top of page

ചിഹ്നം മാറുമ്പോള്‍അര്‍ത്ഥവും മാറുന്നു

Aug 6, 2017

2 min read

ഷക
jesus christ

പൗലോസിന്‍റെ ഫിലിപ്പിയര്‍ 2: 6-11 നെക്കുറിച്ചു പണ്ഡിതര്‍ പറയുന്നത്, അത് ആദിമസഭ ഉപയോഗിച്ചിരുന്ന ഒരു പ്രാര്‍ത്ഥനാഗീതമായിരുന്നു എന്നാണ്. പൗലോസിനു മുമ്പുള്ള ഒരു ഗീതം പൗലോസ് തന്‍റെ ലേഖനത്തില്‍ ഉപയോഗിക്കുകയാണ്. യേശുവിലുള്ള വിശ്വാസത്തിന്‍റെ പ്രാഗ്രൂപമെന്ന നിലയില്‍ ആ ഗീതം അവനിലൂടെ ആവിഷ്കൃതമായ ദൈവികതയെ എങ്ങനെ ആദിമസസഭ മനസ്സിലാക്കി എന്നു വ്യക്തമാക്കുന്നു. അതില്‍ പറയുന്നത്, യേശുവിന്‍റെ ദൈവികതയുടെ കേന്ദ്രഭാവം സ്വയം തേഞ്ഞുതീരലാണ്, ശൂന്യവത്കരണമാണ് എന്നാണല്ലോ. യേശു ദൈവമായത് ശക്തിയുടെ പ്രയോഗത്തിലൂടെയല്ല, അതിന്‍റെ നിഷേധത്തിലൂടെയാണ്. വലിപ്പത്തിന്‍റെ നിരാസമാണ് അവന്‍റെ ദൈവികതയുടെ കാതല്‍. യേശുവിനെക്കുറിച്ചുള്ള ആദിമ പ്രഘോഷണങ്ങളുടെ കേന്ദ്രപ്രമേയങ്ങളിലൊന്ന് ക്രൂശിതന്‍റെ ഭോഷത്തമാണ്(1കോറിന്തോസ് 1:23 - സുവിശേഷങ്ങള്‍ക്കു മുമ്പ് എഴുതപ്പെട്ടതാണ് ഈ ലേഖനം). ക്രിസ്തുവിന്‍റെ ഭോഷത്തമാണ് ദൈവത്തിന്‍റെ ജ്ഞാനം; ക്രിസ്തുവിന്‍റെ ബലമില്ലായ്മയാണു ദൈവത്തിന്‍റെ ബലം(1കോറിന്തോസ് 1:25). ദൈവത്തെക്കുറിച്ചു സംസാരിക്കാന്‍ എല്ലാ കാലത്തും എല്ലാ മതങ്ങളും ഉപയോഗിച്ചിരുന്ന ക്യാറ്റഗറികള്‍ ശക്തിയും ജ്ഞാനവുമൊക്കയാണ്. (സര്‍വ്വശക്തനായ ദൈവമേ, സര്‍വജ്ഞനായ ദൈവമേ തുടങ്ങിയ നമ്മുടെ അഭിസംബോധനകള്‍ ഇതിനു മതിയായ തെളിവുകളാണ്.) യേശുവിന്‍റെ ദൈവികതയെ പരാമര്‍ശിക്കാന്‍ ഈ പഴയ ക്യാറ്റഗറികള്‍ അപര്യാപ്തമായതുകൊണ്ടാകണം പൗലോസ് പുതിയ ക്യാറ്റഗറികള്‍ കണ്ടെത്തുന്നത്.

