top of page

പുല്ലിന്‍റെ കനിവ് കാട്ടുചെടികളെ തൊടുമ്പോള്‍

Jun 1, 2011

2 min read

ടക
Image : Drawing of a person writing notes

'കുഞ്ഞുണ്ണി പുല്ലിന്‍റെ മുന്‍പില്‍ ആദരവോടെ നിന്നു. ഗുരുനാഥാ, കുഞ്ഞുണ്ണി പറഞ്ഞു, അങ്ങയുടെ മുകളില്‍ എന്‍റെ കാലടി വീഴുന്നു, അങ്ങയെ വേദനിപ്പിക്കാതെ എനിക്കു നടന്നുകൂടല്ലോ... ഉണ്ണീ, നടക്കുക. പുല്ലു പറഞ്ഞു, വേദനയുടെ ശ്രീവത്സമാണിത്. പുല്ലിന്‍റെ കനിവ് കാട്ടുചെടികളെ തൊട്ടു. കാട്ടുചെടികളില്‍ നിന്ന് അത് അകലത്തെ വന്‍മരങ്ങളിലേയ്ക്കും, പിന്നെ മലമുടികളെ പൊതിഞ്ഞു കിടന്ന പച്ചകമ്പളങ്ങളിലേക്കും പടര്‍ന്നു..."

(ഗുരുസാഗരം, ഒ.വി. വിജയന്‍)


ഒരു വിശുദ്ധ സങ്കീര്‍ത്തനത്തിന്‍റെ മൗനധ്വനിപോലെ ഉള്ളടരുകളിലേക്ക് അരിച്ചിറങ്ങുന്ന അനുഭവങ്ങളുടെ ആവിഷ്കാരങ്ങള്‍ നിറഞ്ഞ ഒരു ബ്ലോഗ് (www.mytravelsmylife.blogspot.com) പദ്യത്തിന്‍റെയും ഗദ്യത്തിന്‍റെയും രൂപത്തില്‍. ഈ ബ്ലോഗിന്‍റെ രചയിതാവ് ബാലചന്ദ്രന്‍ കനിവായി മാറുന്നു. വരികളിലെ കനിവും നന്മയും സത്യസന്ധതയും ഹൃദയങ്ങളെ സ്പര്‍ശിക്കുന്നു. ഈ ബ്ലോഗിനെ പരിചയപ്പെടുത്തുന്നത് മൂന്നുവര്‍ഷമായി തുടര്‍ച്ചയായി ഈ പോസ്റ്റുകളിലൂടെ കടന്നുപോകുന്ന ഒരു വായനക്കാരന്‍റെ ആത്മഹര്‍ഷം കൊണ്ടാണ്.

"Lean on to me, though

My skin is rough,

but feel my heart throbs for you

my veins full of the blood of love.

[song of the Tree]

അതെ പച്ചപ്പിന്‍റെ തണുപ്പു പുതച്ചുറങ്ങുന്ന വരികള്‍ എന്നെ മനുഷ്യസ്നേഹി മാത്രമല്ല പ്രകൃതി സ്നേഹികൂടി ആക്കി മാറ്റുന്നു.

പ്രപഞ്ചസത്യങ്ങളുടെ നേര്‍ക്കാഴ്ചകള്‍ ബാലചന്ദ്രന്‍ തന്‍റെ അനുഭവങ്ങളില്‍ ചാലിച്ചെഴുതുമ്പോള്‍ അതു ജീവന്‍ തുടിക്കുന്നതാകുന്നു. ഉറക്കത്തിന്‍റെ ശല്കങ്ങളെ കണ്ണില്‍ നിന്നും തുടച്ചുനീക്കി ഉദയാര്‍ക്കന്‍റെ രശ്മികളേറ്റു വാങ്ങാനും, ആകാശത്തെ അതിരാക്കിയവരുടെ സംഗീതത്തെ കേള്‍ക്കാനുമുള്ള ക്ഷണങ്ങള്‍ (morning at six) മൂടിപ്പുതച്ചു കിടന്നുറങ്ങാന്‍ കൊതിക്കുന്ന എന്‍റെ പ്രഭാതങ്ങളെ പരിഹസിക്കുന്നു.

