്ചാടിയാണ് നടന്നത്. എന്‍റെ ഭാവവും നടപ്പുമൊന്നും എതിരെവന്ന ഏഴംഗസംഘത്തിന് ഇഷ്ടപ്പെട്ടില്ല. അവര്‍ പ്രകോപിതരായി. അസഭ്യവാക്കുകള്‍ വിളിച്ചു പറഞ്ഞു. എന്‍റെ നേരെ ചീറിയടുത്തു. രണ്ടാം വട്ടവും സൈക്കിള്‍ കൊണ്ട് എന്‍റെ അടിവയറ്റില്‍ ഇടിക്കാനുള്ള ശ്രമത്തിനിടയില്‍ അവരുടെ തലവന്‍റെ സൈക്കിളിന് ബാലന്‍സ് തെറ്റി മറിഞ്ഞുവീണു. അതൊരു പക്ഷേ എനിക്കല്പം ഭാഗ്യം ഉണ്ടായിരുന്നിട്ടാവാം. ഇതിനിടയില്‍ ഞാനവിടെനിന്ന് ഓടി രക്ഷപ്പെട്ടു. എന്തു ചെയ്യാം, അന്ന് നീ യാത്ര ചെയ്തിരുന്ന ബസിന്‍റെ വാതില്‍ തുറന്നായിരുന്നെങ്കില്‍ നീയും ഒരുപക്ഷേ ജീവനിലേക്ക് ഓടിയേനെ!!
എനിക്കുള്ളതുപോലെയൊരു അച്ഛന്‍ നിനക്കുമില്ലേ? നിനക്ക് അവസരസമത്വം ഉണ്ടെന്ന് അദ്ദേഹവും വിശ്വസിച്ചിരുന്നിരിക്കാം. നിന്‍റെ വിദ്യാഭ്യാസത്തിനായി ഒരു പക്ഷേ സ്വന്തം ഭൂമിപോലും അദ്ദേഹം വിറ്റിരിക്കാം; പുത്രന്‍റെ നല്ല ഭാവിക്കുവേണ്ടി അല്ലെങ്കില്‍ പുത്രിയെ വിവാഹം ചെയ്ത് അയയ്ക്കുന്നതിനുവേണ്ടി ഭൂമി വില്‍ക്കുന്ന ഒരു പിതാവിനെപ്പോലെ. അന്ന് എന്‍റെ വല്യച്ഛനും അച്ഛനും എന്നെയും കൂട്ടി ആ രാത്രിയില്‍ത്തന്നെ തെരുവില്‍ മുഴുവന്‍ അക്രമികളെ തിരഞ്ഞു. പക്ഷേ അവരെ കണ്ടെത്താനായില്ല. അക്രമികളെ അന്വേഷിച്ചിറങ്ങിയ അവര്‍ അന്ന് പറഞ്ഞത്, നാളെ നീ വളര്‍ന്നുകഴിയുമ്പോഴും ഈ തെരുവിലൂടെ പേടികൂടാതെ നടക്കേണ്ടവളാണ് എന്നാണ്.