മുന്‍ പറഞ്ഞതിന്‍റെ ചുവടുപിടിച്ച് മറ്റൊരു കാര്യം കൂടി നമുക്കു പരിഗണിക്കാം. എല്ലാ മതങ്ങള്‍ക്കും ഉള്ളതുപോലെ ക്രൈസ്തവികതയ്ക്കും ചില ചിഹ്നങ്ങളുണ്ടല്ലോ. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട മൂന്നെണ്ണം യേശുവിന്‍റെ ജനനത്തെയും മരണത്തെയും ഇന്നും തുടരുന്ന സാന്നിധ്യത്തെയും കുറിക്കുന്നു: കാലിത്തൊഴുത്ത്, കുരിശ്, കുര്‍ബാന. ഈ മൂന്നു ചിഹ്നങ്ങളുടെയും പൊതുഭാവം അവയുടെ നിസ്സാരതയും സാധാരണത്വവുമാണ്. ആടുമാടുകളുടെ ചൂരും ചാണകത്തിന്‍റെ ഗന്ധവും നിറഞ്ഞുനിന്ന ഇടമാണ് അവന്‍റെ വരവിന്‍റെ അടയാളം; ശപിക്കപ്പെട്ട കഴുമരമാണ് (നിയമാവര്‍ത്തനം 21:22) അവന്‍റെ നിലപാടിന്‍റെയും അതിനു കൊടുക്കേണ്ടിവന്ന വിലയുടെയും അടയാളം; അലിഞ്ഞ് ഇല്ലാതാകുന്ന അപ്പമാണ് അവന്‍റെ നിതാന്ത സാന്നിദ്ധ്യത്തിന്‍റെ അടയാളം. ദൈവസാന്നിദ്ധ്യത്തെക്കുറിക്കാന്‍ മേഘത്തെ തൊടുന്ന ഗോപുരങ്ങളും ഭൂമി പിളര്‍ത്തെടുക്കുന്ന മാര്‍ബിളുകളും ലക്ഷങ്ങളും കോടികളും മുടക്കിയുണ്ടാക്കുന്ന ചിത്രപ്പണികളും ഇന്നും എന്നും ഉപയോഗിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. യേശു ഉപയോഗിച്ച ചിഹ്നങ്ങളും നാം ഉപയോഗിക്കുന്ന ചിഹ്നങ്ങളും തമ്മിലുള്ള അന്തരം അവന്‍ ആവിഷ്കരിച്ച ദൈവവും നമ്മള്‍ മനസ്സിലാക്കിയ ദൈവവും തമ്മിലുള്ള അന്തരമാണ്. ചിഹ്നങ്ങള്‍ മാറുമ്പോള്‍ അര്‍ത്ഥവും മാറുമല്ലോ.

യേശുവിന്‍റെ ഭോഷത്തത്തെക്കുറിച്ചുള്ള പ്രഘോഷണങ്ങളും അവനിലെ ദൈവികതയെ അടയാളപ്പെടുത്താന്‍ ഉപയോഗിക്കപ്പെട്ട ചിഹ്നങ്ങളും ഏതു കാലത്തും ലോകത്തുമാണ് അവതരിപ്പിക്കപ്പെട്ടത് എന്നു കൂടി നമുക്ക് അന്വേഷിക്കാം. റോമാ സാമ്രാജ്യത്തിലാണല്ലോ ആദിമസഭ മുളയെടുത്തത്. ഗ്രീക്കു ദേവതകളുടെയും റോമന്‍ സീസറുമാരുടെയും കാലമാണത്. കോറിന്തില്‍ രണ്ടായിരം അടി ഉയരമുള്ള മലയുടെ മുകളില്‍ ഭീമാകാരമായ ഒരു ആരാധനാകേന്ദ്രം സ്നേഹത്തിന്‍റെയും സൗന്ദര്യത്തിന്‍റെയും ദേവതയായ അഫ്രൊഡൈറ്റിന്‍റെ പേരിലുണ്ടായിരുന്നു. ഉര്‍വരതയുടെ ദേവതയായ അര്‍ത്തേമിസിനു വേണ്ടി എഫേസുസില്‍ പണിയപ്പെട്ട ദേവാലയം പുരാതനകാലത്തെ ഏഴു ലോകാത്ഭുതങ്ങളില്‍ ഒന്നായിരുന്നു. ഇത്തരം അനേകം ദേവതകളുടെയും ദേവാലയങ്ങളുടെയും മധ്യത്തിലാണ് എ. ഡി. 14 ല്‍ അഗസ്റ്റസ് സീസര്‍ മരിച്ചതോടെ അദ്ദേഹത്തെ ഏറ്റവും ശക്തനായ ദൈവമായി റോമാ ഭരണകൂടം അവതരിപ്പിക്കുന്നത്. ഗ്രീസിലും ഏഷ്യാമൈനറിലും മറ്റേതു ദേവാലയങ്ങളെക്കാളും വലിയ ദേവാലയങ്ങള്‍ സീസറിനു വേണ്ടി ഉയര്‍ത്തപ്പെട്ടു. പിസിഡിയന്‍ അന്ത്യോക്യയിലെ സീസറിന്‍റെ പേരിലുള്ള ദേവാലയം മൈലുകള്‍ക്കപ്പുറത്തു നിന്ന് കാണാമായിരുന്നത്രേ. ഈ ദേവാലയങ്ങള്‍ക്കു പുറമേയാണ് ഏതു മുക്കിലും മൂലയിലും പണിയപ്പെട്ട സീസറിന്‍റെ പ്രതിമകള്‍, നാണയങ്ങളുടെ ഒരു വശത്തു മുദ്രണം ചെയ്ത സീസറിന്‍റെ രൂപം, കലണ്ടറില്‍ നിറഞ്ഞ സീസര്‍ സംബന്ധിയായ ആഘോഷദിനങ്ങള്‍ തുടങ്ങിയവ. സീസറെന്ന ദൈവം ആളുകളുടെ മനസ്സില്‍ പ്രതിഷ്ഠ നേടുന്നത് അങ്ങനെയാണ്. റോമന്‍ കവി വെര്‍ജില്‍ സീസറിനെക്കുറിച്ചു പറയുന്ന ഒരു കര്‍ഷകനെ ഉദ്ധരിക്കുന്നുണ്ട്: "ഇവിടെ സമാധാനം സ്ഥാപിച്ച ദൈവമാണ് അവിടുന്ന്. എന്നും അവിടുന്ന് എനിക്ക് ദൈവമായിരിക്കും. എന്‍റെ ആലയില്‍ നിന്നുള്ള ആടിന്‍റെ ചോരകൊണ്ട് അവിടുത്തെ അള്‍ത്താരയെ മിക്കപ്പോഴും ഞാന്‍ ക്ഷാളനം ചെയ്യും."