ഓര്‍മ്മകളുടെ ഇടനാഴിയില്‍ കണ്ടുമുട്ടിയ മുഖങ്ങളെ ഓര്‍ത്തെടുക്കുമ്പോഴും മുഖം മൂടികളോ മിനുസപ്പെടുത്തലുകളോ അല്ല സത്യസന്ധതയാണ് അവയ്ക്കു ചാരുത പകരുന്നത്. അതെ, ഇവിടെ സത്യവും സൗന്ദര്യവും ഒന്നാകുന്നു. വേറിട്ട ചിന്തകള്‍ക്കും വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ക്കും ഈ വരികള്‍ വഴി തുറക്കുന്നു. അനുസ്മരണ പ്രഭാഷണങ്ങളുടെ ഏകതാനതകൊണ്ട് മനം മടുപ്പിക്കുന്ന ഗാന്ധിജയന്തി ദിനത്തെപ്പറ്റിയുള്ള ബാലചന്ദ്രന്‍റെ പോസ്റ്റ് ഗാന്ധിസത്തിന്‍റെ കനിവും കരുതലും പകര്‍ന്നു നല്‍കുന്നു. കാണം വിറ്റും ഓണം ആഘോഷിക്കുന്ന (ഏതിനേയും ആഘോഷമാക്കി മാറ്റുന്നു) സംസ്കാരത്തില്‍ മകന്‍റെ ഓണസമ്മാനത്തെ ആഘോഷമാക്കുന്ന അപ്പന്‍റെ മനസ്; മക്കളുടെ ചെറിയ നന്മകളെ ലാഭനഷ്ട കണക്കെടുപ്പില്‍ കാണാതെ പോകുന്ന എന്‍റെ കാലഘട്ടത്തിന് വരികളില്‍ വരയുന്ന ഈ മനസ്സ് ഒരു തിരിച്ചറിവും വെല്ലുവിളിയുമാണ്.

വരികളിലെ ലാളിത്യം, അതു പകരുന്ന ആഹ്ലാദം, തികച്ചും സുഖമുള്ള നൊമ്പരങ്ങള്‍ സമ്മാനിക്കുന്നു. പല പോസ്റ്റുകളിലും ദുഃഖത്തിന്‍റെ പിന്നണി ഒളിഞ്ഞിരിപ്പുണ്ടെങ്കിലും അവയൊന്നും തന്നെ നിരാശയുടെ നെടുവീര്‍പ്പുകളല്ല, അതിലുപരി ജീവിതത്തെ വീണ്ടും ജീവിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന സര്‍ഗ്ഗചേതനയുടെ വാഗ്വിസ്മയങ്ങളാണ്. ലളിതമായ ശൈലിയില്‍ രൂപപ്പെടുത്തുന്ന ഈ പോസ്റ്റുകള്‍ 'കൊച്ചു കാര്യങ്ങളുടെ ഒടേതമ്പുരാനെ'പ്പോലെ പലപ്പോഴും എന്നെ 'ആലീസിന്‍റെ അത്ഭുത ലോക'ത്തേക്കെത്തിക്കുന്നു. ബാലചന്ദ്രന്‍റെ ഉള്ളിലെ വിങ്ങലും സങ്കീര്‍ണ്ണതകളും സത്യവും സ്നേഹവും എല്ലാം വായനക്കാരന്‍റേതു കൂടിയാവുന്നൂ എന്നതാണീ ബ്ലോഗിന്‍റെ മഹത്വം. ആശൃവേറമ്യ യൃീീറ എന്ന കവിത വായിക്കുന്ന ആര്‍ക്കും യഥാര്‍ത്ഥ സമ്പത്തിനെ പറ്റി തര്‍ക്കമുണ്ടാവില്ല, കാരണം അത് അറിവും തിരിച്ചറിവും ആണ്.

