top of page

ഒന്ന്
വെയില്‍ ചാഞ്ഞുപെയ്യുന്ന സായാഹ്നങ്ങള്‍ എന്നെ ഒരു മോഹവലയത്തില്‍ കുടുക്കാറുണ്ട്. പകല്‍ മാഞ്ഞുപോവുകയും രാത്രി പതുക്കെപ്പതുക്കെ ലോകത്തെ ആശ്ലേഷിക്കുവാന്‍ തുടങ്ങുകയും ചെയ്യുന്ന സമയം. അതുവരെ കത്തിനിന്നിരുന്ന പകല്‍ ലോകത്തെ ചെമ്പഞ്ഞിച്ചാറു പൂശാന്‍ തുടങ്ങുന്നു. മനോഹരമായ ഭൂസ്ഥലികളിലാണ് പോക്കുവെയില്‍ പൊന്നുരുക്കിയൊഴിക്കുക എന്നായിരുന്നു ചെറുപ്പത്തിലെ എന്‍റെ ധാരണ. ആ ധാരണ മാറിയത് മരുഭൂമിയുടെ വിശാലവന്യതയില്‍ ഞാന്‍ ഉരുകിത്തീര്‍ന്നുകൊണ്ടിരുന്ന സമയത്താണ്. ആഴിപ്പരപ്പിലും പൂഴിപ്പരപ്പിലുമാണ് പോക്കുവെയില്‍ സൗവര്‍ണശോഭ പരത്തുന്നത്. അതറിയണമെങ്കില്‍ ഒരു സായാഹ്നത്തില്‍ നിങ്ങള്‍ അശാന്തമായ ആഴിപ്പരപ്പില്‍ അകപ്പെടണം അല്ലെങ്കില്‍ ഒരു പൂഴിപ്പരപ്പില്‍ ഒട്ടകപ്പാതകളിലൂടെ സഞ്ചരിക്കണം. ജീവിതത്തിലെ അത്തരം അസുലഭനിമിഷങ്ങള്‍ നിരവധി തവണ എനിക്ക് ഉപഭോഗം ചെയ്യാന്‍ കഴിഞ്ഞതുകൊണ്ട് എന്‍റെ വാര്‍ദ്ധക്യത്തെക്കുറിച്ചുള്ള അനേകം വിചാരങ്ങളില്‍ ചാഞ്ഞുപെയ്യുന്ന വെയില്‍ നിറഞ്ഞുനിന്നിരുന്നു.
എന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ സന്ധ്യ വന്നണയുമ്പോള്‍ ശബ്ദകലപിലകള്‍ക്കിടയില്‍ മൗനത്തിന്‍റെ ഒരു തുരുത്ത് നിര്‍മ്മിക്കുന്നതും ആള്‍ക്കൂട്ടത്തിനിടയില്‍ ഏകാകിയായി പിടയുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. നിറഞ്ഞ സാന്നിധ്യത്തിനിടയില്‍ അയാള്‍ അന്തമറ്റ അസാന്നിധ്യമായി മാറുന്നു. കുറേക്കാലം ഈ ഭാവപ്പകര്‍ച്ച ശ്രദ്ധിച്ച ഞാന്‍ ഒരുനാള്‍ സ്നേഹത്തിന്‍റെ സ്വാതന്ത്ര്യം കാരണം ഈ ഭാവമാറ്റത്തിന്‍റെ പൊരുള്‍ എന്താണെന്ന് അയാളോട് ആരാഞ്ഞു:
"സന്ധ്യയാവുമ്പോള്‍ നിനക്കെന്താണ് സംഭവിക്കുന്നത്?"
അസ്വസ്ഥനായി അവനെന്‍റെ മുഖത്തേക്കു നോക്കി. പിന്നെ മൗനത്തോട് തൊട്ടുനില്ക്കുന്ന ശബ്ദത്തില്‍ അവന്‍ പറഞ്ഞു:
"എന്താണെന്നറിയില്ല. എല്ലാം അവസാനിക്കുകയാണെന്ന തോന്നല്‍ മനസ്സിലുണ്ടാവുന്നു..."