ഇതുപോലെയോ ഇതിലും മോശമായതോ ആയ അനുഭവങ്ങള്‍ നേരിട്ട നൂറുകണക്കിന് സ്ത്രീകളുണ്ടെന്ന് എനിക്കറിയാം. ബുദ്ധിയും ധൈര്യവുമുള്ള സ്ത്രീകള്‍ സംഘടിച്ച് മുന്നേറണം. സഹായിക്കാനും സഹകരിക്കാനും സന്നദ്ധതയുള്ള പുരുഷന്മാരെ കണ്ടെത്താനെനിക്കായിട്ടുണ്ട്. നിങ്ങള്‍ക്കും അങ്ങനെ കഴിയണമെന്നാണ് എന്‍റെ ആശ. പക്ഷേ അത്തരത്തിലുള്ള എത്ര ആണുങ്ങളുണ്ട്!! ഇല മുള്ളേല്‍ വീണാലും മുള്ള് ഇലേല്‍ വീണാലും കേട് ഇലയ്ക്കുതന്നെ എന്ന കാര്യം എനിക്കും ബാധകമാണ്. ആപത്തുകളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
പെണ്‍കുട്ടികള്‍ക്ക് നമ്മള്‍ പകര്‍ന്നുകൊടുക്കുന്ന പാഠം അതിരു വിട ്ട് പെരുമാറരുതെന്നും ആണുങ്ങളുടെ മേല്‍ക്കോയ്മ അംഗീകരിച്ചു കൊടുക്കണമെന്നുമാണ്. അവരാല്‍ നശിപ്പിക്കപ്പെടുന്നതൊന്നും പിന്നീട് തിരിച്ചെടുക്കാനാവില്ല. പെണ്‍കുട്ടികള്‍ അടങ്ങിയൊതുങ്ങി ജീവിക്കണം, സ്വന്തം വ്യക്തിത്വത്തെ ബലികഴിക്കണം, സ്വാഭാവിക വികാരങ്ങള്‍പ്പോലും അമര്‍ത്തിവയ്ക്കണം, ഇഷ്ടമുള്ള രീതിയില്‍ ജീവിക്കാനുള്ള ആഗ്രഹം ഉപേക്ഷിക്കണം, എങ്കില്‍ നമ്മള്‍ സുരക്ഷിതരായിരിക്കും - ഇത്തരം ഉപദേശങ്ങള്‍ കേട്ടുകേട്ട് ഞാനാകെ തളര്‍ന്നു.
ലോകം മുഴുവന്‍ നിനക്കായ് കേഴുകയാണ്; നിന്നെ ഞങ്ങള്‍ക്ക് നേരിട്ട് അറിയില്ലെങ്കില്‍ക്കൂടി. ലോകത്തിലെ ഏതൊരു സ്ത്രീക്കും ബസില്‍ സുരക്ഷിതമായി യാത്രചെയ്യുന്നതിനും വീട്ടിലെത്തി ജീവിക്കുന്നതിനും അവകാശമുണ്ടെന്ന ാണ് നിന്‍റെ മരണം വിളിച്ചുപറയുന്നത്.
5. സീന്‍ നമ്പര്‍: റേപ് (ബെര്‍ളി)
അഹങ്കാരിയായ നായിക. നായികയുടെ അഹങ്കാരവും ജാടയും മോഡേണ്‍ വേഷവിധാനങ്ങളും ഇംഗ്ലിഷും കാരണം പ്രേക്ഷകരും തനി നാടനായ നായകനും പൊറുതിമുട്ടിയിരിക്കുകയാണ്. അങ്ങനെ യിരിക്കെ ഒരു സീനില്‍ നായകന്‍റെ മുന്നില്‍ നെഞ്ചുവിരിച്ചുനിന്നു നായിക ചില ഡയലോഗുകള്‍ പറയുന്നു. ഉത്തരംമുട്ടുന്ന നായകന്‍ അല്ലെങ്കില്‍ അതില്‍ പ്രകോപിതനാവുന്ന നായകന്‍ നായികയുടെ മുടിയില്‍ കുത്തിപ്പിടിച്ച് മുഖം വലിച്ചടുപ്പിച്ച് ചുണ്ടില്‍ അമര്‍ത്തി ചുംബിക്കുന്നു. നായകന്‍ ബലാത്കാരമായാണ് ചുംബിക്കുന്നതെങ്കിലും നായികയുടെ കണ്ണുകള്‍ അനുഭൂതികൊണ്ട് അടഞ്ഞുപോവുകയോ കുനുകുനാ ചിമ്മുകയോ ചെയ്യുന്നുണ്ട്. ദീര്‍ഘനേരം നായികയെ ചുംബിച്ചശേഷം പിടിവിടുമ്പോള്‍ നായിക രതിമൂര്‍ച്ഛയുടെ വക്കിലാണ്. മസില്‍ പെരുപ്പിച്ചു നില്ക്കുന്ന നായകന്‍ പറയുന്നു: "നീ വെറും ഒരു പെണ്ണാണെന്നത് മറക്കരുത്."