ഇവിടെ ചില പോസ്റ്റുകളില്‍ വേദനിക്കുന്ന എഴുത്തുകാരന്‍ ചില നേരങ്ങളില്‍ ക്ഷുഭിതനാവുന്നു. അതെ വരികളിലെ ക്ഷോഭം, ആത്മരോഷം മുഖംമൂടികളണിഞ്ഞ സമൂഹത്തോടും കനിവു വറ്റുന്ന സംസ്കാരത്തോടുമാണ്. ആ രോഷം എന്നെ പൊള്ളിക്കുന്നുണ്ട്. തീപിടിച്ച ഹൃദയമാണീ വരികളുടെ കാതല്‍. വായനയുടെ രണ്ടാമൂഴത്തില്‍ ഇതെന്നെ വിഴുങ്ങിക്കളയുന്നു, ഒന്നും കുറിക്കാനാവാത്ത വിധം. ഓരം ചേര്‍ന്നവന്‍റെ കര്‍മ്മംകൊണ്ടും സ്ഥാനം കൊണ്ടും രണ്ടാംതരമായവന്‍റെ (സ്ത്രീയുടെ, കുഞ്ഞിന്‍റെ, മീന്‍ വില്പനക്കാരിയുടെ) വിശേഷങ്ങള്‍ ബാലചന്ദ്രന്‍ കുറിക്കുമ്പോള്‍ അറിയാതെ ഞാനും അബലരുടെ പക്ഷത്താവുന്നു Preferential Love !

നിയതമായ വഴികളും സംവിധാനങ്ങളുമില്ലാതെ അനന്തമായ യാത്രയെ പ്രണയിക്കുന്ന ഏതൊരന്വേഷിക്കും ഈ ബ്ലോഗിലെ ഓരോ വരിയും അമൃതായി, ലേപനമായി മാറും (Journey without Maps). ഇത് ഒരു ക്ഷണമാണ്. ഉയരങ്ങളെ സ്വപ്നം കാണുന്ന ഒരു യാത്രക്കാരന്‍റെ വഴിക്കണ്ണുകള്‍ പകര്‍ന്നു നല്‍കുന്ന ക്ഷണം. പ്രഭാതങ്ങളും സായാഹ്നങ്ങളും, മരങ്ങളും മനുഷ്യനും, പക്ഷികളും മൃഗങ്ങളും, പൂവും പുല്‍ക്കൊടിയും, ചേതനവും അചേതനവും എല്ലാം ഇവിടെ ഒന്നാകുന്നു. ഉള്ളിലെ വിങ്ങലുകളും, ആത്മഹര്‍ഷങ്ങളും വേഷ പ്രച്ഛന്നമാകാതെ മൂടുപടങ്ങളണിയാതെ വായനക്കാരന്‍റെ ഹൃദയത്തെ തൊടുന്നു. ഈ സ്പര്‍ശം ഒരേ സമയം എന്നില്‍ സൗഖ്യമായും തീയായും മാറുന്നു (I, Your eye).

കനിവും സ്നേഹവും ബഹുമാനവും അന്യം വന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും പ്രതീക്ഷകളുടെ പച്ചതുരുത്ത് ഇനിയും പച്ചയായി നിലനില്‍ക്കുന്നു എന്നതിനുത്തമോദാഹരണമാണീ ബ്ലോഗ്. ഓരോ കവിതയേയും ലേഖനത്തേയും പ്രത്യേകം എടുത്ത് എന്‍റെ സന്തോഷം പങ്കുവയ്ക്കുമ്പോഴേ ഈ ബ്ലോഗിനോടു നീതി പുലര്‍ത്താനാവൂ എന്നെനിക്കറിയാം. അതിനു സാധിക്കാത്തതില്‍ മാപ്പ്. എങ്കിലും അസ്സീസിയുടെ ഓരോ വായനക്കാരനേയും ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു. ഒന്നാംവായനയ്ക്കും രണ്ടാം വായനയ്ക്കുമൊടുവില്‍ എന്‍റെ ഉള്ളിലേക്ക് ഓടിയെത്തുന്ന ഷെല്‍വിയുടെ രണ്ടു വരികളുണ്ട്:

"എനിക്കു നീ മാപ്പു തരിക,

ഈ ലോകം നിലവിളിച്ചു കൊണ്ടിരുന്നപ്പോള്‍

അതറിയാത്ത ഒരു കുരുന്നിലയുടെ

സ്വസ്ഥ നിദ്രയിലേക്ക് വഴുതിവീണ

എനിക്കു നീ മാപ്പു തരിക."

ഈ ബ്ലോഗിലെ തീയും ചൂടും വിങ്ങലുകളും എന്‍റേതും നിന്‍റേതും കൂടി ആക്കാനായാല്‍ ഊഷരഭൂമിയെ ഉര്‍വ്വരമാക്കാന്‍, കുറച്ചുകൂടി മെച്ചപ്പെട്ടതാക്കാന്‍ നമുക്കാവും...!

ടക

0

0

Featured Posts

bottom of page