അവന്‍ നിരാശനും നിസ്സഹായനുമായി എന്‍റെ മുഖത്തേക്കു നോക്കി. ഒരു ഉത്തരം പറയാന്‍ ഞാന്‍ അശക്തനായിരുന്നു. അവന്‍റെ മനസ്സില്‍ ചെറുപ്പത്തിലെപ്പഴോ വീണ അശാന്തിയുടെ നിഴല്‍ നീണ്ടുപോവുകയാണെന്ന് ഞാന്‍ അറിഞ്ഞു. അതു മരണത്തെക്കുറിച്ചുള്ള ഒരു ദുരന്തദുശ്ശങ്കയാണ്. അതു പിഴുതുകളയാന്‍ എളുപ്പമല്ല. പകല്‍പ്പകര്‍ച്ചകളെ അവന്‍ ജീവിതത്തിന്‍റെ ഋതുക്കളും കാലങ്ങളും നാഴികകളും വിനാഴികകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. അതിനൊരുപാട് കാരണങ്ങളുണ്ടാവും. അതെന്താണെന്ന് അറിയാതെ അവന്‍റെ ഭയാശങ്കകള്‍ മാറ്റാന്‍ ആവില്ല. അതിനെനിക്ക് സമയം കിട്ടിയില്ല. ജീവിതത്തില്‍ മദ്ധ്യാഹ്നം വന്നണയുന്നതിനു മുന്‍പേ അവന്‍ കാലഗതി പൂകി. ജീവിതത്തിന്‍റെ സായാഹ്നത്തില്‍ നിന്നവന്‍ സമര്‍ഥമായി രക്ഷപ്പെട്ടു. വാര്‍ദ്ധക്യത്തെക്കുറിച്ചെഴുതാന്‍ ഞാന്‍ നിയുക്തനായിരിക്കുന്നു.

രണ്ട്
ഈ ചെറുകുറിപ്പെഴുതുമ്പോള്‍ കോഴിക്കോട്ടെ എന്‍റെ വീട്ടില്‍ എല്ലാവരും "വയസ്സായിക്കഴിഞ്ഞല്ലോ" എന്ന് പറയാറുള്ള ഞാനും വയസ്സായിക്കൊണ്ടിരിക്കുന്ന എന്‍റെ ഭാര്യയും മാത്രമാണുള്ളത്. വിശാലമായ വീട് ആളുകളെല്ലാം ഒഴിഞ്ഞുപോയ മരുഭൂമിയിലെ ഒരു തമ്പ് പോലെയാണുള്ളത്. പുറത്തെ വന്യവിശാലതയില്‍ കാറ്റ് ഹുങ്കാരവം മുഴക്കുന്നു. ഈ രാത്രിയെങ്കിലും വഴി തെറ്റി ഞങ്ങളുടെ ജീവിതത്തിലെ ഏ തെങ്കിലും സ്നേഹങ്ങ ളും തൃഷ്ണകളും ആസക്തികളും ഓര്‍മ്മകളുടെ മണ ല്‍പ്പരപ്പുകളിലൂടെ വന്നെത്തുമെന്ന് ഞങ്ങള്‍ കരുതുന്നു. കൂടുവിട്ട് അപരിചിതമായ ആകാശങ്ങളിലേക്കു പറന്നുപോയവരെ കാത്തിരിക്കുന്ന ഇത്തരം അശരണമായ ഗൃഹങ്ങളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു, നമ്മുടെ കേരളത്തില്‍. വൃദ്ധന്മാര്‍ മാത്രം താമസിക്കുന്ന വൃദ്ധസദനങ്ങള്‍. എന്നാല്‍ ആള്‍പ്പെരുപ്പമുള്ള വീടുകളേക്കാള്‍ ഈ വീടുകളില്‍ തിരക്കേറുകയാണ്. അതിഥികളുടെ തിരക്കല്ല, ഓര്‍മ്മകളുടെ തിരക്ക്. കുഞ്ഞു കരച്ചിലുകളുടെയും ചിരികളുടെയും തിരക്ക്. പരിഭവങ്ങളുടെയും കാലുഷ്യങ്ങളുടെയും പരിരംഭണങ്ങളുടെയും തിരക്ക്. ഈ തിരക്കില്‍ ഞങ്ങള്‍ അന്യോന്യം നഷ്ടപ്പെടുന്നു. മുഖത്തോടുമുഖം നോക്കിയിരിക്കുമ്പോള്‍ പോലും ഒരാള്‍ അപരന്‍റെ/അപരയുടെ സാന്നിദ്ധ്യമറിയുന്നില്ല. ഒരേ കാലത്തില്‍തന്നെ ഞങ്ങള്‍ പലകാലത്തിലാണ് ജീവിക്കുന്നത്. ഞാന്‍ കയറിപ്പോവുകയോ ഇറങ്ങിച്ചെല്ലുകയോ ചെയ്യുന്ന കാലങ്ങളിലേക്ക് കടന്നെത്താന്‍ അവള്‍ക്കാവുന്നില്ല. അവളുടെ കാലങ്ങളിലെത്താന്‍ എനിക്കും ആവുന്നില്ല. അവളെ ആദ്യം കണ്ട കൗമാരകാലത്തിലെ ഒരു തുടുത്ത പ്രഭാതമായിരിക്കും എന്‍റെ മനസ്സില്‍, അവളുടെ മനസ്സില്‍ അപ്പോള്‍ ആദ്യത്തെ പേറ്റുനോവോ ആദ്യം കേട്ട കുഞ്ഞുകരച്ചിലോ ആവും. ഈ ഓര്‍മ്മകളൊക്കെ അന്യോന്യം പങ്കുവയ്ക്കാനുള്ള ശ്രമങ്ങള്‍ ചിലപ്പോള്‍ വിജയിക്കാറുണ്ടെങ്കിലും പലപ്പോഴും ഞാനകപ്പെട്ട കാലത്തില്‍നിന്ന് അവള്‍ ഉപഭോഗം നടത്തുന്ന കാലത്തിലേക്ക് എന്നെ കൊണ്ടെത്തിക്കാന്‍ അവള്‍ക്കാവുന്നില്ല, മറിച്ചും. കാരണം കാലങ്ങളുടെ അകല്‍ച്ച അത്രയേറെയാണ്. മാത്രമല്ല യൗവ്വനകാലത്തേതുപോലെ ഒരു കാലത്തില്‍നിന്ന് മറ്റൊന്നിലേക്ക് ഓടിയെത്താന്‍ മനസ്സ് വിമുഖത കാണിക്കുന്നു. ഓര്‍മ്മകള്‍ സാന്ദ്രമാവുമ്പോള്‍ ഒഴുക്കിന്‍റെ ഗതിവേഗം കുറയുന്നതാവാം കാരണം. അല്ലെങ്കില്‍ വാര്‍ദ്ധക്യത്തിന്‍റെ അനാവശ്യ ശാഠ്യങ്ങളാവാം.
ബാല്യവും കൗമാരവും യൗവ്വനവും വാര്‍ദ്ധക്യവും മനുഷ്യദശകളിലുള്ളതാണ്. അതാര്‍ക്കും തടയാനാവില്ല. തടയുന്നത് ജീവി തത്തിന്‍റെ സ്വാഭാവിക ഒഴുക്കില്‍ അണകെട്ടി ജീവിതത്തിന്‍റെ നീര്‍ച്ചാലുകളെ വറ്റിക്കലാണ്. മരണമില്ലാത്ത മനുഷ്യരും, നിത്യയൗവ്വനവും ഭൗതികലോകത്തിലെ നിത്യജീവിതവുമൊക്കെ ഉന്മാദസ്വപ്നങ്ങളാണ്. എന്നാല്‍ ഈ കാലങ്ങളൊക്കെ ഒരേകാലത്ത് അനുഭവിക്കാനുള്ള സൗഭാഗ്യം ഏതാനും ദശകങ്ങള്‍ക്കു മുന്‍പ് നമുക്കുണ്ടായിരുന്നു. ഒരേ വീട്ടില്‍ ഒരുപാട് തലമുറകളുള്ള കാലമായിരുന്നു അത്. മനുഷ്യകുലം അണുകുടുംബങ്ങളായി വിഘടിക്കുന്നതിനുമുന്‍പ്. മുത്തച്ഛന്മാരും മുത്തശ്ശിമാരും മക്കളും പേരക്കുട്ടികളുമൊക്കെ ഒരേ കൂരയ്ക്കു കീഴില്‍ ജീവിച്ചിരുന്ന കാലത്ത്. ഇന്ന് ഇവയെല്ലാം ഒന്നിച്ച് അനുഭവിക്കാനും പരിചരിക്കാനും