top of page

അടുത്തകാലത്ത് രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും അരങ്ങേറുന്ന സംഭവവികാസങ്ങള്‍ ഒട്ടേറെ ആശങ്കകള്‍ നമ്മില്‍ നിറയ്ക്കുന്നുണ്ട്. മണിപ്പൂരിലുണ്ടായ കൂട്ടക്കൊലകളും അനുബന്ധപ്രശ്നങ്ങളും ആരെയും ഞെട്ടിക്കുന്നതാണ്. തുടര്‍ന്ന് ഹരിയാനയിലും നാം ക്രൂരതയുടെ താണ്ഡവം കണ്ടു. നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നതെന്ന ആശങ്ക ഒട്ടും അസ്ഥാനത്തല്ല, നാം ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന സംശയം ഉണ്ടായാലും അതിശയിക്കാനില്ല. മധ്യകാലഘട്ടത്തിന്‍റെ ഇരുട്ട് നമ്മെ വിഴുങ്ങുകയാണോ എന്ന ചോദ്യം അത്യന്തം പ്രസക്തമാണ്.
മണിപ്പൂരില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെടുകയും സ്ത്രീകളടക്കം അപമാനിതരാകുകയും ചെയ്തത് ലോകത്തെ ഞെട്ടിച്ചു. ക്യാമ്പുകളില്‍ കഴിയുന്നവരുടെ അവസ്ഥ അതിദയനീയമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഭരണകൂടം ഹിംസയ്ക്കു കൂട്ടുനിന്നു എന്ന വസ്തുത ഞെട്ടല്‍ ഉളവാക്കുന്നതാണ്. സ്ത്രീകളെ അപമാനിക്കാന്‍ സ്ത്രീകള്‍തന്നെ മുന്‍കൈയെടുത്തു എന്ന കാര്യവും ഓര്‍ക്കണം. വംശഹത്യയുടെ സ്വഭാവം ഹിംസകളെ മറ്റൊരു രീതിയില്‍ നോക്കിക്കാണാന്‍ പ്രേരിപ്പിക്കുന്നു. 2002ലെ ഗുജറാത്ത് കലാപത്തിനു സമാനമായ രീതിയിലാണ് മണിപ്പൂരിലും ക്രൂരത നടമാടിയത്. അതിനു പിന്നിലുള്ള കോര്‍പ്പറേറ്റ് താല്പര്യങ്ങളും തള്ളിക്കളയാന്‍ കഴിയില്ല. കണ്ണീരിലും ചോരയിലും ചവുട്ടി അധികാരത്തിലെത്താന്‍ ശ്രമിക്കുന്നവര്‍ മനുഷ്യയാതനകള്‍ക്ക് വിലനല്‍കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഹരിയാനയില്‍ കണ്ടതും സമാനമായ കാര്യങ്ങളാണ്. ഒരു വിഭാഗം ജനങ്ങളുടെ വീടുകളും വ്യാപാരസ്ഥാപനങ്ങളും ബുള്‍ഡോസു ചെയ്യുന്നതായാണ് നാം അറിഞ്ഞത്. നൂറുകണക്കിന് പുരുഷന്മാരെ കാണാതായതായും സൂചനകളുണ്ട്. ശത്രുനിഗ്രഹത്തിന്‍റെ അതിക്രൂരമായ ചിത്രങ്ങളാണ് നാം കാണുന്നത്. മനുഷ്യനെന്ന നിലയില്‍ നാം പരാജയപ്പെടുന്നതിന്‍റെ നിദര്‍ശനങ്ങള്‍. അധികാരമുറപ്പിക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറാകുമ്പോള്‍ രാജ്യത്തെ കൊടുംതമസ്സിലേക്കാണ് തള്ളിവിടുന്നത്. ഈ കണ്ണീരും രക്തവും ഏതു ദൈവത്തെയാണ് പ്രസാദിപ്പിക്കുന്നത്! പുറകോട്ടു സഞ്ചരിച്ച് നാം ഏതു ലോകത്താണ് എത്തിച്ചേരുക എന്ന സന്ദേഹം ഏവരെയും ചൂഴ്ന്നുനില്‍ക്കുന്നു.