ആ ഡയലോഗ് കേള്‍ക്കുന്നതോടെ തിയറ്ററിലെ പുരുഷപ്രേക്ഷകരെല്ലാം എണീറ്റുനിന്നു കൈയടി ക്കുന്നു. ഇതേതു സിനിമയിലെ സീനാണെന്നു ചോദിക്കരുത്. കാരണം അനേകം സിനിമകളില്‍ ഈ സീനുണ്ട്. എല്ലാറ്റിനുമുപരി നീ വെറും ഒരു പെണ്ണാണെന്നത് മറക്കരുത് എന്ന അര്‍ത്ഥശൂന്യമായ ജനപ്രിയഡയലോഗ് സമൂഹത്തിനു നല്കുന്ന സന്ദേശം പെണ്ണേ, നിന്‍റെ ജന്മലക്ഷ്യംതന്നെ കരുത്തനായ പുരുഷന് ഇരയാവുക എന്നതാണ്. ഇതിനെ സാധൂകരിക്കുന്ന തരത്തില്‍ സിനിമയിലെ നായികയ്ക്ക് പിന്നങ്ങോട്ട് റേപിനു ശ്രമിച്ച നായകനോട് ഭീകരമായ ഭക്തിയുമായിരിക്കും, നായകന് വച്ചടി വച്ചടി കയറ്റവും.
സൂപ ്പര്ഹിറ്റ് സിനിമയായ 'പാഥേയ'ത്തില്‍ മഴനനഞ്ഞു വന്ന സ്ത്രീ വേഷംമാറുമ്പോള്‍ കയറിപ്പിടിച്ച് റേപ് ചെയ്ത ശേഷം പിറ്റേന്ന് പുലര്‍ച്ചെ നായകന്‍ പറയുന്ന വേദാന്തവും ബലാത്സംഗത്തി നിരയായ നായിക കുറ്റം ഏറ്റെടുക്കുന്ന ഡയ ലോഗുകളും ധ്വനിപ്പിക്കുന്നത് ഒരു ആവറേജ് മലയാളി പുരുഷ മനസ്സിനെയാണ്. സൂപ്പര്‍ മെഗാഹിറ്റ് സിനിമയായ 'ഹിറ്റ്ലറി'ല്‍ ട്യൂഷന്‍ വിദ്യാര്‍ത്ഥിനി വേഷം മാറുന്നതു കണ്ട അധ്യാപകന്‍ കയറിപ്പിടിച്ച് റേപ് ചെയ്തശേഷം അത് ഒരു വാര്‍ത്ത എന്ന നിലയ്ക്ക് പെണ്ണിന്‍റെ ചേട്ടനോട് പറയുന്ന രംഗവും ശ്രദ്ധേയമാണ്.
"തനിക്കെന്‍റെ മുഖത്തടിക്കാമായിരുന്നില്ലേ? ശകാരിക്കാമായിരുന്നില്ലേ?" എന്നു പാഥേയത്തിലെ നായകന്‍ ചോദിക്കുമ്പോള്‍ "അവളൊന്നൊച്ച വച്ചിരുന്നെങ്കില്‍, ഒന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍ ഞാനുണര്‍ന്നേനെ" എന്നാണ് ഹിറ്റ്ലറിലെ ട്യൂഷന്‍ മാഷ് പറയുന്നത്. റേപ് നമ്മളുദ്ദേശിക്കുന്ന തുപോലെയല്ല, സ്ത്രീകള്‍ നിഗൂഢമായി അത് ആസ്വദിക്കുന്നുണ്ട് എന്നാണ് ഈ ഡയലോഗു കളൊക്കെ സൂചിപ്പിക്കുന്നത്. അതിനെ സാക്ഷ്യപ്പെടു ത്തിക്കൊണ്ട് പാഥേയത്തിലെ ഇര പറയുന്നത,് ഒന്നു തൊട്ടപ്പോഴേക്കും ഞാന്‍ വെറും പെണ്ണായിപ്പോയി എന്നാണ്. നീ വെറും പെണ്ണാണ് എന്നു നായകനെ ക്കൊണ്ട് പറയിച്ച തിരക്കഥാകൃത്ത് ഇവിടെ അത് റേപ്പിനിരയായ പെണ്ണിനെക്കൊണ്ടും പറയിക്കുകയാണ്.