പരിചയപ്പെടാനും നമ്മള്‍ക്കാവുന്നില്ല. അതുകൊണ്ട് മനുഷ്യകുലം പല കാലങ്ങളിലായി വിഭജിക്കപ്പെട്ട് പല വീടുകളിലായി തടവിലാവുന്നു. ഈ പലകാലങ്ങളിലുള്ളവരുടെ അന്യോന്യമുള്ള പരിചരണം ജനജീവിതത്തിന്‍റെ സൗഭാഗ്യങ്ങളിലൊന്നായിരുന്നു. അതു സ്നേഹംനിറഞ്ഞ അവകാശങ്ങളുമായിരുന്നു. അത് പിന്നീട് വെറും കടമയായി. പിന്നീടത് അലോസരം നിറഞ്ഞ ബാധ്യതയായി. ഒടുക്കം വൃദ്ധജനങ്ങളെ സംരക്ഷിക്കാത്ത മക്കള്‍ കുറ്റവാളികളാണെന്ന് പ്രഖ്യാപിക്കുന്നു. നിയമങ്ങള്‍ ഉണ്ടാക്കേണ്ടിയും വന്നിരിക്കുന്നു. ഇനി പുലരിവെളിച്ചത്തിന്‍റെ സൗഹൃദവും അന്തിവെയിലിന്‍റെ സൗകുമാര്യവും നുകര്‍ന്ന് അന്ത്യദിനങ്ങളെ കാത്തിരിക്കേണ്ട വാര്‍ദ്ധക്യജീവിതം നിയമക്കുരുക്കിന്‍റെ നൂലാമാലകളില്‍ കുരുങ്ങിപ്പിടയാന്‍ പോവുന്നു. അവകാശം നിയമമാവുമ്പോള്‍ സ്നേഹത്തിന്‍റെ പാനപാത്രം ശൂന്യമാവുന്നു. സ്നേഹം സാക്ഷിക്കൂട്ടിലും പ്രതിക്കൂട്ടിലും ന്യായവിധിക്കായി കാത്തുനിന്ന് കാല്‍ കുഴയുന്നു.
മൂന്ന്
ഇന്നത്തെ കൗമാരത്തിനും യൗവ്വനത്തിനും വാര്‍ദ്ധക്യത്തെ സ്നേഹത്തോടെ കാത്തിരിക്കാന്‍ ആവില്ല. ഭീതിയോടും അവജ്ഞയോടും അന്യമനസ്കതയോടും കൂടി മാത്രമേ വാര്‍ദ്ധക്യത്തിലേക്കുള്ള പടവുകള്‍ കയറാന്‍ കഴിയുകയുള്ളൂ. ഒരിക്കലും എത്താത്ത ഒരു ദശാസന്ധിയാണതെന്നു വിചാരിക്കുന്നവരും ഉണ്ടോ എന്ന സംശയമാണെനിക്കുള്ളത്. അതിനുമുന്‍പ് നിത്യയൗവ്വനത്തിന്‍റെ മഹാഔഷധം ശാസ്ത്രം കണ്ടെത്താതിരിക്കില്ല എന്നു കരുതുന്നവരും കാണും. തന്‍റെയും അതിനുമുന്‍പുള്ള തലമുറകളുടെയും ചരിത്രമോര്‍ക്കാതെ, തന്‍റെയും ഇനി വരാന്‍പോകുന്ന തലമുറകളുടെയും ഭാവിയില്‍ ആശങ്കാകുലരാവാതെ വര്‍ത്തമാനകാലത്തിന്‍റെ മതിവിഭ്രാന്തികളില്‍ ജീവിക്കാന്‍ കൊതിക്കുന്നവരായിരിക്കണം ഈ പുതുതലമുറ എന്നെനിക്ക് ഇടയ്ക്കിടെ തോന്നാറുണ്ട്. അതുകൊണ്ടായിരിക്കണം അവര്‍ കാടും നാടും മുടിക്കുന്നത്. ഒരു പ്രളയകാലത്തിന് തൊട്ടുമുന്‍പത്തെ തലമുറയാണിതെന്ന് അവര്‍ ധരിക്കുന്നുണ്ടാവുമോ? അതുകൊണ്ടവര്‍ക്ക് വാര്‍ദ്ധക്യത്തേയും വൃദ്ധരേയും കാരുണ്യത്തോടെ സ്നേഹിക്കാനാവുകയില്ല.