ജനാധിപത്യത്തിന്‍റെ ശക്തി ബഹുസ്വരതയിലാണ്. ലോകത്തിലെ ഏറ്റവും വൈവിധ്യം നിറഞ്ഞ നമ്മുടെ നാടിനെ ഏകശിലാരൂപത്തിലാക്കാന്‍ ഒരിക്കലും സാധിക്കയില്ല. ഏകഭാഷണങ്ങള്‍ ജനാധിപത്യത്തിന് ഭൂഷണമല്ല. ഒരാള്‍ പറയുന്നു, ബാക്കിയുള്ളവര്‍ കേള്‍ക്കുന്നു - ഇത് ഏകാധിപത്യമാണ്. അവസാനത്തെ വ്യക്തിയുടെയും സ്വരം കേള്‍ക്കാന്‍ കഴിയുമ്പോഴാണ് ജനാധിപത്യം സഫലമാകുന്നത്. അപ്രമാദിത്വം കൈവരിച്ച ചില ഭരണാധികാരികള്‍ ഏകഭാഷണത്തില്‍ മുഴുകിക്കഴിയുന്നു. ഭിന്നാഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍, ഭിന്നമതവിശ്വാസികള്‍ എല്ലാം ശത്രുക്കളും രാജ്യദ്രോഹികളുമായി മാറുന്നു. 'കോടിക്കണക്കിനു കാലുകളുള്ള ഒരു ശിരസ്സ്' ഏറെ ഭയാനകമെന്ന് കല്പറ്റ നാരായണന്‍ പറഞ്ഞത് ഏറെ സാര്‍ത്ഥകമാണ്. ബഹുസ്വരതയുടെ സംഗീതമാണ് ജനാധിപത്യത്തെ മനോഹരമാക്കുന്നത്. ഭിന്നഭാഷകള്‍, സംസ്കാരങ്ങള്‍, വിശ്വാസങ്ങള്‍, ഭക്ഷണങ്ങള്‍ എല്ലാം ചേര്‍ന്ന് ഒരുക്കുന്ന സിംഫണിയാകണം രാജ്യം.
നമുക്കിഷ്ടമില്ലാത്തവരെയെല്ലാം കൊന്ന് സമാധാനമുള്ള നാട് ഉണ്ടാക്കാന്‍ സാധിക്കുമോ? ഹിംസ ഒരിക്കലും സമാധാനം കൊണ്ടുവന്നിട്ടില്ല. ആധുനികമായ ലോകബോധം നേടിയപ്പോള്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ വ്യത്യസ്തമാണ്. മഹത്തായ സത്യത്തിന്‍റെ, സംസ്കാരത്തിന്‍റെ വക്താക്കളെന്ന് അവകാശപ്പെടുമ്പോള്‍ പ്രകാശത്തിന്‍റെ വഴിയല്ല തിരഞ്ഞെടുക്കുന്നത്. സംസ്കാരത്തിന്‍റെ, പാരമ്പര്യത്തിന്‍റെ ജീര്‍ണമുഖങ്ങളാണ് ഹിംസാവാദികള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. എട്ടുംപൊട്ടും തിരിയാത്ത കുഞ്ഞിനെ തല്ലിപ്പഴുപ്പിച്ച് രാമനാമം ചൊല്ലിക്കുമ്പോള്‍ ഏതു രാമനാണ് സന്തോഷിക്കുക? അറിയില്ല.