ഏതു സാഹചര്യത്തിലായാലും പെണ്ണ് ബലാത്സംഗം ചെയ്യപ്പെട്ടാല്‍ അതിന്‍റെ പകുതിയോ അതിലധികമോ ഉത്തരവാദിത്വം പെണ്ണിനു തന്നെയാണ് എന്നാണ് ഈ സീനുകള്‍ പറയുന്നത്. ഇത ൊക്കെ ചെയ്യുന്നതും പറയുന്നതും സത്ഗുണസമ്പന്നരായ, പ്രേക്ഷകര്‍ക്കു മാതൃകയാക്കാവുന്ന തരത്തിലുള്ള കഥാപാത്രങ്ങളാണ്. മറ്റൊന്ന്, ചീത്ത കഥാപാത്രം നായകന്‍റെ പെങ്ങളെ ക്രൂരമായി റേപ് ചെയ്തശേഷം പിന്നീട് അവളെ കല്യാണം കഴിച്ച് വിശുദ്ധപരിവേഷം നേടുന്നതാണ്. ഇവിടെ റേപ് ചെയ്തവന്‍റേത് വിശാലമനസ്കതയും ഇരയുടേത് മറ്റാര്‍ക്കും കിട്ടാത്ത ഭാഗ്യവുമാണെന്നാണ് തിരക്കഥാകൃത്ത് പറയാതെ പറയുന്നത്. ചൂണ്ടിക്കാണിക്കാനാണെങ്കില്‍ സ്ത്രീ ലൈംഗികോപകരണമാണ് എന്നു പച്ചയായി പറയുന്ന വേറൊരായിരം സീനുകളും ഡയലോഗുകളും ഇന്ത്യന്‍ സിനിമകളിലുണ്ട്....
ഏറ്റവും സ്വാധീനശക്തിയുള്ള മാധ്യമമാണ് സിനിമ. ഇത്തരത്തിലുള്ള ആശയങ്ങളും സന്ദേശങ്ങളും പ്രേക്ഷകരെ സ്വാധീനിക്കുമോ ഇല്ലയോ എന്നത് രണ്ടുവട്ടം ചോദിക്കേണ്ടതില്ല. ഇതൊന്നും തിരക്കഥാകൃത്തുക്കളോ സംവിധായകരോ അറിഞ്ഞു കൊണ്ട് ചെയ്തിട്ടുള്ള കാര്യങ്ങളല്ല. വിവാഹത്തിനു ശേഷവും പുരുഷന് ലൈംഗിക സംതൃപ്തിക്കുള്ള ഏകമാര്‍ഗ്ഗം ബലാത്സംഗമാണെന്നു കരുതിയിരുന്ന കാലത്തുനിന്ന,് പെണ്ണിന്‍റെ ദേഹത്തു തൊടുന്നതിനു മുമ്പ് അവള്‍ക്കതു സമ്മതമാണോ എന്നറിയണം എന്ന തിരിച്ചറിവിന്‍റെ കാലത്തേക്ക് നമ്മള്‍ എത്തിക്കൊണ്ടിരി ക്കുകയാണ്. അതുകൊണ്ടു തന്നെയാവണം അന്നത്തെ സിനിമയിലും സാഹിത്യത്തിലുമൊക്കെ റേപ്പിനെ അതീവലാഘവത്തോടെ കണ്ടിരുന്നതും നായക ഗുണങ്ങളോടൊപ്പം എണ്ണിയിരുന്നതും.
പറഞ്ഞുവരുന്നത്, സിനിമയിലും ടെലിവിഷനിലും ഇത്തരം സീനുകളുടെ കാര്യത്തില്‍ സെന്‍സര്‍ ബോര്‍ഡിനു നടത്താവുന്ന ഇടപെ ടലുകളെക്കുറിച്ചാണ്. പുകവലി സീനുകള്‍ക്കു കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയതിലൂടെ രാജ്യത്ത് യുവാക്കളുടെ ഇടയിലെ പുകവലി ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചു എന്നത് തെളിയിക്കപ്പെട്ടതാണ്. അങ്ങനെയെങ്കില്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ചിത്രീകരിക്കുന്ന രംഗങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് പരിഗണിക്കേണ്ടിയിരിക്കുന്നു.
Featured Posts
bottom of page