എന്നാല്‍ എന്‍റെ ചെറുപ്പകാലത്ത് ഇനി വരാന്‍പോവുന്ന കാലങ്ങള്‍ ഞങ്ങള്‍ കൈവരിക്കാന്‍ പോവുന്ന വാഗ്ദത്തഭൂമികളായിരുന്നു. വൃദ്ധജനങ്ങള്‍ ലോകത്തിന്‍റെ സുഖവും സ്നേഹവും അറിഞ്ഞവരും അനുഭവിച്ചവരും ആയിരുന്നു. ആ നിറവിലെത്താനുള്ളതായിരുന്നു ഞങ്ങള്‍ക്കൊക്കെ ജീവിതം. അതുകൊണ്ട് ഞങ്ങള്‍ ഞങ്ങളുടെ വ്യക്തിബോധത്തെ സമഷ്ടിബോധത്തിലേക്ക് കൂട്ടിച്ചേര്‍ത്തു. ബന്ധങ്ങളുടെ ശിഥിലീകരണം ഒരു സാമൂഹിക പുരോഗതിയായിരുന്നില്ല. സാമ്പത്തികലാഭനഷ്ടങ്ങളുടെ ബോധപൂര്‍വമായ അര്‍ഥശാസ്ത്രകൗശലമായിരുന്നു. അതു തിരിച്ചറിയാന്‍ നമുക്കിനി സമയവും സൗകര്യവും ഉണ്ടാവില്ലെന്ന ദുരന്തമാണ് നമ്മളിന്ന് അഭിമുഖീകരിക്കുന്നത്. സമയവും സൗകര്യവും കിട്ടിയാല്‍പോലും അറ്റുപോയ കണ്ണികള്‍ ഇനി കൂട്ടിയോജിപ്പിക്കാനാവില്ല. അണുകുടുംബങ്ങളായുള്ള വിഘടനത്തോടെയാണ് വാര്‍ദ്ധക്യം വ്യഥിതവും ഏകാന്തവും അവഗണിതവുമാവുന്നത്. ഇന്ന് വൃദ്ധരായവര്‍ തന്നെയാണ് വിഘടനവാദത്തിന്‍റെ സാരഥികള്‍. വിതച്ചതുതന്നെയാണ് ഇന്ന് വൃദ്ധജനങ്ങള്‍ കൊയ്തുകൊണ്ടിരിക്കുന്നത്. മാത്രമല്ല അവഗണിതമായ ഒരുബാല്യമാണ് അവഗണിതമായ ഒരു വാര്‍ദ്ധക്യത്തിന്‍റെ പ്രേരണാശക്തി. സത്യന്‍ അന്തിക്കാടിന്‍റെ ഒരു സിനിമയിലെ വാചകം ഞാനോര്‍ക്കുന്നു:
"നമ്മള്‍, നമ്മുടെ അച്ഛന്മാരേയും അമ്മമാരേയും എത്ര സ്നേഹിച്ചോ, അത്ര സ്നേഹമേ നമുക്ക് നമ്മുടെ മക്കളില്‍നിന്ന് കിട്ടുകയുള്ളൂ." അളവുപാത്രങ്ങള്‍ കാലംചെല്ലുന്തോറും ചെറുതായി വരുന്നതിനേക്കാള്‍ വേഗം സ്നേഹത്തിന്‍റെ അളവുപാത്രങ്ങളും ചെറുതായിക്കൊണ്ടിരിക്കുന്നു.
"വരിക നമുക്കൊപ്പം വൃദ്ധരാവുക ഇനി
വരുവാനുള്ളൊന്നത്രേ ഏറെ നല്ലതാം കാലം."
എന്ന് പാടി പ്രണയിക്കാന്‍ തുടങ്ങുന്ന യുവതീ യുവാക്കള്‍ക്കേ ഇനി വാര്‍ദ്ധക്യത്തെ സ്നേഹിക്കാന്‍ പറ്റൂ.
മക്കളും പേരമക്കളും പല കടലുകള്‍ക്ക് അപ്പുറത്തെ ആകാശങ്ങളിലേക്ക് പറന്നുപോയി എന്ന നഷ്ടബോധം ഇടയ്ക്കൊക്കെ അലോസരപ്പെടുത്താറുണ്ടെങ്കിലും എന്‍റെ വാര്‍ദ്ധക്യത്തിന് കാന്തി കുറഞ്ഞിട്ടില്ല. കാരണം, വീടിനുള്ളില്‍ മാത്രം കുടുങ്ങിക്കിടന്ന ഒരു ജീവിതമല്ല ഞാന്‍ നയിച്ചത് എന്നതാവാം. മനസ്സെത്തുന്നിടത്ത് ശരീരം എത്തുന്നില്ല എന്നതും എനിക്ക് അസ്വസ്ഥതയായി തോന്നുന്നില്ല. മനസ്സിനും ശരീരത്തിനും രണ്ട് സ്ഥലകാലങ്ങളില്‍ നിന്നുകൊണ്ട് മുഖാമുഖം നടത്താമല്ലോ...
Featured Posts
Recent Posts
bottom of page