മിത്തും പുരാണങ്ങളും ഐതിഹ്യങ്ങളുമെല്ലാം സമൂഹമനസ്സിന് റെ ഭാഗമാണ്. അവയ്ക്ക് അവയുടേതായ പ്രാധാന്യവുമുണ്ട്. എന്നാല്‍ മിത്തിനെ ചരിത്രമായും യാഥാര്‍ത്ഥ്യമായും വ്യാഖ്യാനിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമാകുന്നു. ഭൂതകാലത്തെ തിരുത്താന്‍ നമുക്കു സാധിക്കയില്ല. അനേകം കൂടികലരലുകളിലൂടെയാണ് നാം മുന്നേറിയത്. പാരസ്പര്യത്തിന്‍റെ കണ്ണികള്‍ സംസ്കാരങ്ങളെ കൂട്ടിയിണക്കുന്നു. ഈ കണ്ണികള്‍ മുറിക്കപ്പെടുമ്പോള്‍ നഷ്ടമാകുന്നത് വലിയൊരു സംസ്കൃതിയാണ്. ബഹുസ്വരമായ സംസ്കാരത്തിന്‍റെ വെളിച്ചത്തിലാണ് നാം ജീവിതത്തെയും കാലത്തെയും നോക്കിക്കാണേണ്ടത്. ഏകാധിപത്യസംസ്കാരത്തിലും ഏകാധിപത്യത്തിലും വിശ്വസിക്കുന്നവര്‍ക്ക് അതൊന്നും തിരിച്ചറിയാന്‍ സാധിക്കില്ല.
മതം മതമായി മാറുമ്പോള്‍ ഹിംസാത്മകമാകുന്നു. ആത്മീയത നഷ്ടപ്പെട്ട മതം വര്‍ഗീയമായി ആളുകളെ സംഘടിപ്പിക്കുന്നു. വേഗത്തില്‍ മുറിവേല്ക്കുന്ന വികാരം മാത്രമായി മതം മാറുന്നതിന്‍റെ ദൃഷ്ടാന്തങ്ങള്‍ നിരവധിയുണ്ട്. നമ്മുടെ സങ്കുചിത ചിന്തകള്‍ക്കനുസരിച്ച് മതതത്ത്വങ്ങളെ വ്യാഖ്യാനിക്കുന്നതിന്‍റെ ദുരന്തങ്ങളാണ് ചുറ്റും കാണുന്നത്. മതനിരപേക്ഷത എന്നതാണ് ഭരണഘടന ലക്ഷ്യംവയ്ക്കുന്നതെങ്കിലും ഭരിക്കുന്നവര്‍ മതപക്ഷപാതികളാകുന്നു. ന്യൂനപക്ഷഹിംസക്ക് ആളെക്കൂട്ടാന്‍ സാധിക്കുന്ന തരത്തില്‍ മതദര്‍ശനങ്ങളെ അവര്‍ വളച്ചൊടിക്കുന്നു. പാഠപുസ്തകങ്ങളില്‍പ്പോലും അസത്യങ്ങളും അര്‍ത്ഥസത്യങ്ങളും കടന്നുവരുമ്പോള്‍ അടുത്ത തലമുറകളും അസത്യത്തിന്‍റെ ഇരുട്ടില്‍ നിപതിക്കും.
സ്വാതന്ത്ര്യസമരകാലത്ത് നമ്മുടെ നേതാക്കള്‍ക്ക് വലിയ സ്വപ്നങ്ങളുണ്ടായിരുന് നു. ഇന്ന് ആ ദര്‍ശനങ്ങളും സ്വപ്നങ്ങളും വിനഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഭൗതികപുരോഗതി മാത്രമല്ല രാജ്യത്തിന്‍റെ പുരോഗതി എന്ന് വികസനവാദികള്‍ തിരിച്ചറിയണം. ഏകമുഖമല്ല വികസനം, ഭൗതികവും സാംസ്കാരികവും ആധ്യാത്മികവും സാമൂഹികവുമായ വികസനം അനിവാര്യമാണ്. ധനികന്‍ കൂടുതല്‍ ധനികനാകുന്ന സാമ്പത്തികനയങ്ങള്‍ അസമത്വം സൃഷ്ടിക്കുന്നു. ഇതിന്‍റെ ഫലമാണ് പല അശാന്തികളും. നീതിബോധം നഷ്ടപ്പെടുമ്പോള്‍ എല്ലാം നഷ്ടമാകുന്നു.
നാം വീണ്ടും വീണ്ടും ചോദിക്കേണ്ട ചോദ്യമിതാണ്. നാം എങ്ങോട്ട്? എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി ഒരുമിച്ച് ഉയര്‍ത്തേണ്ട ചോദ്യം. പാരമ്പര്യത്തിന്‍റെ സംസ്കാരത്തിനേ മുറിവുകള്‍ ഉണക്കാന്‍ കഴിയൂ.
Featured Posts
Recent Posts
bottom of page