അഗസ്റ്റസ് സീസറിലും പിന്‍ഗാമികളിലും രക്ഷകന്‍, ദൈവം, കര്‍ത്താവ് തുടങ്ങിയ അഭിധാനങ്ങള്‍ ചാര്‍ത്തപ്പെട്ട നാളുകളില്‍ തന്നെയാണ് യേശുവിലൂടെ അവതരിപ്പിക്കപ്പെട്ട ദൈവികതയെക്കുറിച്ച് പത്രോസും പൗലോസുമൊക്കെ സംസാരിച്ചു തുടങ്ങുന്നത്. അവര്‍ പ്രഘോഷിച്ച ഉത്ഥിതനുപോലും ചോരയുടെ മണമുണ്ട്. ക്രൂശിതനായ യേശുവിന്‍റെ തുടര്‍ച്ചയാണ് ഉത്ഥിതനായ ക്രിസ്തുവെന്നാണ് തോമാശ്ലീഹായുടെ വിശ്വാസപ്രഖ്യാപനം വ്യക്തമാക്കുന്നത്. ഉത്ഥിതനിലും ഉണങ്ങാത്ത മുറിവുകളുണ്ടല്ലോ. മേരി മഗ്ദലനക്ക് ഉത്ഥിതനെ കണ്ടപ്പോള്‍ തോന്നിയത് അതൊരു തോട്ടക്കാരനാണ് എന്നാണ്. "അത് ആ തച്ചന്‍ജോസഫിന്‍റെ മകനല്ലേ?" എന്നാണ് യേശുവിനെ കണ്ടവരും ചോദിച്ചത്. ഉത്ഥിതന്‍റെ അടയാളങ്ങളില്‍ അസാധാരണമായി ഒന്നുമില്ല എന്ന് നമുക്കങ്ങനെ അനുമാനിക്കാവുന്നതാണ്.

അമ്മ നമ്മുടെ ജീവിതത്തിലെ സ്നേഹമാണ്. അവളെക്കുറിച്ചുള്ള നമ്മുടെ ഓര്‍മ്മകളില്‍ മിക്കവയും അവള്‍ നമുക്കുവേണ്ടി തോറ്റു തന്നതിന്‍റെയും മെലിഞ്ഞുണങ്ങിപ്പോയതിന്‍റെയും ഒക്കെ ഓര്‍മ്മകളാണ്. പരാജയം, വൈരൂപ്യം തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചേ അവളുടെ സ്നേഹത്തെ നമുക്ക് അടയാളപ്പെടുത്താനാകൂ. അതേ രീതിയില്‍, യേശുവിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവത്തെ അടയാളപ്പെടുത്താന്‍ മുറിവ്, ഭോഷത്തം തുടങ്ങിയ ക്യാറ്റഗറികള്‍ക്കേ ആകൂ. ഗാന്ധിയെ സൂചിപ്പിക്കാന്‍ തേഞ്ഞുതീര്‍ന്ന മെതിയടി, ഒരു വട്ടക്കണ്ണട, ദരിദ്രമായ ഒരു തുണി തുടങ്ങിയ ചിഹ്നങ്ങള്‍ക്കേ ആകൂ. അഡിഡാസിന്‍റെ ഷൂസിനും റെയ്ബാന്‍റെ കണ്ണടയ്ക്കും റെയ്മണ്ടിന്‍റെ സൂട്ടിനും ഗാന്ധിയെ പ്രതിനിധാനം ചെയ്യാനാകില്ല. അതേ രീതിയില്‍ ക്രിസ്തുവിന്‍റെ ഭോഷത്തത്തെയും മുറിവിനെയും സൂചിപ്പിക്കുന്ന ചിഹ്നങ്ങള്‍ക്കേ അവനെ അടയാളപ്പെടുത്താനാകൂ. ബലവും തലയെടുപ്പും കൊണ്ട് ധാര്‍ഷ്ട്യഭാവമുള്ള സൗധങ്ങള്‍ക്ക് അവനെ അടയാളപ്പെടുത്താന്‍ ആകില്ലെന്നു തോന്നുന്നു. 

ഷക

0

0

Featured Posts

bottom of page